Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരപരാധിയായ മലയാളി യുവതിയും മകളും അടക്കമുള്ളവർ കൊല്ലപ്പെട്ടത് ജയലളിതയുടെ സ്വത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിൽ; മോഷണം പ്ലാൻ ചെയ്തതും ക്വട്ടേഷൻ കൊടുത്തതും മന്നാർഗുഡി മാഫിയ; 900 ഏക്കർ ഭൂമിയും 48,000 ചതുരശ്രയടി കൊട്ടാരവും സ്വന്തമാക്കാനുള്ള നീക്കം ഇനിയുമേറെപ്പേരുടെ ജീവൻ കവരും

നിരപരാധിയായ മലയാളി യുവതിയും മകളും അടക്കമുള്ളവർ കൊല്ലപ്പെട്ടത് ജയലളിതയുടെ സ്വത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിൽ; മോഷണം പ്ലാൻ ചെയ്തതും ക്വട്ടേഷൻ കൊടുത്തതും മന്നാർഗുഡി മാഫിയ; 900 ഏക്കർ ഭൂമിയും 48,000 ചതുരശ്രയടി കൊട്ടാരവും സ്വന്തമാക്കാനുള്ള നീക്കം ഇനിയുമേറെപ്പേരുടെ ജീവൻ കവരും

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റിലെ ആക്രമണവും കവർച്ചയും എസ്‌റ്റേറ്റ് പിടിച്ചെടുക്കാൻ ശശികല കുടുംബം നടത്തിയ രഹസ്യനീക്കത്തിന്റെ ഭാഗം. ശശികല കുടുംബം നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയയുടെ രഹസ്യ നീക്കങ്ങളുടെ തുടർച്ചയായാണ് പാലക്കാട് കണ്ണാടിയിൽ മലയാളി യുവതിക്കും മകൾക്കും വാഹനാപകടത്തിൽ ജീവൻ നഷ്ടമായതും ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജ് വാഹനാപകടത്തിൽ മരിച്ചതും.

നീലഗിരി ജില്ലയിലെ കോത്തഗിരിക്ക് സമീപം മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ കാവൽക്കാരനെ വധിച്ചു മോഷണം നടന്നത് ഏപ്രിൽ 23നായിരുന്നു. ജയലളിതയുടെ മുൻ ഡ്രൈവർ കൂടിയായ കനരാജ് അയച്ച ക്വേട്ടേഷൻ സംഘമാണ് മോഷണവും കൊലപാതകവും നടത്തിയത്. കനകരാജ് അയച്ച ക്വട്ടേഷൻ സംഘം ജയലളിതയുടെ മുറിയിൽ മൂന്ന് സ്യൂട്ട്‌കേസുകളിൽ സൂക്ഷിച്ച പ്രമാണപത്രങ്ങൾ കൊണ്ടുപോയി നശിപ്പിച്ചതായാണ് ഇപ്പോൾ ആരോപണമുയർന്നിരിക്കുന്നത്.

തന്റെ കാലശേഷം എസ്‌റ്റേറ്റിലെ വരുമാനം സേവനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് ജയലളിത ഒസ്യത്ത് എഴുതിവെച്ചിരുന്നതായും ഇത് നശിപ്പിക്കുകയായിരുന്നു മന്നാർഗുഡി മാഫിയയുടെ ലക്ഷ്യമെന്നുമാണ് ആക്ഷേപം. മൂന്ന് സ്യൂട്ട്‌കേസുകൾ തുറന്ന നിലയിലായിരുന്നെന്ന് പൊലീസ് സമ്മതിച്ചിരുന്നു. കനകരാജിനെ നിയോഗിച്ചതും മന്നാർഗുഡി മാഫിയ സംഘമാണെന്ന് കരുതപ്പെടുന്നു. 2012 വരെ അഞ്ചു വർഷം ജയലളിതയുടെ ഡ്രൈവറായിരുന്നു കനകരാജ്. ഇയാൾക്ക് എസ്‌റ്റേറ്റിലെ കാര്യങ്ങൾ നല്ലപോലെ അറിയാമായിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും അറസ്റ്റിലായ പ്രതികളിൽനിന്ന് അറിവായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ജയലളിതയുടെ കാലത്ത് നിയമിച്ച മാനേജരാണ് ഇപ്പോൾ തേയിലതോട്ടം, ടീ കമ്പനി, ബംഗ്ലാവ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്നത്.

ജയലളിത, ശശികല, ഇളവരശി തുടങ്ങിയവർ പ്രതികളായ അവിഹിത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് (അഴിമതി നിരോധന വിഭാഗം) കോടതിയിൽ സമർപ്പിച്ച സ്വത്തുക്കളുടെ പട്ടികയിൽ 166ാം നമ്പരായാണ് 900 ഏക്കർ വിസ്തൃതിയുള്ള കോടനാട് ടീ എസ്‌റ്റേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്‌റ്റേറ്റിൽ അത്യാധുനിക സംവിധാനങ്ങളോടെ 48,000 ചതുരശ്രഅടി വിസ്തീർണത്തിൽ 99 മുറികളോടെ നിർമ്മിച്ച 'വൈറ്റ് മാൻഷൻ' ഹൗസിലാണ് കവർച്ച നടന്നത്. ജയലളിതയുടെ മരണത്തെയും തുടർന്നുണ്ടായ സുപ്രീംകോടതിവിധിക്കും ശേഷം എസ്‌റ്റേറ്റ് ബംഗ്ലാവ് പൂട്ടിയ നിലയിലാണ്. ശശികല, ഇളവരശി, ടി.ടി.വി. ദിനകരൻ എന്നിവർ ജയിലിലായ സാഹചര്യത്തിലാണ് സ്വത്തുക്കൾ കൈക്കലാക്കാൻ ശശികല കുടുംബത്തിൽ കിടമത്സരം നടക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

ജയലളിതയുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ യഥാർഥ അവകാശികളാരെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. രക്തബന്ധമുള്ള കുടുംബാംഗങ്ങൾക്കാണ് അവകാശമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ പറയുന്നു. ജയലളിതയുടെ ജ്യേഷ്ഠൻ ജയറാമിന്റെ മക്കളായ ദീപക്, ദീപ എന്നിവരാണിവർ. ജയലളിത ജീവിച്ചിരിക്കെതന്നെ ഇവരെ പോയസ്ഗാർഡനിൽനിന്ന് അകറ്റിനിർത്താൻ ശശികല കുടുംബം ശ്രദ്ധിച്ചിരുന്നു.

ചികിത്സയിൽ കഴിയുമ്പോഴും ദീപക്ക് പ്രവേശനം നിഷേധിച്ചു. ശശികലക്കൊപ്പം ജയലളിതയുടെ അനന്തരാവകാശിയെന്ന നിലയിൽ അന്ത്യകർമം നടത്തിയത് ദീപക്കായിരുന്നു. എന്നാൽ, ഇപ്പോഴും ഇവരെ പോയസ്ഗാർഡനിലേക്ക് അടുപ്പിക്കുന്നില്ല. സ്വത്തിൽ അവകാശവാദമുന്നയിച്ച് ദീപ നിയമനടപടി സ്വീകരിച്ചുതുടങ്ങിയതായും പറയുന്നു. ഹൈദരാബാദിലെ മുന്തിരിത്തോട്ടം, പോയസ്ഗാർഡൻ, ശിറുതാവൂർ ബംഗ്ലാവ് തുടങ്ങി ജയലളിതയുടെ മിക്ക സ്വത്തുക്കളും ശശികല കുടുംബം കൈക്കലാക്കിയതായാണ് സംശയം ഉയർന്നിരിക്കുന്നത്.

സേവനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ജയലളിത ഔസ്യത്ത് എഴുതിവച്ച പ്രമാണങ്ങൾ നശിപ്പിച്ച് കോടനാട് എസ്‌റ്റേറ്റ് സ്വന്തമാക്കുകയാണ് മന്നാർഗുഡി മാഫിയ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കനകരാജിനെ പ്രമാണങ്ങൾ മോഷ്ടിക്കാനുള്ള ചുമതല ഏൽപ്പിച്ചത്. എസ്റ്റേറ്റിലെ കാര്യങ്ങൾ നല്ലപോലെ നിശ്ചയമുള്ള കനകരാജ് മോഷണം നടത്താനായി ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചു. ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ എസ്‌റ്റേറ്റിലെ ഒരു കാവൽക്കാരൻ കൊല്ലപ്പെടുകയും മറ്റൊരു കാവൽക്കാരനു പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് കനകരാജ് ബൈക്കപകടത്തിൽ മരിക്കുകയായിരുന്നു. ഈ മരണം ആസൂത്രിതമായി നടപ്പാക്കിയതാണെന്നാണ് സംശയം. കേസിലെ രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട് കണ്ണാടിയിൽവച്ചും അപകടത്തിൽപ്പെട്ടു. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഈ രണ്ട് അപകടങ്ങളും. നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് സയന്റെ കാർ ഇടിച്ചുകയറുകയായിരുന്നു.

സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു മരിച്ച നിലയിലും കാറിൽ കണ്ടെത്തി. വിനുപ്രിയയും മകൾ നീതുവും അപകടത്തിൽ തൽക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തിൽ സമാനരീതിയിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് പറഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സയന്റെ മൊഴി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാതിരുന്നതിനാൽ വിനുപ്രിയയുടെയും നീതുവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം സേലം ആത്തൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കനകരാജ് കാറിടിച്ചു മരിച്ചത്. കാർ ഉപേക്ഷിച്ചു രക്ഷപ്പെട്ട സേലം സ്വദേശികളായ രണ്ടുപേർ പിന്നീട് ആത്തൂർ പൊലീസിൽ കീഴടങ്ങി. ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കനകരാജ് സേലത്തുനിന്ന് 75 കിലോമീറ്റർ അകലെയുള്ള ആത്തൂരിലേക്കു ബൈക്കിൽ പോയതെന്തിനെന്നതു ദുരൂഹത വർധിപ്പിക്കുന്നു.

സംഭവത്തിൽ മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിൽനിന്നായി എട്ടുപേരെ കേരള പൊലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. ബംഗ്ലാവിൽനിന്നു മോഷ്ടിച്ചതെന്നു കരുതുന്ന ജയലളിതയുടെ ചിത്രം സഹിതമുള്ള വാച്ചുകളും മറ്റു വിലപിടിപ്പിച്ചുള്ള വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തൃശൂർ കൊടകര കനകമല പള്ളത്തേരി സ്വദേശി ദീപു (33), പുതുക്കാട് സ്വദേശി സതീശൻ (30), കൊടകര സ്വദേശി ഉദയൻ, വയനാട് വൈത്തിരി സ്വദേശി ജംഷീർ അലി (34), മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിൻ ജോയ്(19) തുടങ്ങിയവരാണു പിടിയിലായതെന്നറിയുന്നു.

കോടനാട് കൊലപാതക കേസിന്റെ അന്വേഷണം മുറുകുന്നതോടെ വിവിധ തരത്തിലുള്ള സംശയങ്ങളും ശക്തമാകുകയാണ്. ഇപ്പോൾ പ്രതകളെന്ന് ആരോപിക്കപ്പെടുന്നവരെ മുന്നിൽ നിർത്തി സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നതെന്നാണ് ആക്ഷേപം. മരിക്കുന്നതിനുമുമ്പ് ജയലളിത വിൽപ്പത്രം തയ്യാറാക്കിയിരുന്നതായി പറയുണ്ടെങ്കിലും ഇത് എവിടെയാണെന്ന് ഇന്നും നിഗൂഢമാണ്. എ.ഐ.എ.ഡി.എം.കെ.യോ ശശികലയോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടുമില്ല. സ്വത്തായിട്ടും പണമായിട്ടും, ആഭരണമായിട്ടും കോടിക്കണക്കിന് രൂപയുടെ ആസ്തി ജയലളിതയ്ക്കുണ്ട്.

ജയലളിതയുടെ ചെന്നൈ പോയസ് ഗാർഡനിലെ വീടായ വേദനിലയവും സുഖവാസകേന്ദ്രമായ കോടനാട് എസ്റ്റേറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവർക്ക് കണ്ണുണ്ടായിരുന്നു. എന്നാൽ, ജയലളിത ഇവ ഓരോന്നിനും അവകാശികളെ കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ വിൽപ്പത്രം ലഭിക്കണം. 2016-ലെ ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ജയലളിത കോടനാട് എസ്റ്റേറ്റിന്റെ വിവരം സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നില്ല. എന്നാൽ, അതിനുമുമ്പ് മത്സരിച്ചപ്പോൾ സ്വത്തുക്കളുടെ കൂട്ടത്തിൽ കോടനാട് എസ്റ്റേറ്റുമുണ്ടായിരുന്നു. വിൽപ്പത്രം ലഭിച്ചാൽമാത്രമേ ഇക്കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ.

കോടനാട് എസ്റ്റേറ്റിൽനിന്ന് കവർച്ച ചെയ്യപ്പെട്ടതെന്തൊക്കെയാണെന്ന് ഇനിയും പൂർണമായും വ്യക്തമല്ല. തൊണ്ടി മുതൽ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസും വിവരം നൽകുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇവിടെ സൂക്ഷിച്ച പണം കൊള്ളയടിക്കാനാണ് നീക്കം നടന്നതെന്ന് ഒരു വാദമുണ്ട്. അതിലുപരി വിലപ്പെട്ട പലരേഖകളും കടത്താനുള്ള ശ്രമമാണ് നടന്നതെന്നും സംശയമുണ്ട്. ഇക്കാര്യത്തിൽ ബംഗ്‌ളാവുമായി അടുത്ത ബന്ധമുള്ളവർക്കേ വിശദാംശങ്ങൾ അറിയുകയുള്ളൂ. അങ്ങനെ വരുമ്പോൾ പൊലീസ് ആദ്യം ചോദ്യംചേയ്യേണ്ടവരിൽ എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയും ബന്ധുക്കളും ഉൾപ്പെടേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP