Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളി യുവതിയുടെയും കുഞ്ഞിന്റെയും അപകട മരണവും ഭർത്താവിന്റെ ഗുരുതര പരിക്കും സംശയമുന ഉന്നതങ്ങളിലേക്ക് നീട്ടുന്നു; കോടനാട് എസ്‌റ്റേറ്റിലെ മോഷണക്കഥ പോലും വ്യാജമെന്ന് റിപ്പോർട്ടുകൾ; ജയലളിതയുടെ വിൽപ്പത്രം എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല: അമ്മയുടെ സ്വത്തുക്കൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ക്വട്ടേഷൻ സംഘം ജീവനെടുത്തും രംഗത്ത്

മലയാളി യുവതിയുടെയും കുഞ്ഞിന്റെയും അപകട മരണവും ഭർത്താവിന്റെ ഗുരുതര പരിക്കും സംശയമുന ഉന്നതങ്ങളിലേക്ക് നീട്ടുന്നു; കോടനാട് എസ്‌റ്റേറ്റിലെ മോഷണക്കഥ പോലും വ്യാജമെന്ന് റിപ്പോർട്ടുകൾ; ജയലളിതയുടെ വിൽപ്പത്രം എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല: അമ്മയുടെ സ്വത്തുക്കൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ക്വട്ടേഷൻ സംഘം ജീവനെടുത്തും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ജീവിച്ചിരുന്ന കാലത്തും മരണശേഷവും ഒരുപാട് നിഗൂഢതകൾ അവശേഷിപ്പിച്ചാണ് ജയലളിത എന്ന രാഷ്ട്രീയക്കാരി പോയത്. അഴിമതിക്ക് പേരുകേട്ട ഇവരുടെ കാലത്ത് പലയിടങ്ങളിലായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുകയായിരുന്നു. എവിടെയൊക്കെ ജയലളിതയ്ക്ക് സ്വത്തുണ്ടെന്ന കാര്യം അധികമാർക്കും അറിവു പോലുമില്ല. അഴിമതിയിലൂടെ ജയ സമ്പാദിച്ചു കൂട്ടിയ നിധിക്ക് തൂല്യമായ സ്വത്തുക്കളുടെ പേരിൽ തമ്മിലടിക്കുകയാണ് ഒരു പറ്റം ആളുകൾ. ജയയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റാണ് ഇപ്പോഴത്തെ ദുരൂഹതകളുടെ കേന്ദ്രം.

എസ്റ്റേറ്റിലെ കവർച്ചയും കൊലപാതകവും ദുരൂഹതകളുയർത്തുന്നതിനിടയിൽ അന്തരിച്ച മുന്മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കളെക്കുറിച്ചും ഇതിന്റെ പിന്തുടർച്ചാവകാശികളെക്കുറിച്ചും വീണ്ടും ചർച്ച സജീവമായിയിട്ടുണ്ട്. മലയാളി യുവതിയുടെയും കുഞ്ഞിന്റെയും അപകട മരണവും ഭർത്താവിന്റെ ഗുരുതര പരിക്കും തമിഴക രാഷ്ട്രീയത്തിലെ ഉന്നതരിലേക്ക് പോലും വിരൽ ചൂണ്ടുന്നതാണ്. പ്രധാനമായും തമിഴകത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ. കോടനാട് എസ്‌റ്റേറ്റിലെ മോഷണക്കഥ വ്യാജമെന്ന വിധത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്.

സംഭവത്തിലെ ഒന്നാം പ്രതിയെന്നും പൊലീസ് പറഞ്ഞിരുന്ന വ്യക്തി കൊല്ലപ്പെടുകയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തിൽ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചിക്കുകയുമുണ്ടായി. ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് (36) ചെന്നൈബെംഗളൂരു ദേശീയപാതയിൽ സേലത്തിനടുത്ത് ആത്തൂരിൽ അപകടത്തിൽ മരിക്കുകയായിരുന്നു.

2007 മുതൽ അഞ്ചുവർഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു ഇയാൾ. രണ്ടാം പ്രതി കോയമ്പത്തൂർ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചുകയറി. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു മരിച്ച നിലയിലും കാറിൽ കണ്ടെത്തി. വിനുപ്രിയയും മകൾ നീതുവും അപകടത്തിൽ തൽക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തിൽ സമാനരീതിയിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് പറഞ്ഞു.

ജയലളിതയുടെ കോടികളുടെ സ്വത്തിന്റെ അവകാശി ആര്? വിൽപ്പത്രം എവിടെ?

കോടനാട് കൊലപാതക കേസിന്റെ അന്വേഷണം മുറുകുന്നതോടെ വിവിധ തരത്തിലുള്ള സംശയങ്ങളും ശക്തമാകുകയാണ്. ഇപ്പോൾ പ്രതകളെന്ന് ആരോപിക്കപ്പെടുന്നവരെ മുന്നിൽ നിർത്തി സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നതെന്നാണ് ആക്ഷേപം. മരിക്കുന്നതിനുമുമ്പ് ജയലളിത വിൽപ്പത്രം തയ്യാറാക്കിയിരുന്നതായി പറയുണ്ടെങ്കിലും ഇത് എവിടെയാണെന്ന് ഇന്നും നിഗൂഢമാണ്. എ.ഐ.എ.ഡി.എം.കെ.യോ ശശികലയോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടുമില്ല. സ്വത്തായിട്ടും പണമായിട്ടും, ആഭരണമായിട്ടും കോടിക്കണക്കിന് രൂപയുടെ ആസ്തി ജയലളിതയ്ക്കുണ്ട്.

ജയലളിതയുടെ ചെന്നൈ പോയസ് ഗാർഡനിലെ വീടായ വേദനിലയവും സുഖവാസകേന്ദ്രമായ കോടനാട് എസ്റ്റേറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവർക്ക് കണ്ണുണ്ടായിരുന്നു. എന്നാൽ, ജയലളിത ഇവ ഓരോന്നിനും അവകാശികളെ കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ വിൽപ്പത്രം ലഭിക്കണം. 2016-ലെ ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ജയലളിത കോടനാട് എസ്റ്റേറ്റിന്റെ വിവരം സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നില്ല. എന്നാൽ, അതിനുമുമ്പ് മത്സരിച്ചപ്പോൾ സ്വത്തുക്കളുടെ കൂട്ടത്തിൽ കോടനാട് എസ്റ്റേറ്റുമുണ്ടായിരുന്നു. വിൽപ്പത്രം ലഭിച്ചാൽമാത്രമേ ഇക്കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ.

കോടനാട് എസ്റ്റേറ്റിൽനിന്ന് കവർച്ച ചെയ്യപ്പെട്ടതെന്തൊക്കെയാണെന്ന് ഇനിയും പൂർണമായും വ്യക്തമല്ല. തൊണ്ടി മുതൽ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസും വിവരം നൽകുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇവിടെ സൂക്ഷിച്ച പണം കൊള്ളയടിക്കാനാണ് നീക്കം നടന്നതെന്ന് ഒരു വാദമുണ്ട്. അതിലുപരി വിലപ്പെട്ട പലരേഖകളും കടത്താനുള്ള ശ്രമമാണ് നടന്നതെന്നും സംശയമുണ്ട്. ഇക്കാര്യത്തിൽ ബംഗ്ളാവുമായി അടുത്ത ബന്ധമുള്ളവർക്കേ വിശദാംശങ്ങൾ അറിയുകയുള്ളൂ. അങ്ങനെ വരുമ്പോൾ പൊലീസ് ആദ്യം ചോദ്യംചേയ്യേണ്ടവരിൽ എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയും ബന്ധുക്കളും ഉൾപ്പെടേണ്ടതാണ്.

കൊല്ലപ്പെട്ട കോടനാട് എസ്റ്റേറ്റ് കാവൽക്കാരൻ റാം ബഹദൂറും വാഹനാപകടത്തിൽ മരിച്ച മുൻഡ്രൈവർ കനകരാജും ജയലളിതയുമായി അടുപ്പമുള്ളവരായിരുന്നു. എസ്റ്റേറ്റിൽ എന്തൊക്കെയാണുണ്ടായിരുന്നതെന്ന് ഇവർക്ക് അറിയാമായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ ദിനകരൻ സംശയത്തിന്റെ നിഴലിലായതിനുശേഷമാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. ജയലളിതയുടെ ചെന്നൈയ്ക്കടുത്ത ശിരുതാവൂർ ബംഗ്ളാവിൽ അടുത്തിടെയുണ്ടായ തീപ്പിടിത്തവും സംശയത്തിനിടയാക്കുന്നു. ശിരുതാവൂർ ബംഗ്ളാവിലെ രേഖകൾ കത്തിച്ചുകളയാൻവേണ്ടി ആരോ തീവെച്ചതാണെന്ന സംശയവുമുണ്ടായിരുന്നു.

സയന്റെ മൊഴി മജിസ്‌ട്രേറ്റ് നരേഖപ്പെടുത്തി, കനകരാജിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സയന്റെ മൊഴി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാതിരുന്നതിനാൽ വിനുപ്രിയയുടെയും നീതുവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം സേലം ആത്തൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കനകരാജ് കാറിടിച്ചു മരിച്ചത്. കാർ ഉപേക്ഷിച്ചു രക്ഷപ്പെട്ട സേലം സ്വദേശികളായ രണ്ടുപേർ പിന്നീട് ആത്തൂർ പൊലീസിൽ കീഴടങ്ങി. ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കനകരാജ് സേലത്തുനിന്ന് 75 കിലോമീറ്റർ അകലെയുള്ള ആത്തൂരിലേക്കു ബൈക്കിൽ പോയതെന്തിനെന്നതു ദുരൂഹത വർധിപ്പിക്കുന്നു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൊടനാട് ബംഗ്ലാവ് കവർച്ചക്കേസിലെ മുഖ്യപ്രതി കനകരാജ് കൊല്ലപ്പെട്ട വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. അപകടസ്ഥലം സന്ദർശിച്ചപ്പോൾ സംശയങ്ങളുയർന്നെന്നും പൊലീസ് മനപ്പൂർവം പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചതു ദുരൂഹമാണെന്നും സഹോദരൻ ധനപാൽ പറഞ്ഞു. കനകരാജ് (36) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സേലം സ്വദേശി റഫീക്കിനെ (34) തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ക്വട്ടേഷൻ സംഘാംഗമാണ്. ഫോൺ സന്ദേശത്തെ തുടർന്നു കനകരാജ് പുലർച്ചെ ബൈക്കിൽ ആത്തൂരിലേക്കു പോയെന്നാണു ബന്ധുക്കളുടെ മൊഴി.

നിർണായക തെളിവായി മാറാവുന്ന ഈ മൊബൈൽ ഫോണും കണ്ടെത്താനായിട്ടില്ല. കൊടനാട് ബംഗ്ലാവിൽ കവർച്ച നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപു കനകരാജും രണ്ടാം പ്രതി സയനും കേരളത്തിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഈ സന്ദർശനത്തിനിടെയാണു പദ്ധതി ആസൂത്രണം ചെയ്തത്. സയൻ സുഹൃത്ത് മനോജിനെ കനകരാജിനു പരിചയപ്പെടുത്തി. മനോജ് വഴിയാണു ക്വട്ടേഷൻ സംഘത്തെ സംഘടിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

ബംഗ്ലാവിൽ 200 കോടി രൂപയുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്നാണു കവർച്ച ആസൂത്രണം ചെയ്തതെന്നു പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇതു ശരിവയ്ക്കുന്ന നിഗമനങ്ങളാണ് അന്വേഷണത്തിൽ ലഭിച്ചതെന്നു പൊലീസ് പറയുന്നു. അതിനാൽ, ഗൂഢാലോചനാവാദത്തിൽ കഴമ്പില്ലെന്നാണ് അവരുടെ പക്ഷം.

കനകാരാജ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അകന്ന ബന്ധു?

എന്നാൽ, മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രണ്ട് അപകടങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ ശമിച്ചിട്ടില്ല. കനകരാജ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അകന്ന ബന്ധുവാണെന്നും ധനപാൽ പറയുന്നു. എന്നാൽ, വർഷങ്ങളായി ഇരുകുടുംബങ്ങളും തമ്മിൽ അകൽച്ചയിലാണത്രേ. പളനിസാമി സേലം ജില്ലാ സെക്രട്ടറിയായശേഷമാണു കനകരാജിനു ജയലളിതയുടെ ഡ്രൈവർ സ്ഥാനം നഷ്ടപ്പെട്ടത്. അതിനുശേഷം ചെന്നൈയിൽ ട്രാവൽ ഏജൻസിയിലായിരുന്നു ജോലി.

ഇതിനിടയിൽ ചില കരാർ ജോലികളുമായി കൊടനാട് എസ്റ്റേറ്റുമായുള്ള ബന്ധം നിലനിർത്തി. വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലെ മുറിവിൽനിന്നു ചില്ലുകഷണങ്ങളും ഇരുമ്പിന്റെ അംശങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അപകടത്തിൽപെട്ട ലോറിയുടെ പിൻവശത്തുള്ള ഇരുമ്പുപട്ട മരിച്ചവരുടെ കഴുത്തിൽ തട്ടിയതാണോ എന്നു പരിശോധിക്കുന്നുണ്ട്.

ഫൊറൻസിക് വിദഗ്ധ റിനി തോമസ് സംഭവസ്ഥലത്തെത്തി തെളിവു ശേഖരിച്ചു. അപകടത്തിൽ സാരമായി പരുക്കേറ്റ സയന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവം അപകടമെന്നാണു സയൻ മജിസ്‌ട്രേട്ടിനു നൽകിയ മൊഴിയിലുള്ളതെന്നറിയുന്നു. പാലക്കാട്ടെ അന്വേഷണ സംഘം ഉടൻ ഇയാളുടെ മൊഴി രേഖപ്പെടുത്തും.

ഫൊറൻസിക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചശേഷമായിരിക്കും കാഴ്ചപ്പറമ്പ് അപകടത്തിൽ പൊലീസ് റിപ്പോർട്ട് തയാറാക്കുക. കൊടനാട് സംഭവത്തിൽ മലയാളികളായ നാലു പ്രതികൾ അറസ്റ്റിലാണ്. ഇവരെ കൊടനാട്ടെത്തിച്ചു തെളിവെടുപ്പു നടത്തി. നാലുപേർ കൂടി തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. മുഖ്യപ്രതി ചേർത്തല സ്വദേശി സജീവ് വിദേശത്തേക്കു കടന്നതായാണു പൊലീസിനു ലഭിച്ച വിവരം.

കൊടനാട് എസ്റ്റേറ്റിലെ പത്താമത്തെ ഗേറ്റിലെ കാവൽക്കാരൻ നേപ്പാൾ സ്വദേശി റാം ബഹദൂർ 24നു പുലർച്ചെയാണു കൊല്ലപ്പെട്ടത്. മറ്റൊരു കാവൽക്കാരനായ നേപ്പാൾ സ്വദേശി കൃഷ്ണ ബഹദൂറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചേർത്തല സ്വദേശി സജീവാണു മുഖ്യപ്രതിയെന്നു തമിഴ്‌നാട് പൊലീസ് പറയുന്നു. ഇയാൾ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം കിട്ടി. കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു റാമിന്റെ മൃതദേഹം. 10 പേർ ചേർന്നു തങ്ങളെ ആക്രമിച്ചെന്നാണു കൃഷ്ണ ബഹദൂറിന്റെ മൊഴി. എസ്റ്റേറ്റിൽനിന്നു വിലപിടിപ്പുള്ള വസ്തുക്കളും സുപ്രധാന രേഖകളും മോഷ്ടിച്ചതായി സംശയം ഉയർന്നിരുന്നു.

സംഭവത്തിൽ മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിൽനിന്നായി എട്ടുപേരെ കേരള പൊലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. ബംഗ്ലാവിൽനിന്നു മോഷ്ടിച്ചതെന്നു കരുതുന്ന ജയലളിതയുടെ ചിത്രം സഹിതമുള്ള വാച്ചുകളും മറ്റു വിലപിടിപ്പിച്ചുള്ള വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തൃശൂർ കൊടകര കനകമല പള്ളത്തേരി സ്വദേശി ദീപു (33), പുതുക്കാട് സ്വദേശി സതീശൻ (30), കൊടകര സ്വദേശി ഉദയൻ, വയനാട് വൈത്തിരി സ്വദേശി ജംഷീർ അലി (34), മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിൻ ജോയ്(19) തുടങ്ങിയവരാണു പിടിയിലായതെന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP