Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാവാടയിൽ മകളുടേത് എന്ന് പറഞ്ഞ് പെൺകുട്ടിയുടെ ചിത്രങ്ങൾ ഇട്ട ചാനൽ സബ് എഡിറ്റർക്ക് പണി കിട്ടി; ചതിക്കുഴിയിൽ യുവതികളെ വീഴ്‌ത്തിയ പ്രമുഖന്റെ മകന് വിധിച്ചത് പത്ത് നിർദ്ധനരായ അമ്മമാർക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം നൽകണമെന്ന ശിക്ഷ; ഞരമ്പ് രോഗികളെ കേരളാ സൈബർ വാരിയേഴ്‌സ് കുടുക്കുന്നത് ഇങ്ങനെ

പാവാടയിൽ മകളുടേത് എന്ന് പറഞ്ഞ് പെൺകുട്ടിയുടെ ചിത്രങ്ങൾ ഇട്ട ചാനൽ സബ് എഡിറ്റർക്ക് പണി കിട്ടി; ചതിക്കുഴിയിൽ യുവതികളെ വീഴ്‌ത്തിയ പ്രമുഖന്റെ മകന് വിധിച്ചത് പത്ത് നിർദ്ധനരായ അമ്മമാർക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം നൽകണമെന്ന ശിക്ഷ; ഞരമ്പ് രോഗികളെ കേരളാ സൈബർ വാരിയേഴ്‌സ് കുടുക്കുന്നത് ഇങ്ങനെ

കൊച്ചി: പാക്കിസ്ഥാൻ വെബ് സൈറ്റുകൾ തകർത്ത് വാർത്തകളിൽ ഇടം നേടിയ കേരളാ സൈബർ വാരിയേഴ്‌സ് കേരളത്തിലെ ഞരമ്പന്മാർക്ക് നേരെ സൈബർ ആക്രമണമാരംഭിച്ചു. ഫെയ്‌സ് ബുക്ക് വഴി സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുന്നവരെയും സെക്‌സ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെയാണ് സൈബർ വാരിയേഴ്‌സ് അക്രമണം തുടങ്ങിയിരിക്കുന്നത്.

സെക്സ് ചാറ്റുകൾക്കായി മാത്രം രൂപീകരിച്ച നൂറു കണക്കിന് ഫേസ്‌ബുക്ക് പേജുകളും, ഫേസ്‌ബുക്ക് ഗ്രൂപ്പുകളുമാണ് കേരള സൈബർ വാരിയേഴ്സ് തകർത്തത്. പുറത്തുകൊണ്ട് വന്ന ഗ്രൂപ്പുകളും പേജുകളുമെല്ലാം അശ്ലീല ലൈംഗികത ഉണർത്തുന്ന ചിത്രങ്ങൾ പങ്ക് വെയ്ക്കാനായി രൂപീകരിച്ചതാണെന്ന് കേരള സൈബർ വാരിയേഴ്‌സിന്റെ ടീം അംഗങ്ങൾ മറുനാടനോട് പറഞ്ഞു. നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകൾ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബർ വാരിയേഴ്സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പ്രശസ്തരാണ് കേരളാ സൈബർ വാരിയേഴ്സ് ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു.

ആദ്യമായാണ് ഫേസ്‌ബുക്കിലെ ഞരമ്പു രോഗികൾക്കെതിരെ ഇവർ തിരിയുന്നത്. കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചും ഇവരെ ലൈംഗിക താൽപ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്‌ബുക്ക് പേജുകൾ സൈബർ ക്രൈം വിഭാഗവും പൊലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് തടയിടാൻ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂർണമായും ഇല്ലാതാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തിൽ സജീവമായിരുന്നു. ഓൺലൈൻ സെക്സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോൺ സ്വഭാവത്തിൽ പ്രതികാരനീക്കങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതാണ് ഇവയിൽ കൂടുതൽ പേജുകളും ഗ്രൂപ്പുകളും. ഹാക്ക് ചെയ്ത പേജുകളിലെ പ്രൊഫൈൽ ചിത്രം കേരള സൈബർ വാരിയേഴ്സ് എന്നാക്കി മാറ്റിയിട്ടുണ്ട്. പേജുകളിലെ അശ്ലീല ഉള്ളടക്കങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പേജിന് പിന്നിൽ പ്രവർത്തിക്കുന്നവരെ തുറന്നു കാണിക്കുമെന്ന മുന്നറിയിപ്പ് സന്ദേശവും പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാവാട എന്ന ഗ്രൂപ്പിൽ സ്വന്തം മകളുടേത് എന്ന് പറഞ്ഞ് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയുടെ ചിത്രങ്ങൾ പോസ്റ്റിട്ട് അശ്ലീല കമന്റുകളിട്ട ഒരു ചാനലിലെ സബ് എഡിറ്ററുടെ വിശദവിവരങ്ങൾ സൈബർ വാരിയേഴ്‌സ് പൊക്കി. അയാളുടെ ഫോൺ നമ്പർ സഹിതമാണ് സൈബർ വാരിയേഴ്‌സ് ടീം പുറത്തുകൊണ്ടുവന്നത്. കാണപ്പെട്ട ദൈവങ്ങളിൽ ഒന്നായ അമ്മയുടെയും അതെ അമ്മയുടെ ഗർഭപാത്രത്തിൽ വളർന്ന സ്വന്തം കൂട പിറപ്പിന്റെയും, കൂട്ടുകാരുടെയും നഗ്‌നത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു കാമ നിർവൃതി അടയുന്ന പിഴച്ച ജന്മങ്ങളോട് സൈബർ വാരിയേഴ്‌സിന് പറയാനുള്ളത് ഇതാണ്. പേജിലോ അക്കൗണ്ടിലോ ഗ്രൂപ്പിലോ മെസ്സേജ് അയച്ചവരും ലൈക് ചെയ്തവരും ശ്രദ്ധിക്കുക നിങ്ങളുടെ ഒരു ലൈക് അല്ലെങ്കിൽ ഒരു ഷെയർ അത് എവിടേയോ ഒരു പെൺകുട്ടിയുടെ ജീവിതം തകരാൻ കാരണമാകുന്നു. നാളെ അത് നിങ്ങളുടെ കുടുംബത്തിലും സംഭവിക്കാം . സഹോദരിമാരുടെ നഗ്‌നമായ ശരീരം കാണരുതേ എന്ന ഉദ്ദേശത്തിലാണ് ഞങ്ങൾ. പേജ് അഡ്‌മിൻ അറിയാൻ നിങ്ങൾ സ്വമേധയാൽ പേജുകൾ ഡിലീറ്റ് ചെയ്തുപോയാൽ ഒരു പക്ഷെ രക്ഷപെട്ടേക്കാം, ഞങ്ങൾ പിടിച്ചാൽ ഇവിടെ വിചാരണയില്ല മാപ്പില്ല. നിങ്ങളിലെ കാമവെറി പൂണ്ട ആ രഹസ്യ മുഖം പരസ്യമാവുകതന്നെ ചെയ്യും. ഇത് അഭ്യർത്ഥനയല്ല ഭീഷണി തന്നെയാണ്.

സോഷ്യൽ മീഡിയ വഴി സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോയും കൈമാറുന്ന യുവതികളോട് ഉപദേശവുമായി കേരള സൈബർ വാരിയേഴ്സ്. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് നിങ്ങൾ മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട്. അതൊന്നു ഓർമിപ്പിക്കുക ആണ്. ഉപദേശം ഇഷ്ടം അല്ലെന്നു അറിയാം. എന്നാലും ഒന്ന് വായിക്കുക എന്ന മുഖവുരയോടെയാണ് ഫേസ്‌ബുക്ക് സന്ദേശം. നിങ്ങൾ സ്നേഹിക്കുന്നതിനോ എന്ത് സംസാരിക്കുന്നതിനോ ആരും എതിരല്ല. പക്ഷെ ആ സംസാരം അതിര് കടക്കുമ്പോൾ നിങ്ങൾതന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്ന ശരീരത്തിന്റെ ഫോട്ടോ, വീഡിയോ അയക്കുമ്പോൾ നിങ്ങൾ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല, ജന്മം നൽകിയ അച്ഛനേം,അമ്മയേം, സ്വന്തം കൂടെ പിറപ്പുകളെയും കൂടി ആണ്. അവരെ കൂടി ആണ് നിങ്ങൾ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കേരള സൈബർ വാരിയേഴ്സ് ഓർമ്മിപ്പിക്കുന്നു.പണ്ടത്തെ കാലം അല്ല ഇന്ന്. ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന് ഒരു ജന്മം മുഴുവൻ നിങ്ങൾ വേദനിച്ചു തീർക്കേണ്ടി വരും. സോഷ്യൽമീഡിയ അങ്ങനെയാണ്. അതിനെ തടയാനൊക്കെ കുറച്ചു പാടാണ്. നിങ്ങൾ എത്ര വിശ്വസിക്കുന്നവനോ ആകട്ടെ. അത് നിങ്ങളുടെ കാമുകനോ, സുഹൃത്തോ ആരും ആകാം. ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്ന ദൃശ്യങ്ങൾ അയക്കാതിരിക്കണമെന്നും കെസിഡബ്ല്യൂ പറയുന്നു.

എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓർക്കുക. അങ്ങനെ നിങ്ങളുടെ നഗ്ന ശരീരം ആവശ്യപ്പെട്ടവൻ നിങ്ങളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നു എന്ന് പറയാൻ പറ്റില്ല. സോഷ്യൽ മീഡിയ വഴി ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കിട്ടിയാൽ ഡിലീറ്റ് ചെയ്യണമെന്നും കേരള സൈബർ വാരിയേഴ്സ് ഉപദേശിക്കുന്നു. അതുവഴി നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കണമെന്നും സൈബർ വാരിയേഴ്സിന്റെ ഫേസ്‌ബുക് പോസ്റ്റിലുണ്ട്. കേരള സൈബർ വാരിയേഴ്സ് ഒഫിഷ്യൽ എന്ന ഫേസ്‌ബുക് ഗ്രൂപ് വഴിയാണ് സന്ദേശം പുറത്തുവിട്ടത്. പ്രതിദിനം നിരവധി യുവതികൾ സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽപെടുന്ന സാഹചര്യത്തിലാണ് കേരള സൈബർ വാരിയേഴ്സിന്റെ മുന്നറിയിപ്പ്. അശ്ലീല ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്ക് മേൽ ഹാക്കിങ് നടത്തുക എന്നതുകൊണ്ട് ഞങ്ങൾ മോറൽ പൊലീസിംഗിന്റെ വക്താക്കൾ ആണ് എന്ന് കരുതരുത്. ഫോട്ടോകൾ , ഐഡന്റിറ്റി എന്നിവ ദുരുപയോഗം ചെയ്തു നിർമ്മിക്കുന്ന അക്കൗണ്ടുകൾ നശിപ്പിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ദോഷം സംഭവിക്കുന്നത്, അത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമാണ്.

കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു പ്രമുഖന്റെ മകനെ ഇത്തരത്തിൽ കുടുക്കി. വിവരങ്ങൾ പുറത്ത് വിടാതിരുന്നാൽ ഒരു ലക്ഷം രൂപ വരെ ഓഫർ ചെയ്തു. എന്നാൽ നഗരത്തിലെ പത്ത് നിർദ്ധനരായ അമ്മമാർക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം നൽകണമെന്ന ശിക്ഷയാണ് ടീം അംഗങ്ങൾ നൽകിയത്. ഇന്ത്യയ്ക്ക് ഭീഷണിയായ പാക്കിസ്ഥാനേയും ഇവർ വെറുതെ വിടുന്നില്ല കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ 50 പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി സൈബർ ലോകത്ത് പോരാടുന്ന തങ്ങൾ ചെകുത്താനും അഴിമതിക്കും തീവ്രവാദത്തിനും എതിരാണെന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് 50 പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ കേരള സൈബർ വാരിയേഴ്സ് 20 ബംഗ്ലാദേശി വെബ്‌സൈറ്റുകളും ഹാക്ക് ചെയ്തിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ധോണിയുടെ തല കൈയിൽപിടിച്ചുനിൽക്കുന്ന ബംഗ്ലാദേശി പേസർ ടസ്‌കിൻ അഹമ്മദിന്റെ ചിത്രം ബംഗ്ലാദേശ് ആരാധകർ പ്രചരിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് 20 വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതെന്ന് കേരള സൈബർ വാരിയേഴ്സ് അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറെക്കാലങ്ങളായി സൈബർ ലോകത്ത് ഇന്ത്യ-പാക് ഹാക്കിങ് പോരാട്ടം തുടർന്നുവരികയാണ്. ഔദ്യോഗിക വെബ്‌സൈറ്റുകൾ ഉൾപ്പടെ നിരവധി ഇന്ത്യൻ സൈറ്റുകൾ പാക്കിസ്ഥാനിലെ ഹാക്കർമാർ നശിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണം കേരള സൈബർ വാരിയേഴ്സ് പാക്കിസ്ഥാനിലെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാറുണ്ട്.

കോളേജ് വിദ്യാർത്ഥികൾ മുതൽ സിസ്റ്റം അഡ്‌മിനിസ്റ്റേഴ്സ് വരെ ഉൾപ്പെടുന്ന ഹാക്കർമാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബർ വാരിയേഴ്‌സ്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിൽ ഹാക്കിങ് ഉപയോഗിക്കുന്ന വിഭാഗമല്ല ഞങ്ങൾ. മറിച്ച്, വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഹാക്കിങ് നടത്തുന്നു. സമൂഹത്തിലെ അനീതികൾക്ക് എതിരെയാണ് കേരള സൈബർ വാരിയേഴ്സിന്റെ പ്രവർത്തനം. 2015 ഒക്ടോബർ മുതലാണ് കേരള സൈബർ വാരിയേഴ്സ് പ്രവർത്തനം ആരംഭിച്ചത്. 28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബർ വാരിയേഴ്സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേർത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ഫേസ്‌ബുക്കിൽ 10000ൽ കൂടുതൽ ഫോളോവേഴ്‌സ് ഉണ്ട്. ഇവരിൽ പലരുമാണ് പരാതി നൽകുന്നത്. ആ പരാതികൾക്ക് മേലാണ് പരിഹാരം കാണുന്നത്. ചെറിയ പെൺകുട്ടികളുടെ ഉൾപ്പെടെ നഗ്ന ചിത്രങ്ങൾ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാൻ കാരണമെന്ന് കേരളാ സൈബർ വാരിയേഴ്സ് അഡ്‌മിൻ
വ്യക്തമാക്കുന്നു.

പതിനായിരത്തിലേറെ പേജുകൾ ഇത്തരത്തിൽ മലയാളത്തിൽ സജീവമാണ്. സ്വന്തം അമ്മയുടേയും പെങ്ങളുടെയും ചിത്രങ്ങൾ അവർ പോലുമറിയാതെ പകർത്തി ഇത്തരം ഗ്രൂപ്പുകളിലും പേജുകളിലും പോസ്റ്റ് ചെയ്ത് ലൈംഗിക തൃപ്തി വരുത്തുന്നവരാണ് ഏറെയും. കൂടാതെ പൂർവ്വ കാമുകിയുടെ സ്വകാര്യചിത്രങ്ങൾ ഉൾപ്പെടെ പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക പരാമർശത്തോടെ പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാഴ്ചയെടുത്താണ് ഇത്രയും ഗ്രൂപ്പുകളും പേജുകളും ഹാക്ക് ചെയ്തതെന്നും ഇവർ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി ഏത് തരത്തിലുള്ള പീഡനങ്ങൾ ഏറ്റാലും ധൈര്യമായി സ്ത്രീകൾക്ക് കേരളാ സൈബർ വാരിയേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജിൽ മെസേജ് ചെയ്യാം. പ്രാധാന്യമെന്ന് തോന്നുന്നതിന് തക്കതായ മറുപടി ലഭിക്കുമെന്ന് കേരളാ സൈബർ വാരിയേഴ്‌സ് അഡ്‌മിൻ മറുനാടനോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP