Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈയും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; സ്പിരിറ്റ് ഇൻ ജീസസിന്റെ കുരിശ് കൃഷിയെ തകർത്ത് മുന്നേറ്റം; ഹൈക്കോടതി വിധിയോടെ പലതും മനസ്സിൽ കുറിച്ചു; 'പുലി'യെ 'പൂച്ച'യാക്കാനാവില്ലെന്ന തിരിച്ചറിവിൽ പിണറായിയുടെ പ്രെമോഷൻ ഇടപെടലും; മൂന്നാറിനെ രക്ഷിക്കാനിറങ്ങിയ സബ് കളക്ടറെ മലയിറക്കുന്നത് ബാർ കോഴയിലെ അതേ തന്ത്രത്തിൽ

കൈയും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; സ്പിരിറ്റ് ഇൻ ജീസസിന്റെ കുരിശ് കൃഷിയെ തകർത്ത് മുന്നേറ്റം; ഹൈക്കോടതി വിധിയോടെ പലതും മനസ്സിൽ കുറിച്ചു; 'പുലി'യെ 'പൂച്ച'യാക്കാനാവില്ലെന്ന തിരിച്ചറിവിൽ പിണറായിയുടെ പ്രെമോഷൻ ഇടപെടലും; മൂന്നാറിനെ രക്ഷിക്കാനിറങ്ങിയ സബ് കളക്ടറെ മലയിറക്കുന്നത് ബാർ കോഴയിലെ അതേ തന്ത്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ പലപ്പോഴും സംഘടിതമായതായിരുന്നു. ഈ കയ്യേറ്റക്കാരെ മെരുക്കാൻ ശ്രമിച്ചവർക്കെല്ലാ പണി കിട്ടിയെന്നത് ഒരു വസ്തുതയാണ്. ഏറ്റവും ഒടുവിൽ കയ്യേറ്റക്കാരുടെ ഇരയായിരിക്കുന്നത് മൂന്നാർ സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനാണ്. നിയമം പാലിക്കാൻ വേണ്ടി ശക്തമായി രംഗത്തെത്തിയ ശ്രീരാം വെങ്കിട്ടരാമനെ പുകച്ചു പുറത്തുചാടിക്കാൻ വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് എത്തിയെങ്കിലും കൂസലില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു കൊണ്ടാണ് ശ്രീരാമിനെ തെറുപ്പിച്ചത്. ഇതോടെ ശരിക്കും നെടുവീർപ്പിട്ടത് മൂന്നാറിലെ കയ്യേറ്റക്കാർ തന്നെയാണ്.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ കയ്യും കാലും വെട്ടുമെന്ന ഭീഷണി പോലും ശ്രീരാം വെങ്കിട്ടരാമന് നേരിടേണ്ടി വന്നു. എന്നാൽ, അതിനെയും അതിജീവിക്കാൻ ശ്രീരാമിന് സാധിച്ചിരുന്നു. ശ്രീരാമിന് സ്ഥാനക്കയറ്റം നൽകി മാറ്റിയതിൽ അസ്വാഭാവികതയില്ലെന്നാണ് ഇപ്പോൾ സി.പി.എം പറയുന്നത്. ഒരേ സ്ഥാനത്ത് നാലുകൊല്ലം തുടർന്നതാണ് മാറ്റത്തിന് കാരണമെന്നും സർക്കാർ വിശദീകരിക്കുന്നു. അസ്വാഭാവിക നടപടി അല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞതോടെ മൂന്നാർ ഓപ്പറേഷന് അന്ത്യമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ വിഷയത്തിൽ ശ്രീരാമിനെ പിന്തുണച്ചു പോന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീരാമിന്റെ മാറ്റം ഭരണപരമായ നടപടി മാത്രമായിരുന്നു എന്നാണ് സർക്കാർ വിശദീകരണം. 2013 ബാച്ചിൽ സബ് കലക്ടറായിരുന്ന എല്ലാവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. എല്ലാവർക്കും എല്ലാക്കാലവും ഒരേ പോസ്റ്റിൽ തുടരാനാവില്ല. സിപിഐ ഇടുക്കി ജില്ലാസെക്രട്ടറിയുടേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. സബ് കലക്ടർ സ്ഥാനത്തേക്ക് ആരു വന്നാലും മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ തുടരുമെന്നും റവന്യൂമന്ത്രി പറഞ്ഞു. അതേസമയം, സ്ഥലം മാറ്റത്തെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി രംഗത്തെത്തി. മികച്ച പദവിയാണ് ശ്രീറാമിന് നൽകിയിരിക്കുന്നത്. ഇത്തരം സ്ഥലം മാറ്റങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സ്ഥലം മാറ്റൽ സ്വാഗതാർഹമാണെന്നും എ.കെ.മണി പറഞ്ഞു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ശക്തമായ നടപടിയിലേക്ക് ശ്രീരാം നീങ്ങുമെന്ന ഘട്ടത്തിലാണ് പ്രമോഷൻ നൽകി ശ്രീരാമിനെ സ്ഥലം മാറ്റിയതും. നേരത്തെ ബാർകോഴ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസിനെ സ്ഥലം മാറ്റിയതും സമാനമായ നടപടിയിലൂടെ ആയിരുന്നു. അന്നത്തെ സ്ഥലം മാറ്റത്തെ എതിർത്തു കൊണ്ടാണ് സി.പി.എം രംഗത്തെത്തിയതും. അതേ പാർട്ടി തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ നയതന്ത്രം പറയുന്നതും.

മൂന്നാറിലെ 2000ത്തോളം വരുന്ന കയ്യേറ്റ ഭൂമി ഒഴിപ്പിച്ചിട്ടും സബ് കളക്ടറോട് പരിഭവത്തോടെയാണ് സർക്കാർ പെരുമാറിയത്. ശ്രീറാമിന്റെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിലെ കുരിശ് സ്ഥാപിച്ചുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ നടപടിയാണ് ശ്രീരാമിനെ അധികാരികളുടെ കണ്ണിലെ കരടാക്കിയത്. സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സമ്മർദ്ദവും ഭീഷണിയും മറികടന്ന് തന്നെയാണ് ശ്രീറാം 2000 ഏക്കർ തിരിച്ചു പിടിച്ചത്. ദേവികുളത്തെ ഒഴിപ്പിക്കലിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പൂർണ്ണ പിന്തുണ നൽകിയതായിരുന്നു ഇതിന് ബലമായത്. ഇതോടെ പാപ്പത്തിചോലയിലെ ആത്മീയ ടൂറിസത്തിന് അന്ത്യവുമായി.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ െകെയേറ്റ മാഫിയയ്‌ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇടനൽകിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. 2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും െകെയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല െകെയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ഇതോടെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന് പുതു ഭാവം വരുന്നത്. സി.പി.എം എതിർപ്പ് മനസ്സിലാക്കിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ പിന്നോട്ട് പോയില്ല. ഇത് തന്നെയാണ് ആത്മീയ ടൂറിസത്തിന്റെ മറവിൽ 2000 ഏക്കർ കൈയേറാനുള്ള ശ്രമവും പൊളിക്കുന്നത്.

റിസോർട്ട് മാഫിക്ക് സമാനമായ ഇടപെടൽ തന്നെയാണ് പപ്പാത്തിചോലയിൽ സ്പിരിറ്റ് ഇൻ ജീസസും നടത്തിയത്. മതവിശ്വാസത്തിന്റെ മറവിൽ പ്രാർത്ഥനാലയവും ഉണ്ടാക്കി. കുരിശിനെ കണ്ട് വണങ്ങാനെന്ന തരത്തിൽ വിശ്വാസികളും എത്തി. ഇതോടെ 2000 ഏക്കർ ഭൂമിയെ തൊടാൻ ഇനിയാരും വരില്ലെന്ന് കയ്യേറ്റക്കാർ കരുതി. ഡെപ്യൂട്ടി തഹസിൽദാറുടെ റിപ്പോർട്ട് എല്ലാം മാറ്റി മറിച്ചു. സബ് കളക്ടറുടെ മാനസിക പിന്തുണയിൽ റവന്യൂ ഉദ്യോഗസ്ഥർ ഒരുമിച്ചപ്പോൾ പൊലീസിനും പിന്തുണയ്ക്കേണ്ടി വന്നു. ഇത് മൂന്നാം തവണയാണ് മൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറിയുള്ള കുരിശ് കൈയേറ്റം ഒഴിപ്പിക്കാൻ റവന്യൂ സംഘം എത്തിയത്. ഇത്തവണ കുരിശും പ്രാർത്ഥനാലയവും പൊളിക്കുമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു കരുനീക്കം. ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു് നടപടി.

സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞു. ഇങ്ങനെ വഴിതടസപ്പെടുത്തിയ വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ മാറ്റി. അതിന് ശേഷമാണ് കുരിശ് പൊളിച്ച് മാറ്റിയത്. ചിന്നക്കനാൽ ഭാഗത്തെ 34/1 എന്ന സർവെ നമ്പരിലുള്ള സ്ഥലമാണിത്. ഇവിടെ നിലവിൽ സർക്കാർ ആർക്കും ഭൂമി പതിച്ചു നൽകിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗർഡറിൽ കോൺക്രീറ്റിലുറപ്പിച്ച കൂറ്റൻ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുള്ള ഏക്കർ കണക്കിന് സ്ഥലവും കൈയേറ്റക്കാർ സ്വന്തമാക്കി. ആത്മീയ കുരിശ് കൃഷിയുടെ മറവിൽ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം സബ് കളക്ടർ തിരിച്ചറിഞ്ഞു. കുരിശ് പൊളിക്കാൻ ഇറങ്ങി പുറപ്പെട്ടതു മുതൽ സബ് കളക്ടർ മോശക്കാരനായി. എന്തുവന്നാലും നിയമം പാലിക്കുമെന്ന് സബ് കളക്ടർ നിലപാട് എടുത്തതോടെ പരിസ്ഥിതി വാദികളും മൂന്നാറിലെ നാട്ടുകാരും ശ്രീറാമിന് പിന്തുണയുമായെത്തി. കേരളത്തിന്റെ പൊതു സമൂഹവും കൈയടിച്ചു. ഇതോടെ ആത്മീയ ടൂറിസത്തിന്റെ വക്താക്കൾക്ക് പണി കിട്ടി.

അന്യജില്ലകളിൽ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോർട്ടുകളിൽ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂർ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോർട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താൽ റിസോർട്ടുകൾക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികൾ എത്തുന്നതോടെ സർക്കാർ ഭൂമിയിൽ തന്നെ പള്ളി നിർമ്മിക്കാനും ഗൂഢപദ്ധതിയുണ്ടായിരുന്നു. കുരിശ് പൊളിച്ച് മാറ്റാനുള്ള നോട്ടീസും പതിച്ചു. എന്നാൽ കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നായിരുന്നു സ്പിരിറ്റ് ഇൻ ജീസസിന്റെ അവകാശ വാദം. ഡെപ്യൂട്ടി തഹസിൽദാർക്ക് വക്കീൽ നോട്ടീസും അയച്ചു. ഇതോടെ എന്തുവന്നാലും ഉടൻ കുരിശ് മാറ്റുമെന്ന നിലപാടിൽ സബ് കളക്ടറെത്തി.

പ്രദേശത്തെ ഒരു വമ്പൻ കൈയേറ്റക്കാരന്റെ സഹോദരനാണ് കുരിശു കൃഷിയുടെ മറവിൽ ഭൂമി തട്ടാൻ ശ്രമിച്ചതെന്നും വ്യക്തമായിരുന്നു. ചിന്നക്കനാൽ വില്ലേജിലെ ചിന്നക്കനാൽ താവളത്തിൽ സർവേ നമ്പർ 341ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ആത്മീയ ടൂറിസത്തിന്റെ പേരിൽ കൈയേറ്റ ശ്രമം നടക്കുന്നതെന്ന റിപ്പോർട്ടും തയ്യാറായി. യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കിയ വിഭാഗമാണ് സ്പിരിറ്റ് ഇൻ ജീസസ്.

1988 ൽ സൂര്യനെല്ലിയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞായിരുന്നു സബ് കളക്ടറുടെ ഇടപെടൽ. ആയിരമേക്കർ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിർമ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തിൽ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തിൽ തറ കോൺക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തിൽ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാർ ചെയ്തത്. കുരിശ് സ്ഥാപിച്ചാൽ അത് ദൈവികമാകും. വർഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകൾ തടഞ്ഞു. ഇതോടെയാണ് പ്രശ്നം പ്രശ്നത്തിന് പുതിയ മാനം വരുന്നത്.

അന്ന് കൈയേറ്റമൊഴിപ്പിക്കാൻ കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം ഇതു നടന്നില്ല. കഴിഞ്ഞ 17-നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടുമ്പൻചോല തഹസീൽദാർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു ഒഴിപ്പിക്കലിനുള്ള ശ്രമം. എന്നാൽ ഭൂമി ഒഴിപ്പിക്കുമ്പോഴും കുരിശ് പൊളിച്ച് മാറ്റേണ്ടെന്ന വിചിത്ര ഉത്തരവും കളക്ടർ നൽകി. ഇത് അംഗീകരിക്കാനാവില്ലെന്ന് സബ് കളക്ടർ നിലപാട് എടുത്തു. റവന്യൂമന്ത്രിയുടെ പിന്തുണയും കിട്ടി. ഇതോടെയാണ് കുരിശ് കൃഷി പൊളിക്കാനുള്ള നീക്കത്തിന് പുതു വേഗം വരുന്നതും നടപടിയിലേക്ക് നീങ്ങുന്നതും. എന്നാൽ, ഏറ്റവും ഒടുവിൽ സർക്കാറിന്റെ കണ്ണിൽ കരടായാണ് ശ്രീരാം പുറത്തുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP