Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇറാനുമായി ഖത്തർ അടുക്കുന്നുവെന്ന സംശയവും നയതന്ത്രബന്ധം റദ്ദാക്കുന്നതിലേക്ക് നയിച്ചു; മുസ്ലിം ബ്രദർഹുഡിന് ധനസഹായം നൽകുന്നതും അൽജസീറയുടെ ഇടപെടലും എതിർപ്പിന്റെ കരുത്തു കൂട്ടി; യുഎഇയെയും ബഹ്‌റൈനിനെയും ഒപ്പം കൂട്ടിയുള്ള സൗദി അറേബ്യയുടെ നീക്കത്തിന് പിന്നിൽ എണ്ണവിപണിയിലെ അധീശത്വം നിലനിർത്തലും പ്രധാനം

ഇറാനുമായി ഖത്തർ അടുക്കുന്നുവെന്ന സംശയവും നയതന്ത്രബന്ധം റദ്ദാക്കുന്നതിലേക്ക് നയിച്ചു; മുസ്ലിം ബ്രദർഹുഡിന് ധനസഹായം നൽകുന്നതും അൽജസീറയുടെ ഇടപെടലും എതിർപ്പിന്റെ കരുത്തു കൂട്ടി; യുഎഇയെയും ബഹ്‌റൈനിനെയും ഒപ്പം കൂട്ടിയുള്ള സൗദി അറേബ്യയുടെ നീക്കത്തിന് പിന്നിൽ എണ്ണവിപണിയിലെ അധീശത്വം നിലനിർത്തലും പ്രധാനം

മറുനാടൻ ഡെസ്‌ക്

അബുദാബി: വേറിട്ട വഴികളിലൂടെയായിരുന്ന എന്നും ഖത്തറിന്റെ യാത്ര. ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ആതിഥേയരാകാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഖത്തറിന്റെ വലിയ വിജയമായിരുന്നു. ഗൾഫിലെ പ്രധാനികളായ സൗദിക്കും യുഎഇയ്ക്കും സാധിക്കാനാവത്ത നേട്ടം. ഇതോടെ തന്നെ കണ്ണിലെ കരടായി ഖത്തർ മാറിയിരുന്നു. ഗൾഫ് രാഷ്ട്ര സമൂഹത്തിന്റെ ഐക്യം തകർത്ത് ഖത്തർ ഇറാൻ ചേരിയിലേക്ക് നീങ്ങുന്നുവെന്ന് സൗദി അറേബ്യയുടെ വെളിപ്പെടുത്തൽ ഇതിനിടെ വലിയ ചർച്ചയുമായി. ഗൾഫ് മേഖലയിലെ പുതിയ പ്രതിസന്ധിയുടെ വാർത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നിട്ടുണ്ട്.

ഫലസ്തീനിലെ ഹമാസിനേയും ലെബനോണിലെ ഹിസ്ബുള്ളയേയും അനുകൂലിച്ചുകൊണ്ടാണ് ഖത്തർ രാജാവ് ഗൾഫ് രാജ്യങ്ങളുടെ സഖ്യത്തിൽ നാടകീയമായി വിള്ളൽ സൃഷ്ടിച്ചത്. ഖത്തറിന് സൗദി വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയർന്നു. ഐസിസ് പിടിയിലുള്ള രാജ്യങ്ങളിൽ നിന്ന് കടത്തുന്ന എണ്ണ പുറം ലോകത്ത് എത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ തന്നെ എണ്ണവില ഇടിയുകയായിരുന്നു. ഇതോടെ ഗൾഫ് രാജ്യങ്ങളിലെല്ലാം പ്രതിസന്ധിയായി. ഏറ്റവും അധികം ബാധിക്കുന്നത് സൗദി അറേബ്യയെ തന്നെയാണ്. പ്രത്യക്ഷത്തിൽ തന്നെ ഗൾഫ് രാജ്യങ്ങളിലെ മാന്ദ്യത്തിനും ഇപ്പോഴത്തെ നീക്കം വഴിവെച്ചു.

എണ്ണ കള്ളക്കടത്തിലൂടെ ഉണ്ടാക്കുന്ന ദശലക്ഷ കോടികൾ ഖത്തറിനെ സാമ്പത്തികമായി മുന്നിലെത്തിക്കുകയും ചെയ്‌തെന്ന് പലരും സംശയിച്ചു. എന്നാൽ, ലോകകപ്പിന്റെ ഒരുക്കങ്ങൾ പോലും ഈ പണത്തിന്റെ തണലിലാണെന്ന് സൗദിയും കൂട്ടരും വിലയിരുത്തുന്നു. എണ്ണവില ആഗ്രഹിക്കുന്നിടത്തുകൊണ്ടു വരാൻ ഖത്തറിനെ ഒതുക്കേണ്ടത് ഒപെക് രാഷ്ട്രങ്ങളുടെ ആവശ്യകതയായിരുന്നു. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിലൂടെ ഖത്തറിനെ സമ്മർദ്ദത്തിലാക്കുക. ഇതിലൂടെ ഈ രാജ്യത്തെ വരുതിയിൽ കൊണ്ടു വരിക.

ലോകകപ്പ് ഫുട്ബോൾ പോലും പ്രതിസന്ധിയിലാകുമെന്ന വന്നാൽ ഖത്തറിന് വഴങ്ങേണ്ടി വരും. ലോകകപ്പിനായി ശതകോടികളാണ് ഖത്തർ ചെലവഴിച്ചിട്ടുള്ളത്. ഇതിൽ നിന്ന് വമ്പൻ ലാഭവും പ്രതീക്ഷിക്കുന്നു. സൗദിയും കൂട്ടരും വിലക്ക് ഏർപ്പെടുത്തുന്നത് അമേരിക്കയുടെ ആശിർവാദത്തോടെയാണ്. ഇറാനെ തളയ്ക്കാൻ ഖത്തറിനെ ഒതുക്കുകയാണ് അമേരിക്കൻ താൽപ്പര്യം. ഇതിന് വേണ്ടിയാണ് പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഡൊണാൾ ട്രംപ് ആദ്യ വിദേശ സന്ദർശനത്തിന് സൗദിയിൽ എത്തിയത്. അറബ് ഉച്ചകോടിയിലും പങ്കെടുത്തു. ഇതിനിടെ ഉണ്ടായ ചില സംഭവങ്ങളും ഖത്തറിനെ ഒറ്റപ്പെടുത്താൻ കാരണമായിട്ടുണ്ട്.

ഖത്തർ വിദേശകാര്യ മന്ത്രിയും രാജകുടുംബാംഗവുമായ ഷെയിഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയും ഇറാഖിൽ പോരാടുന്ന ഇറാൻ സൈന്യത്തിന്റെ നായകനുമായ ഖാസിം സുലൈമാനിയും തമ്മിൽ രഹസ്യ ചർച്ചകൾ നടത്തിയെന്ന് സൗദി മാധ്യമങ്ങൾ അറിയിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിൽ റിയാദിൽ നടന്ന അറബ് ഉച്ചകോടി അട്ടിമറിക്കാനായിരുന്നു ഈ രഹസ്യ ചർച്ചകൾ എന്ന് ഇക്കാര്യം പുറത്തുകൊണ്ടുവന്ന പ്രമുഖ സൗദി പത്രമായ 'ഒകാസ്' ആരോപിച്ചു.അറബി ഇസ്ലാമിക്-യുഎസ് ഉച്ചകോടിക്കെതിരെ ഖത്തർ കലാപമുയർത്തുമെന്നും രഹസ്യ കൂടിക്കാഴ്ചയിൽ ധാരണയായതായി മറ്റ് സൗദിപത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിൽ ഇറാൻ നടത്തുന്ന ഇടപെടൽ അമേരിക്കയ്ക്ക് എതിരാണ്. ഇതിന് ഖത്തർ സഹായം നൽകുന്നതാണ് വിലക്കിന് കാരണം.

ഗൾഫ് രാജ്യങ്ങളുടെ ആജന്മ ശത്രുവായ ഇറാനുമായി ഖത്തർ കൈകോർക്കുന്നതിനെ ആശങ്കയോടെയാണ് ഇതര ഗൾഫ് നാടുകൾ വീക്ഷിക്കുന്നത്. ഈ മേഖലയിലെ പ്രമുഖ ഇസ്ലാമിക ശക്തിയായി ഇറാനെ കാണണമെന്നായിരുന്നു ഖത്തർ രാജാവിന്റെ പ്രതികരണം. ഇറാനുമായി ഗൾഫ് മേഖലയിലെ സൈനിക രഹസ്യങ്ങൾ പങ്കുവയ്ക്കാമെന്ന് രഹസ്യ യോഗത്തിലുണ്ടായ ധാരണയും ഗൾഫ് രാജ്യങ്ങളെ ഞെട്ടിക്കുന്നു. യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും പിന്നാലെ ഖത്തറിലെ ആഗോള ജനപ്രിയ ചാനലായ അൽജസീറയ്ക്ക് ഈജിപ്റ്റും ബഹ്‌റൈനും വിലക്കു പ്രഖ്യാപിച്ചിരുന്നു. ഖത്തറിന്റെ പരമാധികാരത്തിനെതിരായ കുത്തിത്തിരിപ്പുകളുടെ ശിൽപിയെന്ന് അമേരിക്കയെ ഖത്തർ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് നടപടി.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കാൻ സൗദി അറേബ്യ, ബഹ്‌റിൻ, ഈജിപ്ത്, യുഎഇ എന്നിവർ തീരുമാനിച്ചതോടെയാണു മേഖലയിൽ സംഘർഷാവസ്ഥ സംജാതമായിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി അയൽക്കാരുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാനും എല്ലാ അതിർത്തി അടയ്ക്കാനും റിയാദ് തീരുമാനിച്ചിരിക്കുന്നതായി സൗദി ന്യൂസ് ഏജൻസി അറിയിച്ചു. ഖത്തറുമായുള്ള കടൽ, വ്യോമ ബന്ധങ്ങളും സൗദി അടച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ ബഹറിനും ദോഹയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് അറിയിച്ചു. ഈജിപ്തും യുഎഇയും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇറക്കി. തീവ്രവാദത്തെ വളർത്താൻ ഖത്തർ പിന്തുണ നൽകുന്നതായാണ് സൗദിയടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന ആരോപണം.

മുസ്ലിംബ്രദർഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ്,അൽ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളെ ഖത്തർ സഹായിക്കുന്നതായി മറ്റു രാജ്യങ്ങൾ ആരോപിക്കുന്നു. ഇറാൻ പിന്തുണയുള്ള ഭീകരസംഘടനകൾക്കും ഖത്തർ സഹായം ചെയ്തുകൊടുക്കുകയാണെന്നും തങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യമാണിതെന്നും സൗദിയും ബഹറിനും പറയുന്നു. ഖത്തർ നയതന്ത്രപ്രതിനിധിയോട് 48 മണിക്കൂറിനുള്ളിൽ തങ്ങളുടെ രാജ്യത്തു നിന്നും പോകണമെന്നും നാലു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾക്കെതിരേയുള്ള നീക്കങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഖത്തർ ഇതുവരെ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP