Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൈകൾ വാങ്ങി നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ജനങ്ങൾ അറിയുന്നുണ്ടോ ഈ ദുരന്തങ്ങൾ; കീഴ്ക്കാംതൂക്കായ മലയുടെ മുകളിൽ നിന്ന് താഴെ വീഴാൻ കാത്തിരിക്കുന്ന വൻ പാറകളെ കൊച്ചു കല്ലുകൾ അടുക്കി തടയാമെന്ന കണ്ടുപിടിത്തവുമായി സർക്കാർ വൃത്തങ്ങൾ; ഇനി തുറക്കരുതെന്ന് മൂന്നാറിൽ ഉത്തരവിട്ട പ്‌ളം ജൂഡി റിസോർട്ടിന് തുറക്കാൻ പഴുതുണ്ടാവുന്നത് ഇങ്ങനെ

തൈകൾ വാങ്ങി നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ജനങ്ങൾ അറിയുന്നുണ്ടോ ഈ ദുരന്തങ്ങൾ; കീഴ്ക്കാംതൂക്കായ മലയുടെ മുകളിൽ നിന്ന് താഴെ വീഴാൻ കാത്തിരിക്കുന്ന വൻ പാറകളെ കൊച്ചു കല്ലുകൾ അടുക്കി തടയാമെന്ന കണ്ടുപിടിത്തവുമായി സർക്കാർ വൃത്തങ്ങൾ; ഇനി തുറക്കരുതെന്ന് മൂന്നാറിൽ ഉത്തരവിട്ട പ്‌ളം ജൂഡി റിസോർട്ടിന് തുറക്കാൻ പഴുതുണ്ടാവുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: കേരളം ഉൾപ്പെടെ കൊട്ടിഘോഷിച്ച് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. വൃക്ഷത്തൈകൾ നടുന്ന തിരക്കിലാണ് എല്ലാവരും. ഈ ദിവസം തന്നെ പുറത്തുവരുന്ന മറ്റു ചില വിവരങ്ങൾ നമ്മൾ എങ്ങനെയാണ് പരിസ്ഥിതി സംരക്ഷണത്തെ സമീപിക്കുന്നതെന്നതിന് തെളിവാകുന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ പ്രകൃതിസ്‌നേഹികളുടെ പ്രതികരണം ശക്തമായി ഉണ്ടാവുകയും ഒരു കാരണവശാലും പ്രകൃതി ദ്രോഹത്തിന് കൂട്ടുനിൽക്കില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പരിസ്ഥിതി പുനഃസ്ഥാപനം വെറും വൃക്ഷത്തൈ നടുന്നതിൽ മാത്രമാക്കി മാറ്റുന്ന പ്രകൃതി സ്‌നേഹികൾ ഈ ദൃശ്യങ്ങൾ കാണുക. ജൂൺ അഞ്ച് ലോകത്തെ ഹരിതാഭമാക്കുന്നതിലൂടെ മാത്രമല്ല ആചരിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശമെന്ന് വിലയിരുത്തപ്പെട്ട മൂന്നാറിലെ അവസ്ഥ. സബ്കളക്ടറും കളക്ടറും ചേർന്ന് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നടപടികൾ എടുക്കുകയും അതിനെതിരെ വൻ വിവാദങ്ങൾ ഉയരുകയും ചെയ്തത് എല്ലാവരും മറന്നതോടെ വീണ്ടും പരിസ്ഥിതി പുനഃസ്ഥാപനം പുരോഗമിക്കുന്നത് ഇങ്ങനെയാണ് മൂന്നാറിൽ.

കീഴ്ക്കാംതൂക്കായ മലയുടെ കീഴെ പണിതുയർത്തിയ റിസോർട്ടിന് മുന്നിൽ പാർക്കുചെയ്ത വാഹനങ്ങൾക്ക് മുന്നിലേക്ക് മുകളിൽ നിന്ന് പാറക്കെട്ടുകൾ വീണ് വാഹനങ്ങൾ തകർന്ന കാര്യം മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടുമൂന്ന് മാസങ്ങൾക്ക് മുമ്പാണ്് ആ സംഭവം ഉണ്ടായത്. ഇക്കാലത്തുതന്നെ മൂന്നാറിലെ കയ്യറ്റങ്ങൾക്കെതിരെ വാർത്തകൾ വന്നതിന് പിന്നാലെ ഒന്ന് ഒതുങ്ങിനിന്നവർ വീണ്ടും സജീവമായി. ഈ സംഭവങ്ങളെ തുടർന്ന് കലക്ടർ സ്റ്റോപ് മെമോ നൽകിയിരുന്ന സ്വകാര്യ റിസോർട്ടുകൾ ഇപ്പോൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

മൂന്നാർ പള്ളിവാസലിൽ പ്രവർത്തിക്കുന്ന പ്ലം ജൂഡി റിസോർട്ടാണ് ഇടുക്കി കലക്ടറുടെ സ്റ്റോപ് മെമോ നിലനിൽക്കെ കഴിഞ്ഞ ദിവസം പ്രവർത്തനം പുനരാരംഭിച്ചത്. മാർച്ച് 14നാണ് റിസോർട്ടിന്റെ സമീപത്ത് കൂറ്റൻ പാറക്കല്ലുകൾ ഇളകിവീണത്. ഇതേ തുടർന്ന് സുരക്ഷ മുൻനിർത്തി ദേവികുളം സബ് കലക്ടർ സ്ഥാപനത്തിന് സ്റ്റോപ് മെമോ നൽകുകയായിരുന്നു. ജിയോളജിക്കൽ സർവേയിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇവർ നടത്തിയ പരിശോധനയിൽ കെട്ടിട നിർമ്മാണത്തിനിടെ സമീപത്തെ പാറക്കെട്ടുകൾക്ക് ഇളക്കം സംഭവിച്ചതായും സ്ഥിതി അതിഗുരുതരമാണെന്നും കണ്ടെത്തി.

ഇതേ തുടർന്ന് ജിയോളജിക്കൽ സർവേയിലെ ഉന്നത ഉദ്യോഗസ്ഥരായ കെ.ആർ. പിള്ളൈ, പനവേലു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ പ്രദേശം വാസയോഗ്യമല്ലെന്നും വൻ മണ്ണിടിച്ചിലിനും പാറ ഇളക്കത്തിനും സാധ്യത ഉണ്ടെന്നും പാറകൾക്ക് ചുറ്റും വളകൾ വിരിച്ചു സംരക്ഷിക്കണമെന്നും ശിപാർശ നൽകി. തുടർന്നാണ് ഇടുക്കി കലക്ടർ സ്ഥാപനം അടിയന്തരമായി അടക്കണമെന്നും ആളുകളെ ഒഴിപ്പിക്കണമെന്നും ഉത്തരവിട്ടത്.

കേന്ദ്രമന്ത്രി കെ.ആർ. ചൗധരി, ലോക്‌സഭ പരിസ്ഥിതി കമ്മിറ്റി ചെയർപേഴ്‌സൻ രേണുക ചൗധരി എംപി എന്നിവർ റിസോർട്ട് പരിശോധിക്കുകയും സ്ഥിതി അതിഗുരുതരമെന്ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതിപാരിസ്ഥിതിക മേഖലയിൽ നിർമ്മിച്ചിരിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനം ഗ്രീൻ ൈട്രബ്യൂണലിന്റെ വിമർശനങ്ങൾക്കും കാരണമായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു പ്രവർത്തനം കൂടി നടക്കുകയാണ് ഈ പ്രദേശത്ത്. ഉടമ തന്നെ നേരിട്ട് കല്ലുകൾ ബലപ്പെടുത്തി പ്രവർത്തനാനുമതി തിരിച്ചെടുക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നതെന്ന് പരിസ്ഥിതി വിഷയങ്ങളിൽ സമർത്ഥമായ ഇടപെടലുകൾ നടത്തുന്ന ഫാദർ ജിജോ കുര്യൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു. മൂന്നാറിൽ നിർമ്മാണം നിർമ്മാണത്തിന്റെ വഴിക്ക് എന്ന ശീർഷകവുമായി ഫാദർ ചൂണ്ടിക്കാട്ടുന്ന നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഇങ്ങനെ:


മൂന്നാറിൽ നിർമ്മാണം നിർമ്മാണത്തിന്റെ വഴിക്ക്


ഒരു മാസം മുൻപ് കല്ലിടിഞ്ഞു വീണ് അപകടം ഉണ്ടായതിന്റെ പേരിൽ പ്രവർത്തനം നിർത്തിവെപ്പിച്ച പള്ളിവാസൽ പൈപ്പ് ലൈൻ ഭാഗത്തുള്ള പ്ലംജൂഡി റിസോർട്ടിന്റെ ഉടമ സ്വമേധയാ കല്ലുകൾ ബലപ്പെടുത്തി പ്രവർത്തനാനുമതി തിരിച്ചെടുക്കുന്ന തിരക്കിലാണ്. നിയമലംഘനങ്ങൾ:

1. ഒരു നിർമ്മാണവും പാടില്ലായെന്ന ജില്ലാ കളക്ടറുടെ (സർക്കാരിന്റെ ) ഉത്തരവ് ലംഘിക്കപ്പെട്ടു.
2. അപകട സാധ്യതയുള്ള മേഖലയിൽ നിന്നു തന്നെ പാറ ഖനനം നടത്തി. ഇത് കൂടുതൽ അപകട സാധ്യത ഉണ്ടാക്കുന്നു.

3. സർക്കാർ തലത്തിലുള്ള പഠനം പൂർത്തിയായിട്ടില്ല.
4. ബലപ്പെടുത്താൻ വളരെ ചെലവേറിയതും ആധുനികവുമായ കോൺക്രീറ്റിങ്ങ് മെത്തേഡ് ആണ് ഉപയോഗിക്കേണ്ടത്, കയ്യാല മെത്തേഡ് അല്ല.

5. സർക്കാർ ഭൂമിയിൽ, അതും പരിസ്ഥിതി ദുർബല മേഖലയിൽ, നിർമ്മാണം നടത്താൻ യാതൊരു അനുമതിയും എടുത്തിട്ടില്ല. കൂടാതെ, കല്ല് പെറുക്കിയത് കുടുതൽ അപകടമുണ്ടാക്കും. എല്ലാത്തിനും കളക്ടറുടെ മൗനാനുവാദം ഉണ്ടെന്നും കേൾക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP