Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം; ബംഗ്ലാദേശ് ഉയർത്തിയ കൂറ്റൻ സ്‌കോർ അനായാസം മറികടന്നു; വിജയമൊരുക്കിയത് ജോ റൂട്ടിന്റെ സെഞ്ച്വറി മികവിൽ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം; ബംഗ്ലാദേശ് ഉയർത്തിയ കൂറ്റൻ സ്‌കോർ അനായാസം മറികടന്നു; വിജയമൊരുക്കിയത് ജോ റൂട്ടിന്റെ സെഞ്ച്വറി മികവിൽ

ലണ്ടൻ: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റിന്റെ അനായാസം മറികടന്ന് ഇംഗ്ലണ്ട് വിജയത്തുടക്കമിട്ടു. ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും അധികം വിജയസാധ്യത കൽപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. ബംഗ്ലാദേശ് ഉയർത്തിയ 306 റൺസെന്ന കൂറ്റൻ ലക്ഷ്യം 16 പന്ത് ബാക്കി നിൽക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറിയുടെയും (133), ഓപ്പണർ അലക്‌സ് ഹെയ്ൽസ് (95), ക്യാപ്റ്റൻ ഒയിൻ മോർഗൻ (75) എന്നിവരുടെ അർധസെഞ്ചുറിയുടെയും മികവിലാണ് ഇംഗ്ലണ്ട് മറികടന്നത്. നേരത്തെ സെഞ്ചുറി നേടിയ തമിം ഇക്‌ബാൽ (128), അർധസെഞ്ചുറി കണ്ടെത്തിയ മുഷ്ഫിഖുർ റഹിം (79) എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് 300 കടന്നത്. സ്‌കോർ: ബംഗ്ലാദേശ് 50 ഓവറിൽ ആറിന് 305. ഇംഗ്ലണ്ട് 47.2 ഓവറിൽ രണ്ടിന് 308

ഐസിസി ടൂർണമെന്റുകളുടെ വേദിയിൽ ഇംഗ്ലണ്ടിനുമേലുള്ള അധീശത്വം തുടരാമെന്ന ബംഗ്ലാദേശിന്റെ മോഹമാണ് ആദ്യ മത്സരത്തിലൂടെ ഇല്ലാതായത്. രണ്ടാം വിക്കറ്റിൽ ഹെയ്ൽസ്‌റൂട്ട് സഖ്യവും (159), മൂന്നാം വിക്കറ്റിൽ റൂട്ട്‌മോർഗൻ സഖ്യവും (143*) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് പൊലിഞ്ഞത്. 129 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെയാണ് റൂട്ട് 133 റൺസെടുത്തത്. അർഹിച്ച സെഞ്ചുറിക്ക് അഞ്ചു റൺസകലെ പുറത്തായ ഹെയ്ൽസ്, 86 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്‌സും പറത്തി. വിജയത്തിലേക്ക് റൂട്ടിന് തുണനിന്ന ക്യാപ്റ്റൻ മോർഗൻ, 61 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടെ 75 റൺസെടുത്തു. 12 പന്തിൽ ഒരു റൺ മാത്രമെടുത്ത് മൊർത്താസയ്ക്ക് വിക്കറ്റ് സമ്മാനിച്ച ഓപ്പണർ ജേസൺ റോയിയാണ് നിരാശപ്പെടുത്തിയ ഒരേയൊരു ഇംഗ്ലീഷ് താരം. ബംഗ്ലാദേശിനായി മൊർത്താസ, സാബിർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ നടന്ന സന്നാഹ മൽസരത്തിൽ കളിയുടെ സമസ്ത മേഖലകളിലും തകർന്ന ബംഗ്ലാദേശ്, പുതിയ തന്ത്രങ്ങളുമായാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങിയത്. ഇന്ത്യയ്‌ക്കെതിരെ വെറും 84 റൺസിന് എല്ലാവരും പുറത്തായത് ബംഗ്ലാദേശിനെ പാഠം പഠിപ്പിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ ഇന്നിങ്‌സ്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഓപ്പണർമാരായ തമിം ഇക്‌ബാലും സൗമ്യ സർക്കാരും ബംഗ്ലാദേശിന് മികച്ച തുടക്കം നൽകി. 12 ഓവർ ക്രീസിൽ നിന്ന ഇരുവരും അതീവശ്രദ്ധയോടെ ബംഗ്ലാദേശ് ഇന്നിങ്‌സിന് അടിത്തറയിട്ടു. സ്‌കോർ 56ൽ നിൽക്കെ 28 റൺസുമായി സൗമ്യ സർക്കാർ മടങ്ങി. 34 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു സർക്കാരിന്റെ ഇന്നിങ്‌സ്.

തുടർന്നെത്തിയ ഇമ്രുൽ കയീസ്, തമീം ഇക്‌ബാലിന് മികച്ച പിന്തുണ നൽകി. 20 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 79 റൺസെടുത്ത കയീസ് മടങ്ങിയ ശേഷമായിരുന്നു ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ നട്ടെല്ലായ ഇന്നിങ്‌സ്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ പകുതിയിലധികം പന്തുകളും നേരിട്ട ഈ സഖ്യം 25.1 ഓവറിൽ കൂട്ടിച്ചേർത്തത് 166 റൺസ്. തമിം ഇക്‌ബാൽ 142 പന്തിൽ 12 ബൗണ്ടറികളും മൂന്നു സിക്‌സുമുൾപ്പെടെ 128 റൺസെടുത്തു. ഇംഗ്ലണ്ടിനെതിരെ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. 72 പന്തുകൾ നേരിട്ട റഹിം, എട്ടു ബൗണ്ടറികൾ ഉൾപ്പെടെ 79 റൺസെടുത്തു.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 261 റൺസെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 350 കടക്കുമെന്ന തോന്നലുയർന്നെങ്കിലും അവസാന ഓവറുകളിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബോളർമാർ ബംഗ്ലാ സ്‌കോർ 305ൽ ഒതുക്കി. 10 ഓവറിൽ 59 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ലിയാം പ്ലങ്കറ്റാണ് ബംഗ്ലാദേശ് മുന്നേറ്റത്തിന്റെ വേഗം കുറച്ചത്. ഷാക്കിബ് അൽ ഹസൻ (എട്ടു പന്തിൽ 10), സാബിർ റഹ്മാൻ (15 പന്തിൽ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മഹ്മൂദുല്ല (ആറു പന്തിൽ ആറ്), മൊസാദേക് ഹുസൈൻ (മൂന്നു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP