Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ ഭാര്യ വല്ലവന്റെയും കൂടെ പോകും, നിങ്ങൾ ഒരാണാണോ? അനിതയുടെ സംസ്‌കാരം വെളിപ്പെടുത്തുന്ന വാക്കുകളായിരുന്നു അത്; ഈ അസഭ്യം പറച്ചിൽ കൊണ്ട് അനിത തന്നെയാണ് ചീത്തയാകുന്നത്; ദിലീപേട്ടന് വേണ്ടി വികാരം തിളച്ച് വിനു വി ജോണിനെ വിമർശിച്ച നടിക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

നിങ്ങളുടെ ഭാര്യ വല്ലവന്റെയും കൂടെ പോകും, നിങ്ങൾ ഒരാണാണോ? അനിതയുടെ സംസ്‌കാരം വെളിപ്പെടുത്തുന്ന വാക്കുകളായിരുന്നു അത്; ഈ അസഭ്യം പറച്ചിൽ കൊണ്ട് അനിത തന്നെയാണ് ചീത്തയാകുന്നത്; ദിലീപേട്ടന് വേണ്ടി വികാരം തിളച്ച് വിനു വി ജോണിനെ വിമർശിച്ച നടിക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവതരാകൻ വിനു വി ജോണിനെ അസഭ്യം വിളികൾ നിറച്ച് അനിത നായർ പോസ്റ്റു ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തെറിവിളികൾ വേണ്ടുവോളം ഏറ്റുവാങ്ങി വൈറലാകുകയാണ്. ഇതിനിടെയാണ് അനിതയ്ക്ക് മറുപടി നൽകിയ ലല്ലുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അനിതയുടെ സംസ്‌ക്കാരത്തെ കുറിച്ചാണ് അവർ പറയുന്നത് എന്നു പറഞ്ഞു കൊണ്ടു ജിഷ, സൗമ്യ, ചന്ദ്രബോസ് എന്നിവർക്ക് വേണ്ടി മാധ്യമങ്ങൾ പോരാടിയതു പോലെ ഈ കേസിലും ഇരയ്‌ക്കൊപ്പമാണ് ഞങ്ങളെന്നു പറഞ്ഞായിരുന്നു ലല്ലുവിന്റെ വീഡിയോ. ഇപ്പോഴിതാ ലല്ലുവിന് പിന്നാലെ അനിതക്ക് മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തി.

അനിതയുടെ ഫേസ്‌ബുക്കിൽ വീഡിയോ കണ്ടിട്ടാണ് ഞാൻ സംസാരിക്കുന്നതെന്നും ഞാൻ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്ക് അറിയില്ലെന്നുമുള്ള മുഖവുരയോടെയാണ് ഭാഗ്യലക്ഷ്മി അവരെ കുറിച്ച് പറയുന്നത്. അനിത വെളിപ്പെടുത്തിയത് അവരുടെ സംസ്‌ക്കാരമാണെന്ന് പറഞ്ഞു കൊണ്ട് രൂക്ഷ വിമർശനവും ഭാഗ്യലക്ഷ്മി ഉയർത്തുന്നു.

അനിതയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിനെ തുടർന്ന് നിരവധിയാളുകൾ അവരെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഏതുസമയവും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനായി ഇരിക്കാതെ വല്ലപ്പോഴും വീട്ടിൽ പോയി നിങ്ങളുടെ ഭാര്യ അവിടെത്തന്നെ ഉണ്ടോയെന്ന് നോക്കൂ എന്നാണ് അനിത വീഡിയോയിൽ പറഞ്ഞത്. അവതാരകനെ പറഞ്ഞത് ക്ഷമിക്കാം..പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലിരിക്കുന്നവരേക്കൂടി ഇതിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നു എന്ന രീതിയിലാണ് ആളുകൾ അനിതയോട് പ്രതികരിച്ചിരിക്കുന്നത്. അനിത പറഞ്ഞത് കൂടിപ്പോയെന്നും മാന്യമല്ലെന്നുമുള്ള അഭിപ്രായത്തിനിടെയാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ഭാഗ്യലക്ഷ്മി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

അനിതയുടെ ഫേസ്‌ബുക്കിൽ വീഡിയോ കണ്ടിട്ടാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല. അവതാരകനെ വിമർശിച്ചുകൊണ്ടാണ് ആ വീഡിയോ ഇട്ടിരിക്കുന്നത്. യഥാർഥത്തിൽ ആ വീഡിയോ ഒരു വിമർശനമാണോ എന്ന് സ്വയം ചിന്തിക്കണം. അതിൽ അനിത പറഞ്ഞിരിക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒന്ന് ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊരു വീഡിയോ പുറത്ത് വിട്ടത്. ആ ഇഷ്ടം യഥാർഥത്തിൽ ദിലീപിന് ഏറ്റവും ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത്. അതിൽ പറയുന്ന ഒരുഭാഗം ഒരുപക്ഷേ ദിലീപേട്ടൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് സമയം കൊടുക്കണം. പക്ഷേ ഞങ്ങൾ ആരും തന്നെ ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അനിത തന്നെ പറയുന്നു ദിലീപേട്ടൻ ഒരു തെറ്റു ചെയ്തു അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കൂ എന്ന്. അതിൽ അനിത പറയുന്ന ന്യായീകരണങ്ങൾ ഉണ്ടാവാം. ഒരാളെ ഇഷ്ടപ്പെടാത്ത രീതിയിൽ ഒരാൾ പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്താൽ നമ്മൾ എങ്ങനെ വിമർശിക്കണം. നല്ലരീതിയിലും നല്ല വാക്കുകൾകൊണ്ടും വേണം വിമർശിക്കാൻ. ഇതിനു മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു. ലക്ഷ്മി നായരെ വളരെ മോശമായ രീതിയിൽ അസഭ്യം പറയുന്ന ഒരു വീഡിയോ. യഥാർഥത്തിൽ അവിടെ എന്താണ് നടന്നതെന്ന് പൊതുജനങ്ങൾക്ക് അറിയില്ല.

അത് അനിതയ്ക്ക് മാത്രമേ അറിയൂ. പൊതുജനം വീഡിയോ കാണുമ്പോൾ അനിത ലക്ഷ്മിയെ അസഭ്യം പറയുന്നതാണ് കാണുന്നത്. അവിടെ ആരാണ് ചീത്തയാകുന്നത്. അനിതയാണ് ചീത്തയാകുന്നത്. ലക്ഷ്മി വളരെ നിശബ്ദയായി അത് ആസ്വദിച്ച് ചിരിച്ച് കേട്ടു നിൽക്കുന്നു. ആ വീഡിയോയുടെ താഴെ ഓരോരുത്തർ ഇട്ടിരിക്കുന്ന കമന്റ് കണ്ടുനോക്കൂ. അനിത വിചാരിക്കും ആളുകൾ ഇത് കേട്ടിട്ട് ആസ്വദിക്കുന്നുണ്ടാവാം. പക്ഷേ നിങ്ങൾ അസഭ്യം പറയുന്ന ലക്ഷ്മിയെ ചീത്തവിളിക്കുന്നവർ ന്യൂനപക്ഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭൂരിപക്ഷം ആളുകളും നിങ്ങളെയാണ് ചീത്തവിളിക്കുന്നത് നിങ്ങളുടെ സംസ്‌ക്കാരത്തെ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയെ. എന്റെ അഭിപ്രായത്തിൽ നമ്മൾ ഒരാളെ വിമർശിക്കുമ്പോൾ ഭാഷ ഒരു പ്രാധാന വിഷയമാകാറില്ല. ദയവായി സ്ത്രീകളും പുരുഷന്മാരും അസഭ്യം പറയരുത്. പ്രത്യേകിച്ച് സ്ത്രീകൾ അമ്മയാണ്, മകളാണ്, സഹോദരിയാണ്. ഒരു വാർത്ത വായിക്കുന്ന വ്യക്തിയെ വിമർശിച്ചുകൊണ്ടാണ് അനിത ഇത്രയും മോശമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചാനലിൽ കൊടുത്തിരിക്കുന്ന ജോലിയാണ് വാർത്ത വായന. അതിനു ഉത്തരം പറയേണ്ടത് ചാനലിന്റെ മേധാവിയാണ്. അദ്ദേഹം പറയുന്നത് തെറ്റാണെങ്കിൽ അത് ഖണ്ഡിക്കേണ്ടത് ചാനലിന്റെ മേധാവിയാണ്. അതിൽ എങ്ങനെ അദ്ദേഹത്തെ കുറ്റം പറയാൻ സാധിക്കും. നമുക്ക് വിമർശിക്കാം അതിനുള്ള അധികാരം നമുക്കെല്ലാവർക്കും ഉണ്ട്.

അദ്ദേഹം പരിധിവിട്ട് തന്നെയാണ് സംസാരിച്ചത് എന്ന് എല്ലാവരേയും പോലെ ഞാനും യോജിക്കുന്നു. അതിനൊന്നും പ്രതികരിക്കേണ്ട ഭാഷ ഇതല്ല. അവരുടെ ഭാര്യയെ പരാമർശിക്കുകയും, ഒരാണാണോ എന്ന് ചോദിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭാര്യ വല്ലവന്റേയും കൂടെ പോകും എന്നൊക്കെ പറയുമ്പോൾ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അവഹേളിക്കുകയാണ്. ഇന്ന് നമ്മുടെ മലയാള സിനിമ കേരള സമൂഹത്തിന്റെ മുമ്പിൽ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ഇവിടെ ഒരു സ്ത്രീയെ എങ്ങനെ സംരക്ഷിക്കാം എന്ന് ഓരോരുത്തർ ആലോചിക്കുമ്പോഴാണ് ഒരു സ്ത്രീ തന്നെ എന്റെ സംസ്‌ക്കാരം ഇതാണ് എന്ന രീതിയിൽ വളരെ മോശമായ ഭാഷയിൽ സംസാരിക്കുന്നു. അനിതയുടെ വീഡിയോയിൽ ഓരോരുത്തർ നിങ്ങളെ പരാമർശിക്കുന്നത് കാണുമ്പോൾ ലജ്ജ എന്നതിലപ്പുറം സങ്കടം തോന്നുന്നു. സിനിമാ ലോകം എന്നുപറയുന്നത് ഒരു കുടുംബമാണ്. സിനിമാ കുടുംബത്തിൽ ഒരാളെ അപമാനിക്കുമ്പോൾ നമുക്കെല്ലാം വേദനയാണ്.

അത് പെൺകുട്ടിയോ ദിലീപോ അനിതയോ ആരും ആകട്ടെ അതൊരു ശരിയായ പ്രവണതയല്ല. നമ്മുടെ പെൺകുട്ടി അപമാനിക്കപ്പെടുന്നു അവരെ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അവിടെ പുലഭ്യം പറഞ്ഞുകൊണ്ടോ അസഭ്യം പറഞ്ഞുകൊണ്ടോ അല്ല നമ്മൾ പ്രതിരോധിക്കേണ്ടത്. സഭ്യമായ ഭാഷയിൽ സംസ്‌ക്കാരത്തോടുകൂടി പ്രതിരോധിക്കൂ, വിമർശിക്കൂ അതിനൊരു അന്തസുണ്ട്. അതിനൊരു ഗൗരവമുണ്ട്. യഥാർഥത്തിൽ നല്ല ഭാഷയിൽ വിമർശിച്ചിരുന്നെങ്കിൽ ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം നിൽക്കുമായിരുന്നു. നമ്മുടെ സിനിമാ ലോകത്ത് ഇങ്ങനെ ഒരു സമൂഹത്തിന്റെ മുമ്പിൽ പരിഹാസമായി നിൽക്കാൻ ഇനിയെങ്കിലും നിങ്ങളുടെ ഭാഷ നിങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് എന്റെ ഒരു അഭ്യർത്ഥനയാണ്. ഇങ്ങനെയൊരു വിഡിയോ ഇട്ടതിൽ എന്നെ ദയവുചെയ്ത് ചീത്ത വിളിക്കരുത്. എനിക്ക് കേട്ടാൽ മനസിലാകും പക്ഷേ തിരിച്ചു പറയാൻ എനിക്ക് കഴിയില്ല. ആരോഗ്യപരമായ വിമർശനമായി അനിത ഇതിനെ കരുതണം. കരുതും എന്ന് ഞാൻ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP