Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ഐസക്കിന്റെ പിടിവാശിക്ക് മുമ്പിൽ അരുൺ ജെയ്റ്റ്‌ലി വലഞ്ഞപ്പോൾ ലോട്ടറിയടിച്ചത് കേരളത്തിന്; അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലെ ലോട്ടറിയെക്കാൾ 16ശതമാനം നികുതി കൂടുതൽ; 7500 രൂപയിൽ താഴെയുള്ള മുറികളിൽ താമസിച്ചാലും നികുതി കുറവ്

തോമസ് ഐസക്കിന്റെ പിടിവാശിക്ക് മുമ്പിൽ അരുൺ ജെയ്റ്റ്‌ലി വലഞ്ഞപ്പോൾ ലോട്ടറിയടിച്ചത് കേരളത്തിന്; അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലെ ലോട്ടറിയെക്കാൾ 16ശതമാനം നികുതി കൂടുതൽ; 7500 രൂപയിൽ താഴെയുള്ള മുറികളിൽ താമസിച്ചാലും നികുതി കുറവ്

ന്യൂഡൽഹി: ധനകാര്യം അറിയാവുന്ന തോമസ് ഐസക്കിന് മുന്നിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അടിയറവ് പറഞ്ഞു. ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) മറവിൽ അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിലെത്തുന്നതു അങ്ങനെ തടയാനുമായി.

ധനമന്ത്രി തോമസ് ഐസക്ക് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പൊട്ടിത്തെറിച്ചതോടെയാണ് ജെയ്റ്റ്‌ലി ഈ വിഷയത്തിൽ കേരളത്തിന്റെ പക്ഷത്ത് എത്തിച്ചത്. ലോട്ടറിയിൽ കടുത്ത നിലപാടാണ് തോമസ് ഐസക് എടുത്തത്. ഇറങ്ങിപ്പോകാൻ ഒരുങ്ങിയ തോമസ് ഐസക്കിനെ അനുനയിപ്പിക്കാൻ, ഇടനിലക്കാർ മുഖേനയുള്ള ഇതര സംസ്ഥാന ലോട്ടറികൾക്ക് 28% ജിഎസ്ടി ഏർപ്പെടുത്താൻ കൗൺസിൽ സമ്മതിച്ചു. സംസ്ഥാന സർക്കാരുകൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനമാകും ജിഎസ്ടി നിരക്ക്. നേരത്തേ അഞ്ചു ശതമാനം ജിഎസ്ടി നിരക്കാണു പരിഗണിച്ചിരുന്നത്.

കുതിരപ്പന്തയത്തിനും ചൂതാട്ടത്തിനും 28% നികുതിയുള്ളപ്പോൾ ലോട്ടറിക്കു കുറഞ്ഞ നിരക്കിലുള്ള നികുതി സ്വീകാര്യമല്ലെന്നു തോമസ് ഐസക് നിലപാടെടുത്തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണു ലോട്ടറി ജിഎസ്ടി നിരക്കു കുറയ്ക്കാനായി കൗൺസിലിൽ സമ്മർദം ചെലുത്തിയത്. എന്നാൽ അത് വിലപ്പോയില്ല. ജമ്മു കശ്മീരും കേരളത്തിന് അനുകൂലമായ നിലപാടെടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ലോട്ടറികൾ ഇടനിലക്കാർ മുഖേനയായതിനാൽ ടിക്കറ്റ് വിലയുടെ മുഖവിലയുടെ 28% ജിഎസ്ടി നിരക്കിൽ കേരളത്തിൽ ലോട്ടറി വിൽപന ലാഭകരമാകില്ലെന്നാണു കണക്കാക്കുന്നത്. അന്യ സംസ്ഥാന ലോട്ടറികളുടെ ഏജൻസി എടുക്കുന്നവർക്ക് സംസ്ഥാന ലോട്ടറി ഏജൻസി നൽകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

നക്ഷത്ര ഹോട്ടലുകളിലെ എസി മുറിവാടക ഇനത്തിൽ 28% ശതമാനം നികുതി ബാധകമാക്കേണ്ട വാടകനിരക്ക് 5000 രൂപ മുതലെന്നത് 7500 രൂപമുതലാക്കാൻ തീരുമാനിച്ചു. കേരളവും ഗോവയും ഉൾപ്പെടെ ടൂറിസത്തിനു പ്രാധാന്യമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്താണിത്. ഇതും തോമസ് ഐസക്കിന്റെ ഇടപെടലിന്റെ ഫലമാണ്. 2500 രൂപ മുതൽ 7500 രൂപ വരെയുള്ള മുറിവാടകയ്ക്ക് 18% ആണു ജിഎസ്ടി. ഹൗസ് ബോട്ടുകളുടെ നിരക്കിലും ഇതനുസരിച്ചു കുറവു വരും. നക്ഷത്ര ഹോട്ടൽ റസ്റ്ററന്റുകളിലെ ജിഎസ്ടി 18% എന്നും നിശ്ചയിച്ചു. ആയുർവേദ മരുന്നുകളുടെ നികുതി അലോപ്പതിക്കു തുല്യമാക്കുക, സൗന്ദര്യ സംവർധക വസ്തു നികുതി ഉയർത്തുക, മുള ഉൽപന്ന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ 30നു ജിഎസ്ടി കൗൺസിൽ പരിഗണിക്കും.

ജിഎസ്ടി നടപ്പാക്കുമ്പോൾ നികുതി നിരക്കു കുറയുന്ന ഉൽപന്നങ്ങളുടെ വില കുറച്ച് ആനുകൂല്യം ഉപഭോക്താക്കൾക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ സമിതി വരും. ഇതിനായുള്ള ആന്റി പ്രോഫിറ്റീറിങ് ചട്ടത്തിനു ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. ജിഎസ്ടിയും മുൻകാല നികുതി നിരക്കും താരതമ്യം ചെയ്യുന്ന പട്ടിക സംസ്ഥാനങ്ങൾ പ്രസിദ്ധീകരിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കും. ജിഎസ്ടി നടപ്പാക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ നികുതിഭാരം കുറയുമെന്നും ഇതു കോർപറേറ്റുകൾ കയ്യടക്കാതിരിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമായി വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിന്റെ മറവിൽ നിർമ്മാതാക്കൾ ഉൽപന്നങ്ങളുടെ വില ഉയർത്തുന്നതു തടയാൻ നികുതിനിരക്കിലെ മാറ്റം കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തണമെന്നു കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. ഇതും അംഗീകരിക്കപ്പെട്ടു.

ജിഎസ്ടി ജൂലൈ ഒന്നുമുതൽ നടപ്പാക്കുമെങ്കിലും സ്ഥാപനങ്ങൾ ജൂലൈയിലെ റിട്ടേൺ സെപ്റ്റംബർ അഞ്ചിനകം സമർപ്പിച്ചാൽ മതിയാകുമെന്നു ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തെ റിട്ടേൺ സെപ്റ്റംബർ 10നു പകരം 20നു നൽകിയാൽ മതി. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ആഘോഷം ജൂൺ 30ന് അർധരാത്രി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടത്താൻ തീരുമാനിച്ചു. ജൂൺ 30നു ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷമാകും ആഘോഷം. ജൂലൈ ഒന്നിനാണു ജിഎസ്ടി നിലവിൽ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP