Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്‌ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ

ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്‌ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: അടുത്തമാസം മുതൽ ജിഎസ്ടി യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരുമ്പോൾ കേരളത്തിന് അടക്കം ഗുണകരമായി കാര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിഎസിടിയിലേക്കുള്ള യാത്രയുടെ ഭാഗമായി നിരവധി യോഗങ്ങൾ ജിഎസ്ടി കൗൺസിലിൽ നടന്നു. സംസ്ഥാന ധനമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ എല്ലാ അർത്ഥത്തിലും രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നേടിയത് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആയിരുന്നു. മറ്റ് മന്ത്രിമാരുടെ പിന്തുണയ്‌ക്കൊപ്പം ദേശീയ അന്തർദേശീയ ബിസിനസ് മാധ്യമങ്ങളുടെ പ്രിയതാരവുമായി ഐസക്ക് മാറി.

സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്ക് പോരാട്ടം നടത്തിയപ്പോൾ പലപ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാർ പോലും അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്ന സാഹചര്യമാണ് സംജാതമായത്. എല്ലാ അർത്ഥത്തിലും ജിഎസ്ടി കൗൺസിലിലെ 'പ്രതിപക്ഷ നേതാവിന്റെ' റോളായിരുന്നു ഐസക്കിന്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ഏറ്റവു അധികം വെള്ളം കുടിപ്പിച്ചതും പുതിയ കാര്യങ്ങൾ പഠിപ്പിച്ചതും പ്രശ്‌നപരിഹാരിയായി നിന്നതും തികഞ്ഞ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്ക് ആയിരുന്നു.

ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം അടക്കം പൊളിച്ചു കൊണ്ടായിരുന്നു ഐസക്ക് തുടക്കത്തിൽ മുതൽ താരമായി മാറിയത്. പിന്നീട് ഓരോ ഘട്ടത്തിലും ഐസക്കിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായി. ഏറ്റവും ഒടുവിൽ സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാൻ വേണ്ടിയും ജിഎസ്ടി കൗൺസിൽ യോഗത്തിൽ അതിശക്തമായ പോരാട്ടം തന്നെ നടത്തേണ്ടി വന്നു ഐസക്കിന്. ജിഎസ്ടി കൗൺസിലിൽ കേരളം ഏതാണ്ട് ഒറ്റയാൾ പോരാട്ടമാണു ഈ വിഷയത്തിൽ നടത്തിയത്. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

എല്ലാ ലോട്ടറിക്കും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം കൗൺസിൽ അംഗീകരിക്കുമെന്നായപ്പോൾ, ഈ തീരുമാനത്തിന്റെ ഭാഗമാകാൻ തയ്യാറല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നു തുറന്നടിക്കേണ്ട അവസ്ഥയുമുണ്ടായി. ലോട്ടറിയുൾപ്പെടെ എല്ലാ ചൂതാട്ടങ്ങൾക്കും 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു ജിഎസ്ടി കൗൺസിലിന്റെ ആദ്യം യോഗം മുതൽ കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. എന്നാൽ ലോട്ടറിക്ക് അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശമാണ് ജിഎസ്ടി കൗൺസിൽ മുന്നോട്ടു വെച്ചത്. 28 ശതമാനം നികുതി ചുമത്തിയാൽ ലോട്ടറി വ്യാപാരം തകരുമെന്ന വാദവുമായി ലോട്ടറി വ്യാപാരികളുടെ അഖിലേന്ത്യാ സംഘടന ലോബിയിംഗുമായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. ഒടുവിൽ, അവസാന കൗൺസിൽ യോഗമെന്ന പഴുതുപയോഗിച്ച് അഞ്ചു ശതമാനം നികുതി എന്ന നിർദ്ദേശം ഏതാണ്ട് അംഗീകരിക്കുന്ന ഘട്ടമെത്തി.

മണികുമാർ സുബ്ബയും സാന്റിയാഗോ മാർട്ടിനും സുഭാഷ് ചന്ദ്രയുമടങ്ങുന്ന ലോട്ടറി മാഫിയയുടെ ചൂഷണത്തെക്കുറിച്ച് സമാഹരിച്ച എല്ലാ വിവരങ്ങളും കൗൺസിലിനെ ധരിപ്പിച്ച് ഏതാണ്ട് ഒന്നര മണിക്കൂറോളം ശക്തമായ വാദം നിരത്തി. ഒടുവിൽ ഈ മാഫിയയ്ക്കു വേണ്ടി തീരുമാനമെടുത്താൽ കേരളം യോഗം ബഹിഷ്‌കരിക്കുമെന്നും നിലപാട് സ്വീകരിച്ചു. അപ്പോഴാണ് ജമ്മു കാശ്മീർ ധനമന്ത്രി ഒരു നിർദ്ദേശം വെച്ചത്. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

അതായത്, അതതു സംസ്ഥാനങ്ങളിൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം. സംസ്ഥാനത്തിനു പുറത്തു പോയാൽ 28 ശതമാനം. സംസ്ഥാന ലോട്ടറിക്കും 28 ശതമാനം തന്നെ വേണമെന്നായിരുന്നു നമ്മുടെ നിലപാട്. എല്ലാ ലോട്ടറിക്കും 28 ശതമാനമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം ജിഎസ്ടി കൗൺസിലിന് ഉപേക്ഷിക്കേണ്ടി വന്നതും അന്യസംസ്ഥാന ലോട്ടറികൾക്ക് 28 ശതമാനം നികുതിയെന്ന നിലപാടിലേയ്ക്ക് എത്തിയതും കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലമാണ്. ആ അർത്ഥത്തിൽ ഈ തീരുമാനം കേരളത്തിന്റെ വിജയം തന്നെയാണെന്നും ഐസക്ക് പറയുന്നു.

നേരത്തെ ജിഎസ്ടിയിലെ നികുതി പിരിക്കൽ അധികാരം സംബന്ധിച്ച തർക്കം മുറുകിയപ്പോൾ താരമായത് ഐസക്കായിരുന്നു. ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ഒളിപ്പിച്ചു കൊണ്ടായിരുന്നു അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നത്. സംസ്ഥാനങ്ങളുടെ നികുതി പിരിക്കൽ അധികാരത്തിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്ന് ഭിന്നമായി കൈകടത്താൻ ജെയ്റ്റ്ലി ശ്രമിച്ചതോടെ ഈ വിഷയത്തിൽ ശക്തമായി സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്കി വാദിച്ചു. ഇതോടെ കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസ്സിലാക്കി കാശ്മീർ, പശ്ചിമബംഗാൾ മന്ത്രിമാരും ഐസക്കിനൊപ്പ ചേർന്നു.

സേവന നികുതി പിരിക്കുന്നതിലെ തർക്കമായിരുന്നു ഇത്. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിവ് സംസ്ഥാനങ്ങളും അതിനു മേലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്നതുമായ രീതിയായിരുന്നു ഒരു നിർദ്ദേശം. റിട്ടേൺ നൽകുന്ന വ്യാപാരികളെയും സേവന ദാതാക്കളേയും തട്ടുകളായി തിരിച്ചുള്ള പിരിവിന്റെ സാധ്യത ആരാഞ്ഞുള്ളതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. ആദ്യത്തെ മാർഗം സ്വീകാര്യമാണെന്ന് നേരത്തെ തന്നെ ധാരണയായിരുന്നെങ്കിലും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.. ഇതോടെ ഐസക് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സേവന നികുതി നൽകുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് കേന്ദ്രം മറച്ചുവച്ചതായി കുറ്റപ്പെടുത്തി മറ്റു ചില സംസ്ഥാനങ്ങളും എതിർപ്പുയർത്തി.

കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നികുതി പിരിക്കുന്ന ഇരട്ട നികുതി നിയന്ത്രണം നികുതിദായകർക്ക് അധികഭാരമാകുമെന്നതിലും കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഐസക് വിവരിച്ചതോടെ ബംഗാൾ, കാശ്മീർ ധനമന്ത്രിമാരും എതിർപ്പുന്നയിച്ചു. ഇതിനിടെ ഇതിന്റെ പ്രശ്നങ്ങൾ എത്രത്തോളം ഗൗരവതരമാണെന്ന് മനസ്സിലാകാതിരുന്ന ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഐസക്കിനോടുതന്നെ വിവരങ്ങളാരായാനും തിരക്കുകൂട്ടി.

ആഡംബര നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ എതിർത്തു കൊണ്ടാണ് ഐസക്ക് പിന്നീട് താരമായത്. ആഡംബര നികുതി 30 ശതമാനം ചുമത്തണമെന്നായിരുന്നു ഐസക്കിന്റെ ആവശ്യം. ഈ ആവശ്യത്തെ മറ്റ് ധനമന്ത്രിമാരും പിന്തുണച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ തുടക്കത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആര് നികത്തും എന്നതിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഐസക്കിന്റെ നിലപാടാണ് നിർണായകമായത്. ഇക്കാര്യത്തിൽ കേന്ദ്രം നഷ്ടം നികത്തണമെന്ന നിലപാടാണ് ഐസക്ക് കൈക്കൊണ്ടത്. അത് ശരിയായി വരികയും ചെയ്തു.

ജിഎസ്ടി യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം തോമസ് ഐസക്ക് തന്നെയായിരുന്നു ദേശീയ മാധ്യമങ്ങളിലെയും താരം. പല ദേശീയ ചാനലുകളിലും തത്സമയ ചർച്ചകളിൽ ഐസക് കാര്യങ്ങൾ വ്യക്തമാക്കി. ജെയ്റ്റ്ലിയുടെ പത്രസമ്മേളനത്തിന് മുമ്പുതന്നെ കാര്യങ്ങൾ വ്യക്തമാക്കാൻ പോലും പലരും ഐസക്കിന് വിളിച്ചു. പല ദേശീയ മാധ്യമങ്ങളിലും ഇക്കാര്യത്തിൽ ഐസകിന്റെ പ്രത്യേകം ഇന്റർവ്യൂകളും പ്രസിദ്ധീകരിച്ചു. സിഎൻബിസിയും റോയിട്ടേഴ്‌സും ഐസക്കിനോട് അഭിപ്രായം ആരാഞ്ഞ് നിരവധി വാർത്തകളാണ് എഴുതിയത്. എല്ലാ യോഗങ്ങളിലും സംസ്ഥാന താൽപ്പര്യം മുൻനിർത്തി തന്നെയായിരുന്നു ഐസക്കിന്റെ നീക്കങ്ങൾ.

ലോകംമുഴുവൻ ഉറ്റുനോക്കുന്ന നികുതി പരിഷ്‌കരണമാണ് ഇന്ത്യയിലെ ജിഎസ്ടി നടപ്പാക്കൽ എന്നതുകൊണ്ടുതന്നെ റോയിട്ടേഴ്സിന്റെ ഗ്ളോബൽ ന്യൂസ് അപ്ഡേറ്റിലും സിഎൻഎൻ ന്യൂസിലുമെല്ലാം കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിക്കും മറ്റ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർക്കും മുന്നോടിയായി തന്നെ ഐസക്കിന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇതോടൊപ്പം മിക്ക ദേശീയ ചാനലുകളും ഐസക്കിന്റെ ബൈറ്റിനായി ക്യൂ നിന്നു. ചുരുക്കത്തിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ ഒരു പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു ഐസക്ക് പല സമയത്തു തെറ്റുകൾ ചൂണ്ടിക്കാട്ടി ജെയ്റ്റ്‌ലിയോട് തർക്കിച്ചു അദ്ദേഹം. പലപ്പോഴും ജെയ്റ്റ്‌ലിക്ക് തലവേദന ഉണ്ടാക്കിയത് ഐസക്കിന്റെ കടുത്ത നിലപാടുകളായിരുന്നു.

ഒരു ഘട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ജെയ്റ്റ്‌ലി തോമസ് ഐസക്കിനെ ക്ഷണിക്കുക പോലും ഉണ്ടായതായാണ് റിപ്പോർട്ട്. ഐസക്കിന്റെ സേവനം കേരളത്തിൽ മാത്രം ഒതുങ്ങരുതെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പക്ഷം. ജിഎസ്ജിയിൽ തനിക്ക് ഏറെ തലവേദന ഉണ്ടാക്കിയെങ്കിലും ഐസക്കിന്റെ കഴിവിനെയു നിരീക്ഷണത്തെയു അംഗീകരിക്കുന്ന നിലപാടായിരുന്നു കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക്. ഏറ്റവും ഒടുവിൽ ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ നിർണായകമായ തിരുത്തൽ ശക്തിയായി മാറിയതും ഐസക്കായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP