Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ഐസിസ് തലവൻ സജീർ അബ്ദുള്ള കൊല്ലപ്പെട്ടു; കോഴിക്കോട് മൂഴിക്കൽ സ്വദേശിയുടെ മരണം അഫ്ഗാനിലെ ഐസിസ് ക്യാമ്പിന് നേരെ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ; മൃതദേഹത്തിന്റെ ചിത്രവും സന്ദേശവും കാസർകോട്ടെ അഷ്ഫാഖിന്റെ ബന്ധുവിന് ലഭിച്ചു; എൻജിനിയറിങ് ബിരുദം നേടി ഐസിസ് ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തെ യുവാവിന്റെ 'ജിഹാദിന്' അന്ത്യം

കേരളത്തിലെ ഐസിസ് തലവൻ സജീർ അബ്ദുള്ള കൊല്ലപ്പെട്ടു; കോഴിക്കോട് മൂഴിക്കൽ സ്വദേശിയുടെ മരണം അഫ്ഗാനിലെ ഐസിസ് ക്യാമ്പിന് നേരെ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ; മൃതദേഹത്തിന്റെ ചിത്രവും സന്ദേശവും കാസർകോട്ടെ അഷ്ഫാഖിന്റെ ബന്ധുവിന് ലഭിച്ചു; എൻജിനിയറിങ് ബിരുദം നേടി ഐസിസ് ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തെ യുവാവിന്റെ 'ജിഹാദിന്' അന്ത്യം

എംപി റാഫി

കോഴിക്കോട്: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവൻ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശേരി(35) കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സജീർ കൊല്ലപ്പെട്ടുവെന്നുള്ള സന്ദേശവും ചിത്രവും കാസർകോട് പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് ബന്ധുവിന് അയച്ചിട്ടുള്ളത്. സജീർ മരിച്ചതായി കഴിഞ്ഞ ഏപ്രിലിൽ വാർത്ത പുറത്തു വന്നിരുന്നെങ്കിലും സ്ഥിരീകിക്കുന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രവും സന്ദേശവുമാണ് ഐഎസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ് തന്റെ ബന്ധുവിന് അയച്ചിട്ടുള്ളത്.

ഇന്ന് രാവിലെ ആറ് മണിക്കാണ് സ്ഥിരം സന്ദേശമയക്കാറുള്ള അഷ്ഫാഖ് ടെലഗ്രാം മെസഞ്ചർ വഴി സന്ദേശമയച്ചത്. ഐഎസ് ഖലീഫ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോഴാണ് സജീർ മരിച്ചു കിടക്കുന്ന ഫോട്ടോയും കൊല്ലപ്പെട്ടതായുള്ള സന്ദേശവും അയച്ചത്. ഐഎസിലെത്തിയ മറ്റു മലയാളികളെ കുറിച്ച് നേരത്തെ അഷ്ഫാഖ് സന്ദേശം അയക്കാറുണ്ടെങ്കിലും സജീറിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചിരുന്നില്ല. ഇതാദ്യമായാണ് സജീർ കൊല്ലപ്പെട്ടതായി ഐഎസ് ക്യാമ്പിൽ നിന്നും സ്ഥിരീകരണം വരുന്നത്.

മൂന്നര മാസം മുമ്പ് അഫ്ഗാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സജീർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അനുമാനം. അഫ്ഗാനിസ്ഥാനിലെ നംഗാർഹർ പ്രവിശ്യയിൽ മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ കാസർകോഡ് പടന്ന സ്വദേശി ടികെ മുർശിദ് മുഹമ്മദ്, ഹഫീസുദ്ധീൻ, പാലക്കാട് യാക്കര സ്വദേശി യഹിയ എന്നിവർ കൊല്ലപ്പെട്ടതായി അഷ്ഫാഖ് ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ സംഘത്തിലെ മറ്റു മലയാളികൾക്ക് യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു തൊട്ടടുത്ത ദിവസങ്ങളിൽ അഷ്ഫാഖ് സന്ദേശമയച്ചിരുന്നത്. അതേസമയം കൂടുതൽ പേർ മരിച്ചതായും മരിച്ചവരെ തിരിച്ചറിയാൻസാധിച്ചിട്ടില്ലെന്നുമായിരുന്നു അഫ്ഗാനിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ. സജീർ അബ്ദുള്ള കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണഏജൻസികൾക്കും നേരത്തേ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഔദ്യോഗികസ്ഥിരീകരണം ഇതിനും ഉണ്ടായിരുന്നില്ല.

കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയാണ് സജീർ അബ്ദുള്ള മംഗലശ്ശേരി. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് സിവിൽ എൻജിനിയറിങ് ബിരുദം നേടിയശേഷം ജോലിതേടി യു.എ.ഇയിൽ എത്തിയ സജീർ അവിടെനിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സജീർ തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി. മലയാളികളുടെ പല ഫേസ് ബുക്ക് ഗ്രൂപ്പുകളിലും സജീർ സജീവ സാന്നിദ്ധ്യമായിരുന്നു.

ദുബായിൽ ഉയർന്ന ജോലിയും സ്വന്തമായി ഡ്രൈവറും വാഹനങ്ങളുമൊക്കെ ഉണ്ടായിരുന്ന സജീർ ഉയർന്ന ബുദ്ധി വൈഭവവും ഐടി വൈദഗ്ദ്യവും ഉള്ളയാളാണ്. സജീർ അബ്ദുള്ളയെ കുറിച്ചുള്ള വിശദ വിവരങ്ങൾ കഴിഞ്ഞ വർഷം മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലായിരുന്നു സജീറിന്റെ സ്‌കൂൾ പഠനം. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു പത്ത് വർഷം മുമ്പ് മരിച്ച പിതാവ് അബ്ദുള്ള. പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ് ഉമ്മയുടെ നാടായ കോഴിക്കോട് മൂഴിക്കലിലേക്ക് താമസം മാറ്റിയത്. പഠിക്കുന്ന കാലത്തും തുടർന്ന് അവധിക്ക് നാട്ടിലെത്തുമ്പോഴുമെല്ലാം നാട്ടുകാരുമായി അധികം ഇടപഴകുന്ന സ്വഭാവം സജീറിന് ഉണ്ടായിരുന്നില്ല. അയൽവാസികളോടു പോലും മിണ്ടാത്ത പ്രകൃതമായിരുന്നു സജീറിന് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ നേരത്തെ മറുനാടനോടു പറഞ്ഞിരുന്നു. അതേസമയം സജീറിന് നല്ല ബുദ്ധി വൈഭവമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഓൺലൈൻ വഴി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രധാന ചുമതലക്കാരനാണ് സജീർ. സജീറിന്റെ കൂട്ടാളിയും കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ മുഈനുദ്ദീനെ രണ്ട് മാസം മുമ്പ് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ സജീറിനൊപ്പം ഉണ്ടായിരുന്ന മുഈനുദ്ദീൻ യു.എ.ഇയിലേക്ക് തിരിച്ചെത്തിയപ്പോൾ ഇവിടെ വെച്ച് പിടികൂടി ജയിലിലടക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കയറ്റിവിടുകയുമായിരുന്നു. സജീറിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ മുഈനുദ്ദീനിൽ നിന്നാണ് എൻ.ഐ.എക്കു ലഭിച്ചത്. സോഷ്യൽ മീഡിയ വഴി വൻ റിക്രൂട്ട് മെന്റ് തന്നെ നടക്കുന്നതായി മൂഈനുദ്ദീനിൽ നിന്നും വിവരം ലഭിച്ചു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയ വഴി തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും ഐഡികളും എൻ.ഐ.എയുടെ പ്രത്യേക നിരീക്ഷണ വലയത്തിലാണ്.

കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തതിൽ സജീറിന് മുഖ്യ പങ്കാണുള്ളതെന്ന് എൻ.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. 2016 ഒക്ടോബർ രണ്ടിന്കനകമലയിൽ നിന്നും പിടികൂടിയവരുടെ അറസ്റ്റോടെയാണ് സജീറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്. സജീർ അടക്കമുള്ള പത്തിലധികം പേർക്കെതിരെ കേരളത്തിൽ എൻ.ഐ.എ ഐഎസ് കേസ് രജിസ്റ്റർ ചെയ്തതും കനകമല അറസ്റ്റിനു ശേഷമായിരുന്നു. സോഷ്യൽ മീഡിയവഴി വ്യാജ പ്രൊഫൈലുണ്ടാക്കി സജീർ ഐസിസ്ആശയങ്ങൾ പ്രചരിപ്പിക്കുകയും ജിഹാദിനായി ആഹ്വാനം ചെയ്തുകൊണ്ടിരുന്നതും
അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്നും തലവേദന സൃഷ്ടിച്ചു.

ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളികളെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ അൽമുഹാജിറൂൻ ബ്ലോഗിനു പിന്നിലും സജീർ അബ്ദുള്ളയായിരുന്നു. രണ്ട് തവണ പ്രത്യക്ഷപ്പെട്ട ഈ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിരിക്കുകയാണിപ്പോൾ. നിരവധി വ്യാജ പ്രൊഫൈലുകൾ സജീർ ഉപയോഗിച്ചിരുന്നു. സമീറലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വിഴിയായിരുന്നു മലയാളത്തിൽ ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചതും അൽമുഹാജിറൂൻ ബ്ലോഗിലെലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നതുമെല്ലാം. സമീർ അലി എന്ന അക്കൗണ്ട് മൂന്ന് തവണ പൂട്ടിച്ചെങ്കിലും വീണ്ടും ഇതേ പേരിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. വിവിധ പേരുകളിൽ പത്തിലേറെ അക്കൊണ്ടുകൾ സജീറിനു മാത്രം ഉണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ടുകളെല്ലാം കഴിഞ്ഞ മൂന്ന് മാസത്തിലധികമായി നിശ്ചലമാണെന്നത് സജീർ കൊല്ലപ്പെട്ടതായി കൂടുതൽ സംശയ ജനിപ്പിച്ചു.

സജീറിന്റെ മൂഴിക്കലിലെ വീട്ടിൽ നിന്നും മാതാവും സഹോദരങ്ങളും താമസം മാറിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇവർക്ക് സജീറിനെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണ ഏജൻസികൾ നിരന്തരമായി കയറി ഇറങ്ങിയതോടെ ഇവർ വീട് പൂട്ടി താമസം മാറ്റുകയായിരുന്നു. സജീർ അബ്ദുള്ള കൊല്ലപ്പെട്ടതായി അഫ്ഗാനിൽ സജീറുമായി അടുത്ത ബന്ധമുള്ള ചിലർ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നതായി നേരത്തെ എൻ.ഐ.എ ഉദ്യോഗകസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. എന്നാൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോൾ അഷ്ഫാഖ് അയച്ച ഫോട്ടോ സജീറിന്റേതാണെന്ന് എൻ.ഐ.എ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പറ്റില്ലെന്ന് എൻ.ഐ.എ അറിയിച്ചു.

അഫ്ഗാനിലെ ഐസിസ് മേഖലയിൽ നിന്നും വിവരങ്ങൾ ലഭിക്കുക പയാസമാണ്. അഫ്ഗാൻ ഭരണകൂടത്തിനു പോലും ഐഎസ് മേഖലയിലേക്ക് പ്രവേശിക്കുക അസാധ്യമാണെന്നതാണ് ഇതിനു കാരണം.സജീർ അബ്ദുള്ള താടിയും മീശയും ഷേവ് ചെയ്തുള്ള ഫോട്ടോയായിരുന്നു നേരത്തെ മറുനാടൻ മലയാളി പുറത്തു വിട്ടത്. ഇപ്പോൾ അഷ്ഫാഖ് അയച്ചത് താടി നീട്ടി വളർത്തിയ സജീറിന്റെ ഫോട്ടോയാണ്. ഖുർആൻ അധ്യായം സൂറത്തുൽ ബഖറയിലെ സൂക്തം ഫോട്ടോയുടെ ഒരു വശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ കുറിച്ച സൂക്തം ഇങ്ങനെയാണ്: ' വേറെ ചില ആളുകളുണ്ട് അള്ളാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവർ വിൽക്കുന്നു. അള്ളാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP