Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകനാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവിയായി; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്; വിവാദങ്ങൾ അലട്ടുന്നില്ല, പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് ബെഹ്‌റ; വിജിലൻസ് മേധാവി ആരാകുമെന്ന് കാര്യത്തിൽ തീരുമാനമായില്ല; ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടർ ജനറൽ സ്ഥാനത്ത് തന്നെ നിലനിർത്തും

ലോകനാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവിയായി; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്; വിവാദങ്ങൾ അലട്ടുന്നില്ല, പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് ബെഹ്‌റ; വിജിലൻസ് മേധാവി ആരാകുമെന്ന് കാര്യത്തിൽ തീരുമാനമായില്ല; ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടർ ജനറൽ സ്ഥാനത്ത് തന്നെ നിലനിർത്തും

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ പൊലീസ് മേധാവി ടിപി സെൻകുമാർ വെള്ളിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് നിലവിൽ വിജിലൻസ് മേധാവിയായ ബെഹ്‌റ നിയമിതനാകുന്നത്. സെൻകുമാർ വിരമിക്കുന്ന ശേഷം ബെഹ്‌റ ചുമതലയേൽക്കും.

1985 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതിവിധിയെത്തുടർന്ന് സെൻകുമാർ പൊലീസ് മേധാവി ആയതോടെയാണ് ബെഹ്‌റ വിജിലൻസ് ഡയറക്ടറാകുന്നത്. സെൻകുമാർ വിരമിക്കുമ്പോൾ പഴയപദവി തിരിച്ചുനൽകാമെന്ന് സർക്കാർ ബെഹ്‌റയ്ക്ക് ഉറപ്പുനൽകിയിരുന്നതായി സൂചനകളുണ്ട്. സുപ്രീം കോടതി വിധിയെത്തുടർന്നു ടി.പി. സെൻകുമാർ പൊലീസ് മേധാവിയായി നിയമിതനായതിനെത്തുടർന്നാണു ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലൻസ് ഡയറക്ടറായി നിയമിതനായത്. രണ്ടര മാസത്തെ അവധിക്കുശേഷം ഐഎംജി ഡയറക്ടർ ജനറലായി നിയമിതനായ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണു സെൻകുമാർ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ.

പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത കാര്യം തന്നെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ല. അങ്ങനെ തീരുമാനിച്ചെങ്കിൽ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിനോട് നന്ദിയുണ്ടെന്നും പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവിയെ ശുപാർശ ചെയ്യുന്ന സെലക്ഷൻ കമ്മിറ്റി ഇന്നലെ തിരുവനന്തപുരത്ത് ചേർന്നിരുന്നു. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരാണ് ശുപാർശ ചെയ്തതും. ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപി നിയമനസമിതിയുടെ പരിഗണനയിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുൾപ്പെട്ടതാണ് സെലക്ഷൻ കമ്മിറ്റി.

സമിതി നൽകിയ പട്ടിക തൃപ്തികരമല്ലെങ്കിൽ പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും സർക്കാരിന് അധികാരമുണ്ടായിരുന്നെങ്കിലും ബെഹ്‌റയുടെ കാര്യത്തിൽ ധാരണയിൽ എത്തിതോടെ മറ്റു പേരുകളൊന്നും പരിഗണിച്ചിരുന്നില്ല. വിജിലൻസ് ഡയറക്ടറായിരിക്കെ സ്വീകരിച്ച വിവാദതീരുമാനങ്ങളും അടുത്തിടെ വിജിലൻസിലെത്തിയ പരാതികളുമാണ് ജേക്കബ് തോമസിന് വിനയായത്.

സെൻകുമാർ വിരമിക്കുന്നതോടെ 1984 ബാച്ചുകാരനായ അരുൺകുമാർ സിൻഹ, 1985 ബാച്ചുകാരായ ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, 1986 ബാച്ചുകാരായ എൻ. സി. അസ്താന, എ. ഹേമചന്ദ്രൻ, രാജേഷ് ദിവാൻ, മുഹമ്മദ് യാസിൻ, എൻ. ശങ്കർ റെഡ്ഡി എന്നിങ്ങനെ ഒമ്പതുപേരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ, അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപ്പര്യ പ്രകാരം ബെഹ്‌റയെ തന്നെ നിയമിക്കുകയായിരുന്നു.

സിബിഐ.യിൽ 12 വർഷം സേവനം നടത്തിയതിന്റെ അനുഭവ സമ്പത്തുമായാണ് പൊലീസ് മേധാവിയുടെ കസേരയിൽ അദ്ദേഹം വീണ്ടുമെത്തുന്നത്. സിബിഐ.യിൽ എസ്‌പി.യായും ഡി.ഐ.ജി.യായും പ്രവർത്തിച്ചിട്ടുണ്ട്. 30 വർഷത്തെ സർവീസിൽ 12 വർഷം ബെഹ്‌റ സിബിഐ.യിലായിരുന്നു പ്രവർത്തിച്ചത്. സിബിഐ.യിൽ പ്രവർത്തിക്കവെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിരീക്ഷണ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. സിബിഐ.യുടെ ഭീകരവിരുദ്ധ ഗ്രൂപ്പിലെ സ്ഥാപക അംഗമായിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ രൂപവത്കരിച്ച എൻ.ഐ.എ. സംഘത്തിലുണ്ടായിരുന്നു. മുംബൈ ആക്രമണ കേസിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന് യു.എസിലേക്ക് പോയ എൻ.ഐ.എ ടീമിനെ നയിച്ചത് ബെഹ്‌റയായിരുന്നു. ഭീകരാക്രമണം, ആസൂത്രിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കേസുകൾ, മനുഷ്യക്കടത്ത്, ആഭ്യന്തര സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ, ഭീകര പ്രവർത്തനം കണ്ടെത്തൽ, ബാങ്ക് തട്ടിപ്പുകൾ, ഉന്നതങ്ങളിലെ അഴിമതി, ഇന്ത്യക്കകത്തും പുറത്തും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുന്നതിൽ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു.

എൻ.ഐ.എ.യിൽ ഇന്റലിജൻസ്, ഓപ്പറേഷൻസ് എന്നിവ നാലരവർഷം കൈകാര്യം ചെയ്തു. പുരളിയയിൽ ആയുധം വർഷിച്ച കേസ്, ഐ.സി. 814 വിമാനം തട്ടിക്കൊണ്ടുപോയ കേസ്, ബാബ്‌റി മസ്ജിദ് തകർത്ത കേസ്, മുംബൈ സ്‌ഫോടന പരമ്പര, മധുമിത ശുക്ല കേസ്, സത്യേന്ദ്ര ദുബെ കൊലക്കേസ്, സഞ്ജയ് ഗോഷ് തട്ടിക്കൊണ്ടുപോകൽ കേസ്, ഹരൺ പാണ്ഡ്യ കൊലക്കേസ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആഭ്യന്തര കലാപങ്ങൾ എന്നിങ്ങനെ ഒട്ടേറെ കേസുകൾ അന്വേഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP