Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓർഡിനറിയിലൂടെ പ്രശസ്തമായ ഗവിയിലെ കാട്ടിൽ പോയി നമുക്ക് ഒരു ദിവസം താമസിച്ചാലോ? സഹായഹസ്തവുമായി മറുനാടൻ മലയാളി

ഓർഡിനറിയിലൂടെ പ്രശസ്തമായ ഗവിയിലെ കാട്ടിൽ പോയി നമുക്ക് ഒരു ദിവസം താമസിച്ചാലോ? സഹായഹസ്തവുമായി മറുനാടൻ മലയാളി

നിങ്ങൾ ഓർഡിനറി സിനിമ കണ്ടിട്ടുണ്ടോ? കുഞ്ചാക്കോ ബോബനും ബിജുമേനോനും മത്സരിച്ച് അഭിനയിച്ച ഗവി എന്ന ഗ്രാമത്തിന്റെ കഥ. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കിടയിൽ കാട്ടിൽ സ്ഥിതി ചെയ്യുന്ന ഗവി ഓർഡിനറി ഇറങ്ങുന്നതുവരെ ആ ഭാഗത്തുള്ളവരുടെ മാത്രം വിനോദ സഞ്ചാര കേന്ദ്രമായിരുന്നെങ്കിൽ ഇതോടെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് അട്രാക്ഷൻ കേന്ദ്രമായി ഇത് മാറി. സഞ്ചാരികൾ ഗവിയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ വനംവകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഒരു ദിവസം നിശ്ചിത എണ്ണം പാസ്സുകൾ മാത്രം വാങ്ങി സഞ്ചാരികളെ നിയന്ത്രിക്കുകയായിരുന്നു ആദ്യം ചെയ്ത നിയന്ത്രണം. മൃഗങ്ങൾക്കും മരങ്ങൾക്കുമൊക്കെ മനുഷ്യൻ ശല്യം ആയതോടെ കടുത്ത നിയന്ത്രണങ്ങളാണ് സന്ദർശകർക്ക് ഗവിയിൽ ഇപ്പോൾ.


ഈ ഗവിയിൽ ഒരു യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഭാര്യയും മക്കളും ഒക്കെയായി ഒരു യാത്ര. അല്ലെങ്കിൽ കൂട്ടുകാരുമൊത്ത് ഒരു യാത്ര. അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും നൂലാമാലകൾ കാരണം അതിന് കടമ്പകൾ പലത് കടക്കേണ്ടി വരും. ടിക്കറ്റ് എടുക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ പോകണം, ഗവി വരെ ചെന്ന് ടിക്കറ്റില്ലാതെ മടങ്ങി വരേണ്ടി വന്നേക്കാം. അങ്ങനെ അങ്ങനെ പല കടമ്പകൾ.

മറുനാടൻ മലയാളി വായനക്കാർക്ക് ഈ കടമ്പകൾ ഒക്കെ കടക്കാൻ ഞങ്ങൾ അവസരം ഒരുക്കുകയാണ്. മറുനാടൻ മലയാളി ഈയിടെ ആരംഭിച്ച ഹോളിഡേ കമ്പനിയായ കേരളാ വിസിറ്റ് ഫോർ യുവിലൂടെ ബുക്ക് ചെയ്താൽ നിങ്ങൾക്ക് യാത്ര ചെയ്യാനും താമസിക്കാനും കാഴ്ചകൾ കാണാനും ഒക്കെയുള്ള ടിക്കറ്റ് നിങ്ങളുടെ വീട്ടിൽ തപാലിൽ എത്തും. ഒരു ടെൻഷനുമില്ലാതെ നിങ്ങളുടെ യാത്രാ പരിപാടി പ്ലാൻ ചെയ്ത് ഗവിയിലേക്ക് വണ്ടി കയറാം. അവിടെയെത്തി കാഴ്ചകൾ കണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങി സുഖകരമായി മടങ്ങിയെത്തുകയും ചെയ്യാം. ഭാഗ്യമുണ്ടെങ്കിൽ ഒരു ആനയെയെങ്കിലും കാണാനും സാധിക്കും.

കേരളാ വിസിറ്റ് ഫോർ യുവും കേരളാ വനം വകുപ്പിന്റെ ടൂറിസം വിഭാഗവുമായി എത്തിയ ധാരണാ പ്രകാരം മുൻകൂട്ടി യാത്ര ബുക്ക് ചെയ്യാൻ സാധിക്കും. മൂന്നു തരത്തിലാണ് നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നത്. ആദ്യത്തേത് ഒരു ദിവസത്തെ ഗെയ്ഡഡ് ടൂർ ആണ്. ഇതിൽ പങ്കെടുക്കാൻ രാവിലെ എട്ടരയോടെ ഗവിയിൽ എത്തണം. പ്രഭാത ഭക്ഷണത്തിന് ശേഷം രണ്ടര മണിക്കൂർ കാട്ടിലൂടെയുള്ള ട്രക്കിങ്ങ് നടത്താം. തിരിച്ച് വന്ന ശേഷം ഉച്ചഭക്ഷണം (വെജിറ്റേറിയൻ). ഊണിന് ശേഷം ഗവി തടാകത്തിലൂടെ വള്ളത്തിൽ തുഴഞ്ഞുകൊണ്ടുള്ള കാഴ്ചകളാണ്. ഏലത്തോട്ടങ്ങളും കാടും ശബരിമല വ്യൂ പോയിന്റും ഒക്കെ സന്ദർശിച്ച് അഞ്ച് മണിയോടെ നിങ്ങൾക്ക് മടങ്ങാം. ഇതിന് ഒരാൾക്ക് ഈടാക്കുന്നത് 1600 രൂപയായിരിക്കും.

ഒരു ദിവസം കുടുംബസമേതം താമസിക്കുന്നവർക്കു വേണ്ടിയാണ് രണ്ടാമത്തെ പാക്കേജ്. ഇവർ ഗവിയിൽ എത്തിച്ചേരേണ്ടത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. മടക്കം പിറ്റേന്ന് രണ്ടിനും. എത്തുന്ന ദിവസം ഉച്ചയ്‌ക്കോ അല്ലെങ്കിൽ പിറ്റേ ദിവസം ഉച്ചയ്‌ക്കോ ഏതെങ്കിലും ഒരു നേരം ഉച്ചഭക്ഷണം കഴിക്കാം. ആദ്യ ദിനം കഴിക്കുന്നവർ മടങ്ങുമ്പോൾ വെളിയിൽ പോയി കഴിക്കേണ്ടി വരുമെന്നാണ് അർത്ഥം. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കൂർ നേരം കാട്ടിലൂടെ ട്രക്കിങ്ങ് ഉണ്ട്. തിരിച്ച് വന്ന ശേഷം വള്ളത്തിലൂടെയുള്ള കാഴ്ചകൾ കാണൽ, രാത്രിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കിയിരിക്കുന്ന കോട്ടേജിലാണ് താമസം. ആന പിടിക്കാതിരിക്കാൻ ചുറ്റിനും കിടങ്ങ് തീർത്ത അതിമനോഹരമായ കോട്ടേജിലാണ് ഉറക്കം. ഭാഗ്യമുണ്ടെങ്കിൽ അർത്ഥ രാത്രിയിൽ എണീറ്റ് നോക്കുമ്പോൾ നിങ്ങളുടെ താമസസ്ഥലത്തിന് ചുറ്റും കാട്ടാനക്കൂട്ടം പോകുന്നത് കാണാം. അതേസമയം നിങ്ങൾ പൂർണ്ണസുരക്ഷിതരായിരിക്കും താനും.

പിറ്റേന്ന് അതിരാവിലെ ആറര മണിക്ക് എഴുന്നേറ്റ് രണ്ടര മണിക്കൂർ നേരം കാട്ടിലൂടെ ട്രക്കിങ്ങ് ആണ്. തിരിച്ച് വന്ന് കുറച്ച് കാഴ്ചകൾ കൂടി തീർത്ത് രണ്ടു മണിയോടെ മടക്കം. ഒരാൾക്ക് 2600 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. ഒരു മുറിയിൽ രണ്ട് പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു മുറി ലഭിക്കണമെങ്കിൽ 5200 രൂപാ മുടക്കണം. ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ആറു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരാൾക്ക് 700 രൂപാ വീതം ആകും. 11 വയസ്സ് കഴിഞ്ഞുള്ളവർക്ക് മുഴുവൻ ഫീസും നൽകണം. ഭക്ഷണവും ഗെയ്ഡ് ടൂറിനും അടക്കമുള്ള നിരക്കാണ് ഇത്.

ഈ പാക്കേജ് തെരഞ്ഞെടുക്കുന്നവർ ആങ്ങാമൂഴി വഴി രാവിലെ എത്തിയാൽ നാല് ഡാമുകൾ അടക്കം കാടിന്റെ അനേകം സൗന്ദര്യങ്ങൾ കൂടി ആസ്വദിക്കാം. എന്നാൽ ആങ്ങാമൂഴി വഴി വളരെ കുറച്ചുപേരെ മാത്രമേ കടത്തിവിടൂ എന്നതിനാൽ മുൻകൂട്ടി അറിയിക്കേണ്ടി വരും. മാത്രമല്ല, ആങ്ങാമൂഴി വഴി കടന്നു വരാനുള്ള പാസ് എടുക്കുകയും വേണം. ആങ്ങാമൂഴി വഴി ഡാമുകളുടെ സൗന്ദര്യം ആസ്വദിച്ച് രണ്ട് മണിയോടെ ഗവിയിൽ എത്തി ഭക്ഷണം കഴിച്ച് കാഴ്ച തുടരുന്നതായിരിക്കും ഉചിതം. എന്നാൽ ആങ്ങാമൂഴി വഴിയുള്ള പ്രവേശനത്തിന് ഗ്യാരന്റി ഇല്ല എന്ന് അറിയിക്കട്ടെ. മാത്രമല്ല പ്രത്യേകം പാസ് എടുക്കുകയും വേണം. ഒരു നിശ്ചിത എണ്ണം കഴിഞ്ഞാൽ ടിക്കറ്റ് ലഭിച്ചെന്നു വരില്ല. ഈ റൂട്ട് തെരഞ്ഞെടുക്കുന്നവർ മൊബൈൽ നമ്പർ സഹിതം ബന്ധപ്പെട്ടാൽ കേരളാ വിസിറ്റ് ഫോർ യു പ്രതിനിധി ടിക്കറ്റ് ശരിയാക്കാൻ ശ്രമിക്കുന്നതായിരിക്കും.

മൂന്നാമത്തെ പാക്കേജ് പുരുഷന്മാർക്ക് മാത്രമുള്ളതാണ്. സുഹൃത്തുക്കളുമായി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ. കുറഞ്ഞത് നാല് പേർ വേണം ഒരു ടീമിൽ. ഈ നാലു പേർക്കും കൂടി 13,000 രൂപയാണ് നിരക്ക്. ഉച്ചയ്ക്ക എത്തി അത്യാവശ്യം കാഴ്ചകൾക്ക് ശേഷം ഉൾക്കാട്ടിലേക്കുള്ള ട്രക്കിങ്ങ് ആണ് ഇവിടെ. 15 മുതൽ 20 കിലോമീറ്റർ വരെ ഉള്ളിലേക്ക് യാത്ര ചെയ്യാം. തോക്ക് ധരിച്ച ഗാർഡുകളുടെ അകമ്പടിയോടെ ആയിരിക്കും ഈ യാത്ര. കാട്ടിനുള്ളിൽ ടെന്റ് കെട്ടിയാണ് താമസം. ഭക്ഷണവും അവിടത്തന്നെ കഴിക്കാം. പിറ്റേന്ന് ബാക്കി കാഴ്ചകൾ കണ്ട് മടങ്ങാം.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവ് വഴിയാണ് ഈ ട്രിപ്പിൽ പങ്കെടുക്കുന്നവർ എത്തേണ്ടത്. ബുക്കിങ്ങ് നടത്തി പണം അടച്ച് കഴിഞ്ഞാൽ നിങ്ങളുടെ ടിക്കറ്റ് നാട്ടിലെ വിലാസത്തിൽ കേരളാ വിസ്റ്റ് ഫോർ യു അയച്ച് തരും. നൂലാമാലകൾ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഗവിയാത്ര നടത്താം. ഗവി മാത്രമല്ല, കേരളത്തിൽ എവിടെയെങ്കിലും സുരക്ഷിതമായി സഞ്ചരിക്കാൻ ആഗ്രഹിക്കുകയോ ഏതെങ്കിലും റസ്റ്റോറന്റിൽ താമസിക്കാൻ ആഗ്രഹിക്കുകയോ ഒക്കെ ചെയ്താൽ നിങ്ങളെ സഹായിക്കാൻ മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ കേരളാ വിസ്റ്റ് ഫോർ യു ഉണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയാൻ നോബിൾ തോമസുമായി ബന്ധപ്പെടുകയോ (0091 9037403446)നിങ്ങളുടെ താത്പര്യം ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

ഗവി യാത്രയോ മറ്റേതെങ്കിലും ട്രിപ്പോ നടത്താൻ നിങ്ങളുടെ താതപര്യം ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP