Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടേക്ക് ഓഫ് സിനിമ കണ്ട് നമ്മളെല്ലാവരും കൈയടിച്ചു; എന്നിട്ടും നഴ്‌സുമാരുടെ ജീവിതം മാത്രം വലിയ ചർച്ചയാക്കിയില്ല; കോർപ്പറേറ്റ് ആശുപത്രികളിലെ ജീവൻ വെച്ചുള്ള പകൽകൊള്ളയ്ക്കും അറുതി വരുത്തണം; ഇപ്പോൾ കറിവേപ്പില പോലെ കരുതുന്നവർ ഭൂമിയിലെ മാലാഖാമാർക്കു വേണ്ടി കടിപിടികൂടുന്ന കാലം വരും

ടേക്ക് ഓഫ് സിനിമ കണ്ട് നമ്മളെല്ലാവരും കൈയടിച്ചു; എന്നിട്ടും നഴ്‌സുമാരുടെ ജീവിതം മാത്രം വലിയ ചർച്ചയാക്കിയില്ല; കോർപ്പറേറ്റ് ആശുപത്രികളിലെ ജീവൻ വെച്ചുള്ള പകൽകൊള്ളയ്ക്കും അറുതി വരുത്തണം; ഇപ്പോൾ കറിവേപ്പില പോലെ കരുതുന്നവർ ഭൂമിയിലെ മാലാഖാമാർക്കു വേണ്ടി കടിപിടികൂടുന്ന കാലം വരും

ജിതിൻ ജേക്കബ്

മ്മുടെയൊക്കെ കുടുംബങ്ങളിൽ അല്ലെങ്കിൽ അയല്പക്കങ്ങളിൽ അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരുണ്ടാകും, ഇന്ത്യൻ ആർമയിലോ, പൊലീസിലോ ഉണ്ടാകും. അതിന്റെ കൂട്ടത്തിൽ ഇപ്പോൾ ഒരു വിഭാഗത്തെക്കൂടി ചേർക്കാം. നഴ്‌സുമാർ. ഭൂമിയിലെ മാലാഖമാർ, ഫ്‌ലോറൻസ് നൈറ്റിങ്‌ഗേൽന്റെ പിന്മുറക്കാർ. അങ്ങനെ വിശേഷണങ്ങൾ പലതാണ് അവർക്ക്. ലോകത്തെവിടെ പോയാലും അവിടെയെല്ലാം മലയാളിയെക്കാണാൻ കഴിയുമെങ്കിൽ ആ മലയാളികളിൽ ഒരാൾ ഒരു നേഴ്‌സ് ആയിരിക്കുമെന്ന് തീർച്ച. മലയാളി നഴ്‌സുമാരെ ലോകത്തെ എല്ലാ ആശുപത്രികൾക്കും വേണം. ആത്മാർപ്പണത്തിന്റെയും, വിശ്വാസ്യതയുടെയും പ്രതീകങ്ങളാണ് മലയാളി നഴ്‌സുമാർ.

വ്യക്തിപരമായി പറയുമ്പോൾ ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും ജോലി ചെയ്തിട്ടുള്ള ഞാനും ഈ നഴ്‌സുമാരുടെ സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും വില ശരിക്കും അറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ ജോലി ചെയ്ത സമയത്തെ കുറച്ചു ദിവസത്തെ ആശുപത്രിവാസം എനിക്കും, മുംബയിലെ HOLY FAMILY ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണവും, കരുതലും എന്റെ ഭാര്യക്കും അന്ന് അവളുടെ ഉദരത്തിലുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞിനും ലഭിച്ചത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സാധാരണക്കാർ അറപ്പോടെ ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ നഴ്‌സ്മാർ ഒരു പരാതികളും പരിഭവങ്ങളും കൂടാതെ സേവന മനോഭാവത്തോടെ ചെയുന്നു എന്നത് നമ്മൾ എല്ലാവരും നന്ദിയോടെ ഓർക്കേണ്ടതാണ്. സേവനം മുഖമുദ്രയാക്കിയ ഇവർ നൽകുന്ന സേവനങ്ങൾ എണ്ണിയെണ്ണി പറയാൻ ഒത്തിരി നല്ല കാര്യങ്ങൾ നമ്മുക്കെല്ലാവർക്കുമുണ്ടാകും. ഇതൊക്കെ പറയുമ്പോഴും ഇവരും സേവനം ചെയ്യുന്നത് ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ തന്നെയാണ്.

ബാങ്ക് വായ്‌പ്പാ എടുക്കാതെ നഴ്‌സിങ് പഠിച്ച നഴ്‌സുമാർ എത്ര ഉണ്ടാകും നമ്മുടെ സമൂഹത്തിൽ? പണ്ടൊക്കെ നഴ്‌സിങ് പഠിച്ച ആളുകൾ ഗൾഫും കടന്നു യൂറോപ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ നാട്ടിലെ മാതാപിതാക്കളും മക്കളെയെല്ലാം നഴ്‌സുമാരാക്കാൻ മത്സരിച്ചു. കടം വാങ്ങിച്ചും, ബാങ്ക് വായ്‌പ്പാ എടുത്തും ഒക്കെ മക്കളെ നഴ്‌സിങ് പഠിപ്പിച്ചു. ദാരിദ്ര്യത്തിൽനിന്നു കുടുംബം രക്ഷപെടുമല്ലോ എന്നതായിരുന്നു എല്ലാ മാതാപിതാക്കളുടെയും ചിന്തകൾ. നല്ലൊരു സ്വപനത്തിനായി പല ഇഷ്ടങ്ങളും മാറ്റിവെച്ചു നമ്മുടെ കുട്ടികൾ നഴ്‌സിങ് പഠിച്ചു. കേരളത്തിന് പുറത്തു ചിന്തിക്കാൻ പോലുമാകാത്ത ചുറ്റുപാടുകളിലുമൊക്കെ പഠിച്ചു അവർ പുറത്തിറങ്ങി. ഒരു 2010 ആയപ്പോഴേക്കും നഴ്‌സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഇൻഡസ്ടറിക്ക് ആവശ്യത്തിലും കൂടുതൽ നഴ്‌സുമാരായി. വിദേശ രാജ്യങ്ങളിലേക്കുള്ള ഫിലിപ്പൈൻസിസിൽ നിന്നുള്ള നഴ്‌സുമാരുടെ തള്ളിക്കയറ്റവും, വിദേശ രാജ്യങ്ങളുടെ നയങ്ങളിലെ മാറ്റങ്ങളും, തീവ്രവാദ ഭീഷണികളും, ലോക സാമ്പത്തീക തകർച്ചകളും, യുദ്ധങ്ങളുമൊക്കെ നമ്മുടെ നാട്ടിലെ നഴ്‌സുമാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്.

എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും ലക്ഷ്യം വിദേശ ജോലി തന്നെയായിരുന്നു. കാരണം നാട്ടിൽ നിന്നാൽ ഒരിക്കലും അവരുടെ കടബാധ്യതകൾ തീർക്കാനുള്ള ശമ്പളം പോലും കിട്ടില്ല എന്നറിയാം. നഴ്‌സുമാരുടെ സേവന മികവ് പരിഗണിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രൊഫഷണലായ നഴ്സുമാരാണ് നമ്മുടെ കേരളത്തിൽനിന്നുള്ളവർ. ടേക്ക് ഓഫ് എന്ന സിനിമയിൽ നഴ്‌സുമാരുടെ ജീവിതം അതേപടി പകർത്തിവെച്ചിട്ടുണ്ട്. ആ സിനിമ കണ്ടു നമ്മളെല്ലാവരും കൈയടിച്ചു. പക്ഷെ നഴ്‌സുമാരുടെ ജീവിതം നമ്മുടെ സമൂഹം വലിയ ചർച്ചയാക്കിയില്ല. വിദേശത്തേക്കുള്ള റിക്രൂട്ടിട്‌മെന്റിൽ വലിയ കാലതാമസവും, കർശന നിയന്ത്രങ്ങളുമാണ് ഇപ്പോഴുള്ളത്. എന്റെ ഒരു സുഹൃത്ത് 2 വർഷമായി അയർലണ്ടിലേക്കുള്ള ജോലിക്കായി കാത്തിരിക്കുന്നു. പല നഴ്‌സുമാരും വിദേശ ജോലി എന്ന സ്വപനം അവസാനിപ്പിച്ചു. നേഴ്‌സ് ആയ ഒരു സുഹൃത്ത് വീട്ടുകാരുടെ സങ്കടം സഹിക്ക വയ്യാതെ ഇന്ത്യ നേപ്പാൾ ബോർഡറിലുള്ള ബിഹാറിലെ ഒരു ആശുപത്രിയിൽ വര്ഷങ്ങളോളം ജോലി ചെയ്തു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ഒരു സാമൂഹിക പ്രശ്‌നമായി മാറുകയാണ്. കർഷകർ നേരിടുന്നതുപോലെ തന്നെ വലിയ പ്രതിസന്ധിയാണ് അവരും നേരിടുന്നത്. ഈ ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ സർക്കാരുകളുടെ കടമയാണ്. ക്വാളിഫൈഡ് നഴ്‌സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ അവർക്ക് കിട്ടുന്ന ശമ്പളത്തിലും വലിയ കുറവുണ്ടായി. ശമ്പളം കുറവ് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്തു ചിന്തിക്കാൻ പോലും പറ്റാത്ത അത്ര കുറവ് ശമ്പളമാണ് കിട്ടുന്നത്. ഒരു മാസം വെറും 5000 രൂപയ്ക്കു ജോലി ചെയ്യുന്ന നഴ്‌സുമാർ നമ്മുടെ ഇടയിലുണ്ട്. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ ആ തുക പിന്നെയും കുറയും. നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ വായ്‌പ്പാ എടുക്കാത്ത അപൂർവം നഴ്‌സുമാരെ കാണൂ. ഏകദേശം ഡോക്ടർമാർ പഠിച്ചതുപോലെ തന്നെ പഠിക്കുകയും, ഡോക്ടർമാരെക്കാൾ പണിയെടുക്കുകയും ചെയ്യുന്ന നഴ്‌സുമാർക്ക് അവരുടെ വിദ്യാഭ്യാസ വായ്‌പ്പാ തിരിച്ചടവിനുള്ള ശമ്പളം പോലും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. 4 ലക്ഷം രൂപ വായ്‌പ്പാ എടുത്തു നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഒരാൾ പഠനശേഷം ഒരു മാസം തിരിച്ചടവായി കുറഞ്ഞത് 8000 രൂപയെങ്കിലും അടക്കേണ്ടി വരും. 5000 രൂപ ആകെ ശമ്പളം കിട്ടുന്നവർ എങ്ങനെയാണ് 8000 രൂപ പ്രതിമാസം തിരിച്ചടക്കുന്നതു? കേരളം സർക്കാർ വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്ത്തള്ളുന്നു എന്ന രീതിയിലുള്ള വാർത്തകൾ ശരിക്കും പൊള്ളത്തരങ്ങൾ നിറഞ്ഞതാണ്. സർക്കാരിന്റെ വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്ത്തള്ളുന്ന എന്ന ഓർഡർ വായിച്ചുനോക്കിയാൽ തന്നെ മനസിലാകും അതിലെ ഊഡായിപ്പുകൾ.

കുറച്ചുനാൾ മുമ്പ് നഴ്‌സുമാർ ഡൽഹിയിലും കേരളത്തിലുമൊക്കെ സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപെട്ട സുപ്രീം കോടതി ഒരു നിരീക്ഷണം നടത്തുകയുണ്ടായി ' തുല്ല്യ ജോലിക്കു തുല്യ വേതനം കൊടുക്കണം എന്ന്'. അതായതു സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർ വാങ്ങുന്ന അതെ ശമ്പളം തന്നെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കും കിട്ടണം എന്ന്. ഇതിനെ ചുവടുപിടിച്ചു കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാങ്ങളോടും സുപ്രീം കോടതി നിരീക്ഷണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അതിനുള്ള മാർഗനിർദേശങ്ങളും നൽകി. ആരോഗ്യമേഖല സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയില്‌പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിന് ഈകാര്യത്തിൽ നിർദേശങ്ങൾ നൽകുക എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനാകില്ല. കഴിഞ്ഞ തവണത്തെ സമരം കഴിഞ്ഞപ്പോൾ പല മാനേജ്‌മെന്റുകളും ശമ്പളം കൂടിയെങ്കിലും അതൊക്കെ നാമമാത്രമായിരുന്നു. അതിൽത്തന്നെ പല തരത്തിലുള്ള തട്ടിപ്പുകളും ഉണ്ടായിരുന്നു. ശമ്പളബില്ലിൽ ഒന്ന് കാണിക്കും, നഴ്‌സുമാർക്ക് കൊടുക്കുന്നത് വേറൊന്നും. ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന ശമ്പള ബില് പ്രകാരം ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ആലപ്പുഴയിലെ ഒരു ആശുപത്രിയിലെ ആവറേജ് ശമ്പളം 9000 /- രൂപയാണ്.

മിനിമം ശമ്പളം 20000 രൂപ എങ്കിലും ആക്കണം എന്ന് നഴ്‌സുമാർ ആവശ്യപ്പെടുന്നത്. ഡൽഹിയിലെ ഒരു നഴ്‌സിന് കിട്ടുന്നത് ശരാശരി ശമ്പളം 17000 രൂപയാണ്. പക്ഷെ അതിൽനിന്നു താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക കിഴിച്ചാൽ പിന്നെ കയ്യിൽ കിട്ടുക നാമമാത്രമായ തുകയും. ബാങ്ക് വായ്‌പ്പയുടെ തിരിച്ചടവിനുപോലും തികയില്ല. കേരളത്തിലെ ചില ആശുപത്രികളിൽ 11 മാസത്തെ ജോലിക്കു ശേഷം നിർബന്ധിത രാജി എന്ന പരിപാടികൾ ഉണ്ട്. ഒരുമാസം വീട്ടിൽ ഇരുന്നിട്ട് വീണ്ടും പുതിയതായി ജോലിക്കു കയറണം. നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് കൊടുക്കാതിരിക്കാനുള്ള അടവ് മാത്രമാണിതിന് പിന്നിൽ.
ഒരു വശം മാത്രം ചിന്തിച്ചാൽ പോരല്ലോ. ഹോസ്പിറ്റൽ മാനേജ്‌മെന്റുകളുടെ വാദം കൂടി കേൾക്കണം. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയുടെ Direcor മായി ഇന്നലെ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നഴ്‌സുമാരുടെ ആവശ്യങ്ങൾ പൂർണമായും ന്യായമാണ്. അവർ 20000 രൂപ മിനിമം വേതനം അർഹിക്കുന്നുമുണ്ട്. പക്ഷെ അതുകൊടുക്കാനുള്ള വരുമാനം ആശുപത്രികൾക്കുണ്ടോ എന്നുകൂടി ആലോചിക്കണം.
അദ്ദേഹത്തിന്റെ വാക്കുകൾ:-

നമ്മൾ ഇപ്പോൾ കേരളത്തിലെ നഗരങ്ങളിലൂടെ പോയാൽ അല്ലെങ്കിൽ മാധ്യമങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും കേരളത്തിൽ കൂണുപോലെ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകൾ പൊങ്ങുകയാണ്. വൻകിട കോർപറേറ്റുകളുടെ കയ്യിലാണ് നമ്മുടെ ഹോസ്പിറ്റലുകൾ. അത്തരം ഹോസ്പിറ്റലുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതും. പക്ഷെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉണ്ടായിരുന്ന ചെറിയ ചെറിയ ആശുപത്രികളിൽ പലതും നഷ്ടത്തിലും, ബാങ്ക് വായ്‌പ്പകളിലൂടെയുമൊക്കെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കോർപറേറ്റുകളുടെ കയ്യിൽ പൈസ ആവശ്യത്തിനുണ്ട് അവർ ദീർഘകാലത്തേക്കാണ് അത് നിക്ഷേപിക്കുന്നത്. നമ്മുടെ നാട്ടിലെ സാധാരണ സ്വകാര്യ ആശുപത്രികൾക്ക് ഒരു MRI സ്‌കാനിങ് മെഷിനെ വാങ്ങണമെങ്കിൽ പോലും ബാങ്ക് വായ്‌പ്പാ എടുക്കേണ്ട സ്ഥിതിയാണ്.

കോർപ്പറേറ്റ് ആശുപത്രികളുടെ ലക്ഷ്യം എന്നത് ലാഭം മാത്രമാണ്. നമ്മുടെ നാട്ടിലെ ചെറിയ സ്വകാര്യ ആശുപത്രികളിൽ പനിബാധിതരായ നൂറുകണക്കിന് ആളുകളെ കാണാൻ കഴിയും, പക്ഷെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ പോയി നോക്കൂ, അവിടെ ആരും പോകില്ല. അതെ സമയം ഒരു ആക്‌സിഡന്റ് കേസ് അല്ലെങ്കിൽ മാരകമായ ഒരു അസുഖം വന്നാലോ എല്ലാവരും കോർപ്പറേറ്റ് ആശുപത്രികളിൽക്കെ ഓടൂ. എന്താ കാര്യം? വില കൂടുതലാണെങ്കിലും ക്വാളിറ്റി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.

ആതുരസേവനം ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല എന്ന് വാദിക്കുമ്പോൾ തന്നെ അത് ലാഭ നഷ്ട്ടമില്ലാതെ കൊണ്ടുപോകാനുള്ള വരുമാനവും ഉണ്ടായിരിക്കണം എന്നോർക്കണം. കോർപ്പറേറ്റ് ആശുപത്രികളിൽ സര്ജറികളിലൂടെയാണ് വൻ വരുമാനം കൊയ്യുന്നത്. സാധാരണ ആശുപത്രികളിൽ 5000 രൂപയുടെ ഒരു സർജറി ചെയ്യുമ്പോൾ കോര്പറേറ്റിൽ അത് 50000 രൂപ വരെയാകും. രണ്ടു വര്ഷം കഴിഞ്ഞു ചെയ്യേണ്ട ഒരു സർജറി കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ രോഗിയെ പേടിപ്പിച്ചു ഉടനെ ചെയ്യിക്കുന്നു. കേരളത്തിൽ പണ്ടുമുതലേ ഉണ്ടായിരുന്ന സ്വകാര്യാ ആശുപത്രികൾ ഇപ്പോഴും ആരോഗ്യരംഗത്തെ ധാർമികത മുറുകെ പിടിക്കുന്നവരാണ്. കോർപ്പറേറ്റു ആശുപത്രികൾക്ക് ധാർമികത എന്നൊന്നില്ല. അവർക്ക് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമേ മാത്രമാണ്. വെന്റിലേറ്ററിൽ ഒരു രോഗി ഓരോ ദിവസം കിടക്കുമ്പോഴും ലക്ഷങ്ങളാണ് ബില്ലാണ് വരുന്നത്, ഒരു പക്ഷെ ആ രോഗി നേരത്തെ മരിച്ചിട്ടുണ്ടാകാം. അതൊന്നും പരിശോധിക്കാനുള്ള ഒരു സംവിധാനവും നമ്മുടെ നാട്ടിൽ ഇല്ല.

ഇനി മറ്റൊരു കാര്യം എന്നത് തുല്യ ജോലിക്കു തുല്യ വേതനം എന്ന് പറയുമ്പോൾ ഡോക്ടർമാരുടെ ഭീമമായ ശമ്പളത്തെക്കുറിച്ചു കൂടി പറയണം. സർക്കാർ ഡോക്ടർമാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ സ്വകാര്യ ആശുപത്രികൾ കൊടുക്കേണ്ടി വരുന്നു. ഒരു ആശുപത്രിയുടെ ആകെ ശമ്പളം എന്നത് ആകെ ചെലവിന്റെ ഏകദേശം 40% വരെ ആയാൽ മാത്രമേ ആ ആശുപത്രിയെ ലാഭനഷ്ട്ടമില്ലാതെ കൊണ്ടുപോകാനാകൂ, പക്ഷെ ഇത് കേരളത്തിലെ പല ശുപത്രികളിലും ഇപ്പോൾ 57% വരെയാണ്. അദ്ദേഹം പറയുന്നു അവർ നഴ്‌സുമാർക്ക് സർക്കാരും നഴ്‌സുമാരും ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കാൻ തയ്യാറാണ്. പക്ഷെ ആശുപത്രികളിലെ മറ്റു സേവങ്ങൾക്കുള്ള നിരക്കുകൾ കൂട്ടേണ്ടി വരും. ഇപ്പോൾ സൗജന്യമായി ചെയ്യുന്ന പല സേവനങ്ങളും നിർത്തേണ്ടതായും വരും.

അദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് പൂർണമായും യോജിക്കുന്നു. കോർപ്പറേറ്റ് ആശുപത്രികളിലെ പകൽ കൊള്ള. കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു പനി ബാധിച്ചു മരിച്ച ഒരു ചേച്ചിയുടെ കാര്യത്തെ കുറിച്ച്. പനി വന്നപ്പോൾ ചേച്ചി വീടിനടുത്തുള്ള ഒരു കോർപ്പറേറ്റ് ആശുപത്രിയിലാണ് പോയത്. ഉടനെ അഡ്‌മിറ്റ് ചെയ്തു. ചേച്ചിയുടെ കണ്ടിഷൻ മോശമാണെന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ അറിയിച്ചു. വേറെ ആശുപത്രീയില്ലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ആവശ്യപ്പട്ടപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് ഇവിടെ നിന്ന് പുറത്തേക്കിറക്കിയാൽ അപ്പോൾ തന്നെ രോഗി മരിച്ചു പോകും എന്നായിരുന്നു. സ്‌പെഷ്യൽ treatment ആണ് കൊടുക്കുന്നതെന്നൊക്കെ പറഞ്ഞു ആ ചേച്ചിയെ 21 ദിവസം ആശുപത്രിയിൽ കിടത്തി. 21 മതി ദിവസം വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടുകാർക്ക് നൽകി ചേച്ചിയുടെ ശരീരം. ബില്ല് വെറും 17.50 ലക്ഷം രൂപ. കുറ്റം പറയരുതല്ലോ ആശുപത്രി അധികൃതർ 4 ലക്ഷം രൂപ ഡിസ്‌കൗണ്ട് കൊടുത്തിട്ടാണ് 17.50 ലക്ഷം രൂപ അവസാന ബില്ലായത് അല്ലെങ്കിൽ അത് 21.50 ലക്ഷം രൂപയാകുമായിരുന്നു.

ഇത് നടന്നത് അന്തപുരിയിലെ ഒരു ഹോസ്പിറ്റലിലാണ്. സാധാരണ നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി നോക്കിയാൽ പനിബാധിതരെ അല്ലാതെ മാറ്റരേയും ഇപ്പോൾ കാണാൻ സാധിക്കില്ല. ഇപ്പോൾ മനസ്സിലായിക്കാണും സ്വകാര്യ ആശുപത്രീകളും കോർപ്പറേറ്റ് ആശുപത്രികളും തമ്മിലുള്ള വ്യത്യാസം.

കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ ചൂഷങ്ങൾക്കെതിരെ അതി ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. ഞങ്ങളുടെ ജീവൻ വെച്ചല്ല ലാഭമുണ്ടാക്കേണ്ടത്. പക്ഷെ ഇവിടെ വിഷയം നഴ്‌സുമാരുടെ ശമ്പള വർധനവാണ്. എന്തൊക്കെ ഒഴിവുകൾ പറഞ്ഞാലും നഴ്‌സുമാരുടെ ശമ്പളവര്ധനവ് അത്യാവശ്യവുമാണ്. സുപ്രീം കോടതിയുടെയും, കേന്ദ്ര സർക്കാരിന്റെയും നിർദേശങ്ങളും മാനദണ്ഡങ്ങളും ഇക്കാര്യത്തിൽ ഉണ്ടായിട്ടും സർക്കാർ എന്തിനാണ് വീണ്ടും ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. അസംഘിടിത മേഖലകളിലുൾപ്പെടെ മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കണമെന്നു പറഞ്ഞു കേരളത്തിൽ ഹർത്താൽ നടത്തിയവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നോർക്കണം. സർക്കാർ വെറുതെ ചർച്ച നടത്തി സമയം കളയുകയല്ല വേണ്ടത്, നിയമ നിർമ്മാണം പാസാക്കണം . സുപ്രീം കോടതിയുടെ നിരീക്ഷണം നഴ്‌സുമാർക്കനുകൂലമായി ഇക്കാര്യത്തിൽ ഉള്ളതിനാൽ ഏതു ഹോസ്പിറ്റൽ മാനേജ്മന്റ് കോടതിയെ സമീപിച്ചാലും സർക്കാരിന്റെ വാദങ്ങളെ നിലനിൽക്കൂ.

വിദ്യാഭ്യാസ വായ്‌പ്പയുടെ കാര്യത്തിൽ നഴ്‌സുമാർക്ക് തിരിച്ചടവ് കാലാവധി നീട്ടി നൽകുകയാണ് വേണ്ടത്. അവർക്കു കയ്യിൽ കിട്ടുന്ന ശമ്പളത്തിന്റെ 40% തിരിച്ചടവ് വരുന്ന രീതിയിൽ വായ്പകൾ പുനഃക്രമീകരിച്ചാൽ ഈ രംഗത്തെ പ്രശ്‌നങ്ങൾ തീരും. അല്ലെങ്കിൽ ഇതൊരു വലിയ സാമൂഹിക പ്രശ്‌നമായി ആരും എന്ന് തീർച്ച. കർഷക ആത്മഹത്യാ പോലെ നഴ്‌സുമാരും ആത്മഹത്യാ ചെയ്താലേ സർക്കാർ ഉണരൂ എന്നുണ്ടെങ്കിൽ ആ വാർത്ത കേൾക്കാൻ ഇനി അധികം സമയം വേണ്ടിവരില്ല.

എനിക്ക് നഴ്‌സുമാരോട് പറയാനുള്ളത്, നിങ്ങളെ ഇപ്പോൾ കറിവേപ്പില പോലെ കാണുന്നവർ തന്നെ നിങ്ങള്ക്ക് വേണ്ടി കടിപിടികൂടുന്ന കാലം വരും. UN റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 8% , 60 വയസിൽ കൂടുതലുള്ളവരാണ്. ഒരു 10 വര്ഷം കഴിയുമ്പോൾ അത് 15% വരെ ആകും. വയസായവർ കുടുംബങ്ങൾക്ക് ബാധ്യതയാകുന്ന ഇന്നത്തെ ലോകത്തു വയസായവർക്കു വേണ്ടിയുള്ള ഭവനകളും ആശുപത്രികളും ഇന്ത്യയിലെങ്ങും ഉയരും. അവരെ സംരക്ഷിക്കാം അപ്പോഴും നിങ്ങളെ കാണൂ. ഭൂമിയിലെ മാലാഖമാരുടെ വില അന്ന് മനസിലാകും നമ്മുടെ സമൂഹത്തിന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP