Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേദനസംഹാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സൗദിയിലെത്തിക്കാൻ കൊടുത്തയച്ചത് ഷബു എന്ന പേരിലുള്ള മയക്കുമരുന്ന്; വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെട്ടപ്പോൾ കാരിയർമാരായ മലയാളികൾ തലവെട്ടൽ ശിക്ഷകാത്ത് ജിദ്ദ ജയിലിൽ; നിലമ്പൂരിൽ പിടിയിലായ അന്തർദേശീയ മയക്കുമരുന്ന് സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി ജയിലിൽ കഴിയുന്ന മലയാളികൾ മറുനാടനോട്

വേദനസംഹാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സൗദിയിലെത്തിക്കാൻ കൊടുത്തയച്ചത് ഷബു എന്ന പേരിലുള്ള മയക്കുമരുന്ന്; വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെട്ടപ്പോൾ കാരിയർമാരായ മലയാളികൾ തലവെട്ടൽ ശിക്ഷകാത്ത് ജിദ്ദ ജയിലിൽ; നിലമ്പൂരിൽ പിടിയിലായ അന്തർദേശീയ മയക്കുമരുന്ന് സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി ജയിലിൽ കഴിയുന്ന മലയാളികൾ മറുനാടനോട്

എം പി റാഫി

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് പിടിയിലായ അന്തർദേശീയ മയക്കുമരുന്ന് സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി സൗദി ജിദ്ദ ജയിലിൽ നിന്നും മലയാളികൾ മറുനാടനോട്. ഉയർന്ന വീര്യമുള്ള മയക്കുമരുന്ന് പൗഡറായ മെത്താമെഫ്റ്റാമെൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഷബു പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണെന്നും മുംബൈ, ഡൽഹി വഴി കേരളത്തിലെത്തിയ ശേഷമാണ് വിദേശത്തേക്ക് കയറ്റുന്നതെന്നും ഇവർ വെളിപ്പെടുത്തി. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് സംഘം പിടിയിലായ വിവരം അറിഞ്ഞ് ഇവർ ജിദ്ദ ജയിലിൽ നിന്നും മറുനാടൻ മലയാളിയെ ബന്ധപ്പെടുകയായിരുന്നു. പൂക്കോട്ടുംപാടത്ത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കെ.ടി മുഹമ്മദ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഷബു കടത്തുകയായിരുന്നെന്നും, ഇത് ജിദ്ദ എയർപോർട്ടിൽ പിടിക്കപ്പെട്ടതാണ് തങ്ങൾ ജയിലിൽ അകപ്പെടാൻ ഇടയാക്കിയതെന്നും ഇവർ പറഞ്ഞു. ജയിലിൽ നിന്ന് ലേഖകനുമായി നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ ഇതോടൊപ്പം പുറത്തു വിടുന്നു.

കൊണ്ടോട്ടി ഒളകര മാലാപറമ്പിൽ കെ.ടി മുഹമ്മദ്, മഞ്ചേരി, കൊണ്ടോട്ടി സ്വദേശികളായ മൻസൂർ, നൗഫൽ ബാബു എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയത്. 12 ലക്ഷം രൂപയുടെ കുഴൽപ്പണവും മഴക്കുമരുന്നുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. രണ്ട് കേസുകളിലായി രജിസ്റ്റർ ചെയ്ത മൂവർക്കും കോടതി ജാമ്യം അനുവദിച്ചു. പിടിച്ചെടുത്ത മയക്കുമരുന്ന് അളവിൽ കുറവായതുകൊണ്ടോ ലാബ് ഫലം ലഭിക്കാത്തതു കൊണ്ടോ ആവാം ജാമ്യം ലഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

മയക്കുമരുന്ന് കേസിൽ നിരവധി പേർ ജിദ്ദ ജയിലിൽ കഴിയുന്നുണ്ടെന്ന് ജയിലിൽ കഴിയുന്നവർ പറഞ്ഞു. ഇതിൽ മൂന്ന് പേർ കെ.ടി മുഹമ്മദ് മുഖേന ഷബ കടത്തി എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടവരാണ്. വയനാട് സ്വദേശി ആബിദ്, മംഗലാപുരം സ്വദേശി ചിരാഗ്, ഉത്തർപ്രദേശ് സ്വദേശി അമീർ എന്നിവരാണ് ജിദ്ദ ജയിലിൽ കഴിയുന്നത്. എയർപോർട്ടുകളിൽ നിന്ന് മയക്കുമരുന്ന് പിടിക്കപ്പെട്ടാൽ തലവെട്ടാണ് സൗദിയിൽ ശിക്ഷ.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പരന്നു കിടക്കുന്നതാണ് കെ.ടി മുഹമ്മദുമായി ബന്ധപ്പെട്ട മയക്കുമരുന്ന് റാക്കറ്റ്. ജോലി അന്വേഷിക്കുന്ന യുവാക്കളെയും പണത്തിന് ബുദ്ധിമുട്ടുന്നവരെയും വലവീശിയാണ് സംഘം ഷബ വിദേശത്തേക്ക് കടത്തിയിരുന്നത്. 80,000 രൂപയാണ് ഒരു തവണ കടത്തിയാലുള്ള പ്രതിഫലം. ടിക്കറ്റ്, വീസ എല്ലാം ഫ്രീയാണ്. വേദനയ്ക്ക് ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ഗുളികകളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കടത്താനുള്ള സ്യൂട്ട്‌കെയ്‌സുകൾ കൈമാറിയിരുന്നത്. എയർപോർട്ടുകളിൽ സ്വാധീനമുണ്ടെന്നും വിദേശത്ത് വൻ സെറ്റപ്പുണ്ടെന്നും പറഞ്ഞായിരുന്നു പെട്ടികൾ നൽകി കയറ്റി വിട്ടിരുന്നത്.

പാക്കിസ്ഥാനിൽ നിന്നും ഡൽഹി, മുംബൈ നഗരങ്ങളിലെത്തുന്ന മയക്കുമരുന്ന് ഇടനിലക്കാർ മുഖേനയാണ് കേരളത്തിലെത്തുന്നത്. പിന്നീട് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൾഫിലേക്ക് കടത്തിയിരുന്നത്. കേരളത്തെ ബന്ധിപ്പിച്ചിരുന്നത് അലിഭായ് എന്ന പ്രധാന കണ്ണി മുഖേനയാണ്. സൗദിയിൽ എത്തുന്ന മയക്കുമരുന്ന് വിതരണത്തിനായി അവിടെ പ്രത്യേക ഏജന്റുമാർ തന്നെയുണ്ട്. മലയാളികളുടെ നേതൃത്വത്തിൽ ഷബ വിദേശത്തേക്ക് കടത്തിയിരുന്നത് മുംബൈ വിമാനത്താവളം വഴിയാണെന്നും ജയിലിൽ കഴിയുന്നവർ വ്യക്തമാക്കുന്നു.

മൂന്നര മാസത്തോളമായി വയനാട് സ്വദേശി ആബിദ് ജയിലിലാണ്. മൈസൂരിൽ ഹോട്ടൽ മാനേജരായി ജോലി നോക്കുന്നതിനിടെയാണ് ഒരു ഏജന്റ് മുഖേന ആബിദിനെ ഈ വിഷയവുമായി ബന്ധപ്പെടുന്നത്. ഗുളികയ്ക്കുള്ളിൽ ഷബു നിറച്ച ശേഷം സ്യൂട്ട്‌കെയ്‌സിലെ പ്രത്യേക അറയിൽ ഒളിപ്പിക്കുകയും മുകളിൽ മറ്റു സാധനങ്ങൾ വെച്ചുമാണ് പെട്ടികൾ കൈമാറിയതെന്ന് ആബിദ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് തന്റേതെന്നും വേദനസംഹാരി സൗദിയിൽ എത്തിച്ചാൽ പണം നൽകുമെന്ന് പറഞ്ഞപ്പോഴാണ് ഇതിനായി ഇറങ്ങിയതെന്നും ആബിദ് പറഞ്ഞു. നാലര കിലോ ഷബുവാണ് തന്റെ കൈയിൽ നൽകിയത്. ജിദ്ദ എയർപോർട്ടിൽ സ്‌കാനിംഗിൽ സംശയം തോന്നിയപ്പോൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടിക്കപ്പെടുന്നത്. എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അകത്തുള്ളത് ഗുളികയല്ലെന്ന് ഇവർ മനസിലാക്കുന്നത്. കെ.ടി മുഹമ്മദിന് പുറമെ കരീം, ഷാനു ഈരാറ്റുപേട്ട എന്നിവർ ചേർന്നാണ് തങ്ങൾക്ക് ഈ പെട്ടികൾ കൈമാറിയതെന്ന് ആബിദ് പറഞ്ഞു. നിലവിൽ അവിടത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ തലവെട്ട് ശിക്ഷ നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. എംബസി ഇടപെടുന്നുണ്ട്.

ഒന്നര വർഷത്തോളമായി ജയിലിൽ കഴിയുന്ന മംഗലാപുരം സ്വദേശി ചിരാഗിന് തലവെട്ടാൻ ശിക്ഷ വിധിച്ചിട്ടുണ്ട്. വിധി വന്ന് ആറ് മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്നാണ്. ഇതിനിടെ ഒരു മാപ്പപേക്ഷ ചിരാഗ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുംബൈയിൽ ഒരു കമ്പനിയിൽ എഞ്ചിനീയറായിരിക്കുമ്പോഴാണ് ഒരു ഏജന്റ് മുഖേന ചിരാഗ് ഈ ചതിക്കുഴിയിൽ അകപ്പെടുന്നത്. വിവാഹാവശ്യത്തിന് പണം തരപ്പെടുത്തുന്നതിനായി ഈ ജോലി ഏറ്റെടുത്തു. പിന്നീടാണ് മയക്കുമരുന്നാണെന്ന് അറിയുന്നത്. ഏതു നിമിഷവും തല വെട്ടുമെന്ന അവസ്ഥയിലാണ് കഴിയുന്നതെന്ന് ചിരാഗ് മറുനാടൻ മലയാളിയോടു പറഞ്ഞു.

ആദ്യമായി വിസിറ്റിങ് വിസയിൽ സൗദിയിൽ എത്തിയവരായിരുന്നു ഇവർ. തലവെട്ട് ശിക്ഷ കാത്തു കിടക്കുകയാണെന്ന് വീട്ടുകാരെ യുവാക്കൾ അറിയിച്ചിട്ടില്ല. ഞങ്ങളെ കുടുക്കിയവർ നാട്ടിൽ പിടിയിലായ വിവരം അറിഞ്ഞാണ് മറുനാടനെ ബന്ധപ്പെട്ടതെന്ന് ഇവർ പറഞ്ഞു. ഈ മയക്കുമരുന്ന് റാക്കറ്റിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചാൽ എംബസി മുഖേന തങ്ങൾക്ക് നീതി ലഭിച്ചേക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. നിരവധി ചെറുപ്പക്കാർ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നും ഇനി ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇവർ അഭ്യർത്ഥിക്കുന്നു.

റാക്കറ്റിൽപ്പെട്ട കെ.ടി മുഹമ്മദ്, മൻസൂർ തുടങ്ങിയവരെല്ലാം സൗദിയിൽ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. സൗദിയിൽ ജോലി ചെയ്യുന്നതിനിടെ മയക്ക് മരുന്നുമായി പിടിക്കപ്പെട്ടാണ് ഇവരിൻ പലരും അവിടെ ജയിലിലായത്. പിന്നീട് ജയിലിൽ വെച്ച് ഇവരുടെ സാമ്രാജ്യം വിപുലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പാക്കിസ്ഥാനികളായ പലരുമായും മുഹമ്മദ് ബന്ധം സ്ഥാപിച്ചത് ജയിലിൽ നിന്നായിരുന്നെന്ന് മറ്റൊരു മലയാളി സഹതടവുകാരൻ വെളിപ്പെടുത്തി. അന്തർദേശീയ ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെ പൊലീസ് പിടികൂടിയിട്ടും ഉന്നത സമ്മർദത്തെ തുടർന്ന് നിസാര വകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്തുകയായിരുന്നു. ജിദ്ദ ജയിലിൽ നിന്നും യുവാക്കളുടെ വെളിപ്പെടുത്തലോടെ മയക്കുമരുന്ന് റാക്കറ്റിന്റെ അന്തർദേശീയ ബന്ധം വ്യക്തമായിരിക്കുകയാണ്. രാജ്യാതിർത്തികൾ കടന്നുള്ള മയക്കുമരുന്ന് ഇടപാടുകളുടെ അടിവേര് കണ്ടെത്തുന്നതിന് ഉന്നത ഏജൻസികളുടെ സുതാര്യമായ അന്വേഷണം അനിവാര്യമായിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP