Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂലൈ ഒന്നുമുതൽ പാൻ കാർഡുമായും ഡിസംബർ 31-ന് മുൻപ് ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കണം; ആധാർ ഇല്ലാത്ത പാൻ കാർഡും അക്കൗണ്ടുകളും അസാധുവാകും; പാൻകാർഡുമായും ബാങ്ക് അക്കൗണ്ടുമായും ആധാർ ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ ഇത് വായിക്കുക

ജൂലൈ ഒന്നുമുതൽ പാൻ കാർഡുമായും ഡിസംബർ 31-ന് മുൻപ് ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കണം; ആധാർ ഇല്ലാത്ത പാൻ കാർഡും അക്കൗണ്ടുകളും അസാധുവാകും; പാൻകാർഡുമായും ബാങ്ക് അക്കൗണ്ടുമായും ആധാർ ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ ഇത് വായിക്കുക

മറുനാടൻ ഡെസ്‌ക്‌

ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിന് ആധാർ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ, ആധാർ ജീവിതത്തിന്റെ നിർണായക രേഖയായി മാറുകയാണ്. പുതിയ അക്കൗണ്ടുകളെടുക്കുന്നതിനും എല്ലാത്തരം ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഡിസംബർ 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകുമെന്ന മുന്നറിയിപ്പും കേന്ദ്രംനൽകിയിട്ടുണ്ട്.

50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. വലിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാക്കിയതുപോലെയാണിത്. ഫലത്തിൽ പാൻകാർഡുപോലെ വിലപിടിച്ച രേഖയായി ആധാറും മാറിയിരിക്കുകയാണ്. എന്നാൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശവും കേന്ദ്രം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ജൂലൈ ഒന്നുമുതൽ പാൻ നമ്പരുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) നിർദ്ദേശിച്ചിട്ടുണ്ട്. പാൻ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടൻ ഇൻകം ടാക്സ് അധികൃതരെ ആധാർ നമ്പർ അറിയിക്കുകയും വേണം.

ആധാർ ഇല്ലാത്തവർക്കും അപേക്ഷിച്ച് ലഭിക്കാത്തവർക്കും സുപ്രീംകോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ജൂലൈ ഒന്നിനുശേഷം ഇത്തരം ഇളവുകൾ ഉണ്ടാകില്ല. ജൂലൈ ഒന്നിനു ശേഷം പുതിയ പാൻ നമ്പർ എടുക്കുന്നതിനും ആധാർ നിർബന്ധമാക്കി. പാൻ അസാധുവായാൽ ഉപയോക്താവിനു യാതൊരുവിധ ബാങ്ക് ഇടപാടുകളും നടത്താനാവില്ല. വ്യാജ പാൻ കാർഡുകൾ തടയുന്നതിന്റെ ഭാഗമായാണ് ആധാർ നിർബന്ധമാക്കുന്നത്.

പാൻ കാർഡിനെ ആധാറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ആദായനികുതി വകുപ്പിന്റെ ഹോംപേജിൽ തന്നെ പ്രത്യേക ലിങ്കുണ്ട്. https://incometaxindiaefiling.gov.in/ എന്ന വെബൈസൈറ്റ് തുറക്കുമ്പോൾ തന്നെ ആധാർ ചേർക്കാനുള്ള ലിങ്ക് കാണാം.

ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം അതതു കോളങ്ങളിൽ പാൻ, ആധാർ നമ്പർ, ആധാറിലെ പേര് എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിസ്‌പ്ലേയിൽ കാണുന്ന കപാച്ചെ കോഡ് എന്റർ ചെയ്യുക. തുടർന്ന് തൊട്ടുതാഴെയുള്ള ലിങ്ക് ആധാർ എന്ന പച്ച നിറത്തിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക. പാൻ ആധാറുമായി ലിങ്ക് ചെയ്‌തെന്ന മെസേജ് അപ്പോൾ തന്നെ ലഭിക്കുകയും ചെയ്യും.

ആധാറിലെയും പാൻ കാർഡിലെയും ജനനത്തീയതിയും ലിംഗവും ഒരുപോലെ ആണെങ്കിലും ചിലർക്ക് ഈ രണ്ടു കാർഡുകളിലും പേര് വ്യത്യസ്തമായിരിക്കും. അത്തരക്കാർക്ക് പ്രത്യേകമായി ഒടിപി നമ്പർ അയച്ചുതരും. അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാം.

ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ

ആധാർ നമ്പറും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന്റെ ആവശ്യകത ഉപഭോക്താക്കളെ ബാങ്കുകൾ എസ്.എം.എസിലൂടെയും ഇമെയിലൂടെയും അറിയിക്കുന്നുണ്ട്. നിലവിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആധാർ നിർബന്ധമാണെങ്കിലും, ആറുമാസത്തിനുള്ളിൽ ആധാർ നമ്പർ ചേർത്തുകൊള്ളാമെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടുകൽ തുറക്കാൻ അനുമതി നൽകുന്നുണ്ട്.

പല ബാങ്കുകളും എടിഎമ്മുകളിലൂടെ ആധാർ നമ്പർ ലിങ്ക് ചെയ്യാൻ അവസരം നൽകുന്നുണ്ട്. ആക്സിസ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ആധാർ ലിങ്ക് ചെയ്യാൻ, എടിഎമ്മിൽ പ്രവേശിച്ച് അതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ കൊടുത്താൽ മതി. ഫോൺ ബാങ്കിങ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിൽ ഫോൺ ബാങ്കിങ് സെന്ററിലേക്ക് ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. ഡെബിറ്റ് കാർഡ് നമ്പറോ കസ്റ്റമർ ഐഡിയോ നൽകി പ്രവേശിക്കുക. ആധാർ നമ്പർ ചേർക്കുന്നതിന് 4 അമർത്തുക. അതുറപ്പാക്കുന്നതിന് 1 അമർത്തുക.

എസ്.എം.എസ്. വഴിയാണ് ആധാർ ചേർക്കുന്നതെങ്കിൽ, SMS Aadhaar <Aadhaar No.>AC <last 6 digits of A/C no.> to 5676782 എന്ന ഫോർമാറ്റ് ഉപയോഗിക്കുക. ഐ.സിഐസി.ഐ ബാങ്കുപഭോക്താക്കൾക്ക് https://www.icicibank.com/campaigns/mailers/aadhaar_mailer/images/Stay_Connected_Form.pdf എന്ന ഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

എച്ച്.ഡി.എഫ്.സി ബാങ്ക് ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിങ്ങിൽക്കയറി വ്യൂ/ അപ്ഡേറ്റ് ആധാർ ഡീറ്റെയിൽസ് എന്ന സെക്ഷനിൽനിന്ന് ആധാർ നമ്പർ ലിങ്ക് ചെയ്യാം.. നമ്പർ നാല് ദിവസത്തിനകം അക്കൗണ്ടിനൊപ്പം ചേർക്കപ്പെടും. എസ്.ബി.ഐയിൽ www.onlinesbi.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിർദ്ദേശങ്ങൾ പിന്തുടരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP