Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജീവ് ദേവരാജിനേയും ലല്ലുവിനേയും സനീഷിനേയും അറസ്റ്റ് ചെയ്യുമെന്ന് ജയരാജന്റെ ഉറപ്പ്; നീതി കിട്ടിയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടിയിൽ വിശ്വസിച്ച് മാധ്യമ പ്രവർത്തക; നടപടിയില്ലെങ്കിൽ ഡിജിപി ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന നിലപാടിൽ യുവതി; പ്രതികളുടെ ഫേസ്‌ബുക്കിലെ അധിക്ഷേപം അതിരു കടുക്കുന്നുവെന്നും പരാതി; ന്യൂസ് 18 കേരളയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി

രാജീവ് ദേവരാജിനേയും ലല്ലുവിനേയും സനീഷിനേയും അറസ്റ്റ് ചെയ്യുമെന്ന് ജയരാജന്റെ ഉറപ്പ്; നീതി കിട്ടിയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടിയിൽ വിശ്വസിച്ച് മാധ്യമ പ്രവർത്തക; നടപടിയില്ലെങ്കിൽ ഡിജിപി ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന നിലപാടിൽ യുവതി; പ്രതികളുടെ ഫേസ്‌ബുക്കിലെ അധിക്ഷേപം അതിരു കടുക്കുന്നുവെന്നും പരാതി; ന്യൂസ് 18 കേരളയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ ജോലി സ്ഥല പീഡന വിവാദം ഒതുക്കി തീർക്കാൻ അംബാനി മുതലാളി നടത്തിയ ശ്രമങ്ങൾ പാളുന്നു. പീഡനം അതിരു വിട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഉറച്ച നിലപാട് എടുത്തതോടെയാണ് ഇത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ നീതിയുറപ്പിക്കാൻ ഡിജിപി ഓഫീസിന്റെ മുമ്പിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങാനായിരുന്നു ആലോചന. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെടുകയും ചെയ്തു. വിശദമായി തന്നെ ഫോണിൽ മാധ്യമ പ്രവർത്തക കാര്യങ്ങൾ സംസാരിച്ചു. മുപ്പത് മിനിറ്റോളം മാധ്യമ പ്രവർത്തക ആശുപത്രിയിൽ കിടക്കയിൽ കിടന്നാണ് ജയരാജനുമായി സംസാരിച്ചത്. തീർച്ചയായും നീതി കിട്ടുമെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ജയരാജൻ മാധ്യമ പ്രവർത്തകയ്ക്ക് ഉറപ്പു നൽകി. ഉടൻ നടപടികളുണ്ടാകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയും ചെയ്തു.

ഇതിന് പിന്നാലെ യുവതി, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും ഫോണിൽ ബന്ധപ്പെട്ടു. സംഭവങ്ങൾ വിശദീകരിച്ചു. ''മാഡം ഒന്നു കൊണ്ടും വിഷമിക്കേണ്ട. പൊലീസ് നടപടി എടുത്തിരിക്കും. ഞാൻ ഇപ്പോൾ തന്നെ  കഴക്കൂട്ടം എസിയെ വിളിച്ച് നിർദ്ദേശം നൽകും. മാഡത്തിന് നീതി കിട്ടിയിരിക്കും'' എന്നായിരുന്നു ഡിജിപിയുടെ മറുപടി. ഇതോടെ ഒത്തുതിർപ്പിന്റെ സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. ന്യൂസ് 18 കേരളയുടെ മാതൃസ്ഥാപനമായ സിഎൻഎൻ ന്യൂസ് 18ന്റെ മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ തിരുവനന്തപുരത്ത് എത്തി. മലയാളിയായ രാധാകൃഷ്ണൻ നായരുടെ സ്വാധീനത്തിലൂടെ കേസ് അട്ടിമറിക്കാനാകുമോ എന്നാണ് അംബാനി ശ്രമിക്കുന്നത്. അംബാനിയുടെ വിശ്വസ്തരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ നായർ. ന്യൂസ് 18 കേരളയിലെ ജീവനക്കാരുമായി ചർച്ച നടത്തുകയാണ് അദ്ദേഹം.

ന്യൂസ് 18 കേരളയിലെ കേസിന്റെ തുടക്കം മുതൽ തന്നെ ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയുള്ളത്. പീഡനക്കേസിൽ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ഇടതു പക്ഷ അനുഭാവമുള്ള ചില മാധ്യമ പ്രവത്തകർ കേസിൽ പ്രതിയായവരെ രക്ഷിക്കാനെത്തി. അപ്പോഴും പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നാൽ കേസ് കടുക്കുമെന്നായിരുന്നു ജയരാജൻ മറുപടി നൽകിയത്. ഇതിനിടെ അവതാരകനായ സനീഷ് ഇളയിടത്തിനെതിരെ പെൺകുട്ടി പരാതി നൽകിയില്ലെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത് ഏറ്റു പിടിച്ച് കേസ് ആകെ കള്ളത്തരമാണെന്ന തരത്തിൽ ഇടത് സൈബർ പോരാളികൾ പ്രചരണം ശക്തമാക്കി. ഈ സമയത്ത് പെൺകുട്ടി ഐസിയുവിലായിരുന്നു. അതിനിടെ ഇവരെ സ്വാധീനിക്കാൻ ചില വനിതാ മാധ്യമ പ്രവർത്തകരേയും ന്യൂസ് 18 കേരള രംഗത്തിറക്കി. തന്റേതെന്ന നിലയിൽ ഒരു ഓൺലൈൻ പത്രത്തിൽ അഭിമുഖം വന്നതു താൻ അറിഞ്ഞില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മാധ്യമ പ്രവർത്തക നിലപാട് എടുത്തു. പ്രശ്‌നത്തിൽ പ്രമുഖ ദളിത് പ്രവർത്തകയായ ധന്യാരാമൻ ഇടപെട്ടതോടെ കാര്യങ്ങൾ ന്യൂസ് 18 കേരളയുടെ കൈവിട്ട പോയി.

ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സ്വാധീനിക്കാനും കേസ് ഒതുക്കാനും ശ്രമിച്ചു. മുൻ എഡിറ്റർ ജയ്ദീപിന്റെ നേതൃത്വത്തിൽ നിരവധി ഓഫറുകളും യുവതിക്ക് നൽകി. ഇതിനിടെ കേസ് യുവതി പിൻവലിക്കുമെന്ന സന്ദേശമാണ് തുമ്പ പൊലീസിന് ന്യൂസ് 18 കേരള നൽകിയത്. അതുകൊണ്ട് തന്നെ എഫ് ഐ ആറിന് അപ്പുറത്തേക്ക് കേസിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇത് യുവതിക്കും മനസ്സിലായി. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചത്. ശക്തമായ നിലപാടാണ് യുവതി എടുത്തത്. തനിക്കെതിരെ നിരന്തരമായി പ്രതികളെ അനുകൂലിക്കുന്നവർ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പ്രശ്‌നത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നു. താൻ ആർഎസ് എസ് അജണ്ടയ്‌ക്കൊപ്പാണ് നീങ്ങുന്നതെന്ന് സനീഷും പരോക്ഷമായി ഫെയ്‌സ് ബുക്കിൽ കുറിച്ചു. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന് ജയരാജനോട് അവർ ആവശ്യപ്പെട്ടു.

ന്യൂസ് 18 കേരളയിൽ എനിക്ക് ജോലി കിട്ടിയത് എന്തെങ്കിലും സംവരണത്തിന്റെ പേരിൽ അല്ല. തികച്ചും മെരിറ്റിന്റേയും യോഗ്യതയുടേയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിലാണ്. ഈ സ്ഥാപനത്തിൽ ജോലി കിട്ടാൻ ആരും ശുപാർശ നടത്തിയിട്ടില്ല. ഞാൻ ജോലിക്ക് കയറിയ അന്നുമുതൽ പലതരത്തിലുള്ള വിവേചനങ്ങളും ഒറ്റപ്പെടുത്തലും അനുഭവിക്കുന്നുണ്ട്. രാജീവ് ദേവരാജും ദിലീപ് കുമാറും ലല്ലുവും സി എൻ പ്രകാശും സംഘം ചേർന്ന് ജാതി പറഞ്ഞും എന്റെ നിറത്തെ അധിക്ഷേപിച്ചും സംസാരിക്കുന്നത് പതിവായിരുന്നു. സനീഷിന്റെ അധിക്ഷേപവും അതിരു കടന്നതായിരുന്നു. ഇത് പരാതിയായി നൽകിയിട്ടും കണ്ടില്ലെന്ന് നടിച്ചു. എന്റെ ജോലി തെറുപ്പിക്കാൻ ഇവർ സംഘടിത നീക്കം നടത്തി. ഒടുവിൽ എന്നെ പിരിച്ചു വിടുമെന്ന വിവരം കിട്ടി. അതിനൊപ്പവും അപമാനം തുടർന്നു. ഇത് സഹിക്കാതെയാണ് ആത്മഹത്യയുടെ വഴി തേടിയതെന്ന് ജയരാജനോട് മാധ്യമ പ്രവർത്തക വിശദീകരിച്ചു.

പൊലീസ് മൊഴി രണ്ട് വട്ടം എടുത്തു. എല്ലാം വ്യക്തമായി പറയുകയും ചെയ്തു. എന്നിട്ടും പ്രതികളെ പിടികൂടാത്തതിൽ എന്തോ ദുരൂഹതയുണ്ട്. ഇതിനൊപ്പമാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്നവരേയും കടന്നാക്രമിക്കുന്നു. ഇതിന് പിന്നിലും പ്രതികളെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണ്. ഇവരുടെ സുഹൃത്തുക്കളായ ചില പ്രധാന മാധ്യമ പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇവരിലേക്കും അന്വേഷണം നീളണമെന്ന ആവശ്യമാണ് ജയരാജന് മുന്നിൽ യുവതി വച്ചത്. പല തരത്തിലും ന്യൂസ് 18 കേരള തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. പൊലീസ് നടപടി വൈകുന്നതാണ് ഇതിന് കാരണം. പ്രസ് ക്ലബ്ബിൽ മദ്യപിച്ച് പ്രതികളിൽ ചിലർ തനിക്കെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ഇതെല്ലാം ഗൗരവത്തോടെ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട ശേഷം ഡിജിപിയുടെ ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്നും ജയരാജനോട് പറഞ്ഞു.

എല്ലാം സസൂക്ഷം കേട്ട ശേഷം യുവതിയുടെ ഭാഗത്തെ ന്യായം തിരിച്ചറിയുന്നുവെന്ന് ജയരാജൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്ത നീതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്. ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വരുന്നുണ്ട്. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്. ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണൻ പ്രസ്താവനയിറക്കിയിരുന്നു.

എച്ച്ആർ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയൽ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികൾ രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP