Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലാസ്റ്റിക് അരിപ്പേടി മലയാളികളുടെ മാത്രമല്ല; പ്ലാസ്റ്റിക് അരി ഉപയോഗിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ദേശവും ഭാഷയും പ്രശ്‌നമല്ല; ലോകം എമ്പാടും ഭയം വ്യാപിച്ചതോടെ വെട്ടിലായത് അരി കയറ്റുമതി ചെയ്ത് ജീവിച്ചിരുന്ന പാവപ്പെട്ട രാജ്യങ്ങൾ; ഒടുവിൽ യാഥാർത്ഥ്യം തേടി ബിബി ഇറങ്ങിയപ്പോൾ കണ്ടെത്തിയത്

പ്ലാസ്റ്റിക് അരിപ്പേടി മലയാളികളുടെ മാത്രമല്ല; പ്ലാസ്റ്റിക് അരി ഉപയോഗിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ദേശവും ഭാഷയും പ്രശ്‌നമല്ല; ലോകം എമ്പാടും ഭയം വ്യാപിച്ചതോടെ വെട്ടിലായത് അരി കയറ്റുമതി ചെയ്ത് ജീവിച്ചിരുന്ന പാവപ്പെട്ട രാജ്യങ്ങൾ; ഒടുവിൽ യാഥാർത്ഥ്യം തേടി ബിബി ഇറങ്ങിയപ്പോൾ കണ്ടെത്തിയത്

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഏതാനും നാളുകളായി മലയാളികളുടെ സംസാര വിഷയമാണ് പ്ലാസ്റ്റിക് അരി. വിവിധ നിറമുള്ള മുട്ടകളെ കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെയാണ് ചൈന വൻതോതിൽ വ്യാജ പ്ലാസ്റ്റിക് അരി നിർമ്മാണം നടത്തുന്നു എന്ന പ്രചാരണം ശക്തമായത്. ഒട്ടിപ്പിടിക്കുന്ന പശയുള്ള അരിയും മറ്റും പ്ലാസ്റ്റിക് അരിയായി ചിത്രീകരിക്കപ്പെട്ടതോടെ സകലരിലും അരി ഭീതിപ്പെടുത്തുന്ന ചിന്തയായി മാറി. കൂടെ നിറം പിടിപ്പിച്ച ഒട്ടേറെ കഥകളും എത്തിത്തുടങ്ങി. യുകെ മലയാളികൾക്കിടയിലും ഇതിനൊന്നും കുറവുണ്ടായില്ല.

പലരും ഫേസ്‌ബുക്ക് വീഡിയോ സൗകര്യം പ്രയോജനപ്പെടുത്തി ശാസ്ത്രീയ വിലയിരുത്തലുകളും കൂടി ആയപ്പോൾ രംഗം കൊഴുത്തു. പല കാരണങ്ങളാൽ കേറ്ററിങ് ഓർഡർ എടുത്തവർക്കു സമയത്തിന് ഭക്ഷണവുമായി സ്ഥലത്ത് എത്താൻ കഴിയാതെ വന്നപ്പോൾ അതിന്റെ കുറ്റവും പ്ലാസ്റ്റിക് അരിയുടെ മേലായി. എന്നാൽ പൊടിപ്പും തൊങ്ങലും കലർന്ന പ്രചാരണം ഇപ്പോഴും മുറയ്ക്ക് നടക്കുമ്പോഴും അരിയുടെ പേരിലുള്ള മറിമായം കണ്ടെത്താൻ ബിബിസി നടത്തിയ അന്വേഷണമാണ് ഇന്നലെ വാർത്തലോകത്തു ഏറെ ചർച്ച ചെയ്യപ്പെട്ടത്.

തെളിവിന്റെ ചെറു കണിക പോലുമില്ലാതെയാണ് ആഫ്രിക്കയിൽ പ്ലാസ്റ്റിക് അരി എത്തി എന്ന് സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചതെന്ന് ബിബിസി കണ്ടെത്തുന്നു. മേമ്പൊടിയായി വെന്ത ചോറ് ഉരുട്ടിയെടുത്തു പന്ത് പോലെ കുട്ടികൾ തട്ടിക്കളിക്കുന്ന കാഴ്ചകളും കൂട്ടിനെത്തി. അരി ഉപയോഗം ഏറെയുള്ള ആഫ്രിക്കൻ നാടുകളിൽ തീക്കാറ്റ് പോലെയാണ് പ്രചാരണം ശക്തമായത്. ഉത്തര ഇന്ത്യൻ നാടുകളിലും കേരളത്തിലും വലിയ തോതിൽ ഈ പ്രചാരണം ഏറ്റെടുക്കാൻ ആളുണ്ടായി.

യുകെ മലയാളികൾക്കിടയിൽ ഊഹാപോഹം മാത്രമായി പ്രചാരണം ഒതുങ്ങി. ഇങ്ങനെ വ്യാപകമായി പ്രചരിക്കുമ്പോഴും ഒരാൾ പോലും താൻ പ്ലാസ്റ്റിക് അരി കഴിച്ചു എന്ന അവകാശവാദവുമായി രംഗത്ത് വന്നില്ല എന്നതാണ് ശ്രദ്ധേയം. അടുത്ത നാളുകളിലായി ഇത്തരത്തിൽ ഭകഷണ വസ്തുക്കളിലെ മായം എന്ന തരത്തിൽ ഭീതി പരത്തുന്ന ഒട്ടേറെ പ്രചാരണങ്ങളാണ് ലോകമെങ്ങും പരക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളുടെ ശരിയായ ഉറവിടം ഏതെന്നു കണ്ടുപിടിക്കുക പലപ്പോഴും പ്രയാസമായി മാറുന്നതും ഭീതി പരത്തുന്നവർക്കു തുണയായി മാറുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സെനഗൽ, ഗാംബിയ, ഘാന എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള വ്യാജ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വ്യാപകമായി അരി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള അന്വേഷണവുമായി ബിബിസി ടീം രംഗത്ത് വന്നത്. വ്യാജ പ്രചരണം ശക്തമായതോടെ ഘാന ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി ഔദ്യോഗിക തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. ജനങ്ങളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള പരാതികളും സാമ്പിളുകളും ശേഖരിച്ച ഘാന അന്വേഷകർക്കു ഒരു സാമ്പിളിൽ നിന്ന് പോലും പ്ലാസ്റ്റിക് അരി കണ്ടെത്താൻ ആയില്ല.

കഴിഞ്ഞ ഏഴു വർഷമായി പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള പ്രചാരണം ഇപ്പോൾ ശക്തിയാർജ്ജിച്ചതു എന്തുകൊണ്ടെന്നു ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ചൈനയിൽ നിർമ്മിക്കുന്ന പ്ലാസ്റ്റിക് അരി യഥാർത്ഥ അരിയോടൊപ്പം കൂട്ടിക്കലർത്തുക ആണെന്നതാണ് പ്രചാരണത്തിന്റെ കാതൽ. എന്നാൽ ഇത്തരം പ്ലാസ്റ്റിക് അരി നിർമ്മാണം യഥാർത്ഥ അരി ഉൽപ്പാദിപ്പിക്കുന്നതിനേക്കൾ ചിലവേറിയ കാര്യം ആണെന്ന് എതിർ വാദം ഉയർന്നെങ്കിലും അതിനെയെല്ലാം മറികടക്കും വിധം പ്ലാസ്റ്റിക് അരി മാനിയ പടരുകയാണ്.

ഗുണമേന്മ കൂടിയ തെളിമയുള്ള അരി വിപണിയിൽ വന്നതോടെയാണ് ഈ പ്രചാരണത്തിന് അടിത്തറ ലഭിച്ചത്. ഇതോടൊപ്പം ഉരുളക്കിഴങ്ങും വ്യാവസായിക ഉപയോഗത്തിനുള്ള റെസിനും ചേർന്നും അരി പോലെ തോന്നിക്കുന്ന വസ്തു ഉൽപ്പാദിപ്പിക്കാമെന്നും പ്രചാരണം ശക്തമായി. ഇതിനിടയിൽ ചൈനയിൽ നിന്ന് തന്നെ പ്ലാസ്റ്റിക് അരിയെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായി എന്നതാണ് രസകരം. മൂന്നു കപ്പു പ്ലാസ്റ്റിക് അരി കഴിച്ചാൽ ഒരു പ്ലാസ്റ്റിക് ബാഗ് കഴിച്ചതിനു തുല്യമായി എന്ന് മുന്നറിയിപ്പുമായി രംഗത്ത് വന്നത് ചൈനീസ് റെസ്റ്റോറന്റ് അസോസിയേഷൻ തന്നെയാണ്.

കഴിഞ്ഞ വർഷമാണ് ഈ കഥകളുടെ പിൻബലം പറ്റി ആഫ്രിക്കയിൽ വ്യാജ അരി കഥ സജീവമായത്. നൈജീരിയയിൽ രണ്ടര ടൺ പ്ലാസ്റ്റിക് അരി കസ്റ്റംസ് അധികൃതർ പിടികൂടി എന്നാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. എന്നാൽ, കസ്റ്റമസ് അധികൃതർ ആദ്യം പിടിച്ചെടുത്ത അരി പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞപ്പോൾ നൈജീരിയൻ ആരോഗ്യ മന്ത്രി തന്നെ രംഗത്ത് എത്തി പിടിച്ചെടുത്ത അരി പ്ലാസ്റ്റിക് നിർമ്മിതം ആണെന്നതിനു തെളിവില്ലെന്ന് വെളിപ്പെടുത്തുക ആയിരുന്നു. ഈ അരിയിൽ വിശദമായ പരിശോധന നടത്തിയപ്പോൾ അമിതമായ തോതിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും പ്ലാസ്റ്റിക് അരി കണ്ടെത്താൻ കഴിഞ്ഞില്ല.

എന്നാൽ വീണ്ടും വീണ്ടും വ്യാജ അരിയെ കുറിച്ചുള്ള പ്രചാരണങ്ങൾ വീഡിയോ അകമ്പടിയോടെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പറന്നു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ വ്യാജ അരി നിർമ്മാണ ഫാക്ടറികൾ എന്ന പേരിൽ ബ്രാൻഡഡ് അരി നിർമ്മാണ കേന്ദ്രങ്ങളുടെ വീഡിയോ കാട്ടിയും ആളുകളെ വിഡ്ഢികളാക്കാൻ സോഷ്യൽ മീഡിയക്കു കഴിഞ്ഞു. ഇറക്കുമതി ചെയ്‌തെത്തുന്ന ഭക്ഷ്യ വിഭവങ്ങൾ കർശന പരിശോധനക്ക് വിധേയമാകുന്ന ബ്രിട്ടനിൽ പോലും വ്യാജ അരിയുടെ പ്രചാരണത്തിന് അടിമപ്പെടാൻ ആളുകൾ ഉണ്ടായപ്പോൾ ആഫ്രിക്കയിലും ഇന്ത്യയിലും ഒക്കെ വിദൂര ഗ്രാമങ്ങളിലെ ജനങ്ങൾ ഈ പ്രചാരണത്തിൽ എത്രമാത്രം ഭയന്നിരിക്കും എന്നും ബിബിസി ആശങ്കപ്പെടുന്നു. മാത്രമല്ല, ഇങ്ങനെ പ്രചരിച്ച പല വീഡിയോകളും സത്യമാണ് എന്ന് പറയുകയാണ് യുകെ റൈസ് അസോസിയേഷൻ ഡയറക്ടർ അലക്‌സാണ്ടർ വോ. എന്നാൽ പ്ലാസ്റ്റിക് അരിയാണ് എന്ന മട്ടിൽ പ്രചരിപ്പിച്ചതു മൊത്തം യഥാർത്ഥ അരി തന്നെ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ആഗോള വ്യാപകമായി ഇറക്കുമതികൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭകരാണ് ഇത്തരം വലിയ നുണകൾ പടച്ചു വിടുന്നതെന്നാണ് ബിബിസി കണ്ടെത്തുന്ന നിഗമനം. ഇറക്കുമതിക്ക് എതിരെ ജനങ്ങളിൽ ആശങ്ക നിറയ്ക്കുക എന്നതും ഈ പ്രചാരണത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും ചൈന പോലുള്ള രാജ്യങ്ങളോട് ഒളിയുദ്ധം ചെയുന്ന ആഗോള പ്രചാരക ഗ്രൂപ്പുകളും ഇത്തരം നുണ നിർമ്മാണത്തിൽ പങ്കാളികൾ ആയിരിക്കാൻ സാധ്യതയുണ്ട്. ഇതോടെ വൻ ശക്തി രാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിക്ക് തടയിടാൻ കഴിയുമെന്ന ചിന്തയും വ്യാജ അരിയുടെയും വ്യാജ മുട്ടയുടെയും ഒക്കെ കഥകളിൽ നിറയുന്ന സത്യമാണ്. മാത്രമല്ല, ഇത്തരം പ്രചാരണം ശക്തി പ്രാപിക്കുന്നതും അവികസിത, വികസ്വര രാജ്യങ്ങളിൽ ആണെന്നതും പ്രധാനമാണ്.

ഫ്രാൻസിലെ ദി ഒബ്‌സർവറിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകൻ അലക്‌സാണ്ടർ കമ്പ്രോനും പറയുന്നതും ഈ സാദ്ധ്യതകൾ തന്നെയാണ്. ഈ പ്രചാരണം ആരംഭിച്ച കാലം മുതൽ ഇതിന്റെ സത്യാവസ്ഥ തേടി ഏറെ അലഞ്ഞ പത്രപ്രവർത്തകൻ ആണ് അലക്‌സാണ്ടർ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന അരിക്ക് വിപണി കണ്ടെത്താൻ ആയി ഓരോ രാജ്യങ്ങളിലും പ്രാദേശിക ഗ്രൂപ്പുകൾ മുൻകൈ എടുത്താണ് പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നതെന്ന് അലക്‌സാണ്ടർ കണ്ടെത്തിയിരുന്നു. അരി കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഐവറി കോസ്റ്റ, സെനഗൽ എന്നിവിടങ്ങളിൽ ഈ പ്രചാരണം കൂടുതൽ ശക്തമായതും ഇതിന്റെ പിന്നിലുള്ള താൽപ്പര്യങ്ങളിലേക്കു കൂടി വിരൽ ചൂണ്ടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP