Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യക്തിപരമായ പ്രശ്‌നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്; താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്തുതീർപ്പുണ്ടാക്കുമായിരുന്നു? ആത്മഹത്യയ്ക്ക് ശ്രമിച്ച് ന്യൂസ് 18 ചാനൽ മാധ്യമപ്രവർത്തകയുടെ ചോദ്യം ഇങ്ങനെ; ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ കണ്ട സംഭവം വിവരിച്ച് കെ എം ഷാജഹാൻ

വ്യക്തിപരമായ പ്രശ്‌നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്; താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്തുതീർപ്പുണ്ടാക്കുമായിരുന്നു? ആത്മഹത്യയ്ക്ക് ശ്രമിച്ച് ന്യൂസ് 18 ചാനൽ മാധ്യമപ്രവർത്തകയുടെ ചോദ്യം ഇങ്ങനെ; ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ കണ്ട സംഭവം വിവരിച്ച് കെ എം ഷാജഹാൻ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകയെ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടന്നുവെന്ന് വ്യക്തമാക്കി കെ എം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അനന്തപുരി ആശുപത്രിയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷമാണ് ഷാജഹാൻ ഈ ശ്രമങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പ്രേരിപ്പിക്കാനെത്തിയവരെ കുറിച്ച് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് ഷാജഹാൻ അഭിപ്രായപ്പെട്ടത്.

ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഇന്നലെ വൈകിട്ട് അനന്തപുരി ആശുപത്രിയിൽ പോയി 6111 എന്ന മുറിയിൽ വച്ച് ആ പെൺകുട്ടിയെ കണ്ടിരുന്നു. ആത്മധൈര്യത്തിന്റെയും ഇച്ഛാശക്തിയുടേയും തിളക്കം ആ മുഖത്തുണ്ടായിരുന്നു. പോരാട്ട വീറിന്റ കൃത്യമായ ലക്ഷണങ്ങളും വ്യക്തമായിരുന്നു. കുറേ ചോദ്യങ്ങൾ മനസിലുണ്ടായിരുന്നു. ഒന്നും ചോദിച്ചില്ല. പെൺകുട്ടി പറഞ്ഞത് വെറുതേ കേട്ടിരുന്നു.അവർ സംസാരിച്ചുകൊണ്ടേയിരുന്നു. തന്നെ മാനസികമായി ഏറെ പീഡിപ്പിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചവരെ കുറിച്ച് പറയുമ്പോഴും, അവരെ ചേട്ടൻ എന്ന് വിളിച്ചാണ് പെൺകുട്ടി അഭിസംബോധന ചെയ്തത്. ഏറെ ആശങ്കയോടെ പെൺകുട്ടിയുടെ അമ്മ പിറകിലിരിപ്പുണ്ടായിരുന്നു. തന്നെ ഒത്ത്തീർപ്പിന് പ്രേരിപ്പിക്കാനെത്തിയവരെ കുറിച്ചും പെൺകുട്ടി പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്. 'താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്ത്തീർപ്പുണ്ടാക്കുമായിരുന്നു? 'പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.

ന്യൂസ് 18 ചാനലിലെ ഒരു കൂട്ടം മുതിർന്ന മാധ്യമ പ്രവർത്തകരുടെ നിരന്തര മാനസിക പീഡനം മൂലം ആ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് ഇന്ന് ഏഴ് ദിവസം തികയുകയാണ്. പെൺകുട്ടി കിറുകൃത്യമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ട്. ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് പ്രകാരവും കേസുണ്ട്. പക്ഷേ ഇത് വരെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഒരു സമരമുഖത്ത് ചെന്ന എന്നെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ഗൂഢാലോചനാകുറ്റം ചുമത്തി ഒരാഴ്ച ജയിലിടാൻ ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളു. ഇവിടെ മാനസിക പീഡനം മൂലം ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നു; അവർ പൊലീസിന് കൃത്യമായ മൊഴി കൊടുക്കുന്നു; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നു; ഇതൊക്കെയായിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല!

രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ശക്തമായി നിലനിർത്തുമ്പോഴും, ഉള്ളിൽ തട്ടി ചോദിക്കട്ടെ, ഇത് മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാനുറച്ച ആ ചെറുപ്പക്കാരി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമല്ലേ? സമാനമായ സാഹചര്യത്തിൽ ഒരു എം എൽ എ അറസ്റ്റിലായി ഒരു മാസമായി ജയിലിൽ കിടക്കുകയാണെന്നോർക്കണം!

മംഗളം ചാനലിലെ അഞ്ച് മാധ്യമ പ്രവർത്തകർ ജയിലിലടക്കപ്പെട്ടതും, ആ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരൻ ഒരു മാസത്തോളം അഴിക്കുള്ളിലായതും നമുക്ക് മറക്കാനാവുമോ? പ്രതിസ്ഥാനത്ത് നിൽക്കുന്നവർ ഇടത്പക്ഷ അനുഭാവികളാണ് എന്നതാണ് അവർക്കുള്ള രക്ഷാകവചമെങ്കിൽ, അത് ആ പെൺകുട്ടിയെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണ് എന്ന് മാത്രമേ പറയാനുള്ളു. മറ്റ് ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാതെ വയ്യ. ഒരു ചെറുപ്പക്കാരി പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ചിട്ടും, നാം വേട്ടക്കാരുടെ പക്ഷത്ത് നാണമില്ലാതെ നിലയുറപ്പിച്ചിരിക്കുകയല്ലേ?

ആ നടപടിയെ തൊഴിലിടത്തിലെ പീഡനം മാത്രമാക്കി ചുരുക്കാനല്ലേ നമുക്ക് താല്പര്യം? തൊഴിലിടങ്ങളിൽ സമർദ്ദ സാഹചര്യങ്ങളുണ്ടാകും, എന്തിന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നാണ് ചോദ്യം. പത്ത് പേരെ പിരിച്ചുവിടാൻ തീരുമാനിച്ചപ്പോൾ അതിലൊരാൾ എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു? ചിലർ ചോദിക്കുകയാണ്. പ്രതിക്കൊപ്പം നിൽക്കാനാണിഷ്ടം എന്ന് ഉളുപ്പില്ലാതെ പറയുന്നവരും കുറവല്ല. സമൂഹത്തിലെ ഏത് ചെറിയ അനീതിക്കെതിരെയും തലങ്ങും വിലങ്ങും വാളുമായി ഇറങ്ങുന്ന മാധ്യമ പുംഗവന്മാർ (ഒട്ടേറെ സുഹൃത്തുക്കളെ നഷ്ടപ്പെടുമെന്ന് ഉറപ്പാണെങ്കിലും), മാനസിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്യാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചവരുടെ പിന്നിൽ അണിനിരന്നിരിക്കുകയല്ലേ? ഒന്നോ രണ്ടോ ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും ഒഴികെ ആ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറായിട്ടുണ്ടോ?

ഇനിയെന്ത് വിശ്വാസ്യതയാണ് മാധ്യമങ്ങൾക്ക് അവകാശപ്പെടാനാവുക? സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും ഇനി ശബ്ദിക്കാൻ മാധ്യമങ്ങൾക്ക് ഇനി എന്തവകാശം? സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന സംഘടനകൾ, വനിതാ നേതാക്കൾ എന്നിവരൊന്നും കാണുന്നില്ലേ ഈ പെൺകുട്ടിയുടെ രോദനവും സഹായത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയും? അവസാനമായി, കേരളത്തിലെ ഇടതു വലത് നേതൃത്വങ്ങളോട് ഒരു വാക്ക്. ഈ പെൺകുട്ടിക്ക് ഐക്യകദാർഢ്യം പ്രഖ്യാപിക്കാതെ, വേട്ടക്കാർക്കൊപ്പം അണിനിരന്നിരിക്കുന്ന നിങ്ങൾക്ക് ഇനി ജനമനസുകളിൽ ഒരു സ്ഥാനവും ബാക്കിയുണ്ടാവില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് പറയാൻ ഇനി നിങ്ങൾക്ക് യാതൊരു അവകാശവുമില്ല! ആ പെൺകുട്ടിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഐക്യദാർഢ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP