Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുള്ളറ്റിനെ ആനയോടും തല ഉയർത്തി പിടിച്ച മന്ദഗതിയോടും ഉപമിക്കുമ്പോൾ പരസ്യം അറിഞ്ഞോ അറിയാതെയോ ചെയ്തത് അതിന്റെ പാരമ്പര്യം എന്ന ആഢ്യമൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്; പുരുഷത്വത്തിന്റെ പ്രതീകമായി ബുള്ളറ്റ് പൊതുബോധത്തിൽ വിരാജിക്കുന്നു: ഡോമിനോർ പരസ്യവും പ്രത്യയശാസ്ത്ര നിർമ്മിതികളും

ബുള്ളറ്റിനെ ആനയോടും തല ഉയർത്തി പിടിച്ച മന്ദഗതിയോടും ഉപമിക്കുമ്പോൾ പരസ്യം അറിഞ്ഞോ അറിയാതെയോ ചെയ്തത് അതിന്റെ പാരമ്പര്യം എന്ന ആഢ്യമൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്; പുരുഷത്വത്തിന്റെ പ്രതീകമായി ബുള്ളറ്റ് പൊതുബോധത്തിൽ വിരാജിക്കുന്നു: ഡോമിനോർ പരസ്യവും പ്രത്യയശാസ്ത്ര നിർമ്മിതികളും

സോഷ്യൽ മീഡിയയിൽ സജീവ വാദ പ്രതിവാദങ്ങളാൽ ഇപ്പോൾ അരങ്ങുകൊഴുത്തുകൊണ്ടിരിക്കുന്നത് ബജാജ് ഡോമിനോർ 400 എന്ന ബൈക്കിന്റെ പരസ്യചിത്രമാണ്. റോയൽ എൻഫീൽഡിനെ/ ബുള്ളറ്റിനെ കളിയാക്കുന്ന തരത്തിലാണ് ബജാജ് ഈ ന്യൂ ജനറേഷൻ ബൈക്കിന്റെ പരസ്യം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ബുള്ളറ്റ് പ്രേമികളുടെ വാദം. അതിനാൽ അവർ പരസ്യത്തെ നിശിതമായി വിമർശിച്ചു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും ബുള്ളറ്റിനെ ന്യായീകരിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടു ആരാധകരുടെയും പരസ്പരമുള്ള പോർ വിളികളും ട്രോളുകളും ന്യായീകരണങ്ങളും കൊണ്ട് സൈബർ ലോകം നിറയുമ്പോൾ പരസ്യത്തിന്റെ ചില പ്രത്യയശാസ്ത്ര നിർമ്മിതികളെ ചൂണ്ടിക്കാണിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഒന്ന്

പരസ്യങ്ങളുടെ ആകർഷണീയതയും അതിന്റെ പ്രതിലോമപരതയും കുരുക്കുകളും ചർച്ചാ വിഷയമാക്കേണ്ടത് അനിവാര്യമാണ് എന്നാണ് ഈ പരസ്യം വീണ്ടും തെളിയിക്കുന്നത്. ഇവിടെ പരസ്യത്തിനുപരി അതിനെ മുൻനിർത്തി നടക്കുന്ന അഭിപ്രായ പ്രകടനങ്ങളും യുക്തികളുമാണ് കൂടുതൽ പ്രശ്നമെന്നു പറയാം. പരസ്യങ്ങളുടെ ഘടകങ്ങൾ, പ്രതിനിധാനങ്ങൾ ഇവയെല്ലാം പ്രത്യയശാസ്ത്ര നിർമ്മിതികൾ കൂടിയാണ്. ഈ പരസ്യവും അതിനെ ചുറ്റി നടക്കുന്ന സംവാദങ്ങളും സ്ത്രീ പ്രതിനിധാനത്തിന്റെ പ്രത്യയശാസ്ത്ര പൊതുബോധ്യങ്ങളെ അടിവരയിട്ട് ഉറപ്പിക്കുന്ന ആണധീശ മനോഭാവങ്ങളുടെ തുടർച്ച തന്നെയാണ്. സ്ത്രീത്വത്തിന്റെ പല മാതിരി പ്രതിനിധാനങ്ങളെ പരസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായി 'സെക്ഷുവാലിറ്റി ഫോർ സെയിൽ' എന്ന പ്രബന്ധത്തിൽ ജാൻസ് വിൻഷിപ് പറയുന്നുണ്ട്. ലൈംഗികാവയവത്തെ മുൻനിർത്തിയുള്ള ലിംഗപദവികൾ പക്ഷപാതപരമാണ്. പുരുഷലിംഗം കരുത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി സമൂഹം കരുതുന്നതിനാൽ അത് പേറുന്നവർക്ക് മേൽക്കോയ്മ ലഭിക്കുകയും അവർ സ്വത്വ പദവി നേടുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്തീകൾ അവിടെ കരുത്ത് നഷ്ടപ്പെട്ട ശരീരങ്ങളായി മാറുന്നു. ഈ യുക്തിയിൽ നിന്ന് കൊണ്ട് പാരമ്പര്യം, ലിംഗപദവിബന്ധം, ആണധികാര സമൂഹം എന്നിവയെ പരസ്യങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ചർച്ച ചെയ്യേണ്ടത്.

രണ്ട്

തർക്ക വിഷയമായ പരസ്യം ഇപ്രകാരമാണ്: കുറേ ആനകൾ മന്ദഗതിയിൽ ഒരുമിച്ചു നടന്നു വരുന്നു. അതിന്റെ മുകളിൽ ഹെൽമെറ്റ് ധരിച്ചു പാപ്പാന്മാരെ പോലെ ഇരിക്കുന്ന ആണുങ്ങൾ. അതിന്റെ ഇടയിലൂടെ ചീറി പാഞ്ഞു വരുന്ന ഡോമിനോർ 400 എന്ന പുതുതലമുറ ആഡംബര ബൈക്ക് കടന്നുപോകുന്നു. പാരമ്പര്യങ്ങളെയും മത ചിഹ്നങ്ങളെയും തൊഴുതു പോകുകയും ആദരിക്കുകയും ചെയ്യുന്ന ബജാജിന്റെ പഴയകാല പരസ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ പാരമ്പര്യത്തെ കളിയാക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. ബുള്ളറ്റ് എന്ന ആഢ്യ പാരമ്പര്യത്തെ കളിയാക്കുന്ന പുത്തൻ ആധുനികതയുടെ വേഗ ലോക പ്രതിനിധാനമായി തങ്ങളുടെ വാഹനത്തിനെ അവതരിപ്പിക്കുകയും, അതുവഴി യുവാക്കളുടെ മനസിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടുകയും ചെയ്യുക എന്ന യുക്തിയാണ് ബജാജ് പരസ്യത്തിലൂടെ ലക്ഷ്യം വെച്ചത്. പക്ഷെ ബജാജ് ലക്ഷ്യം വെച്ചതിൽ നിന്നും വിപരീതമായ ഫലമാണ് ഇതുകൊണ്ടുണ്ടായത് എന്നു പ്രതികരണങ്ങൾ കാണുമ്പോൾ തോന്നുന്നു. കാരണം ബുള്ളറ്റ് എന്ന വാഹനം എന്നും ജനപ്രീതി നേടി നിൽക്കുന്നത് അതിന്റെ മസ്‌കുലിൻ ജെൻഡർ സ്വഭാവത്തെ മുൻനിർത്തിയാണ്. പുരുഷാധിപത്യ അധികാര സമൂഹത്തെ പരമാവധി ചൂഷണം ചെയ്തു കൊണ്ടാണ് ബുള്ളറ്റിന്റെ പരസ്യങ്ങളും പാരമ്പര്യ പൊങ്ങച്ചങ്ങളും വിപണിപിടുത്തവും. ബുള്ളറ്റ് എന്ന വാഹനത്തെ ആനയോടും അതിന്റെ തല ഉയർത്തി പിടിച്ച മന്ദഗതിയോടും ഉപമിക്കുമ്പോൾ പരസ്യം അറിഞ്ഞോ അറിയാതെയോ ചെയ്തത് അതിന്റെ പാരമ്പര്യം എന്ന ആഢ്യ മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്. ബുള്ളറ്റിനെ അനുകൂലിച്ചു വരുന്ന ട്രോളുകളും അഭിപ്രായങ്ങളും ഒരു പരിധി വരെ ഇതേ പാറ്റേൺ തന്നെയാണ് പിന്തുടരുന്നത് എന്നതും ശ്രദ്ധിക്കണം.

(ആനയേക്കാൾ വേഗത്തിൽ പട്ടി ഓടുമെന്നു കരുതി പട്ടിയെ ആരെങ്കിലും എഴുന്നള്ള ത്തിനു കൊണ്ടുപോകുമോ എന്നാണ് ഒരു ട്രോൾ ചോദിക്കുന്നത്). ആന എന്ന എഴുന്നള്ളത്തിന്റെ ആഢ്യ പ്രതീകം അല്ലെങ്കിൽ ഒരു സവർണ ഫ്യൂഡൽ പാരമ്പര്യ ബിംബം ബുള്ളറ്റിന്റെ സൂചകം ആകുന്നത് തീർച്ചയായും ആൺമേൽക്കോയ്മാ സമൂഹത്തിലാണ്. ബുള്ളറ്റ് പ്രേമികളുടെ ന്യായീകരണ യുക്തികളും ആണധീശ പ്രത്യയശാസ്ത്രങ്ങൾക്ക് ബോധപൂർവ്വമോ അബോധ പൂർവ്വമോ സ്തുതിപാടുന്നത് തന്നെയാണ്. പുരുഷാധികാരത്തിന്റെ/പുരുഷ ലക്ഷണത്തിന്റെ ഏറ്റവും അംഗീകൃത സൂചകമാണ് ബുള്ളറ്റ്. പരസ്യത്തിലെ ആനപ്പുറത്തു ഇരിക്കുന്ന ആണുങ്ങൾ എല്ലാവരും താടിയും മീശയും വളർത്തിയവരാണ് എന്നത് യാദൃച്ഛികമല്ല. പുരുഷത്വത്തിന്റെ പ്രത്യക്ഷ സൂചനയണല്ലോ താടിയും മീശയും. പുരുഷത്വത്തിന്റെ പ്രതീകമായി അത് പൊതുബോധത്തിൽ വിരാജിക്കുന്നു. പെണ്ണുങ്ങൾക്ക് പൊതുവേ ഓടിക്കാൻ പ്രയാസമുള്ളത്/ താങ്ങാൻ പറ്റാത്തത് എന്ന അതിന്റെ പ്രത്യേകതയാണ് അതിനെ മിക്കപ്പോഴും ആണിന്റെ മാത്രം വാഹനമാക്കി മാറ്റുന്നത്. സമൂഹത്തിന്റെയും വീട്ടുകാരുടെയും ബോധ്യങ്ങളും ഇങ്ങനെ തന്നെയാണ്.

ആരും പെൺകുട്ടികൾക്ക് പൊതുവേ ബൈക്കുകൾ വാങ്ങി നൽകാറില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ ദുർബല ശരീരത്തിന് ഇണങ്ങുന്നത് ഗിയർലെസ് സ്‌കൂട്ടറുകൾ ആണെന്ന് സമൂഹം ഉറച്ചു വിശ്വസിക്കുന്നു. ബുള്ളറ്റുകളിൽ ലോക സഞ്ചാരം നടത്തുന്ന സ്ത്രീകൾ നിരവധി ഉള്ളിടത്താണ് ഇത് നിലനിൽക്കുന്നത് എന്നതാണ് അതിന്റെ വിപരീത യുക്തി. തനിയെ യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം എങ്ങനെ കാണുന്നു എന്നത് പറയേണ്ടതില്ലല്ലോ. പൊതുവേ മലയാളത്തിൽ സ്ത്രീ യാത്രാനു ഭവങ്ങൾ കുറവാണെന്നും ഇവിടെ ഓർക്കാവുന്നതാണ്. അപ്പോൾ യാത്ര ബൈക്കിൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇങ്ങനെ കരുത്തുറ്റ പുരുഷന്റെ വാഹനമായി ബുള്ളറ്റ് നിന്നു പോരുമ്പോഴാണ് കമ്പനി തന്നെ അതിന്റെ മസ്‌കുലിൻ ജെൻഡറിനെ ഇല്ലാതാക്കും മട്ടിൽ പ്രവർത്തിച്ചു എന്നു കടുത്ത ബുള്ളറ്റ് വിരോധികൾ പോലും വിലപിച്ചത്. ഇതിന്റെ കാരണം ബുള്ളറ്റ് തങ്ങളുടെ മുഖമുദ്രയായിരുന്ന വലത് വശ ഗിയർ ബോക്‌സിനെ മറ്റു ബൈക്കുകളെ പോലെ ഇടത് വശത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നതാണ്. കരുത്തുറ്റ പുരുഷത്വത്തിന്റെ പ്രതീകമായ പഴയ ബുള്ളറ്റിനെ എതിരാളികൾ പോലും ആരാധിക്കുന്നത് സ്ത്രീകൾക്കും ദുർബല പുരുഷന്മാർക്കും അതിന്റെ കൊണ്ടുനടപ്പ് അപ്രാപ്യമാണ് എന്ന പൊതുബോധ യുക്തിയിൽ തന്നെ ഇപ്പോഴും തറഞ്ഞു നിൽക്കുന്നതുകൊണ്ടാണ്.

മൂന്ന്

ബുള്ളറ്റിനെ ന്യായീകരിക്കുന്ന കടുത്ത ആരാധകന്റെ അത്യന്തം സ്ത്രീ വിരുദ്ധമായ ഒരഭിപ്രായം ഇങ്ങനെയാണ്:'ഡോമിനോറും ബുള്ളറ്റും അടുത്ത് വെച്ചിട്ട് അതിൽ പുരുഷൻ ആരാണെന്നു ചോദിച്ചാൽ നമ്മുടെ വീട്ടുകാരും നാട്ടുകാരും പറയും അത് ബുള്ളറ്റ് ആണെന്ന്. സ്ത്രീ ആരാണെന്നു ചോദിച്ചാൽ ഡോമിനോറും. കല്യാണം കഴിഞ്ഞ ചെറുക്കനെക്കാളും പഠിപ്പ് പെണ്ണിനായിരിക്കും(ബജാജ് ബൈക്കിന്റെ മുന്തിയ specifications ആണ് വിവക്ഷിതം). പക്ഷെ മാസ്സ് ആ കാണുന്ന ആണായിരിക്കും.''എന്ന മട്ടിലാണ്. ബുള്ളറ്റിന്റെ ആണത്ത ബിംബത്തിൽ അഭിരമിക്കുന്ന ഒത്ത പുരുഷന്റെ രാജകീയ വാക്യങ്ങളാണിത്. പഠിപ്പ് കൂടിയ പെണ്ണ് പോലും പുരുഷൻ എന്ന പ്രാണി ലോകത്തിനും മുമ്പനായ കരുത്തന്റെ കീഴിൽ കഴിയണമെന്ന പൊതു ബോധ്യത്തിനു ഇപ്പോഴും തുള വീണിട്ടില്ല എന്നർത്ഥം. ആന/ആഢ്യത്വം, ബുള്ളറ്റ്/പുരുഷൻ തുടങ്ങിയ സാത്മീകരണങ്ങൾ വഴി പ്രൗഢിയുടെയും രാജകീയതയുടെയും ഒഴിവാക്കാനാകാത്ത അനിവാര്യതകളായി പരസ്യങ്ങൾ ബ്രാൻഡ് ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാഴ്ചയാണ്. ബുള്ളറ്റിന്റെ ഒരു പഴയ പരസ്യം ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഓടിവരുന്ന 100 cc ബൈക്കുകൾ പെട്ടെന്ന് നിശ്ചലമാകുകയും റോഡിനെ കീറി മുറിച്ചു കൊണ്ട് ബുള്ളറ്റ് അലസ ഗമനത്തോട് കൂടി മസ്സിൽ പെരുപ്പിച്ചു കടന്നു പോകുകയും ചെയ്യുന്നതാണ് ആ പരസ്യം ചിത്രീകരിക്കുന്നത്.

മറ്റു ബൈക്കുകളെ പുച്ഛിക്കുമ്പോഴും ബുള്ളറ്റ് പ്രേമികളുടെ ആൺ-പെൺ ലിംഗപദവി ബോധ്യം ശരീര കേന്ദ്രിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മറ്റു ബൈക്കുകൾ കരുത്തുറ്റ രാജകീയ ആരാധകർക്ക് കളിവണ്ടികളാണ്(play toys). ഈ പ്രയോഗം സൂചിപ്പിക്കുന്നത് കരുത്ത്, കൂസലില്ലായ്മ, കൈയൂക്ക് തുടങ്ങിയ ആണത്തത്തിന്റെ പ്രകട ബോധ്യങ്ങളെ അവർ വാഹനത്തിലും ആരോപിക്കുന്നു എന്നതാണ്. 'കളി വണ്ടി' എന്ന പ്രയോഗം സ്ത്രീ ശരീരത്തിന്റെ മൃദുലത, സൗന്ദര്യം, ക്ഷമ എന്നിവയിലേക്കും വ്യക്തമായ ലൈംഗിക സൂചനകളിലേക്കും എത്തി നിൽക്കുന്നു. കളിച്ചു വലിച്ചെറിയാനും ആണിന്റെ ലിംഗാധികാരത്തിന് കീഴിൽ ഞെരിഞ്ഞമരാനും വിധിക്കപ്പെട്ട മുതലാളിത്ത/കമ്പോള യുക്തിയുടെ ഉപകരണമായി സ്ത്രീ കർതൃത്വങ്ങൾ മാറുന്ന കാഴ്ചയാണിത്. സ്ത്രീയെ ലൈംഗിക ഉപകരണം മാത്രമാക്കുന്ന ചരക്ക് വത്കരണ യുക്തിയാണ് ഇവിടെ കരുത്തുറ്റ പുരുഷ ബിംബങ്ങളിൽ പ്രതിഫലിക്കുന്നത്.

സിനിമ പോലുള്ള ജനപ്രിയ രൂപങ്ങളും ഇത്തരം ബോധ്യങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സൂപ്പർ താര ശരീരങ്ങൾ മുതൽ യുവതാരങ്ങൾ വരെ ബുള്ളറ്റുകളിൽ മുണ്ട് മാടി കുത്തി മീശ പിരിച്ചു താടി വളർത്തി സ്‌ക്രീനിൽ എത്തുമ്പോൾ എണീറ്റു നിന്നു കയ്യടിക്കുന്ന ആണത്ത കാഴ്ചകൾ ഇതിന്റെ പ്രത്യക്ഷങ്ങളാണ്.

വാൽക്കഷണം: ഈ പരസ്യം ഡോമിനോറിന്റെ കച്ചവടം കൂട്ടുന്നതിനെക്കാൾ ബുള്ളറ്റ് അനുയായികളെ കൂടുതൽ ഏകോപിപ്പിക്കാനും പുരുഷന്റെ കരുത്തിന്റെ പ്രതീകമായി അതിനെ വാഴ്‌ത്താനുമാണ് ഉപകരിച്ചത്. പരസ്യം കണ്ടു വിറളിപിടിച്ചു ന്യായീകരിക്കാൻ എത്തുന്നവരുടെ യുക്തികൾ വായിക്കുമ്പോൾ മസ്‌കുലിൻ ജെൻഡറിനെ ഉയർത്തിപിടിച്ചു ഉദ്ധരിച്ച പുരുഷ ലിംഗവുമായി മരണമാസ് എന്നു കൂവിയാർക്കുന്ന ആൾക്കൂട്ടത്തെയാണ് സങ്കൽപ്പിക്കാൻ ആകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP