Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാളെ രാവിലെ ആറിന് സാധാരണ സർവ്വീസ് ആരംഭിക്കുമ്പോൾ മുതൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നത് സംസ്ഥാനം ഒട്ടാകെ നിന്നെത്തുന്ന ആയിരങ്ങൾ; ഒരു നോക്ക് കാണാനും യാത്ര ചെയ്യാനും ആയിരങ്ങൾ ഒഴുകിയെത്തുന്നതോടെ കൊച്ചി മെട്രോ കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടാകും; കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നാളെ രാവിലെ ആറിന് സാധാരണ സർവ്വീസ് ആരംഭിക്കുമ്പോൾ മുതൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നത് സംസ്ഥാനം ഒട്ടാകെ നിന്നെത്തുന്ന ആയിരങ്ങൾ; ഒരു നോക്ക് കാണാനും യാത്ര ചെയ്യാനും ആയിരങ്ങൾ ഒഴുകിയെത്തുന്നതോടെ കൊച്ചി മെട്രോ കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടാകും; കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയിൽ ടിക്കറ്റെടുത്തുള്ള യാത്ര നാളെ മുതൽ. ആദ്യ ദിവസങ്ങളിൽ മെട്രോയിൽ കയറാൻ നിരവധി പേരാണ് തയ്യാറെടുക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ കൊച്ചിയിലെത്തുന്നു. വിദേശികളും ആകെ ത്രില്ലിലാണ്. കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ തലം നൽകുമെന്ന പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനിലെത്തുന്ന അന്വേഷണങ്ങൾ. ജനങ്ങൾക്കായി സർവീസ് ആരംഭിക്കുമ്പോൾ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു മെട്രോ യാത്രയെക്കുറിച്ചറിയാൻ അന്വേഷണ പ്രവാഹമാണ്. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു എത്തുന്നത്. ആദ്യ ദിവസങ്ങളിലെ തിരക്കിന്റെ സൂചനകളാണ് ഇത് നൽകുന്നത്.

ആദ്യ മാസങ്ങളിൽ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മെട്രോ അധികൃതർ. രണ്ടരലക്ഷംവരെ ഒരുദിവസം വരുമാനം പ്രതീക്ഷിക്കുന്നു. ആദ്യദിനങ്ങളിലെ ആകാംഷ അവസാനിച്ചാൽ യാത്രക്കാർ കുറയുമെന്ന പ്രചാരണവും ഉണ്ട്. കൊച്ചി മെട്രോയുടെ ആകെ നിർമ്മാണ ചെലവ് 5,200 കോടിക്കു മുകളിലാണ്. എത്ര ആളുകൾ കയറിയാലും ഈ തുക ഉടനെയെങ്ങും തിരിച്ചു പിടിക്കാനാകില്ല. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ പറയുന്നതനുസരിച്ചു തൃപ്പൂണിത്തുറവരെ പദ്ധതി സമയബന്ധിതമായി നീട്ടിയാൽ അഞ്ചാം വർഷം മെട്രോ പ്രവർത്തന ലാഭത്തിലാകുമെന്നാണ് വിലയിരുത്തൽ.

കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ നിർമ്മിക്കുന്ന മെട്രോ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽനിന്ന് 300 കോടിരൂപ വരുമാനം കെഎംആർഎൽ പ്രതീക്ഷിക്കുന്നു. മുട്ടത്ത് 230 ഏക്കറിൽ മെട്രോ വില്ലേജിനും ആലോചനയുണ്ട്. സ്റ്റേഷനുകളിലെയും ട്രെയിനിലേയും പരസ്യങ്ങൾ, എടിഎം സെന്ററുകൾ, ടിക്കറ്റുകളിലെ പരസ്യം, പാർക്കിങ് ഏരിയ, കൊച്ചി വൺ ഡെബിറ്റ്, ടിക്കറ്റ് കാർഡ് എന്നിവയിൽനിന്നു വലിയ വരുമാനമാണു മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നത്. 10 വർഷത്തേക്കു കാർഡുവഴി മാത്രം ലഭിക്കുന്നത് 200 കോടിരൂപയാണ്. ഏതായാലും ആദ്യ ദിവസത്തെ അന്വേഷണങ്ങൾ മെട്രോയ്ക്ക് വലിയ പ്രതീക്ഷയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളുമെല്ലാം ഗ്രൂപ്പ് ബുക്കിങ്ങിന്റെ സാധ്യതകളന്വേഷിച്ചു മെട്രോ അധികൃതരെ ബന്ധപ്പെടുന്നുണ്ട്. അന്വേഷണങ്ങൾ കൂടുതലായും വരുന്നത് എറണാകുളം ജില്ലയ്ക്കു പുറത്തുനിന്നാണ്. മെട്രോ കാണാനുള്ള ആവേശത്തിൽ ഇതര ജില്ലകളിൽനിന്നുള്ള ചെറു സംഘങ്ങൾ കൊച്ചിയിലേക്കെത്തിത്തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങളുമായുള്ള തിങ്കളാഴ്ചയിലെ ആദ്യ യാത്രയ്ക്കു മുന്നോടിയായി ഇന്നു ജീവനക്കാരുടെ അവസാനവട്ട പരിശീലനം നടക്കും. കഴിഞ്ഞ ഒന്നര ആഴ്ചയായി വിവിധ വകുപ്പുകൾ ജീവനക്കാർക്കു മോക്ഡ്രിൽ നടത്തുന്നുണ്ട്. യാത്രക്കാർ കൂട്ടത്തോടെയെത്തുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണു മോക്ട്രിൽ നടത്തുന്നത്. പിഴവുകളൊഴിവാക്കാനാണ് ഇത്. വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്റ്റേഷനുകളുണ്ട്. രണ്ടോമൂന്നോ മാസത്തിനുശേഷം എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ. ഒരുവർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്കു മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോ നിർമ്മാണവും ആരംഭിക്കും. തൃപ്പൂണിത്തുറ വരെ മെട്രോ നീണ്ടാൽ മാത്രമേ മെട്രോയുടെ യഥാർത്ഥ ലക്ഷ്യം പൂർത്തിയാകൂ. കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയാണ് മെട്രോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മെട്രോയുടെ ഗ്ലാമറിൽ കൊച്ചി ഒന്നടക്കം ഇതിനെ നെഞ്ചിലേറ്റിയാൽ മാത്രമേ ഇതിന് കഴിയൂ. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ് കൊച്ചി മെട്രോ. ഈ ബോധ്യത്തോടെ കൊച്ചി മെട്രോയെ വിജയമാക്കുമെന്നാണ് കെ എം ആർ എല്ലിന്റെ പ്രതീക്ഷ.

കൊച്ചിയുടെ പഴമയും വാണിജ്യ സംസ്‌കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മൽസ്യങ്ങളുമെല്ലാം പുനർജനിക്കുന്ന സ്റ്റേഷനുകളും ആളുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ടിക്കറ്റു കൗണ്ടറിൽ നിന്നും സിംഗിൾ ടിക്കറ്റും സ്മാർട്കാർഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റെടുത്തു തൊട്ടുമുകളിലേക്ക് കയറിയാൽ പ്ലാറ്റ്ഫോം. അങ്ങോട്ടു കടക്കാൻ ചെറിയ വിക്കറ്റു ഗേറ്റ്. കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും. പ്ലാറ്റ്ഫോമിൽ കയറി ട്രെയിൻ എത്തുമ്പോൾ അകത്തുകയറാം. ട്രെയിന്റെ വാതിൽ തുറക്കുമ്പോൾ ചെണ്ടകൊട്ടും മേളവും കേൾക്കാം. ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ, ആ സ്റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകൾ എൽഇഡി സ്‌ക്രീനിൽ കാണിക്കും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല. തൊട്ടടുത്ത സ്റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.

ഏറ്റവും ആധുനികമായ സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകളാണ്. സീറ്റ് 136 മാത്രമേ ഉള്ളൂവെങ്കിലും നിൽപ്പുയാത്രപോലും തൃപ്തികരമായിരിക്കും. ഇരുന്നും നിന്നുമായി 975 പേർക്ക് യാത്രചെയ്യാം. പരിസ്ഥിതിസൗഹൃദ നിർമ്മാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലും മുട്ടം യാർഡിലും മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാർ പാനലുകളെല്ലാം കൂടെ എകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.

കുറഞ്ഞ നിരക്ക് പത്ത് രൂപ

രാവിലെ ആറുമുതൽ രാത്രി 10 മണിവരെയാണ് മെട്രോ സർവ്വീസ് നടത്തുക. തിരക്കു കാരണം യാത്രക്കാർക്ക് ആദ്യഘട്ടത്തിൽ കൊച്ചി വൺ കാർഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കായി ക്യു ആർ ഉപയോഗിച്ച കാർഡ് ആണ് ആദ്യഘട്ടത്തിൽ നൽകുകയെന്നും കെഎംആർഎൽ ഡയറക്ടർ ഏലിയാസ് ജോർജ് അറിയിച്ചു.

കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ നിരക്ക് പത്ത് രൂപയാണ്. ആലുവ മുതൽ കമ്പനിപ്പടി വരെയുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 20 രൂപയായാണ്. തുടർന്ന് കളമശ്ശേരി, ഇടപ്പള്ളി എന്നിവടങ്ങളിലേക്ക് യഥാക്രമം 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പ്രാഥമിക നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. 65 രൂപയാണ് 25 കിലോമീറ്റർ ദൂരപരിധിയിലുള്ള പേട്ടയിലേക്കുള്ള കൊച്ചി മെട്രോ നിരക്ക്. മാത്രമല്ല, പ്രീപെയ്ഡ് കാർഡ് ഉടമസ്ഥരായ സ്ഥിരം യാത്രക്കാർക്ക് കൊച്ചി മെട്രോ ഓഫർ ഡിസ്‌കൗണ്ടുകൾ നൽകും. കൊച്ചി-വൺ (Kochi-1) എന്ന പേരിലുള്ള സ്മാർട് കാർഡുകളും സ്ഥിരം യാത്രക്കാർക്കായി കെഎംആർഎൽ പുറത്തിറക്കിയിട്ടുണ്ട്.

കൊച്ചി മെട്രോയിലേറിയുള്ള യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് ശരിക്കുമൊരു സ്മാർട്ട് കാർഡ് തന്നെയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു (കെ.എം.ആർ.എൽ.) വേണ്ടി ആക്സിസ് ബാങ്കാണ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാർഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 'കൊച്ചി വൺ കാർഡ്' എന്നാണ് മെട്രോസ്മാർട്ട് ടിക്കറ്റ് അറിയപ്പെടുക. കൊച്ചി വൺ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി കാർഡിന് അനുബന്ധമായി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോണിൽ ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ് കൊച്ചി വൺ ആപ്ലിക്കേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിനിന്റെയും മറ്റും സമയം അറിയാനുമെല്ലാം ഇതുവഴി കഴിയും. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രാ സംവിധാനങ്ങൾ, സ്റ്റേഷനുകൾക്കു സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര- വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ ആപ്ലിക്കേഷൻ വഴി അറിയാം.

വ്യത്യസ്തമായ മറ്റൊന്ന് സ്റ്റേഷനുകളോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിലക്കുറവു പോലുള്ള ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ ആപ് അതിനെക്കുറിച്ചും വിവരം നൽകും എന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കാർഡുപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം നിശ്ചിത ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് ഉൾപ്പെടെയാണ് പദ്ധതികൾ. ഇതിനായി വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതർ പറഞ്ഞു.

ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചും കൊച്ചി വൺ കാർഡിനെ ഉപയോഗിക്കാം. അക്കൗണ്ടുമായി ബന്ധിപ്പിക്കാതെയും കാർഡുപയോഗിക്കാം. അതായത് മൊബൈൽ ചാർജു ചെയ്യുന്നതുപോലെ ഈ കാർഡിലേക്കും യാത്രയ്ക്ക് ആവശ്യമായ പണമിടാനാകും. മെട്രോയ്ക്ക് അനുബന്ധമായ എല്ലാ യാത്രാ മാർഗങ്ങളിലും ഈ കാർഡ് തന്നെ ഉപയോഗിക്കാം. കൊച്ചിക്ക് ഒരു പുതിയ സംസ്‌കാരം തന്നെയാകും മെട്രോ സമ്മാനിക്കുക എന്നത് സംശയമില്ലാതെ പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP