Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അച്ഛൻ കൊലയാളി': ആസ്ബറ്റോസ് എന്ന കൊലയാളിയെ കേരളത്തിൽ നിന്നും ഒഴിവാക്കൂ.. കാൻസർ ബാധയാൽ മരിച്ച പിതാവിനെ ഫാദേഴ്‌സ് ഡേയിൽ അനുസ്മരിച്ച് മുരളി തുമ്മാരുകുടിയുടെ ലേഖനം

'അച്ഛൻ കൊലയാളി': ആസ്ബറ്റോസ് എന്ന കൊലയാളിയെ കേരളത്തിൽ നിന്നും ഒഴിവാക്കൂ.. കാൻസർ ബാധയാൽ മരിച്ച പിതാവിനെ ഫാദേഴ്‌സ് ഡേയിൽ അനുസ്മരിച്ച് മുരളി തുമ്മാരുകുടിയുടെ ലേഖനം

മുരളി തുമ്മാരുകുടി

ഫാദേഴ്സ് ഡേ ആണല്ലോ. ഫേസ്‌ബുക്ക് പറയുമ്പോളാണ് അറിയുന്നത്. പറഞ്ഞത് നന്നായി. അച്ഛനെ പറ്റി ഒന്ന് കൂടി ഓർത്തു. അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷമാകുന്നു. ആദ്യകാലത്തൊക്കെ എപ്പോഴും ഓർക്കുമായിരുന്നു. പിന്നെ അത് സ്വപ്നത്തിൽ മാത്രമായി. ഇപ്പോൾ അത് പോലുമില്ല. ഓർക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഇഷ്ടം കൂടിയതുകൊണ്ടാണ്. സത്യത്തിൽ അച്ഛനെപ്പറ്റി എന്റെ മനസ്സിലുള്ള എല്ലാ ഓർമ്മകളും സന്തോഷത്തിന്റെയാണ്. ഒന്നൊഴിച്ച്. അതെന്താണെന്ന് പിന്നെ പറയാം. അച്ഛനെ പറ്റി ഞാൻ ഇരുപത് വർഷം മുൻപ് എഴുതിയ കുറിപ്പുകൾ ഇന്നും വായിച്ചാൽ ഞാൻ പൊട്ടിക്കരയും, അതുകൊണ്ടാണ് അച്ഛന്റെ ഓർമ്മകളെ എന്റെ മനസ്സ് മറച്ചു വച്ചിരിക്കുന്നത്. 

എല്ലാ അച്ഛന്മാരെപ്പറ്റിയും കുട്ടികൾ 'my father is the bestest' എന്നൊക്കെയാണല്ലോ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് അങ്ങനെ ഒന്നും പറഞ്ഞു ബോറാക്കുന്നില്ല. പക്ഷെ ഒന്ന് മാത്രം പറയാം. ഞാൻ കണ്ടിട്ടുള്ള എല്ലാ അച്ഛന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു എന്റെ അച്ഛൻ. കുട്ടികളുടെ സന്തോഷം, അതൊന്ന് മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യം. കുട്ടികളുടെ താല്പര്യമെന്തോ അതായിരുന്നു, അച്ഛന്റെയും. എല്ലാ അച്ഛന്മാരും അങ്ങനെയൊക്കെ അല്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. മിക്കവാറും എല്ലാ അച്ഛന്മാരും സ്വന്തം കുട്ടികളുടെ സന്തോഷവും താൽപര്യവും നോക്കുന്നവരാണ്. അതേസമയം തന്നെ കുട്ടികൾ തെറ്റ് ചെയ്താൽ തിരുത്തേണ്ട ഉത്തരവാദിത്തം, കുട്ടികൾക്ക് വേണ്ടി സമ്പാദിക്കേണ്ട ഉത്തരവാദിത്തം, ഇതൊക്കെ സാധാരണ അച്ഛന്മാർക്ക് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ എപ്പോഴും കുട്ടികളോട് സന്തോഷത്തോടെ പെരുമാറാനോ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി നിന്നുകൊടുക്കാനോ അച്ഛന്മാർക്ക് സാധിക്കാറില്ല.

ഇവിടെയാണ് എന്റെയച്ഛൻ വ്യത്യസ്തനാകുന്നത്. അത് അച്ഛന് കിട്ടിയ ഒരു ഭാഗ്യമാണ്. കാരണം മരുമക്കത്തായ സമ്പ്രദായത്തിലുള്ള അവസാനത്തെ കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മയുടെ വീട്ടിലാണ് ഞങ്ങൾ ജനിച്ചതും വളർന്നതും. അമ്മാവനാണ് വീട്ടിലെ കാരണവർ. കുട്ടികളെ അച്ചടക്കത്തിൽ വളർത്തേണ്ടതും അവർക്ക് വേണ്ടി സമ്പാദിക്കേണ്ടതും അമ്മാവനാണ്. അച്ഛന് ആ ഉത്തരവാദിത്തമൊന്നുമില്ല. വീട്ടിൽ വന്നാൽ ഞങ്ങളിൽ ഒന്നായി ഞങ്ങളോട് കഥ പറഞ്ഞ്, അമ്മയെ വീടിനകത്തും പുറത്തുമുള്ള എല്ലാ ജോലികളിലും സഹായിച്ച്, പനിയുള്ളപ്പോൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കിടന്ന്, പറമ്പിൽ ഞങ്ങൾക്ക് കുട്ടിപ്പുര വെച്ചുതന്ന് അവിടുത്തെ ചോറും കറിയും കഴിക്കുന്നതായി ഭാവിച്ച് ഒക്കെയായിരുന്നു അച്ഛന്റെ ജീവിതം. പെൻഷനായപ്പോൾ കിട്ടിയ പണം കൊണ്ട് ക്രിക്കറ്റ് കാണാൻ ടി വി വാങ്ങിത്തന്ന അച്ഛനായിരുന്നു ഞങ്ങളുടേത് (അന്ന് അച്ഛന് കിട്ടിയ മൊത്തം പ്രൊവിഡന്റ് ഫണ്ടിന്റെ നാലിലൊന്നായിരുന്നു ഒരു ടി വി യുടെ വില). കോളേജിൽ എല്ലാവരും ഒരു ബൈക്ക് വാങ്ങിത്തരാൻ അച്ഛന്മാരോട് വഴക്കു കൂടുന്ന കാലത്ത് 'എടാ നീ പോയി ഒരു ബുള്ളറ്റ് വാങ്ങണം, എന്നിട്ടു വേണം അതിന്റെ പുറകിൽ ഇരുന്നോന്നു ഗമക്ക് കറങ്ങാൻ' എന്നതായിരുന്നു അച്ഛന്റെ ലൈൻ. അതും കൂടി ചെയ്തിരുന്നെങ്കിൽ അച്ഛന്റെ പെൻഷൻ കാശ് മൊത്തം തീർന്നേനെ എന്ന് ഞങ്ങൾക്ക് ബോധ്യം ഉള്ളതുകൊണ്ട് ഞങ്ങൾ ബൈക്ക് വാങ്ങിയില്ല. അച്ഛൻ എന്നെ ഒരിക്കലും തല്ലുക പോയിട്ട് വഴക്ക് പറഞ്ഞിട്ടു കൂടിയില്ല. ഞങ്ങൾ എട്ടുപേരുടെയും കാര്യമാണിത്.

അച്ഛന് പക്ഷെ സ്വന്തം മക്കൾ, മറ്റുള്ളവരുടെ മക്കൾ, ജാതി, മതം ഇതൊന്നും ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. വെങ്ങോലയിലോ പോഞ്ഞാശ്ശേരിയിലോ ബസിറങ്ങിയാൽ വരുന്ന വഴിയിലുള്ള വീടുകളിലെ കുട്ടികൾക്കും വഴിയിൽ കാണുന്ന കുട്ടികൾക്കും കൈയിൽ കരുതിയ റസ്‌ക്കോ പരിപ്പുവടയോ ഒക്കെ കൊടുക്കുന്നത് പതിവായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ അടുത്ത വീട്ടിലെ കുട്ടികളെല്ലാം അച്ഛൻ കഥ പറയുന്നത് കേൾക്കാൻ വരും. പുരാണം മുതൽ തമിഴ് സിനിമ വരെ എന്തുതന്നെ അച്ഛൻ പറഞ്ഞാലും അതിനൊരു നാടകീയത ഉണ്ട്. എത്ര തവണ പറഞ്ഞാലും അത് കേട്ടിരിക്കാൻ രസവുമാണ്. ഇരുപതും മുപ്പതും കുട്ടികളും അതിന്റെ അടുത്ത സർക്കിളിൽ വല്യമ്മമാരും അമ്മായിമാരുമൊക്കെ അച്ഛന്റെ കഥ കേട്ടിരിക്കുന്ന രംഗം ഇന്നലത്തെ പോലെ ഞാനോർക്കുന്നു.

അച്ഛനെപ്പറ്റി ഏറെ പറയാനുണ്ട്. ഏറെ ദുരിതത്തിൽ നിന്നും തുടങ്ങിയ യാത്രയാണ്. പത്താം വയസ്സിൽ പഠിത്തം നിർത്തി ആരുടെയോ പറമ്പിൽ റബർ വെട്ടാൻ പോയി, അവിടെ നിന്നും ചായക്കടയിൽ സഹായിയായി, പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ അലൂമിനിയം കമ്പനിയിൽ തൊഴിലാളിയായി, പിന്നെ FACT യിൽ കാന്റീൻ ജീവനക്കാരനായി. എന്നാൽ കുട്ടികൾ ഉണ്ടായതിൽ പിന്നെ ജോലിക്ക് പോകുന്നതൊന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു. ലീവ് ഇല്ലാതേയും ലീവ് എടുക്കാതേയും ജോലിക്ക് പോകാതിരുന്നതിന് അച്ഛനെ അനവധി പ്രാവശ്യം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും അച്ഛനെ ബാധിച്ചില്ല. കുട്ടികളുടെ കൂടെ ഇരിക്കുക, കെട്ടിപ്പിടിക്കുക, അതൊക്കെ തന്നെ അച്ഛന്റെ ലോകം. അങ്ങനെ ചിന്തിക്കാൻ കഴിയുന്നവർ അപൂർവ്വമാണ്, അങ്ങനെ ഉള്ള അച്ഛന്മാരുടെ കുട്ടികൾ ഭാഗ്യം ചെയ്തവർ ആണ്. ആ അർത്ഥത്തിൽ ഞാൻ ഏറെ ഭാഗ്യം ചെയ്ത ആളാണ്.

അറുപത് വയസ്സിൽ അച്ഛൻ റിട്ടയറായി. എഴുപത്തിമൂന്നാമത്തെ വയസ്സിൽ മരിച്ചു. എഴുപത്തിമൂന്ന് വയസ്സ് അത്ര വലിയ പ്രായം ഒന്നുമല്ലല്ലോ. അച്ഛൻ സ്വാഭാവികമായി വയസ്സായി മരിച്ചതൊന്നും അല്ല. അതുകൊണ്ടാണ് 'അച്ഛന്റെ കൊലയാളി' എന്ന് തലക്കെട്ട് കൊടുത്തത്.

മീസോത്തീലിയോമ എന്ന ശ്വാസകോശത്തിന്റെ ആവരണത്തിനുണ്ടാകുന്ന കാൻസർ ബാധിച്ചാണ് അച്ഛൻ മരിച്ചത്. ഞാൻ ആണ് അച്ഛനെ സ്‌കാനിങ്ങിന് കൊണ്ട് പോയത്, എന്നോടാണ് ഡോക്ടർ അസുഖത്തെ പറ്റി പറഞ്ഞത്. ഭാഗ്യത്തിന്ഈ വിഷയത്തെ പറ്റി ഏറ്റവും ആധികാരികമായി പറഞ്ഞു തരാൻ പറ്റിയ ഒരാൾ അന്നെന്റെ കൂടെ ഉണ്ടായിരുന്നു. ഏറെ വേദനാജനകവും, ഇപ്പോഴും ചികിത്സ ഇല്ലാത്തതും ആയ ഒരു കാൻസറാണ് ഇത്. കണ്ടുപിടിച്ച് കഴിഞ്ഞാൽ ആറുമാസം മുതൽ പതിനെട്ട് മാസം വരെ ആണ് ശരാശരി ആയുസ്സ്. അതും ഏറെ വേദന സഹിക്കണം. അതേ സമയം കൊടുക്കാവുന്ന ചികിത്സകൾ ആകട്ടെ പലപ്പോഴും രോഗത്തെക്കാൾ വേദനാജനകമാണ്. അതിനാൽ അച്ഛന്റെ അസുഖം മനസ്സിലായതിന് ശേഷം ആർ സി സി യിലോ അമേരിക്കയിലോ കൊണ്ടുപോയി ചികിൽസിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനൊന്നും ഞങ്ങൾ ശ്രമിച്ചില്ല. ഐ സി യൂ വിൽ കിടക്കാൻ ഇടവരാതിരിക്കുക, പരമാവധി വേദന കുറഞ്ഞിരിക്കുക ഇത്രയേ ഞങ്ങൾ ശ്രദ്ധിച്ചുള്ളു. സന്ദർശന സമയത്തിലൊന്നും വലിയ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന പെരുമ്പാവൂരിലെ സാധാരണ ആശുപത്രിയിൽ ജനറൽ വാർഡിലായിരുന്നു അച്ഛന്റെ അവസാന ദിനങ്ങൾ.

ബ്രൂണെയിലായിരുന്നെങ്കിലും ഒരുമാസം അവധിയെടുത്ത് ഞാൻ അച്ഛന്റെ കൂടെ ചെലവഴിച്ചു. സ്വകാര്യ ഒറ്റമുറിയിലേക്ക് മാറാൻ സാമ്പത്തിക ബുദ്ധിമുട്ടോ പിശുക്കോ ഉണ്ടായിട്ടല്ല, മനുഷ്യരുടെ നടുവിലിരിക്കുന്നതാണ് അച്ഛന് എന്നും സന്തോഷം. അന്നും വാർഡിലുള്ള ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ അച്ഛൻ ചോദിച്ച് മനസ്സിലാക്കും. അവർക്ക് ഉച്ചഭക്ഷണം വാങ്ങാൻ മുതൽ അവരുടെ ആശുപത്രി ബില്ലടക്കാൻ പണം കൊടുക്കാൻ വരെ അച്ഛൻ ഞങ്ങളോട് പറയും, ഞങ്ങൾ അത് സന്തോഷത്തോടെ ചെയ്യും. അച്ഛനത് വലിയ സന്തോഷവും അഭിമാനവും ആയിരുന്നു. അച്ഛന് കാൻസറാണെന്നോ അധികകാലം ജീവിക്കില്ലെന്നോ ഞാൻ അവരോടൊന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ളവരും അച്ഛനെ കാണാനെത്തിയവരൊന്നും അച്ഛനെ 'രോഗി'യായി കണ്ടില്ല. രോഗം കണ്ടെത്തി ഒരു മാസത്തിനകം ഭാഗ്യത്തിന് അച്ഛൻ മരിച്ചു, സ്‌നേഹിക്കുന്നവരുടെ നടുവിൽ കിടന്ന്. അതിലെനിക്ക് സന്തോഷമേ ഉള്ളൂ. അന്ന് അച്ഛന്റെ ആയുസ്സ് അഞ്ചോ ആറോ മാസത്തേക്ക് നീട്ടിക്കിട്ടാൻ കൂടുതൽ സങ്കീർണ്ണവും ഇഷ്ടപ്പെട്ടവരിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതും ആയ ചികിത്സക്കൊന്നും പോകാത്തതിൽ എനിക്ക് ഇന്നും എനിക്ക് വിഷമമില്ല. സന്തുഷ്ടമായ കുടുംബ ജീവിതവും അഭിമാനത്തോടെ ഉള്ള അവസാനവും ആയിരുന്നു അച്ഛന്റേത്. ഇനി എന്റെ സമയം വരുമ്പോഴും ഇത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. അച്ഛൻ ഇപ്പോൾ എന്റെ ചിന്തകളിൽ അധികം എത്താത്തതും അതുകൊണ്ടാണ്.

എന്നാൽ വിഷമമുള്ള ഒന്നുണ്ട്. മീസോത്തിലോമ എന്ന കാൻസർ ആസ്ബറ്റോസിന്റെ നാരുകൾ ശാസിക്കുന്നതിൽ നിന്ന് മാത്രമാണ് ഉണ്ടാകുന്നത്. ഇത് ലോകം മനസ്സിലാക്കിയിട്ട് പതിറ്റാണ്ടുകൾ ആയി. ഇന്ഗ്ലാണ്ടിലും അമേരിക്കയിലും ആയിരക്കണക്കിനാളുകൾ ആണ് ഓരോ വർഷവും മീസോത്തീലിയയോമ വന്നു മരിക്കുന്നത്. അതുകൊണ്ട് തന്നെ വികസിത രാജ്യങ്ങൾ എല്ലാം തന്നെ ആസ്‌ബെസ്റ്റോസിനെ ഒരു കൊലയാളിയായിട്ടാണ് കാണുന്നത്. ആസ്‌ബെസ്റ്റോസിന്റെ പുതിയതായ ഉപയോഗങ്ങൾ അവിടെ നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ ആയി. ആസ്ബസ്റ്റോസ്യൂ എവിടെ ഒക്കെ ഉണ്ടോ അതിന്റെയെല്ലാം ഇൻവെന്ററി ഉണ്ടാക്കിയിട്ടുണ്ട്. ആസ്ബസ്റ്റോസ് പണ്ട് ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിൽ എന്തെങ്കിലും പുതുക്കിപ്പണിയാലോ പൊളിച്ചു മാറ്റലോ നടത്തണമെങ്കിൽ വലിയ ഒരു പ്രോജക്റ്റ് ആണ്. അടുത്തുള്ള കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ച് ശൂന്യാകാശത്ത് പോകുന്ന പോലെ ഉള്ള സ്യൂട്ട് ഒക്കെയിട്ടിട്ടാണ് ആളുകൾ അവിടെ പണി ചെയ്യുന്നത്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പോലും പൊട്ടിയാൽ അതെങ്ങനെ അവിടെ നിന്നും മാറ്റണം എന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഒക്കെ കർശന നിയന്ത്രണങ്ങൾ ഉണ്ട്.

ആസ്ബറ്റോസ് എന്ന വസ്തു പഴയ കമ്പനികളുടെ പേടിസ്വപ്നമാണ് ഏതെങ്കിലും ഒരാൾക്ക് മീസോത്തിലിയോമ ഉണ്ടായാൽ വക്കീലുമാർ അവരെ തേടി നടക്കുകയാണ്. അവരുടെ ജീവചരിത്രം മുഴുവൻ പരിശോധിച്ച്, എന്ന് എവിടെ നിന്നാണ് ആസ്ബറ്റോസ് നാരുകൾ ശ്വസിക്കാൻ ഇടയായതെന്ന് കണ്ടുപിടിക്കും. ആ സ്ഥാപനം വേണ്ടത്ര മുൻകരുതലുകൾ എടുത്തു എന്ന് തെളിയിച്ചില്ലെങ്കിൽ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. യൂറോപ്പിലും അമേരിക്കയിലും ഒരു കമ്പനി വേറെ കമ്പനിയെ ഏറ്റെടുക്കുമ്പോൾ നടത്തുന്ന ഡ്യൂ ഡിലിജൻസ് അനാലിസിസിൽ സാമ്പത്തിക റിസ്‌കിലും ഏറെയാണ് ആസ്ബറ്റോസുമായി ആ സ്ഥാപനത്തിന് എന്തെങ്കിലും ബന്ധമുണ്ടായാലുള്ള റിസ്‌ക്ക്. അതുകൊണ്ട് ആസ്ബറ്റോസിനെപ്പറ്റി പഠിക്കുന്നതും നിരീക്ഷിക്കുന്നതും ആസ്ബറ്റോസ് ഉള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമെല്ലാം വലിയ ബിസിനസ്സാണ്. സ്‌കൂളുകളിലും മറ്റും പോയി ആസ്ബറ്റോസ് ടെസ്റ്റ് ചെയ്യുന്നതിന് എന്റെ സുഹൃത്തിന്റെ ദിവസക്കൂലി രണ്ടര ലക്ഷം രൂപയാണ്.

എന്നാൽ ആസ്ബറ്റോസ് എന്ന കൊലയാളി ഇപ്പോഴും കേരളത്തിൽ നമ്മുടെ ചുറ്റും സ്വൈര്യവിഹാരം നടത്തുകയാണ്. കേരളത്തിൽ ഒരുവർഷത്തിൽ എത്രപേർ മീസോത്തിലിയോമ വന്ന് മരിക്കുന്നുവെന്ന് ഒരു കണക്കുമില്ല. ആസ്ബറ്റോസ് ഒരു കുഴപ്പമാണെന്ന് ആർക്കും അറിയില്ല. ആസ്ബറ്റോസിന്റെ റൂഫിങ് ഷീറ്റ് മാത്രമേ നമ്മൾ കാണുന്നുള്ളൂ. എന്നാൽ തെർമൽ കയ്യുറ മുതൽ ബ്രേക്ക് ലൈനർ വരെയായി ആയിരത്തിലധികം പ്രോഡക്ടുകൾ ആസ്ബറ്റോസിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടുമ്പോൾ പോലും ദശലക്ഷക്കണക്കിന് സൂക്ഷ്മമായ ആസ്ബസ്റ്റോസ് നാരുകൾ ആണ് അതിൽ നിന്നും പുറത്തു വരുന്നത്. അത് ചുറ്റുമുള്ള ആയിരക്കണക്കിനാളുകളുടെ ശ്വാസകോശത്തിൽ എത്തും. എന്നാൽ കേരളത്തിൽ ഇന്നും ആസ്‌ബെസ്റ്റോസിനെ ഹാക്ക്‌സോ ബ്ലേഡ് വച്ച് മുറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പൊട്ടിയ ആസ്ബസ്റ്റോസ് പഴയ കെട്ടിടങ്ങളുടെ ചുറ്റും കിടക്കുന്നതും അവിടെ നിന്നും റോഡ് സൈഡിലോ ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിലോ ഒക്കെ എത്തുന്നതും ഒക്കെ പതിവാണ്. ഇതിന്റെ പടം കാണിക്കുമ്പോൾ എന്റെ കൂട്ടുകാർ നടുങ്ങാറുണ്ട്, പക്ഷെ നമ്മൾ ഇതൊരു കുഴപ്പം ആണെന്ന് പോലും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഇതാണ് ശരിയായ ദുരന്തം.

അധികം പേടിക്കുന്നതിന്ആ മുൻപ്‌സ്ബ പറയട്ടെ ആസ്‌ബെസ്റ്റോസ് റൂഫ് ഉള്ള കെട്ടിടത്തിൽ താമസിക്കുന്നത് കാൻസർ ഉണ്ടാക്കില്ല. ആസ്‌ബെസ്റ്റോസിന് പല രൂപങ്ങൾ ഉണ്ട്, എല്ലാം കാൻസർ ഉണ്ടാക്കുന്നതല്ല. പക്ഷെ എന്ന് വച്ച് പേടിക്കാതെ ഇരിക്കുകയും ചെയ്യരുത്. ഈ കാര്യത്തിൽ നമ്മൾ വികസിത രാജ്യങ്ങളെക്കാൾ നാല് പതിറ്റാണ്ടു പുറകിൽ ആണ്. അതുകൊണ്ട് മൂന്നു കാര്യങ്ങൾ എങ്കിലും ഇപ്പോഴേ ചെയ്യണം. ആദ്യം വർഷത്തിൽ എത്ര പേർ മീസോത്തീലിയോമ വന്നു മരിക്കുന്നുണ്ട് എന്ന് കണ്ടു പിടിക്കണം. രണ്ട് കേരളത്തിൽ ഇപ്പോൾ ഏതൊക്കെ രൂപത്തിൽ ആസ്ബസ്റ്റോസ് വിൽക്കുന്നുണ്ട് എന്ന് കണ്ടുപിടിക്കണം. മൂന്ന് കേരളത്തിൽ അപകടകാരിയായ ആസ്ബസ്റ്റോസ് ഇപ്പോൾ ഏതൊക്കെ കെട്ടിടങ്ങളിലും ഫാക്ടറികളിലും ഒക്കെ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. ഇതിനൊക്കെ പ്രൊഫഷണൽ ആയ ആസ്ബസ്റ്റോസ് വിദഗ്ദ്ധരുടെ സേവനം തേടണം. ഇത്രയും ആയിക്കഴിഞ്ഞാൽ ആസ്‌ബെസ്റ്റോസിനെ പറ്റി വ്യാപകമായ ബോധവൽക്കരണം നടത്തണം. നിയന്ത്രണങ്ങൾ ഉണ്ടാക്കുകയും വേണം. ഇതിനൊക്കെയായി കേരളത്തിലെ ഏതെങ്കിലും ഒരു എൻജിനീയറിങ് കോളേജിൽ ഒരു കോഴ്‌സ് നടത്തണം. മറ്റു രാജ്യങ്ങളിലെ പതിവ് വച്ച് നോക്കിയാൽ ഒരു ആയിരം വിദഗ്ധരെ എങ്കിലും നമ്മൾ പരിശീലിപ്പിക്കണം. നാളെ ഒരു കാലത്ത് ഇന്ത്യയിൽ മറ്റു സ്ഥലങ്ങളിൽ ഈ വിഷയത്തെ പറ്റി അറിവുണ്ടാകുമ്പോൾ നമ്മൾ അവർക്ക് മുന്നിലായിരിക്കണം.

പതിവ് പോലെ ഒരുഓഫർ വക്കാം. ചൈനയിൽ ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ആസ്‌ബെസ്റ്റോസിനെ പറ്റി ബോധവൽക്കരണം നടത്തിയ പരിചയം എനിക്കുണ്ട്, ഈ രംഗത്ത് ജോലി ചെയ്യുന്ന അനവധി വിദഗ്ദ്ധരും ആയിട്ടുള്ള ബന്ധങ്ങളും. ഇക്കാര്യത്തിൽ സർക്കാരിനോ യൂണിവേഴ്‌സിറ്റിക്കോ ഡോക്ടർമാർക്കോ ഉൾപ്പടെ ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഇവരുമായി ബന്ധപ്പെടുത്താൻ എനിക്ക് സന്തോഷമേ ഉള്ളൂ. അച്ഛന് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം ആയിരിക്കുമല്ലോ അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP