Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാംപാലിന്റെ ആശ്രമത്തിൽനിന്ന് ആറു മൃതദേഹങ്ങൾ കണ്ടെടുത്തു; കലാപം തടയാൻ 500 അർധസൈനികർകൂടി; ആൾബലത്തിന്റെ ഹുങ്കിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ ആൾദൈവത്തിന്റെ പോരാട്ടം; അന്ത്യശാസനം ധിക്കരിച്ചാൽ ആശ്രമത്തിൽ അതിക്രമിച്ചു കടക്കാനുറച്ചു പൊലീസ്‌

രാംപാലിന്റെ ആശ്രമത്തിൽനിന്ന് ആറു മൃതദേഹങ്ങൾ കണ്ടെടുത്തു; കലാപം തടയാൻ 500 അർധസൈനികർകൂടി; ആൾബലത്തിന്റെ ഹുങ്കിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ ആൾദൈവത്തിന്റെ പോരാട്ടം; അന്ത്യശാസനം ധിക്കരിച്ചാൽ ആശ്രമത്തിൽ അതിക്രമിച്ചു കടക്കാനുറച്ചു പൊലീസ്‌

ഹിസാർ: കൊലക്കേസിൽ പ്രതിയായ ഹരിയാനയിലെ ആൾദൈവം രാംപാൽ കീഴടങ്ങണമെന്നു പൊലീസ് ആവശ്യപ്പെട്ടു. അതിനിടെ രാംപാലിന്റെ സന്തതസഹചാരിയായ പുരുഷോത്തം ദാസ് പൊലീസിന്റെ പിടിയിലായി. ഹിസാറിലെ സത്‌ലോക് ആശ്രമത്തിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച പുരുഷോത്തമിനെ ബുധനാഴ്ചയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. രാംപാൽ ഒളിവിൽ കഴിയുകയാണിപ്പോൾ. ഇയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പടെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ, കഴിഞ്ഞ ദിവസം സത്‌ലോക് ആശ്രമത്തിൽ പൊലീസും ആശ്രമവാസികളുമായി നടന്ന സംഘർഷത്തിൽ മനുഷ്യകവചമായി നിന്ന ആറുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ച ആറു പേരുടെയും മൃതദേഹങ്ങൾ ആശ്രമത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മനുഷ്യകവചമായി നിന്നവരാണ് മരിച്ചതെന്നും ഹരിയാന പൊലീസ് ഡയറക്ടർ ജനറൽ എസ് എൻ വസിഷ്ഠ് പറഞ്ഞു. രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം ചണ്ഡിഗഢിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാംപാലിനെ അറസ്റ്റുചെയ്താൽ ക്രമസമാധാനപാലനത്തിന് ഭീഷണിയാകുമെന്ന സൂചനയുള്ളതിനാൽ അഞ്ഞൂറോളം വരുന്ന അർധ സൈനിക വിഭാഗത്തെ ഹിസാറിലേക്ക് കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടർന്നാണു കേന്ദ്രം സൈനികരെ ഹിസാറിലേക്ക് അയച്ചത്. ഹരിയാന സർക്കാരിന്റെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാർ തീരുമാനം. രാംപാലിന്റെ അറസ്റ്റ് കലാപത്തിനു കാരണമാകുമെന്ന ആശങ്ക നേരത്തെ തന്നെ ഹരിയാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒന്നര വയസുള്ള ഒരു കുട്ടിയുൾപ്പടെ നാല് സ്ത്രീകളുടെയും രണ്ട് രോഗികളുടെയും മൃതദേഹം രാംപാലിന്റെ ഹിസാറിലെ ആശ്രമത്തിൽ നിന്നും കണ്ടെത്തിയത്. ഡൽഹി സ്വദേശി സവിത (31), റോഹ്തക് സ്വദേശി സന്തോഷ് (45), ബിഞ്‌ജോർ സ്വദേശി രാജ് ബാല (70), പഞ്ചാബ് സ്വദേശി മലികിത് കൗർ (50), രജനി (20) എന്നിവരും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അഗ്രോഹയിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ചൊവ്വാഴ്ച രാംപാലിനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുമായി അയാളുടെ അനുയായികൾ ഏറ്റുമുട്ടിയിരുന്നു. രാംപാലിനും, ആശ്രമ വക്താവ് രാജ് കപ്പൂറിനും, പുരുഷോത്തം ദാസിനും രാംപാലിന്റെ അനുചരന്മാരായ മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), 121എ (സംസ്ഥാനത്തിനെതിരെ നിയമലംഘനം നടത്താനുള്ള ഗൂഢാലോചന), 122 (ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനായി ആയുധങ്ങൾ ശേഖരിക്കൽ), കൊലപാതകശ്രമം, അക്രമത്തിന് ആഹ്വാനം ചെയ്യുക, ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിരുന്നു.

ഒരു കൊലപാതക കേസിലെ പ്രതിയാണിപ്പോൾ രാംപാൽ. കോടതിയലക്ഷ്യ കേസ് ചുമത്തിയ രാംപാലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതി ഗവൺമെന്റിന് വെള്ളിയാഴ്ച വരെ സമയം കൊടുത്തിരുന്നു. ഇതനുസരിച്ച് രാംപാലിനെ അറസ്റ്റ് ചെയ്യാൻ ചൊവ്വാഴ്ച പൊലീസ് എത്തിയതാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടാകാനുള്ള കാരണം. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ പൊലീസുകാരും മാദ്ധ്യമ പ്രവർത്തകരുമടക്കം ഇരുന്നൂറ്റിയന്പതോളം പേർക്ക് പരിക്കേറ്റു.

ആശ്രമത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള ബന്ധം പൊലീസ് വിച്ഛേദിച്ചു. ആശ്രമത്തിനുള്ളിലുള്ള എല്ലാവരും പുറത്തുപോകാതെ രാംപാലിനെ അറസ്റ്റു ചെയ്യില്ലെന്ന നിലപാടിലാണ് പൊലീസ്. വേണ്ടി വന്നാൽ ആശ്രമത്തിന്റെ മതിലുകൾ തകർക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

2006ലെ കൊലപാതകകേസിൽ കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ചവരുത്തിയ രാംപാലിനെ പിടികൂടാൻ കഴിയാത്തതിൽ കഴിഞ്ഞ ദിവസം ചണ്ഡിഗഢ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് രാംപാലിനെ അറസ്റ്റു ചെയ്യാൻ പൊലീസ് നടപടിയാരംഭിച്ചത്.

12,000ത്തിലേറെ വരുന്ന അനുയായികൾ ഇപ്പോഴും ആശ്രമ പരിസരത്തു തമ്പടിച്ചിരിക്കുകയാണ്. ഇവരോട് ആശ്രമം വിട്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും കൂട്ടാക്കിയിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP