Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതൃഭൂമി സംഘപരിവാർ പക്ഷത്തേക്ക് ചായുമെന്ന ഭീതിയിൽ മുസ്ലിം സംഘടനകൾ അയഞ്ഞു; പൂഴ്‌ത്തിയ വാർത്തകൾ പുറത്തുവന്നതോടെ പരസ്യവും തിരിച്ചുവന്നു; വാർത്ത കൊടുക്കാതായതോടെ കാന്തപുരവും ഇടി അടക്കമുള്ളവരും നിലപാട് മാറ്റി; പ്രവാചക നിന്ദ വിവാദത്തിൽ മാതൃഭൂമി ബഹിഷ്‌ക്കരണം പൊളിഞ്ഞത് ഇങ്ങനെ

മാതൃഭൂമി സംഘപരിവാർ പക്ഷത്തേക്ക് ചായുമെന്ന ഭീതിയിൽ മുസ്ലിം സംഘടനകൾ അയഞ്ഞു; പൂഴ്‌ത്തിയ വാർത്തകൾ പുറത്തുവന്നതോടെ പരസ്യവും തിരിച്ചുവന്നു; വാർത്ത കൊടുക്കാതായതോടെ കാന്തപുരവും ഇടി അടക്കമുള്ളവരും നിലപാട് മാറ്റി; പ്രവാചക നിന്ദ വിവാദത്തിൽ മാതൃഭൂമി ബഹിഷ്‌ക്കരണം പൊളിഞ്ഞത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: തീർത്തും അപ്രതീക്ഷിതമായ ഒരു അബദ്ധത്തിന്റെ പേരിൽ പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തെ മുട്ടുകുത്തിക്കുമെന്ന് പറഞ്ഞ് രംഗത്തത്തെിയ ചില മുസ്ലിം സംഘടനകളും പ്രമാണിമാരും ഒടുവിൽ മുട്ടുമടക്കി. വിവാദത്തെ തുടർന്ന് മലബാറിൽ ഒറ്റയടിക്ക് നഷ്ടപ്പെട്ട അരലക്ഷത്തോളം കോപ്പികളും ആയിരത്തോളം വരുന്ന എജൻസികളും ഒരു വർഷത്തിൽതന്നെ തിരിച്ചുപടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഇപ്പോൾ മാതൃഭൂമി മാനേജ്‌മെന്റ്. വിവാദത്തെ തുടർന്ന് ഉണ്ടായ 20 കോടിയോളം വരുന്ന പരസ്യവരുമാന നഷ്ടവും ഇപ്പോൾ അവർ നികത്തിക്കഴിഞ്ഞു. ഇതോടെ കലക്കവെള്ളത്തിൽനിന്ന് മീൻപിടിക്കാമെന്ന മനോരമ, സുപ്രഭാതം എന്നീ പത്രങ്ങളുടെ തന്ത്രവും പൊളിഞ്ഞു. മനോരമായാകട്ടെ സമാനമായ അന്ത്യത്താഴ വിവാദത്തിൽപെട്ട് ക്രിസ്ത്യൻ സഭകളുടെ ബഹിഷ്‌ക്കരണത്തിൽപെട്ടു. ഒരു ദിവസത്തെ പ്രധാന വാർത്തകൾപോലുമില്ലാതെ എന്തിനോവേണ്ടിയെന്നോണം ഇറങ്ങുന്ന 'സുപ്രഭാത'മാവട്ടെ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.

ഒന്നാം പേജിലടക്കം നിരവധി തവണ നിർവാജ്യം ഖേദപ്രകടനം നടത്തിയിട്ടും മാതൃഭൂമി ബഹിഷ്‌ക്കരണവുമായി മുന്നോട്ടുപോയവർ അയഞ്ഞത് അതേ നാണയത്തിൽ തന്നെ പത്രം തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ്.സകല മുസ്ലിം സംഘടനകളും മാതൃഭൂമിയുടെ ഖേദപ്രകടനം അംഗീകരിച്ചുവെങ്കിലും ചിലഭാഗത്തുനിന്ന് കുത്തിത്തിരിപ്പ് തുടരുകയായിരുന്നു. ഇവർ പള്ളിക്കമ്മറ്റികളിലൂടെയും മറ്റും ഇടപെട്ടതോടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിലും മാതൃഭൂമി പത്രം ഇല്ലാതായി. ചിലയിടത്തൊക്കെ മാതൃഭൂമിക്ക് ഇവിടേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ് കൂറ്റൻ ബോർഡുകളും ഉയർന്നു. പത്രവണ്ടിപോലും തടഞ്ഞ സംഭവങ്ങൾ പലേടത്തും ഉണ്ടായി. ഇതിനെ മറികടക്കനായെന്നോണം എല്ലാ ദിവസവും ചെറിയ ഇസ്ലാമിക പരിപാടികൾപോലും മാതൃഭൂമി ഒന്നാംപേജിൽ കൊടുത്തെങ്കിലും പ്രശ്‌നം അടങ്ങിയില്ല. കോട്ടക്കലിലെ മാതൃഭൂമി ഓഫീസ് ആക്രമിച്ച സംഭവംപോലും ആയിടെയുണ്ടായി.

ഇതേതുടർന്ന് പ്രശ്‌നം പഠിച്ച മാതൃഭൂമിയുടെ മാനേജ്‌മെന്റ് വിദഗ്ദ്ധർ കണ്ടത്തെിയത് കാന്തപുരം വിഭാഗം സുന്നികളും, മുസ്ലിം ലീഗിലെ തന്നെ ഇ.ടി മുഹമ്മദ് ബഷീറും കെ.പി.എ മജീദും അടങ്ങുന്ന തീവ്ര വിഭാഗവും, ചില എസ്.ഡി.പി.ഐ നേതാക്കളുമാണ് പ്രശ്‌നത്തിന് പിന്നിലെന്നാണ്.ഇതേതുടർന്ന് ഇവരെ പൂർണമായി തമസ്‌ക്കരിക്കാനും മുജാഹിദ് വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകാനും മാതൃഭൂമി തീരുമാനിച്ചു. ഇത് കാന്തപുരം വിഭാഗത്തിനടക്കം കടുത്ത അടിയായി. പെരുന്നാൾ സംബന്ധിച്ച ലേഖനംപോലും കയറായതോടെ കാന്തപുരം നേരിട്ട് വിളിച്ച് മാതൃഭൂമിയുമായി വെടിനിർത്തലിലത്തെി. തന്റെ പാർലിമെന്റ് പ്രസംഗങ്ങളും വാർത്തകളും ഒന്നും വരാതായതോടെ ഇ.ടിയും സുല്ലിട്ടു. ഇതോടെ ബഹിഷ്‌ക്കരണത്തിനും പലഭാഗത്തും അയവുവന്നു.

അടുത്തകാലത്തായി മാതൃഭൂമി സംഘപരിവാറിനോട് കുറെക്കൂടി മൃദുസമീപണനം എടുത്തതും ബഹിഷ്‌ക്കരണം പൊളിയാൻ ഇടയാക്കി. ഒരു അബദ്ധത്തിന്റെ പേരിൽ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെവരെ പൈതൃകമുള്ള ഒരു മതേതര പത്രത്തെ സംഘപരിവാർ പക്ഷത്താക്കരുതെന്ന് ഡോ.ഫസൽ ഗഫൂറിനെപ്പോലെ ലിബറൽ ചിന്താഗതിക്കാർ പല തവണ സമുദായ നേതാക്കളെ ഓർമ്മിപ്പിച്ചിരുന്നു.മാതൃഭൂമിക്ക് കാവി നിറം കൈവരുന്നുവെന്ന് കണ്ടതോടെ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളും അയഞ്ഞു.

ഏജന്റുമാരുടെ നിസ്സഹകരണമായിരുന്ന മാതൃഭൂമി നേരിട്ട മറ്റൊരു പ്രധാന ഭീഷണി. എന്നാൽ മറുഭാഗത്ത് ,അങ്ങനെയാണെങ്കിൽ മാതൃഭൂമി വരുത്തിയിട്ട്തന്നെ കാര്യമെന്ന നിലയിൽ സംഘികൾതൊട്ട് സഖാക്കൾവരെയുള്ളവർ സംഘടിച്ചു. നാദാപുരം പോലുള്ള മേഖലകളിൽനിന്ന് ഡിവൈഎഫ്ഐ യൂണിറ്റുകൾ മാതൃഭൂമി വിതരണം ഏറ്റെടുക്കുന്ന അവസ്ഥയുണ്ടായി. ഇതോടെ നിലവിലുള്ള ഏജന്റുമാർക്ക് പണിപോവുമെന്ന ഘട്ടമത്തെിയതോടെ അവരും പടിവാശി ഉപേക്ഷിച്ചു.

പരസ്യം തങ്ങൾക്കുമാത്രം നിഷേധിക്കുന്ന ചില മുസ്ലിം മാനേജ്‌മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ, മറ്റ് പത്രങ്ങൾ പരസ്യതാൽപ്പര്യത്തിന്റെപേരിൽ മൂടിവെച്ച വാർത്തകൾ കുത്തിപ്പൊക്കിയെടുക്കുക എന്ന തന്ത്രവും മാതൃഭൂമി ഇക്കാലത്ത് പയറ്റി. കോഴിക്കോട്ടെയും കൊല്ലത്തെയും രണ്ട് വൻകിട ആശുപത്രി ഗ്രൂപ്പുകൾ ഈ ആക്രമണത്തിലാണ് 'കീഴടങ്ങിയത്'. മാതൃഭൂമി ചാനലും നിർഭയം വാർത്തകൊടുക്കുകയെന്ന രീതി പിൻതുടർന്നതോടെ, വൻതോതിൽ പരസ്യം നൽകി വാമൂടിക്കെട്ടുക എന്ന കേരളത്തിലെ പതിവ് രീതിയിലേക്ക് മുസ്ലിം മാനേജ്‌മെന്റുകളും മടങ്ങി. തീർത്തും പ്രഫഷണലായി പത്രം നിയന്ത്രിക്കാനറിയുന്ന പി.ഐ രാജീവ് എന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ എഡിറ്ററുടെ ചുമതലയിൽ വന്നതോടെ കെട്ടിലുമട്ടിലും മാതൃഭൂമി ആകെ മാറുകയും ചെയ്തു.

ഒന്നര വർഷംമുമ്പ് മാതൃഭൂമിയുടെ നഗരം സപ്‌ളിമെന്റിൽ , പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽവന്ന ഒരു പ്രതികരണം എടുത്തു കൊടുത്തുപോയതിന് ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായത്. അന്ന് ചുമതലുണ്ടായിരുന്ന ഒരു പെൺകുട്ടി അറിയാതെ എടുത്തുകൊടുത്ത് പോയതായിരുന്നു അത്. സുരക്ഷാകാരണങ്ങളാൽ പെൺകുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇവർ വൈകാതെ ജോലി അവസാനിപ്പിക്കയും ചെയ്തു. പക്ഷേ ഈ ട്രെയിനി നിരപരാധിയാണെന്ന് പറയുന്ന ജീവനക്കാരാണ് മാതൃഭൂമിയിൽ കൂടുതൽ. സത്യത്തിൽ മാതൃഭൂമി ഓൺലൈനിൽ വന്ന ഒരു കമന്റ് എടത്ത് 'നഗരം' സപ്‌ളിമെന്റിൽ കൊടുക്കുകമാത്രമാണ് ഇവർ ചെയ്തത്. മൂന്നും നാലും പെണ്ണുകെട്ടിയ കേരളത്തിലെ ഒരു മുസ്ലിം നേതാവിനെതിരെ എതിരാളികൾ ഇട്ട കമന്റാണ് ഇതെന്നാണ് ആ തുടക്കക്കാരി കരുതിയിരുന്നത്.
ഇതിൽ ആവർത്തിച്ച് ഖേദം പ്രകടിപ്പിച്ചിട്ടും പത്രത്തിന്റെ അടിത്തറ തകർക്കുന്ന പ്രവർത്തനങ്ങളാണ് പലയിടുത്തുനിന്നും ഉണ്ടായത്.

മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കൂട്ടത്തോടെ പത്രം നിർത്തുന്ന വാർത്തകളാണ് അക്കാലത്ത് ഓരോ ദിവസവും സർക്കുലേഷൻ വിഭാഗത്തിന് മുമ്പാകെ എത്തിയത്.മലബാറിൽ മാത്രം അരലക്ഷത്തോളം കോപ്പികൾ കുറഞ്ഞുവെന്നത് ഞെട്ടലോടെയാണ് മാതൃഭൂമി മാനേജ്‌മെന്റ് ഉൾക്കൊണ്ടത്. പലേടത്തും ഏജൻസികൾ തന്നെ ഇല്ലാതായി. എതെങ്കിലും ഒരു സംഘടനയുടെ നിർദേശമനുസരിച്ചല്ല ഇതെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ഏജൻസി ഒഴിവാക്കിയ പലരും പള്ളിയിൽനിന്ന് അങ്ങനെയാരു നിർദ്ദേശം ഉയർന്നു എന്നാണ് മാതൃഭൂമി ഫീൽഡ് സ്റ്റാഫിനോട് പറഞ്ഞിരിക്കുന്നുത്. മാതൃഭൂമിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളായ ഗൃഹലക്ഷ്മി, യാത്ര എന്നിവക്കൊക്കെ സർക്കുലേഷനിൽ ഇടിവ് വന്നിരുന്നു. പരസ്യവരുമാനത്തിലുണ്ടായ തിരിച്ചടിയും വലുതായിരുന്നു. ഏകദേശം 20 കോടിയുടെ പരസ്യവരുമാനം പത്രത്തിനും അനുബന്ധ പ്രസിദ്ധീകരണങ്ങൾക്കുമായി നഷ്ടപ്പെട്ടെന്നാണ് കണക്ക്. മുസ്ലിം പ്രമുഖർ നിയന്ത്രിക്കുന്ന ആശുപത്രികളും ജൂവലറികളും അടക്കമുള്ള സംരംഭങ്ങളും മറ്റുമായിരുന്നു ഇങ്ങനെ ചെയ്തത്. ഇത്രയേറെ പ്രമുഖ സ്ഥാപനങ്ങൾ ഇസ്ലാമിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നെന്ന് ,ഇപ്പോഴാണ് അറിയുന്നതെന്നാണ് മാതൃഭൂമിയിലെ പരസ്യവിഭാഗക്കാർ അന്ന് പ്രതികരിച്ചത്.

ഈ കലക്കവെള്ളത്തിൽ മീൻ പടിക്കാൻ കേരളത്തിലെ മറ്റ് പത്ര സ്ഥാപനങ്ങളും ശ്രമിച്ചിരുന്നു. മാതൃഭൂമിക്കെതിരെ മുസ്ലിം സംഘടനകൾ ഉയർത്തിയ പ്രതിഷേധം നന്നായി മുതലെടുക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡിനെ തന്നെയാണ് മനോരമ ഫീൽഡിലേക്ക് അയച്ചിരുന്നത്. ഇവർ മുസ്ലിം വീടുകളിൽ ചെന്ന് വിഷയം ആളിക്കത്തിച്ച് മാതൃഭൂമി നിർത്തിക്കുന്ന സംഭവവും പലയിടത്തും ഉണ്ടായിട്ടുണ്ട്. എവിടെയെങ്കിലും മാതൃഭൂമിയുടെ ഏജൻസി നിന്നാൽ തൊട്ടടുത്ത ദിവസം തന്നെ ആ വീടുകളിലൊക്കെ മനോരമ പത്രം സൗജന്യമായി എത്തുന്നതും കാണാനായി.ഇപ്പോൾ വാളെടുത്തവർ വാളാൽ എന്ന് പറയുന്ന രീതിയിൽ 'ഭാഷാപോഷിണിയിൽ' വന്ന അന്താത്താഴ ചിത്രം കന്യാമറിയത്തെ വികലമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് ക്രൈസ്ത സഭ മനോരമയെ ബഹിഷ്‌ക്കരിക്കുകയാണ്. ഈ പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെങ്കിലും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ദീപിക പത്രത്തിന്റെ ശ്രമങ്ങളും തകൃതിയാണ്.

മുമ്പ് ലൗ ജിഹാദിനെ കുറിച്ച് വ്യാജവാർത്ത കൊടുത്ത് മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തിയ പത്രമാണ് മനോരമയെന്നും, മാതൃഭൂമി നിർത്തുന്നവർ തങ്ങളുടെ പത്രമായ 'സുപ്രഭാതമാണ്' വാങ്ങേണ്ടതെന്നുമാണ് സമസ്ത ഇ.കെ വിഭാഗം പ്രചരിപ്പിപ്പിച്ചത്. ഇ.കെ വിഭാഗത്തിന്റെ നേതാക്കളെല്ലാം,മാതൃഭൂമിയോട് ക്ഷമിച്ചു എന്ന് പറയുമ്പോഴും പത്രം നടത്തിപ്പുകാർ ഇതൊരു അവസരമായാണ് എടുത്തത്.മാതൃഭൂമി വിഷയത്തെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമായി സുപ്രഭാതത്തിന് പതിനായിരം കോപ്പിയുടെ വർധനവയുണ്ടായിരുന്നു. പക്ഷേ പത്രത്തിന്റെ നിലവാര തകർച്ചമൂലം വൈകാതെ തന്നെ അത് നഷ്ടപ്പെട്ടു. ഈ പത്രം ഇപ്പോൾ പൂട്ടലിന്റെ വക്കിലാണെന്നാണ് അറിയുന്നത്.

മാതൃഭൂമി എം.ഡി വീരേന്ദ്രകുമാറിന്റെ മകനും ഇപ്പോഴത്തെ പത്രത്തിന്റെ നടത്തിപ്പുകാരനും മുൻ എംഎ‍ൽഎയുമായ എം.വി ശ്രേയാംസ്‌കുമാറിനാണ് വിവാദമൂലം എറ്റവും വലിയ നഷ്ടമുണ്ടായത്. കൽപ്പറ്റയിൽ സിപിഐ.(എം) നേതാവ് ശശീന്ദ്രനിൽ നിന്ന് കനത്ത തോൽവിയുണ്ടായതിന് പ്രവാചക നിന്ദാ വിവാദവും ഒരുകാരണമായിരുന്നു. ഇതോടെയാണ് ഇനിയൊന്നും നോക്കാനില്ലെന്ന മട്ടിൽ തിരിച്ചടിക്കാൻ ശ്രോയാംസും സമ്മതം മൂളിയത്.അതാണ് ഇപ്പോൾ ഫലം കണ്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP