Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്തെ നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മകൻ; ഐജിയെ പരസ്യമായി റോഡിലിട്ട് തല്ലിയ തന്റേടി; വ്യാജമദ്യ നിർമ്മാണം മുതൽ വ്യാജ ഡോക്ടർ ബിരുദം വരെയുള്ള ആരോപണങ്ങളിലെ നായകൻ: വിവാദ ബാറുടമ ഡോ. ബിജു രമേശിന്റെ കഥ

തലസ്ഥാനത്തെ നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മകൻ; ഐജിയെ പരസ്യമായി റോഡിലിട്ട് തല്ലിയ തന്റേടി; വ്യാജമദ്യ നിർമ്മാണം മുതൽ വ്യാജ ഡോക്ടർ ബിരുദം വരെയുള്ള ആരോപണങ്ങളിലെ നായകൻ: വിവാദ ബാറുടമ ഡോ. ബിജു രമേശിന്റെ കഥ

ബി രഘുരാജ്‌

തിരുവനന്തപുരം: ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ആരെന്ന് ചോദിച്ചാൽ എല്ലാവരും ഒരുപോലെ പറയും. അത് ബിജു രമേശ് അല്ലാതെ മറ്റാര്? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാനലുകളിൽ നിറഞ്ഞുനിൽക്കകുകയാണ് ബിജു രമേശ്. ചാനലുകൾക്ക് ഏറ്റവും പ്രിയം ബിജു എന്ത് പറയുന്നു എന്നതാണ്.

കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയർത്തിയ ബിജു രമേശിന്റെ ജീവിത കഥയും ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമാണ്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മൂന്ന് മക്കളിൽ ഒരാളാണ് ബിജു രമേശ്. ടി കെ ദിവാകരൻ എന്ന ആർഎസ്‌പി നേതാവിന്റെ തണലിൽ തലസ്ഥാനം പിടിച്ചെടുത്ത രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്.

ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ചാരായക്കച്ചവടക്കാരനെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിശ്ചായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്.

എല്ലാ രാഷ്ട്രീയ പാർട്ടകളിലേയും വലിയ നേതാക്കളുടെയും മന്ത്രിമാരുടെയും അടുപ്പക്കാരനായ ബിജു രമേശും റവന്യു മന്ത്രി അടൂർ പ്രകാശും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഇവരുടെ മക്കൾ വിവാഹിതരാകാൻ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. അടൂർ പ്രകാശുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണെന്ന് വ്യക്തമാക്കി ബിജു തന്നെ ഇടയ്ക്ക് രംഗത്ത് വന്നിരുന്നു. ഇത്തരം ബന്ധങ്ങളാണ് ബിജുവിനെ അജയ്യനാക്കുന്നത്.

തിരുവനന്തപുരം മേയറായിരുന്നപ്പോൾ സിപിഐ(എം) നേതാവായ ശിവൻകുട്ടി, ബിജു രമേശിനെതിരെ രംഗത്ത് എത്തി. കിഴക്കേക്കോട്ടയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തു. കെട്ടിടം പൊളിച്ചുമാറ്റി. എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മിനെ പോലും സമർത്ഥമായി ബിജു കളിപ്പിച്ചെന്നതാണ് ശരി. വാടക കെട്ടിടം ഒഴിയാൻ കൂട്ടാക്കാത്ത ഒരാളെ പുറത്താക്കാനുള്ള ബിജുവിന്റെ തന്ത്രത്തിൽ കോർപ്പറേഷൻ വീഴുകയായിരുന്നു. കെട്ടിടം പൊളിച്ചതോടെ വാടകക്കാരൻ വഴിയാധാരമായി. അതിന് ശേഷം അതേ സ്ഥലത്ത് പഴയതു പോലെ പുതിയ കെട്ടിടം പണിത് വീണ്ടും ബിജു വാടകയ്ക്ക് കൊടുത്തു. തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രാദേശിക നേതാക്കൾക്ക് ബിജുവുമായി അടുത്ത ബന്ധമുണ്ട്.

ആനയറയിലെ കുടുംബക്ഷേത്രം പുതുക്കി പണിത് ബിജു രമേശ് വലുതാക്കി. എന്നാൽ അതിലും ചില സംശയങ്ങളുണ്ട്. വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വർണ്ണ കട്ടികൾ ആരുടേതെന്നതാണ് സംശയം. ബിജു രമേശിന് നേരെ ആദായനികുതി വകുപ്പ് സംശയങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നും നടന്നില്ല. ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ക്ഷേത്ര സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റമായി അതിനെ ചിത്രീകരിച്ചു. സംഭവം വർഗ്ഗീയമായതോടെ ആദായനികുതി വകുപ്പും കണക്കിൽപ്പെടാത്ത സ്വർണ്ണത്തിലെ അന്വേഷണം ഉപേക്ഷിച്ചു.

തമ്പാനൂരിലെ പ്രധാന ജംഗ്ഷനാണ് അരിസ്റ്റോ. റോഡ് വികസനത്തിലൂടെ പലർക്കും സ്ഥലം നഷ്ടമായി. ബിജുവിനും പോയി കുറച്ച് സ്ഥലം. പക്ഷേ ഇനിയും സ്ഥലമെടുത്താൽ ചോള ബാറെന്നത് അപ്രത്യക്ഷമാകും. അതിനെ തടഞ്ഞേ പറ്റു. പത്തിരുപത് വർഷം കഴിഞ്ഞുണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട് ഇപ്പോഴെ കരുക്കൾ നീക്കി. ചോള ബാറിന് തൊട്ടടുത്ത ലോഡ്ജ് കോടികൾ നൽകി വിലയ്ക്കു വാങ്ങി. ചുറ്റും മറച്ച് ലോഡ്ജ് പൊളിച്ചു മാറ്റി. രാജധാനി ഗ്രൂപ്പിന്റെ ഏതോ ബിൽഡിങ് വരുന്നു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പണി തീർത്ത് ചുറ്റുമതിലിന് പകരമുയർത്തി കൂറ്റൻ മറ മാറ്റിയപ്പോൾ എല്ലാവരും ഞെട്ടി. കോടികൾ ചെലവിട്ട് മഹാഗണപതി ക്ഷേത്രമാണ് ബിജു രമേശ് പണിതത്. എല്ലാ ദിവസവും സൗജന്യ അന്നദാനം നൽകുന്ന ക്ഷേത്രം. ചോളാ ബാറിനടുത്ത സ്ഥലം ഏറ്റെടുക്കാൻ ഇനി ആരെങ്കിലും വന്നാൽ ക്ഷേത്ര വിശ്വാസികൾ തന്നെ തടയും. അതാണ് ബിജു രമേശെന്ന ബിസിനസ് രാജാവിന്റെ ബുദ്ധി.

ബിജു രമേശിന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. തലസ്ഥാന നഗരിയുടെ പ്രധാന ഇടങ്ങൾ എല്ലാം രമേശൻ കോണ്ട്രാക്ടറുടേയും മക്കളുടേയും പേരിലാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാൻ. ആർഎസ്‌പി നേതാവായിരുന്ന ടികെ ദിവാകരനുമായുള്ള ചില ഇടപെടലുകളുമായി ബന്ധപ്പെട്ടാണ് ഈ ഭൂപ്രദേശം മുഴുവൻ രമേശൻ കോൺട്രാക്ടറുടെ കയ്യിലെത്തിയത്. ഇവിടങ്ങളിലെ കെട്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിമാസ വാടക പോലും കോടികളാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങൾ ആണെന്ന് പൊലീസ് പറയുന്നു. ഈ സ്ഥലത്തിൽ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായത്തോടെയാണ് ഈ കെട്ടിടം ഇപ്പോഴും രമേശിന്റെ കയ്യിൽ തന്നെ തുടരുന്നത്.

ഉന്നത ബന്ധം മുതലാക്കി ടെക്‌നോ പാർക്ക് തുടങ്ങാൻ സ്ഥലം പ്രഖ്യാപിക്കും മുമ്പ് വിവരം അറിഞ്ഞ് ആർക്കും വേണ്ടാത്ത പരിസരത്തെ സ്ഥലങ്ങൾ മുഴുവൻ വാങ്ങി കൂട്ടുകയും ഉയർന്ന വിലയ്ക്ക് ഇവയെല്ലാം സർക്കാരിന് കൈമാറി ലാഭം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നിട്ട് വില കുറഞ്ഞ് പോയി എന്ന് പറഞ്ഞ് വീണ്ടും നഷ്ടപരിഹാരം വാങ്ങുകയും കേസ് നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. തലസ്ഥാനത്ത് രമേശൻ കോൺട്രാക്ടറുടെയും ബിജുവിന്റെയും പേരിൽ കണക്കറ്റ സ്വത്തുക്കൾ എത്തിച്ചേർന്നതിന്റെ പിന്നിലും ദുരൂഹത ഉണ്ടെന്നാണ് ശത്രുക്കൾ പറയുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അനേകം ഭൂമി പിടിച്ചെടുത്തെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ മാറി വരുന്ന സർക്കാരുകളുമായുള്ള അടുത്ത ബന്ധം മൂലം പരാതികൾ ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല. ബാർ വിഷയത്തിൽ വിവാദം പെരുകിയതോടെ മന്ത്രി കെ എം മാണിയെ സമീപിച്ച് പലരും ഒതുക്കപ്പെട്ട പരാതികളുടെ രേഖകൾ നൽകുന്നതായാണ് പാലായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒട്ടേറെ വിവാദങ്ങളിലും ബിജു രമേശ് ഉൾപ്പെട്ടിട്ടുണ്ട്. എൺപതോളം പേരുടെ ജീവനെടുത്ത വൈപ്പിൻ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ ചന്ദ്രസേനന്റെ മകളെയാണ് ബിജു വിവാഹം കഴിച്ചിരിക്കുന്നത്. ചന്ദ്രശേഖരനെ ജയിലിൽ നിന്നിറങ്ങാതിരിക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന ആരോപണം ബിജുവിന്റെ അളിയൻ കൂടിയായ റിട്ടേഡ് ഡിജിപി പ്രേംശങ്കർ ആരോപിച്ചിരുന്നു. ബിജുവിന്റെ സഹോദരീ ഭർത്താവായിരുന്നു പ്രേംശങ്കർ. 1994ൽ പുറത്തിറങ്ങയി പക്ഷേയെന്ന സിനിമ പ്രേംശങ്കറിന്റെ ജീവിത കഥയുടെ പശ്ചാത്തലത്തിലാണെന്നും അണിയറ സംസാരമുണ്ട്. കുടുംബത്തിന്റെ കീർത്തിക്കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഐപിസുകാരനെ മരുമകനാക്കാനായി പ്രേംശങ്കറെ മകളുടെ ഭർത്താവാക്കുകയായിരുന്നു രമേശൻ കോൺട്രാക്ടർ.

എന്നാൽ ഈ ബന്ധത്തിൽ വിള്ളൽ വന്നു. ബിജുവിന്റെ സഹോദരിയിൽ നിന്ന് വിവാഹ മോചനവും നേടി. ചന്ദ്രസേനന്റെ ജയിലിൽ ആയിരുന്ന സമയത്ത് പ്രേം ശങ്കറും ബിജു രമേശും തമ്മിലുള്ള വഴക്ക് തെരുവിൽ കിടന്നുള്ള തെറിവിളി വരെ എത്തി. അന്ന് ഐജി ആയിരുന്ന പ്രേം ശങ്കറെ പരസ്യമായി തല്ലിയതിന്റെ പേരിൽ കേസ് എടുത്തിരുന്നു. പൊലീസ് സംരക്ഷണയിൽ ആയിരുന്നു കുറച്ച് കാലം പ്രേം ശങ്കറിന്റെ യാത്രകൾ. ചന്ദ്രസേനന്റെ ചാരായ സാമ്രാജ്യം പിന്നീട് ബിജു രമേശ് ഏറ്റെടുത്തതായാണ് ആരോപണം. ചാരായ നിരോധനത്തിന് മുമ്പ് തലസ്ഥാനത്തെ ഏറ്റവും വലിയ ചാരായ കച്ചവടക്കാർ മണിച്ചനും ബിജു രമേശും ആയിരുന്നു. മണിച്ചനെ ജയിലിൽ അടയ്ക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന് മണിച്ചൻ പലതവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വസ്തുതകൾ ഒരിക്കലും പുറം ലോകം അറിഞ്ഞിട്ടില്ല.

തലസ്ഥാനത്ത് മാത്രം ബിജു രമേശിന് ഒൻപത് ബാറുകൾ ഉണ്ട്. ഇവയിൽ ഏഴും ഇപ്പോൾ തന്നെ പൂട്ടിപോയി. സാധാരണ ബാറുകളിൽ റെയ്ഡുകൾ പതിവാണെങ്കിലും നിലവാരം ഇല്ലാത്തവയാണെങ്കിൽ പോലും ബിജു രമേശിന്റെ ബാറുകളിൽ പരിശോധന നടക്കാറില്ല. സെക്കൻഡ് വിൽപ്പന എന്ന ആരോപണവും ബിജുവിനെതിരെ മുമ്പ് ഉണ്ടായിട്ടുണ്ട്. ബാലരാമപുരത്ത് വ്യാജ സീൽ അടിച്ച് നിർമ്മിക്കുന്ന വിദേശ മദ്യങ്ങൾ ഒരു ഗോഡൗണിൽ നിന്നും പിടിച്ചെടുക്കപ്പെട്ടപ്പോൾ ആരോപണം ഉയർന്നത് ഇത് ബിജു രമേശിന് വേണ്ടി ആണ് എന്നാണ്. എന്നാൽ ഇത് സ്ഥിരീകരിക്കുകയോ ഈ അന്വേഷണം എവിടെങ്കിലും എത്തുകയോ ചെയ്തിട്ടില്ല. മാണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതിന്റെ വിശദാംശങ്ങൾ തിരയുന്നതായാണ് സൂചന. തലസ്ഥാനത്തെ രാജധാനി ഗ്രൂപ്പിന്റെ മിക്ക കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങൾ മറികടന്ന് നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് സൂചന. രണ്ട് നിലയിൽ കൂടുതൽ നിർമ്മിക്കാൻ അനുമതിയില്ലാത്ത ഹെറിറ്റേജ് സോണുകളിൽ ആറ് നില വരെ പണിതതായി ആരോപണം ഉണ്ട്. ആറ് നില കെട്ടിടത്തിന് ലിഫ്റ്റ് ഇല്ല എന്ന പരാതി ഒരു കെട്ടിടത്തിന്റെ മേലുണ്ട്.

എന്നാൽ ഇത്തരം ആരോപണങ്ങൾ ഒക്കെ ഉന്നതമായ ബന്ധങ്ങളുടെ പേരിൽ ഒരിടത്തും എത്താതെ പോകുകയായിരുന്നു. മന്ത്രി അടൂർ പ്രകാശുമായി ആത്മബന്ധം ഉണ്ടെന്നത് ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിലും ബിജു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനപ്പുറം ഒട്ടേറെ മന്ത്രിമാരുമായി ബിജുവിന് അടുപ്പമുണ്ട്. ബാർ പ്രശ്‌നത്തിൽ പക്ഷേ, കണക്ക് കൂട്ടൽ തെറ്റിയതോടെ ബാക്കി ബാറുടമകൾ മിണ്ടാതിരുന്നിടത്ത് ബിജു രംഗത്തിറങ്ങുകയായിരുന്നു. ഈ ഇടപെടലോടെ രാഷ്ട്രീയ രംഗത്ത് ബിജുവിന് ആദ്യമായി ശത്രുക്കൾ ഉണ്ടായി. എന്നു മാത്രമല്ല വിവാദ നായകൻ എന്ന നിലയിൽ മറ്റ് രാഷ്ട്രീയക്കാരും ഇനി സഹായിക്കാൻ ഭയക്കും എന്ന പ്രശ്‌നം കൂടി ഉണ്ട്. സംഭവങ്ങൾ റെക്കോർഡ് ചെയ്യപ്പെടുമോ എന്ന ഭയമാണ് ഇതിൽ പ്രധാനം. മുമ്പ് ബിജുവിനെ സഹായിച്ചിരുന്ന പല നേതാക്കളും മുങ്ങി നടക്കുകയാണ് എന്നാണ് സൂചന.

ബിജു രമേശിന്റെ പേരിനൊപ്പം ചേർത്തിരിക്കുന്ന ഡോക്ടറും വിവാദത്തിലാണ്. എവിടെയാണ് ബിജു റിസേർച്ച് ചെയ്തതെന്നോ ഏത് യൂണിവേഴ്‌സിറ്റിയാണ് ഡോക്ടർ ബിരുദം നൽകിയതെന്നോ വ്യക്തമല്ല. വിലകൊടുത്ത് വാങ്ങിയ വ്യാജ ഡോക്ടറേറ്റാണ് ഇതെന്ന് ശത്രുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ മാസം മനോരമ ന്യൂസ് നടത്തിയ കൊളംബോയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്നും വിലകൊടുത്ത് വാങ്ങുന്ന ഡോക്ടറേറ്റിൽ പെട്ടതാണോ ഇതെന്നും വ്യക്തമല്ല. രണ്ട് മക്കളേയും ഡോക്ടർ ആക്കണമെന്നു വാശിയുണ്ടായിരുന്ന രമേശൻ കോണ്ട്രാക്ടറുടെ ഒരു മകൻ എംബിബിഎസ് ഡോക്ടർ ആണ്. എന്നാൽ ആ മകന്റെ ബിരുദത്തെ ചൊല്ലിയും ചില തർക്കങ്ങൾ ഉണ്ടായിരുന്നു. രണ്ടാമത്തെ മകൻ ഇങ്ങനേയും ഡോക്ടറായെന്നാണ് ആരോപണം.

കുടുംബ ക്ഷേത്രത്തിലൂടെ സാമൂഹിക-സേവന മേഖലയിലും ബിജു സജീവമാണ്. സമൂഹ വിവാഹം ഉൾപ്പെടെ പലതും നടത്തുന്നു. ഒപ്പമുള്ളവർക്ക് എന്തു സഹായവും നൽകും. അതുകൊണ്ട് തന്നെ കൂടെയുള്ളവർ ചതിക്കുകയുമില്ല. ഇതാണ് ബിജുവിന്റെ ആത്മധൈര്യം. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെ തലപ്പത്തും ബിജുവുണ്ട്. കേന്ദ്ര ഭരണം നരേന്ദ്ര മോദിയുടെ കൈയിലെത്തുമെന്ന മുൻകൂട്ടിയുള്ള തിരിച്ചറിവാണ് ഹിന്ദു എക്കണോമിക് ഫോറവുമായി ബിജുവിനെ അടുപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്. കായിക സംഘടാകനെന്ന നിലയിൽ കേരളാ സ്പോർട്സ് കൗൺസിലിലും അംഗമായി. എന്നാലും ബാറുടമാ നേതാവെന്ന നിലയിൽ മാണിക്കെതിരെ ആരോപണം ഉയർത്തിയതോടെയാണ് കേരളത്തിലാകെ ബിജു ശ്രദ്ധിക്കപ്പെടുന്നത്.

തലസ്ഥാനത്ത് ബിജുവിനുള്ള ഒൻപത് ബാറുകളിൽ ഏഴും പുതിയ പരിഷ്‌കാര സമയത്ത് പൂട്ടിപോയതിന്റെ ദേഷ്യം കൂടി കണക്കിലെടുത്താണ് ബിജു അന്തിമ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഈ പോരാട്ടത്തിൽ ആര് ജയിക്കും എന്നറിയാൻ കേരളം കാത്തിരിക്കുകയാണ്. ഒരു രൂപ എനിക്ക് നഷ്ടം ഉണ്ടായാൽ മാണിക്ക് രണ്ട് രൂപ നഷ്ടം ഉണ്ടാക്കും എന്ന വെല്ലുവിളി പോലും ഇതിന്റെ ഭാഗമാണ്. മാണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം പാളയത്തിലെ പടതന്നെയാണ്്. കോൺഗ്രസിൽ ഒന്നിലധികം മന്ത്രിമാരും ഒരു പക്ഷേ മുഖ്യമന്ത്രിയും തന്നെ കേരള കോൺഗ്രസിലെ പ്രബലനായ പിസി ജോർജും ഒക്കെ കെ എം മാണിയെ കുടുക്കാൻ കാത്തിരിക്കുന്നു എന്നതാണ് മാണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP