Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആഭ്യന്തര കലാപം നിറഞ്ഞ യെമനിൽ നിന്നും എല്ലാം വിറ്റുപെറുക്കി ജീവനും കൊണ്ട് കേരളത്തിലെത്തി; ഇന്ത്യൻ എംബസി നൽകിയ പ്രത്യേക സ്‌കോളർഷിപ്പ് സഹായകമായപ്പോൾ കേരള സർവകാശാലയിൽ എംഎയ്ക്ക് ചേർന്നു; മലായളികളുടെ സ്‌നേഹത്തിന് മറുപടി നൽകിയത് ഒന്നാംറാങ്ക് നേടി; കേരളത്തിന്റ വളർത്തുപുത്രനായി മാറിയ ഇസ അലി മറുനാടനോട്..

ആഭ്യന്തര കലാപം നിറഞ്ഞ യെമനിൽ നിന്നും എല്ലാം വിറ്റുപെറുക്കി ജീവനും കൊണ്ട് കേരളത്തിലെത്തി; ഇന്ത്യൻ എംബസി നൽകിയ പ്രത്യേക സ്‌കോളർഷിപ്പ് സഹായകമായപ്പോൾ കേരള സർവകാശാലയിൽ എംഎയ്ക്ക് ചേർന്നു; മലായളികളുടെ സ്‌നേഹത്തിന് മറുപടി നൽകിയത് ഒന്നാംറാങ്ക് നേടി; കേരളത്തിന്റ വളർത്തുപുത്രനായി മാറിയ ഇസ അലി മറുനാടനോട്..

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളാ സർവ്വകലാശാലയിൽ എംഎ പരീക്ഷയ്ക്ക് ഒന്നാംറാങ്ക് വാങ്ങുന്നത് അത്ര നിസാരമായ ഒരു കാര്യമല്ല. അപ്പോൾ വെടിയൊച്ചകളുടേയും ആഭ്യന്തര കലാപങ്ങളുടെയും നടുവിലെ ഒരു രാജ്യത്തുനിന്നും കടൽകടന്ന് കേരളത്തിലെത്തി എംഎ പരീക്ഷയ്ക്കു ഒന്നാംറാങ്ക് കരസ്ഥമാക്കുന്നത് അത്ര ചെറിയ നിസാര കാര്യമൊന്നുമല്ല. പറഞ്ഞു വരുന്നത് ആഭ്യന്തര കലാപങ്ങളുടെ ആസ്ഥാനമായ ജീവനും മറ്റു വേണ്ടപ്പെട്ടതുമെല്ലാം പെറുക്കിയെടുത്ത് അഭയാർത്ഥികളായി പലായനം ചെയ്യുന്നവരുടെ നാടായ യെമനിൽ നിന്നുമുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിത കഥയാണ്. തലസ്ഥാനമായ സനആയിൽ നിന്നും കേരളത്തിലെത്തി റാങ്കു നേടിയ ഇസാ അലി എന്ന ചെറുപ്പക്കാരന്റെ കഥ കെട്ടുകഥകളേക്കാളേറെ വിസ്മയിപ്പിക്കുന്നതാണ്. ഭാഷകളുടെ ശാസ്ത്രീയ പഠനമായ ലിങ്ഗ്വിസ്റ്റിക്സിലാണ് ഇസ ഒന്നാംറാങ്ക് നേടിയത്.

ജീവൻ പോലും നഷ്ടമാകാൻ സാധ്യതയുള്ള ആക്രമണങ്ങൾക്കു നടുവിൽ നിന്നും ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഇസ കേരളത്തിലെത്തിയത്. അതും രണ്ടര വയസും ഏഴു വയസും പ്രായമുള്ള രണ്ടു പെണ്മക്കളെ അമ്മ അബീറിനൊപ്പം സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമായിരുന്നു ഇസ കേരളത്തിലെത്തിയത്. തുടർന്നു കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഇസ ഭാര്യയേയും മക്കളേയും കൊണ്ടുവന്നത്. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക സ്‌കോളർഷിപ്പിലാണ് ഇസയ്ക്ക് പഠിക്കാൻ അവസരം ലഭിച്ചത്. യുദ്ധങ്ങളും ബോംബാക്രമണങ്ങളും കാരണം, ആശയവിനിമയം നടത്താൻ പോലും യെമനിൽ വലിയ ബുദ്ധിമുട്ടാണ്. തന്റെ വിജയം ആദ്യമറിയേണ്ട അച്ഛനും അമ്മയും അത് അവസാനമാണല്ലോ അറിഞ്ഞത് എന്നതാണ് ഇസയുടെ സങ്കടം.

തന്റെ നാട്ടിലെ ദുരവസ്ഥകളെല്ലാം മാറി സമാധാന പൂർണമായ അന്തരീക്ഷം ഉണ്ടാവുമെന്നും ഈ യുവാവ് പ്രതീക്ഷിക്കുന്നു. കേരളം തന്നെ സ്നേഹം കൊണ്ടു ഞെട്ടിച്ചുവെന്നും തന്റെ മക്കളെ സ്വന്തം മക്കളായി കാണുന്ന എല്ലാവരും തനിക്ക് വലിയ പിന്തുണ നൽകുന്നുവെന്നും ഇസ പറയുന്നു. കേരളത്തിലെ സഹപാഠികൾ, അദ്ധ്യാപകർ, സുഹൃത്തുക്കൾ, നാട്ടിലെ അമ്മയുടേയും അച്ഛന്റെയും പ്രാർത്ഥന എന്നിവയാണ് തനിക്ക് റാങ്കു നേടാൻ സഹായകമായതെന്ന് ഇസ പറയുന്നു.

ഒന്നാംറാങ്ക് നേടിയതിനെ കുറിച്ച്...

ഈ വിജയത്തിന് ദൈവത്തോടു നന്ദി പറയാതെ തുടങ്ങാനാകില്ല. വലിയ ബുദ്ധിമുട്ടുകളിൽ നിന്നെല്ലാം എന്നെ ഇവിടെ എത്തിച്ചത് ദൈവാണ്. പിന്നെ എന്റെ മാതാപിതാക്കളുടെ പ്രാർത്ഥനയ്ക്കും വലിയ പങ്കുണ്ട്. പിന്നെ, എന്റെ അദ്ധ്യാപകർക്കും സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഭാര്യയ്ക്കും. ഒന്നാംറാങ്ക് നേടുന്നത് വലിയ കാര്യം തന്നെയാണ്. നാട്ടിൽ ഡിഗ്രിക്കും എനിക്ക് ഒന്നാംറാങ്ക് ഉണ്ടായിരുന്നു. റാങ്ക് നേടുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഞാൻ ഇവിടെ എത്തിയതും. ആദ്യ ദിവസം ക്ലാസിലെത്തിയപ്പോൾ കുട്ടികൾ എങ്ങനെയായിരിക്കും എന്നോടു പെരുമാറുക എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. ആരും ഇങ്ങോട്ടു വന്ന് സംസാരിക്കും എന്നു പോലും കരുതിയിരുന്നില്ല. എച്ച്ഒഡി ഷാനവാസ് സർ എന്നെക്കുറിച്ച് ക്ലാസിൽ പറഞ്ഞപ്പോൾ കയ്യടിച്ചാണ് സഹപാഠികൾ സ്വീകരിച്ചത്. പിന്നീട് എന്റെ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ ചോദിച്ചറിയുവാനും അവരെത്തിയപ്പോൾ വലിയ സന്തോഷമായി.

ഇതു പോലുള്ള പിന്തുണകളും പ്രോത്സാഹനങ്ങളും പഠനകാലത്ത് ലഭിച്ചപ്പോൾ കൂടുതൽ നന്നായി പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. നാട്ടിലുള്ള വേണ്ടപ്പെട്ടവരെ പിരിഞ്ഞു നിൽക്കുന്നതായി തോന്നിയതേയില്ല. അദ്ധ്യാപകർ നൽകുന്ന ഏതൊരു ജോലിയും കൃത്യമായി ചെയ്യാൻ സുഹൃത്തുക്കൾ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ എന്റെ ലക്ഷ്യം നേടുന്നതിന് എന്നെ സഹായിച്ച കാര്യങ്ങളാണ്. ക്ലാസുകൾ കഴിഞ്ഞുള്ള സമയങ്ങളിലെ ഒഴിവു വേളകളിൽ സുഹൃത്തുക്കൾക്കൊപ്പം ക്യാന്റീനിൽ പോവുന്നതും തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ സുന്ദര നിമിഷങ്ങളും ഇസ ഓർക്കുന്നു. നാട്ടിൽ 92ശതമാനം മാർക്കോടെ ഡിഗ്രി പാസായതും ഒന്നാംറാങ്കോടെ തന്നെ.

യെമനിൽ നിന്നും കേരളത്തിലേക്ക്

2011 അവസാനത്തോടു കൂടി ഡിഗ്രി പഠനം പൂർത്തിയാക്കിയ ഇസ ആ നാട്ടിലെ നിയമം അനുസരിച്ച് ഒന്നാംറാങ്കു നേടിയതിനാൽ പഠിച്ച ആ കോളേജിൽ തന്നെ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ ജോലി ചെയ്യവേയാണ് സഹപാഠി കൂടിയായിരുന്ന അബീറിനെ വിവാഹം ചെയ്യുന്നത്. ഈ സമയത്ത് യെമനിൽ ആഭ്യന്തര കലാപവും യുദ്ധവും കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സമയമായിരുന്നു. യെമനിൽ തങ്ങളെ പഠിപ്പിച്ചിരുന്ന നിരവധി അദ്ധ്യാപകർ ഇന്ത്യയിൽ പഠനം പൂർത്തിയാക്കിയവരായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ പഠിക്കുക എന്നത് ഒരു സ്വപ്നമായി മനസിൽ കിടന്നിരുന്നു. അപ്പോഴാണ് ഇന്ത്യൻ എംബസി ഇന്ത്യയിൽ പഠനസൗകര്യം ഒരുക്കിക്കൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലായി 38ഓളം വിദ്യാർത്ഥികൾക്കാണ് അവസരം. ഇന്ത്യൻ എംബസി അനുവദിക്കുന്ന ഐസിസിആർ സ്‌കോളർഷിപ്പിലൂടെയാണ് തനിക്കും ഈ അവസരം ലഭിച്ചത്.

രണ്ടായിരത്തോളം പേർ അപേക്ഷിച്ചതിൽ നിന്നുമാണ് 38 പേരെ തെരഞ്ഞെടുത്തത്. അപേക്ഷ അയച്ചശേഷം മറുപടി ലഭിക്കുക ഇമെയിൽ ആയിട്ടാണ്. ബോംബാക്രമണങ്ങൾ നിരന്തരമായ യെമനിൽ ആശയവിനിമയം നടത്തുക ദുഷ്‌കരമാണ്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നതും വിരളമായി മാത്രമാണ്. താൻ തെരഞ്ഞെടുക്കപ്പെട്ട വിവരം മെയിൽ വന്നിട്ടും മറുപടി അയക്കായതോടെ അധികൃതർ ഫോണിൽ വിളിച്ച് പറഞ്ഞപ്പോഴാണ് ഇസ അറിഞ്ഞത്. വലിയ സന്തോഷം തോന്നിയെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെ എന്നതായിരുന്നു അടുത്ത ചിന്ത.

ഉള്ളതെല്ലാം വിറ്റുപെറുക്കി മരണത്തെ മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള യാത്ര

നേരത്തെ പറഞ്ഞതു പോലെ ആക്രമണങ്ങൾ കാരണം യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാം തകർന്ന അവസ്ഥയായിരുന്നു. തലസ്ഥാനമായ സനആയിലെ വിമാനത്താവളം പോലും അടച്ചുപൂട്ടിയിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എങ്ങനെ എത്തും എന്നതായിരുന്നു ആദ്യ പ്രതിസന്ധി. ഈ സമയത്ത് ഇന്ത്യൻ എംബസി സനആയിൽ നിന്നു തിപ്പൂത്തിയിലേക്ക് മാറുകയും ചെയ്തു. വലിയ തുക ചെലവാക്കിയാൽ മാത്രമെ വിമാനത്താവളമുള്ള നഗരത്തിൽ എത്താൻ സാധിക്കുകയുള്ളൂ. പിന്നീട് സനആയിലെ ഒരു തുറമുഖ പ്രദേശത്ത് എത്തി. അവിടെ നിന്നും തിപ്പൂത്തിയിലേക്ക് എത്തിയാൽ മാത്രമെ ഇന്ത്യയിലേക്ക് വിമാനം ലഭിക്കുകയുള്ളൂ. അവിടെ എത്തിയപ്പോൾ ഇന്ന് തിപ്പൂത്തിയിലേക്ക് ബോട്ടുകൾ ഒന്നും ഇല്ലായെന്ന വിവരമാണ് അധികൃതർ നൽകിയത്. ഉണ്ടായിരുന്ന കാറും ഗൃഹോപകരണങ്ങളും ഉൾപ്പെടെ വിറ്റാണ് ഇന്ത്യയിലേക്ക് വരാൻ പണം കണ്ടെത്തിയത്.

സനആയിൽ നിന്നും അഞ്ചു മണിക്കൂർ ബസിലും അവിടെ നിന്നും നാലുമണിക്കൂർ കാറിലും സഞ്ചരിച്ചാണ് അൽമഹാത് സീ പോർട്ടിലെത്തിയത്. ബോട്ടില്ലെന്ന അധികൃതർ നൽകിയ വിവരം അറിഞ്ഞ് എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് യെമനിലെ സംഘർഷങ്ങൾ നടക്കുന്നതിനാലുള്ള യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഇന്ത്യയിലെത്താനുള്ള അവസാന തീയതി ഏഴു ദിവസമായി നീട്ടിയത്. ഈ വിവരം നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. തുടർന്ന് അന്ന് അവിടെ തങ്ങിയ ശേഷം അടുത്ത ദിവസമാണ് തിപ്പൂത്തിയിലേക്ക് ബോട്ട് കയറിയത്. ഏതു നിമിഷവും തകർന്നേക്കാവുന്ന മൃഗങ്ങളെ കടത്തുന്ന ഒരു ബോട്ടായിരുന്നു അത്. അതിൽ എന്നെ കൂടാതെ, ഒട്ടനവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന അഭയാർത്ഥികളായ സംഘവും ബോട്ടിൽ ഉണ്ടായിരുന്നു. 17 മണിക്കൂർ നീണ്ട ബോട്ട് യാത്ര മരണത്തെ മുന്നിൽ കണ്ടുള്ളതായിരുന്നു. അപകടകരമായ രീതിയിൽ ബോട്ട് കുലുങ്ങുമ്പോൾ സ്ത്രീകളും കുട്ടികളും ഭയന്നു വിറയ്ക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു.

തിപ്പൂത്തിയിൽ ബോട്ട് ഇറങ്ങിയ ഉടൻ ഇന്ത്യൻ എംബസിയിൽ വിളിച്ച് പുറപ്പെടുന്ന വിവരം അറിയിക്കുകയും തുടർന്ന് ആശങ്കാകുലരായി നാട്ടിൽ കഴിയുന്ന സ്നേഹിതരോട് താൻ സുരക്ഷിതനായി തിപ്പൂത്തിയിൽ എത്തിയെന്ന് വിവരം അറിയിക്കുകയും ചെയ്തു. തിപ്പൂത്തി വരെയുള്ള യാത്രയിൽ തന്നെ കയ്യിലുള്ള പണമെല്ലാം തീരുകയും ചെയ്തു. നാട്ടിൽ നിന്നും പണം അയച്ചാൽ മാത്രമെ ഇന്ത്യയിലേക്ക് വിമാനം കയറാൻ കഴിയൂവെന്നും സ്നേഹിതരോട് പറയുകയും പണം അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഇതിനിടയ്ക്ക് പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. എങ്കിലും ഇന്ത്യൻ എംബസി ഇടപെട്ട് ഒരു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചു. വിസ ശരിയായ ശേഷം ടിക്കറ്റിന്റെ കോപ്പി ഉൾപ്പെടെയുള്ള രേഖകൾ ഐസിസിആർ സ്‌കോളർഷിപ്പ് പ്രതിനിധികൾക്ക് അയച്ചുകൊടുത്തു. അവിടെ നിന്നും മുബൈയിലേക്കും പിന്നീട് കേരളത്തിലേക്കും എത്തി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാനായപ്പോൾ പച്ചപ്പാണ് കൂടുതൽ കണ്ടത്. ഞാനൊരു വനത്തിലേക്കാണോ വിമാനം ഇറങ്ങുന്നത് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കേരളത്തിന്റെ പ്രകൃതി ഭംഗി.

കേരള സർവ്വകലാശാലയിൽ എത്തിപ്പെട്ടത് അവിചാരിതമായി

ഉപരിപഠനത്തിന് ഇന്ത്യയിലേക്ക് പോകണമെന്ന് ഉറപ്പിച്ചപ്പോൾ ഹൈദരാബാദിലെ ഇഫ്ളുവോ ഒസ്മാനിയയോ ആണ് തെരഞ്ഞെടുത്തത്. എന്നാൽ ലഭിച്ചത് കേരള സർവ്വകലാശാല ആയിരുന്നു. കേരളത്തിലേക്കാണ് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ തന്നെ ഇന്റർനെറ്റിൽ പരിശോധിച്ചിരുന്നു. പച്ചപ്പു നിറഞ്ഞ നാട് എന്ന് അറിഞ്ഞിരുന്നതെങ്കിലും ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. ഇവിടുത്തെ മഴയും തണുപ്പും കാറ്റും വെയിലുമെല്ലാം ഹൃദ്യമായ അനുഭൂതികളാണ്. ഇതു ദൈവത്തിന്റെ സ്വന്തം നാടാണല്ലോ.. അവിചാരിതമായി ആണ് എത്തിയതെങ്കിലും സ്വന്തം നാട്ടിൽ നിൽക്കുന്ന അതേ സന്തോഷമാണ് കേരളവും നൽകുന്നത്. നിരവധി ഗൾഫുകാരുള്ള കേരളത്തെ കുറിച്ച് പിന്നീടാണ് അറിഞ്ഞത്. പലരും അറബി ഭാഷ സംസാരിക്കുന്നതു കേട്ടപ്പോൾ അന്തംവിട്ടുപ്പോയി.

കുടുംബ ജീവിതവും പഠനവും ഒന്നിച്ച് മുന്നോട്ട്..

പഠനത്തിനായി ആദ്യം ഒറ്റയ്ക്കാണ് ഇവിടെ എത്തിയത്. ഭാര്യയേയും രണ്ടര വയസ്സും ഏഴ് മാസവും പ്രായമുള്ള മക്കളേയും പിരിഞ്ഞിരിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. നാട്ടിൽ അധ്വാനിച്ചുണ്ടാക്കിയ ബാക്കി ചിലതും വിറ്റ് പെറു്കിയാണ് അവരെ ഇവിടെ എത്തിച്ചത്. വലിയ പ്രതിഫലം നൽകിയാണ് വിമാന ടിക്കറ്റ് ഉൾപ്പടെ ശരിയാക്കിയത്. ഒരു വിദ്യാർത്ഥി എന്നതിലുപരി ഒരു അച്ഛനും ഒരു ഭർത്താവും കൂടിയാണെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടായിരുന്നു. എൻെ പഠനവും കുടുംബ ജീവിതവും ഒരിക്കലും പരസ്പരം ബുദധിമുട്ടുണ്ടാക്കാതെ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു. മക്കളഓടൊപ്പം ചിരിക്കാനും കളിക്കാനും അവരെ പഠിപ്പിക്കാനും ഒക്കെ സമയം കണ്ടെത്താറുണ്ട്. പിന്നെ ഭാര്യയെ സഹായിക്കും.

ക്ലാസ് കഴിഞ്ഞ് വന്നാൽ പിന്നെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയ ശേഷം 9 മണിയോടെ തന്നെ കിടന്നുറങ്ങും. പിന്നെ വെളുപ്പിന് മൂന്നു മണിക്കാണ് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ പഠനം മാത്രമായി മുന്നോട്ട് പോകുന്നത്. ഇതിന് വലിയ പിന്തുണ നൽകുന്ന ഭാര്യ തന്നെയാണ് വിജയത്തിന് കാരണം.ഇനി ഇപ്പോൾ പിഎച്ച്ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അതും കേരളത്തിൽ തന്നെയാണ് ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

നാട്ടിലെ കുടുംബത്തെക്കുറിച്ച്

നാട്ടിൽ അച്ഛനും അമ്മയും നാല് സഹോദരങ്ങളുമാണുള്ളത്. ഒരു സഹോദരനും മൂന്ന് സഹോദരികളും. അച്ഛൻ അലി മുഹമ്മദ് അലി അദ്ധ്യാപകനാണ്. ഇപ്പോൾ ഒരു ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. എനിക്ക് വിദേശത്ത് പഠിക്കാനുള്ള പണം നൽകാൻ കഴിയാത്തത് അച്ഛനെ എപ്പോഴും വിഷമിപ്പിച്ചിരുന്നു. പക്ഷേ അവരുടെ പ്രാർത്ഥനയും അനുഗ്രഹവും മാത്രം മതി എനിക്ക് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ സ്ഥിരമായി അവരോട് സംസാരിക്കാൻ പറ്റാറില്ല. യെമനിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ആക്രമങ്ങൾ കാരണം കറന്റ് കണക്ഷൻ ഇല്ല. സോളാർ എനർജിയാണ് ഉപയോഗിക്കുന്നത്. വലിയ ചെലവിൽ അത് വാങ്ങാൻ കഴിയില്ല. അടുത്ത വീട്ടിലൊക്കെ പോയി മൊബൈൽ ബാറ്ററി ചാർജ് ചെയ്താൽ മാത്രമെ അവരെ വിളിക്കാൻ കഴിയുകയുള്ളു. അതും എപ്പോഴും സിഗ്‌നൽ കിട്ടുകയുമില്ല. അവരെയൊക്കെ പിരിഞ്ഞിരിക്കുന്നതിൽ വലിയ വിഷമമുണ്ട്. നാട്ടിലെ സ്ഥിതി ശാന്തമാകുമെന്നും എത്രയും വേഗം അവിടെ എല്ലാവർക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാമെന്നുമംാണ് ഇസയുടെ പ്രതീക്ഷ

കേരളത്തിലെ ജീവിതം, മനുഷ്യർ, അനുഭവങ്ങൾ

കേരളത്തിലെ ജനങ്ങൾ സത്യം പറഞ്ഞാൽ ഞെട്ടിച്ചു. ഇത്രയും പരസ്പരം സഹായിക്കുന്നവരെ വേറെ ഒരിടത്തും കണ്ടിട്ടില്ല. മിക്ക നാടുകളിലും അയൽവാസികളെക്കുറിച്ച് ഒന്നുമറിയില്ല. കേരളത്തിൽ പക്ഷേ എല്ലാവരും പരസ്പരം സ്നേഹത്തോടെ ഒരുമയോടെ മുന്നോട്ട് പോകുന്നു. നമ്മളെ കാണുമ്പോൾ ഭക്ഷണം കഴിച്ചോ എന്ന ചോദ്യം മാത്രം മതി നമുക്ക് ഇവരൊക്കെ ഏതോ ബന്ധുക്കളാണെന്ന പോലും തോന്നാൻ. പലപ്പോഴും അങ്ങനെ തോന്നിയിട്ടുമുണ്ട്. മറ്റ് സ്ഥലങ്ങളിലൊക്കെ നമ്മളെ സഹായിക്കാൻ വരുന്നവർ പണം വാങ്ങിയ ശേഷമാണ് ഉപകാരങ്ങൾ ചെയ്യുന്നത്. എന്നാൽ കേരളത്തിലുള്ളവർ തങ്ങൾക്ക് സഹായം ചെയ്യുന്നതിനെ വിലമതിക്കാനാകില്ല. മനുഷ്യത്വമുള്ളവരാണ് ഭൂരിഭാഗവും. ഞങ്ങളുടെ ഹൗസ് ഓണർ സ്വന്തം മകനെപ്പോലെയാണ് എന്നെ കാണുന്നത്.

പിന്നെ അറബി സംസാരിക്കുന്നവർ നിരവധിയുണ്ടെന്നതും പ്രത്യേകത തന്നെ. വായനയും വിദ്യാഭ്യാസവും ഏറെ ഇഷ്ട്ടപ്പെടുന്നയാളായ ഇസയ്ക്ക് കേരളത്തിന്റെ 100 ശതമാനം സാക്ഷരതയോട് വലിയ ബഹുമാനം. വിവരവും വിനയവുമുള്ളവരാണ് ഇവർ എന്ന് സന്തോഷത്തോടെ പറയാം. മറ്റ് സ്ഥലത്ത് നിന്നുള്ളവരെ ചൂഷണം ചെയ്ത് സമ്പാദ്യമുണ്ടാക്കാൻ മലയാളികൾ തയ്യാറല്ലെന്നതാണ് പ്രത്യേകത. എനിക്ക് കേരളം ഇഷ്ടമാണ് എന്ന് പറഞ്ഞാണ് ഇസ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. മക്കൾ നന്നായി മലയാളം പറയും എന്നും ഇസ അഭിമാനത്തോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP