Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കോടി വൃക്ഷത്തൈകൾ നടും; ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റി നല്ല മരങ്ങൾ നടും; കേരളം ഹരിതാഭമാക്കാൻ വിപുലമായി പരിപാടി തയ്യാറാക്കി സംസ്ഥാന സർക്കാർ

ഒരു കോടി വൃക്ഷത്തൈകൾ നടും;  ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റി നല്ല മരങ്ങൾ നടും; കേരളം ഹരിതാഭമാക്കാൻ വിപുലമായി പരിപാടി തയ്യാറാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തെ ഹരിതാഭമാക്കാൻ വിപുലമായ പദ്ധതികളുമായി ഇടതുസർക്കാർ. സംസ്ഥാന സർക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് വിപുലമായ പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നത്. അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനമായ ജൂൺ 5ന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. വനം വകുപ്പും കൃഷി വകുപ്പും ചേർന്നാണ് വൃക്ഷത്തൈകൾ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് വിദ്യാലയങ്ങൾ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകൾ എന്നിവ വഴിയും വൃക്ഷത്തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹരിത കേരളം പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകൾ വനംവകുപ്പ് തയാറാക്കിക്കഴിഞ്ഞു. 5 ലക്ഷം തൈകൾ കൃഷി വകുപ്പും വളർത്തിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈകൾ കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണത്തോടെ ഉടനെ തയ്യാറാക്കും. തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് മുതലായ മരങ്ങൾ പാടില്ലെന്നും തീരുമാനിച്ചു. സംസ്ഥാനത്ത് സർക്കാർ ഭൂമിയിലുള്ള ഇത്തരം മരങ്ങൾ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂൺ 5ന് തുടക്കം കുറിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗം പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു. യോഗത്തിൽ വനം മന്ത്രി കെ രാജു, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഹരിതകേരളം വൈസ് ചെയർപെഴ്‌സൺ ഡോ. ടി എൻ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി എം ശിവശങ്കരൻ, കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ പഥക് എന്നിവർ പങ്കെടുത്തു.

40 ലക്ഷം മരങ്ങൾ സ്‌കൂൾ വിദ്യാർത്ഥികൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാർത്ഥിക്കും ഓരോ മരം. അവ കുട്ടികൾ വീട്ടുമുറ്റത്ത് വളർത്തി പരിപാലിക്കണമെന്നാണ് നിർദ്ദേശം. വീട്ടുമുറ്റത്ത് മരം വളർത്താൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂൾ വളപ്പിലോ പൊതുസ്ഥലത്തോ മരം വളർത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികൾ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകുന്ന പരിപാടി 'മരക്കൊയ്ത്ത്' എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വൃക്ഷത്തൈകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

പഞ്ചായത്തുകൾ വഴി 25 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്. എല്ലാ ജില്ലകളിലും വനം വകുപ്പിന് നഴ്‌സറികളുണ്ട്. അവിടെ നിന്ന് തൈകൾ ജൂൺ 5ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേർന്ന് വിദ്യാലയങ്ങളിലും മറ്റു വിതരണ കേന്ദ്രങ്ങളിലും എത്തിക്കണം. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ കലാകായിക സംഘടനകളെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കും. ജൂൺ മാസം കേരളത്തിൽ വൃക്ഷത്തൈ നടൽ മാസമായി മാറ്റാനാണ് പരിപാടി. കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ മരങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക എന്നത് ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളർത്തണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന മരങ്ങൾ വെട്ടിക്കളയുന്ന പ്രവർത്തനം ഈ പരിപാടിയുടെ സവിശേഷതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP