Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽ പരിക്കേറ്റു കിടന്നപ്പോൾ ദിലീപ് രക്ഷിച്ചു എന്നു പറഞ്ഞ് പബ്ലിസിറ്റിക്ക് വഴിയുണ്ടാക്കിയത് ജാസിർ; ദിലീപിന്റെ പേര് പറഞ്ഞ് അറബിയിൽ നിന്നും ജോലിയും നേടി; ഒടുവിൽ വീണു കിടക്കുമ്പോൾ വഞ്ചിച്ചു എന്നു പറഞ്ഞ് താരത്തെ കല്ലെടുത്തെറിഞ്ഞു പബ്ലിസിറ്റി സ്റ്റണ്ട്! പ്രവാസി മലയാളി യുവാവിന്റെ പുതിയ വെളിപ്പെടുത്തൽ തള്ളുന്ന സംഭാഷണം പുറത്ത്

അപകടത്തിൽ പരിക്കേറ്റു കിടന്നപ്പോൾ ദിലീപ് രക്ഷിച്ചു എന്നു പറഞ്ഞ് പബ്ലിസിറ്റിക്ക് വഴിയുണ്ടാക്കിയത് ജാസിർ; ദിലീപിന്റെ പേര് പറഞ്ഞ് അറബിയിൽ നിന്നും ജോലിയും നേടി; ഒടുവിൽ വീണു കിടക്കുമ്പോൾ വഞ്ചിച്ചു എന്നു പറഞ്ഞ് താരത്തെ കല്ലെടുത്തെറിഞ്ഞു പബ്ലിസിറ്റി സ്റ്റണ്ട്! പ്രവാസി മലയാളി യുവാവിന്റെ പുതിയ വെളിപ്പെടുത്തൽ തള്ളുന്ന സംഭാഷണം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അപകടത്തിൽ പരിക്കേറ്റ് കഴിയുമ്പോൾ ദുബായിൽ വെച്ച് ദിലീപ് രക്ഷിച്ചു എന്നു പറഞ്ഞു കൊണ്ട് പബ്ലിസിറ്റി നേടിയ വടകര സ്വദേശി ജാസിർ തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദിലീപിനെ തള്ളിപ്പറഞ്ഞു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിചിരുന്നു. ദിലീപ് തന്നെ വഞ്ചിച്ചു എന്നു പറഞ്ഞു കൊണ്ടാണ് ജാസിർ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. ദിലീപ് വിഷയം കത്തി നിൽക്കുന്ന വേളയിൽ തന്നെയാണ് ജനശ്രദ്ധ നേടാൻ വേണ്ടി കൂടിയാണ് ജാസിർ താരം തന്നെ വഞ്ചിച്ചു എന്ന ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. എന്നാൽ, ദിലീപ് രക്ഷിച്ചു എന്നു പറഞ്ഞ് പബ്ലിസിറ്റി നേടികയും ആ പേരുപയോഗിച്ച് ജോലി നേടുകയും പിന്നീട് ജോലി ഉപേക്ഷിച്ച് പോകുകയും ചെയ്ത ജാസിർ താരത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയതിന് പിന്നിലും ദുരൂഹതകളുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി അഴിക്കുള്ളിൽ കിടക്കുമ്പോൾ തന്നെയാണ് ദിലീപിനെതിരെ അദ്ദേഹത്തിന്റെ പേരുപയോഗിച്ച് ജോലി തരപ്പെടുത്തിയ വ്യക്തി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ജാസിർ തന്നെയാണ് കഥയിലെ യഥാർത്ഥ വില്ലനെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ ഒടുവിൽ പുറത്തുവന്നു. ദുബായിലെ ഒരു സാമൂഹ്യ പ്രവർത്തകനുമായി ജാസിർ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ മറുനാടന് ലഭിച്ചു. ഈ സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത് ദിലീപിന്റെ പൂർണമായ അറിവോടെയല്ല യുവാവ് ജോലി നേടിയതെന്നാണ്.

ദിലീപിനെ കാണാൻ ആഗ്രഹമുണ്ടായിരുന്ന വ്യക്തിയാണ് ജാസിർ. ഷൂട്ടിംഗിന്റെ ആവശ്യവുമായി ദീലിപ് ദുബായിൽ ഉണ്ടായിരുന്ന വേളയിലാണ് ജാസിർ താരത്തെ പരിചയപ്പെടുന്നത്. ഒരു ഡിന്നർ വേളയിൽ വെച്ച് ദിലീപുമായി കാണുകയും ചെയ്തിരുന്നു. അജ്മാൻ ഫ്രീ സോണിലെ സ്പോൺസറുടെ ഉടമസ്ഥനായ അറബിയെ പരിയപ്പെടാൻ ദിലീപ് വഴിയാക്കുകയായിരുന്നു. ഡ്രൈവർ ജോലി വാഗ്ദാനം ചെയ്യപ്പെട്ട ജാസിറിന് ലൈസൻസ് തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം.

സെക്യൂരിറ്റി ജീവനക്കാരനായി ജാസിറിന് പിന്നീട് ജോലി ലഭിക്കുകയും ചെയ്തു. 1500 ദിർഹത്തിൽ അജ്മാൻ ഫ്രീ സോണിലെ സ്പോൺസറുടെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിർഹമായിരുന്നു ശമ്പളം. എന്നാൽ യുവാവ് പുതിയ ജോലിയിൽ പ്രവേശിച്ചത് അടക്കമുള്ള കാര്യങ്ങൾ ദിലീപിന് അറിയില്ലായിരുന്നു. പത്ത് മാസമായി താൻ ദുരിതത്തിലാണെന്നുമാണ് ജാസിർ പറയുന്നത്. പിന്നീട് ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എനിക്കെന്നാണ് ജാസിർ നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. നാലായിരത്തോളം ദിർഹം സമ്പാദിക്കാൻ സാധിച്ചിരുന്ന ജോലി രാജിവയ്‌പ്പിച്ച് ഒന്നുമില്ലാതാക്കിയതിന് പിന്നിൽ താരമായിരുന്നു എന്നാണ് യുവാവ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദം തെറ്റാണന്നാണ് സംഭാഷണം പുറത്തുവന്നതോടെ വ്യക്തമാകുന്നത്. ദിലീപിന് ഈ സംഭവത്തിൽ നേരിട്ട് പങ്കില്ലെന്നും എന്നും വ്യക്തമാകും. എന്നാൽ, ഫേസ്‌ബുക്കിലൂടെ ദിലീപിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും വ്യക്തമാകുന്നുണ്ട്.

രക്ഷകന്റെ റോളിലെത്തിയ ദിലീപ് വില്ലനായെന്നാണ് ജാസിർ വിവരിച്ചത് ഇങ്ങനെയായിരുന്നു:

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദുബായ് മുഹൈസിന മൂന്നിലെ കഫ്റ്റീരിയയിൽ ഡെലിവറി ബോയിയുടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഒരു ദിവസം ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോൾ, ജാസിറിന്റെ ബൈക്കിൽ ഒരു ഫോർ വീലറിടിച്ചു നിർത്താതെ പോയി. റോഡരികിലേയ്ക്ക് തെറിച്ചുവീണ ജാസിറിന്റെ കാലിന് പരുക്കേറ്റു. എണീറ്റ് നിൽക്കാനാകാതെ വഴിയരികിൽ കിടന്ന ജാസിറിനെ അതുവഴി വാഹനത്തിൽ വരികയായിരുന്ന ദിലീപും സുഹൃത്തും ചേർന്ന് എണീപ്പിച്ചു തങ്ങളുടെ വാഹനത്തിലിരുത്തി. തുടർന്ന് പൊലീസെത്തി ജാസിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് വലിയ വാർത്തയായി. മലയാളി യുവാവിനെ രക്ഷിച്ച ദിലീപ് താരവുമായി. ദിലീപ് വാഹനാപകടത്തിൽപ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടിൽ വന്ന വാർത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളും മറ്റും അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും മനുഷ്യത്വപരമായ ആ പ്രവൃത്തിയെ പ്രകീർത്തിക്കുകയും ചെയ്തു.

മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്നും ഇഷ്ടനായകൻ അദ്ദേഹമാണെന്നു പറയണമെന്നും നിർദ്ദേശം ലഭിച്ചു. യഥാർഥത്തിൽ മമ്മുട്ടിയായിരുന്നു ജാസിറിന്റെ ഇഷ്ടനടൻ. രണ്ട് ദിവസം കഴിഞ്ഞ് നടനും സംവിധായകനുമായ ദിലീപിന്റെ സുഹൃത്ത് നാദിർഷ ജാസിറിനെ വന്നു കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത കിങ് ലയർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയിൽ നടത്തിയ പാർട്ടിയിലേയ്ക്ക് ജാസിറിനെ ക്ഷണിച്ചു. ''അന്ന് എന്റെ കുടുംബകാര്യങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. കൂടുതൽ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്പോൺസറുടെ കമ്പനിയിൽ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേ തുടർന്ന് ഞാൻ ജോലി വിടാൻ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങൾ പറഞ്ഞു.

നമുക്ക് നല്ല കാലം വരാൻ പോകുന്നുവെന്നും നടൻ ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോൾ അവരെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ചു പലരും അരുതെന്ന് പറഞ്ഞിട്ടും ജോലി വിട്ടു, വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാൽ, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടർന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ 'ദേ പുട്ടി'ൽ ചെന്നു അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ നമ്പർ ലഭിച്ചു. അതിൽ വിളിച്ചപ്പോൾ, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി.

വീണ്ടും കാത്തിരിപ്പ്. ഒടുവിൽ അജ്മാൻ ഫ്രീ സോണിലെ സ്പോൺസറുടെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിർഹമായിരുന്നു ശമ്പളം. താമസ സ്ഥലം ലഭിക്കുമെങ്കിലും ഭക്ഷണച്ചെലവ് ഈ തുകയിൽ നിന്ന് കണ്ടെത്തണമായിരുന്നു. മാസം നാലായിരത്തോളം ദിർഹം ലഭിക്കുന്ന ജോലി കളഞ്ഞെത്തിയ എനിക്ക് എല്ലാ മാസവും ബാക്കിയാകുക 1000 ദിർഹം മാത്രം. ഡ്രൈവിങ് ലൈസൻസ് എടുത്തു തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയധികൃതർ ഒഴിഞ്ഞുമാറി. സ്പോൺസറോട് വിഷമം പറയാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും സാധിച്ചില്ല. തുടർന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. ഇതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കളിയാക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും വീണ്ടും ദുബായിലെത്തി പഴയ ജോലി തിരികെ ലഭിക്കണമെന്നായി ചിന്ത. സഹോദരിയുടെ വിവാഹം അടുത്തു വരുന്നതിനാൽ കുറേയേറെ പണം അത്യാവശ്യമായിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദർശക വീസയിൽ മൂന്ന് മാസം മുൻപ് ദുബായിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫ്റ്റീരയയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോൾ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല. അന്നത്തെ ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടർന്നിരുന്നെങ്കിൽ അവിടെ ഒരു വീട് വയ്ക്കാൻ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വർഷം നഷ്ടപ്പെടുത്തിയത്?ജാസിർ ചോദിക്കുന്നു.

''ചീറിപ്പാഞ്ഞുപോകുന്ന കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നു. ആരും തിരിഞ്ഞു നോക്കുന്നില്ല. ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രക്കാരനു മുന്നിലതാ നായകന്റെ കാർ വന്നു നിൽക്കുന്നു. മറ്റുള്ളവർ പകച്ചു മാറിനിൽക്കെ താരപരിവേഷത്തോടെ എത്തിയ നായകൻ അപകടത്തിൽപ്പെട്ടയാളെ കൈക്കുമ്പിളിൽ കോരിയെടുക്കുന്നു. ആശുപത്രിയിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നു''- സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു രംഗം. എന്നാൽ, ഇത്തരമൊരു അവസ്ഥ തന്റെ ജീവിതത്തിൽ സംഭവിച്ചുവെന്നായിരുന്നു ജസീർ നേരത്തെ പറഞ്ഞിരുന്നത്. ഇത് ജീവിതത്തെ എങ്ങനെ തകർത്തുവെന്നാണ് ഇപ്പോൾ ജസീർ വിശദീകരിക്കുന്നതും. ദുബായിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന ഡെലിവറി ബോയ് ആയ ഈ യുവാവിനെ രക്ഷിക്കാനെത്തിയത് മറ്റാരുമല്ല. ജനപ്രിയനായകൻ ദിലീപാണെന്നതിന് വലിയ പ്രചാരം കിട്ടി. ഏഷ്യാനെറ്റ് റേഡിയോ മീയിലാണ് തന്റെ അനുഭവം ഈ വടകര സ്വദേശി വെളിപ്പെടുത്തിയത്.

അർധരാത്രി ഒരുമണിക്കായിരുന്നു അപകടം. ഗൾഫ് ലൈറ്റ് കഫേറ്റീരിയയിൽ ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ജാസിർ. ബൈക്കിൽ സഞ്ചരിക്കവെ രാത്രി ഒരു മണിക്ക് ജാസിറിനെ ഇടിച്ച് വീഴ്‌ത്തി കാർ നിർത്താതെ പോകുകയായിരുന്നു. ബൈക്ക് മുകളിലേക്ക് മറിഞ്ഞ് വീണതിനാൽ എഴുന്നേൽക്കാൻ പറ്റാതിരുന്ന ജാസിറിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. ഈ സമയമാണ് വെളുത്ത ലാൻഡ് ക്രൂസറിൽ ദിലീപ് അതുവഴി എത്തിയത്. അപകടം കണ്ടു വണ്ടി നിർത്തിയ ദിലീപ് ജാസിറിനു മുന്നിൽ എത്തുകയായിരുന്നു. തന്നെ രക്ഷിക്കാനെത്തിയതു ദിലീപ് ആണെന്ന് കണ്ട ജാസിർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ഏഷ്യാനെറ്റ് റേഡിയോ മീയിൽ ഇക്കാര്യങ്ങൾ ജാസിർ വിവരിക്കുന്നുണ്ട്. ''സ്വപ്നമാണെന്നാണ് കരുതിയത്, മുന്നിൽ നിൽക്കുന്നത് ദിലീപാണെന്നറിഞ്ഞതോടെ വേദന എല്ലാം ഇല്ലാതായി''- ജാസിർ പറഞ്ഞു.

ജാസിറിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചിട്ടാണ് ദിലീപ് മടങ്ങിയത്. ഇക്കാര്യം ശരിയാണെന്ന് ഏഷ്യാനെറ്റ് റേഡിയോ മീയിലൂടെ ദിലീപും വ്യക്തമാക്കി. എന്നാൽ, പിന്നിടൂള്ള കഥകളിൽ ദിലീപിനേക്കാൾ പങ്കുള്ളത് യുവാവിന് തന്നെയായിരുന്നു. പബ്ലിസിറ്റിക്ക് താരത്തിന്റെ പേര് യുവാവ് തരംകിട്ടിയപ്പോൾ എന്ന പോലെ ഉപയോഗിക്കുകയായിരുന്നു എന്നുവേണം ഇപ്പോൾ പുറത്തുവന്ന സംഭാഷണം കൂടി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP