Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുജാഹിദ് യുവജന വിഭാഗം ഐ.എസ്.എം സംഘടിപ്പിച്ച പരിപാടി മടവൂർ വിഭാഗം ബഹിഷ്‌ക്കരിച്ചു; 'സിഹ്ർ' അടക്കമുള്ള വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്‌ക്കരിക്കും; അബ്ദുൽ ലത്തീഫ് കരുമ്പിലാക്കലിന്റെ രാജിക്കു പിന്നാലെ ഐക്യപ്പെട്ട മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ

മുജാഹിദ് യുവജന വിഭാഗം ഐ.എസ്.എം സംഘടിപ്പിച്ച പരിപാടി മടവൂർ വിഭാഗം ബഹിഷ്‌ക്കരിച്ചു; 'സിഹ്ർ' അടക്കമുള്ള വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്‌ക്കരിക്കും; അബ്ദുൽ ലത്തീഫ് കരുമ്പിലാക്കലിന്റെ രാജിക്കു പിന്നാലെ ഐക്യപ്പെട്ട മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ

എം പി റാഫി

കോഴിക്കോട്: ഐക്യപ്പെട്ട മുജാഹിദ് സംഘടനയിൽ കലാപം അടങ്ങുന്നില്ല. ഭിന്നിപ്പ് യുവജന സംഘടനയായ ഐ.എസ്.എമ്മിലും രൂക്ഷമായിരിക്കുകയാണ്. ഇതോടെ, 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയം വീണ്ടും സംഘടനയെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. മടവൂർ (മർക്കസുദ്ധഅവ) വിഭാഗം നേതാവായ കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ ഈയിടെ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവജന വിഭാഗത്തിലും പൊട്ടിത്തെറി പരസ്യമായിരിക്കുന്നത്.

ഇതിന്റെ ഭാഗമായി, ഐ.എസ്.എം സംസ്ഥാന കമ്മിറ്റി ഫാസിസത്തിനെതിരെ കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ജനറൽ സെക്രട്ടറി അടക്കമുള്ള മടവൂർ വിഭാഗത്തിൽപ്പെട്ടവർ വിട്ടു നിന്നു. 19 പേർ ഇതു തീരുമാനിച്ച യോഗത്തിൽ നിന്നു തന്നെ വിട്ടു നിന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ അമാനി വാട്‌സ് ആപ്പ് കുറിപ്പിലൂടെ പ്രവർത്തകരെ അറിയിച്ചിരുന്നു.

2017 ജൂലൈ 4 ന് ഐ.എസ്.എം ജന.സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം എന്ന പേരിൽ ജൂലൈ 16ന് കോഴിക്കോട്ട് നടന്ന പരിപാടിയുടെ അറിയിപ്പ് സാമുഹ്യ മാധ്യമങ്ങളിൽ മൗലവി ( ഔദ്യോഗിക)വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഇത് മടവൂർ വിഭാഗകത്തെ വീണ്ടും ചൊടിപ്പിച്ചു. എന്നാൽ ഇത് തങ്ങൾ പങ്കെടുക്കാത്ത യോഗമാണെന്നും ജൂലൈ 4 ലെ യോഗത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് നേരത്തെ പ്രസിഡന്റിനെ അറിയിച്ചിരുന്നതായും ജാബിർ അമാനി വിശദീകരണ കുറിപ്പിൽ പറയുന്നു. 16ന് ഇങ്ങനെയൊരു പരിപാടി നടക്കുമെന്ന് സെക്രട്ടേറിയേറ്റിലെ മറ്റൊരംഗമാണ് എട്ടാം തിയ്യതി ജനറൽ സെക്രട്ടറിയായ തന്നെ അറിയിച്ചതെന്നും കുറിപ്പിൽ പറയുന്നു. 16ന് കോഴിക്കോട് നടന്ന പരിപാടിയുടെ പോസ്റ്ററിൽ ഹുസൈൻ മടവൂരിന്റെ പേര് ഉണ്ടായിരുന്നെങ്കിലും അദ്ദേഹവും പങ്കെടുത്തിരുന്നില്ല.

കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വാട്‌സ് ആപ്പ് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്:

സഹപ്രവർത്തകരെ, അസ്സലാമു അലൈക്കും 2017 ജൂലൈ 4 ന് ISM ജന: സിക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം എന്ന പേരിൽ ജൂലൈ 16ന് കോഴിക്കോട്ട് നടക്കുന്ന ഒരു പരിപാടിയുടെ അറിയിപ്പ് സാമുഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയിൽ പെട്ടതിന്റെ വിശദീകരണമാണ് ഈ കുറിപ്പ്.

1-പ്രസ്തുത യോഗത്തെ കുറിച്ച് വിവരം അംഗങ്ങളെ ജന: സിക്രട്ടറിയെന്ന നിലയിൽ അറിയിപ്പ് നൽകി എന്നതല്ലാതെ, പ്രസ്തുത യോഗത്തിൽ സംഘടനാപരമായ കാരണത്താൽ ഞാനും ISM (മർക്കസു ദഅവ) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 19 അംഗങ്ങളും പങ്കെടുത്തിട്ടില്ല. പങ്കെടുക്കാൻ സാധ്യമല്ലെന്ന വിവരം പ്രസിഡന്റിനെ നേരെത്തെ അറിയിച്ചതുമാണ്.
2-ഫാസിസത്തിനെതിരെ അതിശക്തമായ പ്രതിഷേധമുണ്ടാവേണ്ട സന്ദർഭമാണ് ഇപ്പോൾ എന്ന് എല്ലവർക്കും അറിയാം. എന്നാൽ ' ഫാസിസത്തിനെതിരെ ' എന്ന ഈ പ്രോ ഗ്രാം ഞാൻ വിളിച്ച യോഗ തീരുമാമാവണമെങ്കിൽ അത്തരമൊരു യോഗം നടക്കേണ്ടതുണ്ട്. അതുണ്ടായിട്ടില്ല.
3- ജൂലൈ 8 നാണ് ഇത്തരമൊരു പ്രോഗ്രാമിനെ കുറിച്ച്, |'താങ്കൾ പങ്കെടുക്കണം' എന്ന് പറഞ്ഞാണ് എന്നെ അറിയിക്കുന്നത്. ജന: സിക്രട്ടറിയെന്ന നിലയിൽ എന്നെ lSM സംസ്ഥാന പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് മറ്റൊരു സെക്രട്ടറിയേറ്റ് മെമ്പർ വിളിക്കുന്നു ' എന്നത് തന്നെ സംഘടനാപരമായി ഈ പ്രോഗ്രാമിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതല്ലേ.
4- വിഷയത്തിന്റെ ഗൗരവം കണക്കാക്കി ഫാസിസത്തിനെതിരിലെഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കണ്ട എന്നായിരുന്നു എന്റെ തീരുമാനം.
എന്നാൽ എനിക്ക് പങ്കാളിത്വമില്ലാത്ത ഒരു തീരുമാനകാര്യം എന്നെ ഉൾപ്പെടുത്തി ?SMജന - സിക്രട്ടറി പദവി ദുരുപയോഗം ചെയ്തതുകൊണ്ട് മാത്രം വിശദീകരണം നൽകേണ്ടി വന്നതാണ്.
നാഥൻ അനുഗ്രഹിക്കുമാറാവട്ടെ,
സഹോദരൻ
ജാബിർ അമാനി .
ജന.. സിക്രട്ടറി |SM കേരള.'

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസ്തുത കുറിപ്പ് തന്റേതു തന്നെയെന്ന് ജാബിർ അമാനി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഐക്യപ്പെട്ട ശേഷം സംഘടനകൾക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാത്തതാണ് പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത്. 'സിഹ്ർ 'അടക്കമുള്ള വിഷയത്തിലെ നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനിക്ക് മുമ്പ് കത്തുകൊടുത്തിരുന്നു. എന്നാൽ പരിഹരിക്കാമെന്ന് പറയുകയല്ലാതെ ഇത് തീർപ്പാക്കാതെ നേതൃത്വം നീട്ടിക്കൊണ്ടുപോകുന്നതിനാലാണ് ഐ.എസ്.എം മീറ്റിംങുകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്ന് ജാബിർ അമാനി പറഞ്ഞു. ചർച്ച ചെയ്യപ്പെടേണ്ടത് മാത്രം ചർച്ചയാക്കി ഐക്യത്തോടെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. പക്ഷേ, മറുവിഭാഗം സംഘടനയെ കാൽക്കീഴിലാക്കുകയും സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയുമാണെന്നാണ് ഐ.എസ്.എം സെക്രട്ടറി മറുനാടനോട് പറഞ്ഞു.

അതേ സമയം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് സ്വലാഹി മറുനാടൻ മലളാളിയോട് പറഞ്ഞതിങ്ങനെ: '' ഇന്ന് ഞങ്ങൾ കൂടുന്നുണ്ട്. ഐ.എസ്.എം കമ്മിറ്റി മറ്റന്നാൾ ചേരും. പിതാവിന് സുഖമില്ലാത്തതുകൊണ്ടാണ് ജാബിർ അമാനി പങ്കെടുക്കാതിരുന്നത്. ആദ്യം ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് കുറിപ്പ് എന്നാണ് മനസിലാക്കുന്നത്. ഇപ്പോൾ അത് ഞങ്ങൾ പറഞ്ഞു തീർത്തു. ഒറ്റക്കെട്ടായി സംഘടന മുന്നോട്ടു പോകുന്നു.' - മജീദ് സ്വലാഹി പറഞ്ഞു.

ഐക്യപ്പെട്ട ശേഷം വലിയ അസംതൃപ്തരായാണ് മടവൂർ വിഭാഗം കെ.എൻ.എമ്മിൽ നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് 'സിഹ്ർ ' വിഷയത്തിലെ സർക്കുലർ. ഐക്യപ്പെടുന്നതിന് മുമ്പ് മൗലവി വിഭാഗം വച്ചു പുലർത്തിയിരുന്ന ആശയം പരുവപ്പെടുത്തി സർക്കുലറാക്കിയതോടെയാണ് മടവൂർ വിഭാഗത്തിന്റെ (മർക്കസുദ്ധഅവ ) നേതാവ് അബ്ദുൽ ലത്തീഫ് രാജിവെച്ചത്. അതേ സമയം ഡോ.ഹുസൈൻ മടവൂർ അടക്കമുള്ള ചില മടവൂർ വിഭാഗം നേതാക്കളുടെ മൗനം അണികളുടെ എതിർപ്പിന് ഇടയാക്കി. ഈ സാഹചര്യത്തിൽ വിഷയം തീർപ്പ് കൽപ്പിക്കാതെ മൗലവി വിഭാഗവുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് മർക്കസുദ്ധഅവ വിഭാഗത്തിന്റെ തീരുമാനം. ഈ മാസം 2 ന് ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ മടവൂർ വിഭാഗം കൂടിയാലോചനാ യോഗം നടത്തിയിരുന്നു. ഐക്യത്തോടെ പോകുക, അബ്ദുൽ ലത്തീഫ് കരിമ്പുലാക്കലിന്റെ രാജി, വിവാദ വിഷയങ്ങൾ എന്നീ കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്തത്. ഇതിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്‌ക്കരിക്കുമെന്നും കാണിച്ച് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിക്ക് മടവൂർ വിഭാഗം കത്തുകൊടുത്തിട്ടുണ്ട്. ഈ മാസം 12 ന് അബ്ദുള്ളക്കോയ മദനി ഇവരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് കൊടുത്തിരിക്കുകയാണ്. എന്നാൽ പരിഹാരമായില്ലെങ്കിൽ പിളർപ്പ് എന്ന രീതിയിൽ ഉറച്ചു നിൽക്കുകയാണ്. 16ന് നടന്ന ഫാസിസത്തിനെതിരെയുള്ള പരിപാടിയിൽ നിന്ന് മടവൂർ വിഭാഗം വിട്ടു നിന്നതിന്റെ പ്രധാന കാരണവും നിലവിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്.

കേരളത്തിൽ 1921 മുതൽ പ്രവർത്തിച്ച സലഫി പ്രസ്ഥാനം 2002 ലെ പിളർപ്പോടെ രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ചു വന്നു. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ വിഷയങ്ങളിൽ വരെ പിന്നീട് വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ടു പോയി. ഒടുവിൽ ഇരുവിഭാഗങ്ങൾ 2016 ഡിസംബർ 20നാണ് കോഴിക്കോട് നടന്ന മഹാ സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ വിശ്വാസം), ശിർക്ക് (ബഹുദൈവാരാധന) വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ തുടരുകയായിരുന്നു. എന്നാൽ ഐക്യം സമ്പൂർണ അർത്ഥത്തിൽ നടപ്പിലാകാൻ രണ്ട് വർഷം എങ്കിലും വേണ്ടിവരുമെന്നാണ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതേസമയം പ്രശ്‌നങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്ന് രൂപപ്പെടുന്നത് ഐക്യപ്പെട്ടമുജാഹിദ് സംഘടനയെ ആട്ടി ഉലച്ചിട്ടുണ്ട്. കൂനിന്മേൽ കുരുവെന്ന പോലെ യുവജന വിഭാഗമായ ഐ.എസ്.എമ്മിലേക്കു കൂടി പ്രശ്‌നം വ്യാപിച്ചതോടെ പുതിയൊരു പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP