Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

42 കേസുകളിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് കണ്ടെത്തിയിട്ടും നദീറിനെതിരായ കേസ് പിൻവലിക്കാതെ പൊലീസ്; കമൽ സി ചവറയ്‌ക്കെതിരായ രാജ്യദ്രോഹം പിൻവലിച്ചു; യുഎപിഎ അതീവ ഗൗരവമുള്ള കേസുകളിൽ മാത്രം മതിയെന്ന് നിർദ്ദേശം

42 കേസുകളിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് കണ്ടെത്തിയിട്ടും നദീറിനെതിരായ കേസ് പിൻവലിക്കാതെ പൊലീസ്; കമൽ സി ചവറയ്‌ക്കെതിരായ രാജ്യദ്രോഹം പിൻവലിച്ചു; യുഎപിഎ അതീവ ഗൗരവമുള്ള കേസുകളിൽ മാത്രം മതിയെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. തീവ്രവാദബന്ധം ഉൾപ്പെടെ അതീവ ഗൗരവമുള്ള കേസുകളിൽ മാത്രം യുഎപിഎ നിലനിർത്തിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.അതേസമയം, മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കോഴിക്കോട്ടെ നദീറിനെതിരെ ചുമത്തിയ യുഎപിഎ പിൻവലിച്ചിട്ടില്ലെന്നു ഡിജിപി അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകൾക്കെതിരെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പുയർത്തിയ സാഹചര്യത്തിലാണ് പുനഃപരിശോധന. 

കുറ്റപത്രം സമർപ്പിക്കാത്ത 162 കേസുകളിലാണു നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം അഥവാ യുഎപിഎ ചുമത്തി അന്വേഷണം നടത്തിവന്നത്. എഴുത്തുകാരൻ കമൽസി ചവറ ഉൾപ്പടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎപിഎ കേസുകൾ പുനഃപരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.

ഡിജിപി നേരിട്ടു നടത്തിയ പരിശോധനയിലാണ് 162 കേസുകളിൽ 42 എണ്ണത്തിൽ യുഎപിഎ ചുമത്തിയതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയത്. ഈ കേസുകളിൽനിന്നു യുഎപിഎ ഒഴിവാക്കാൻ തീരുമാനിച്ചു. കുറ്റപത്രം സമർപ്പിക്കാത്ത ഈ കേസുകളിൽ യുഎപിഎ ഒഴിവാക്കുന്നതിന് കോടതിയെ സമീപിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

യുഎപിഎ ചുമത്തുന്നതിനെതിരെ കാനം രാജേന്ദ്രൻ നടത്തിയ പരസ്യവിമർശനത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് 42 കേസുകളിൽനിന്നു യുഎപിഎ ഒഴിവാക്കിയെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിനു കൈമാറിയത്.

ആറളം ഫാമിൽ ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്തെന്ന കേസിലാണ് സാമൂഹ്യ പ്രവർത്തകനായ നദീറിനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ നാലാം പ്രതിയാണ് നദീർ. 2016 മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശ വാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നാണ് കേസ്. മാർച്ച് 16 ന് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ നദീർ കുറ്റാരോപിതരുടെ പട്ടികയിലുണ്ടായിരുന്നില്ല.

2016 ഡിസംബർ 19 നായിരുന്നു നദീറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് വിവാദമായതോടെ നദീറിനെ വിട്ടയക്കുകയായിരുന്നു. നദീറിനെതിരെ തെളിവുകളൊന്നുമില്ലെന്ന് ബഹ്റ അന്ന് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP