Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ മോനേ ദിനേശാ.! 'പുലി മുരുകൻ' ആനവേട്ട നടത്തിയെന്ന ആരോപണം ഇനി അപ്രസക്തം; ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; പുലിവാല് ഒഴിവായ ആശ്വാസത്തിൽ സൂപ്പർതാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസിൽ നടൻ മോഹൻലാലിനും മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുവർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചുവെന്ന കേസിലാദണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂർ സ്വദേശി എ.എ പൗലോസായിരുന്നു വിജിലൻസ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു കേസിൽ ഒന്നാം പ്രതി.

മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. കോടനാട് വനംവകുപ്പ് അധികൃതർ നേരത്തെ മോഹൻലാലിനെതിരെ കേസെടുത്തിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരാണ് തനിക്ക് അനുമതി നൽകിയതെന്ന് മോഹൻലാൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ അനുമതി നൽകിയത് പ്രകാരം വീട്ടിൽ ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അനുമതി നൽകിയെന്നാണ് മോഹൻലാലിന്റെ വാദം.

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതി വ്യക്തമാക്കി ഗവർണർ ഉത്തരവ് നൽകിയിട്ടുണ്ട്. അതിനാൽ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാൻ ഹർജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്കോ കഴിയില്ലെന്ന് മോഹൻലാൽ ഹർജിയിൽ വിശദീകരിച്ചു. ഇതാണ് ഹൈക്കോടതി അംഗീകരിച്ചു. മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ച സംഭവത്തിൽ വനംവകുപ്പ് തുടർനടപടികൾ അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഏലൂർ അന്തിക്കാട് വീട്ടിൽ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.

2011 ഡിസംബറിലാണ് രഹസ്യ വിവരത്തെതുടർന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്ത് 2012ൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചുവെങ്കിലും പിന്നീട് ഇത് റദ്ദാക്കിയിരുന്നു. മാത്രമല്ല, സർക്കാർ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ആനക്കൊമ്പുകൾ താൻ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹൻലാലിന്റെ വാദം തള്ളിയായിരുന്നു നേരത്തെ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആനക്കൊമ്പ് താൻ വിലകൊടുത്തു വാങ്ങിയതാണെന്നായിരുന്നു വനംവകുപ്പ് നടത്തിയ അന്വേഷണ സമയത്തും കോടതിയിലും മോഹൻലാൽ വാദിച്ചത്. കേസിൽ ആനക്കൊമ്പ് കൈമാറിയ തൃശ്ശൂർ, തൃപ്പൂണിത്തറ സ്വദേശികളെയടക്കം ചോദ്യം ചെയ്ത ശേഷമായിരുന്നു വനംവകുപ്പ് മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്തു വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടിായിട്ടും പ്രതി പ്രമുഖനായതിനാൽ സർക്കാർ വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സാധാരണക്കാർ ഇത്തരം കുറ്റങ്ങളിൽ പിടിക്കപ്പെട്ടാൽ തൊണ്ടി പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാൽ സംഭവം നടന്ന് ഇതുവരെ നടപടിയുണ്ടാകാത്തത് കേസ് അട്ടിമറിക്കപ്പെട്ടതിന് തെളിവാണെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.

നിയമവിരുദ്ധമാണെന്ന് അറിയാതെയാണ് താൻ ആനക്കൊമ്പ് കൈവശം വച്ചതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് ഹരജിക്കാർ വാദിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ രേഖകൾ വാദിഭാഗം നേരത്തേ ഹജരാക്കിയിരുന്നു. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായ നികുതി വകുപ്പാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹൻലാൽ വിശദീകരിച്ചത്.

ആനക്കൊമ്പ് നിലവിൽ വനംവകുപ്പിന്റെ ചുമതലയിൽ മോഹൻലാലിന്റെ വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. അനധികൃതമായി വന്യജീവികളെയോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശം വെക്കാൻ പാടില്ല. എന്നാൽ മോഹലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ വനം വകുപ്പ് അനുമതി നൽകിയത് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണെന്റയും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് കേസിൽ നടപടി ഉണ്ടാകാതിരുന്നതെന്നും ആരോപിച്ചിരുന്നു. മൂൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹൻലാലിനെ ഏഴാം പ്രതിയുമായി പത്ത് പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂർ അന്തിക്കാട് വീട്ടിൽ എ.എ പൗലോസാണ് കഴിഞ്ഞ ജൂണിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

മോഹൻലാലിനും തിരുവഞ്ചൂരിനും പുറമേ മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി സനൽ, സംഭവം നടക്കുമ്പോൾ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ പത്മകുമാർ, തൃക്കാക്കര അസി.പൊലിസ് കമ്മിഷണർ ബിജോ അലക്‌സാണ്ടർ, മോഹൻലാലിന് ആനക്കൊമ്പ് നൽകിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാർ, തൃശൂർ സ്വദേശി പി.എൻ കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP