Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭയിലെത്തുന്നത് ഇ.ടിയെ വെട്ടാൻ; വേങ്ങരയിൽ മജീദിനെ നിർത്തി മുനീറിന്റെ മോഹങ്ങളും പൊളിക്കും; ജനറൽ സെക്രട്ടറിയായും വിശ്വസ്തനെ തന്നെ നിയോഗിക്കും; എതിരാളികളെ വെട്ടാൻ മൂന്നുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യം യൂത്ത്ലീഗിലൂടെ ചർച്ചയാകും; തട്ടകം മാറ്റുമ്പോൾ ലീഗിന്റെ റിമോർട്ട് കുഞ്ഞാലിക്കുട്ടി ആർക്കും നൽകില്ല

ലോക്‌സഭയിലെത്തുന്നത് ഇ.ടിയെ വെട്ടാൻ; വേങ്ങരയിൽ മജീദിനെ നിർത്തി മുനീറിന്റെ മോഹങ്ങളും പൊളിക്കും; ജനറൽ സെക്രട്ടറിയായും വിശ്വസ്തനെ തന്നെ നിയോഗിക്കും; എതിരാളികളെ വെട്ടാൻ മൂന്നുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യം യൂത്ത്ലീഗിലൂടെ ചർച്ചയാകും; തട്ടകം മാറ്റുമ്പോൾ ലീഗിന്റെ റിമോർട്ട് കുഞ്ഞാലിക്കുട്ടി ആർക്കും നൽകില്ല

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇ അഹമ്മദായിരുന്നും മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷൻ. മലപ്പുറത്ത് നിന്ന് സ്ഥിരമായി ജയിക്കുന്ന നേതാവ്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയായ നേതാവ്. അന്താരാഷ്ട്ര തലത്തിലെ വ്യക്തിബന്ധങ്ങൾ ഏറെയുണ്ടായിരുന്ന വ്യക്തിത്വം. ഇതൊക്കെയായിരുന്നപ്പോഴും ദേശീയ നേതാവ് കേരള കാര്യങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. ലീഗിന്റെ സംസ്ഥാന നേതൃത്വം പികെ കുഞ്ഞാലിക്കുട്ടിയുടെ കൈയിലെത്തിയതോടെ അഹമ്മദ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്നു. ഇപ്പോൾ അഹമ്മദിന് പകരക്കാരനായി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് വിജയിച്ചു. അതായതാ കുഞ്ഞാപ്പ ഡൽഹിക്ക് വണ്ടികയറുകയാണ്. അഹമ്മദിനെ പോലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി അകലം പാലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ഇല്ലെയന്ന് തന്നെയാകും കേരള രാഷ്ട്രീയം ഒന്നാകെ ഉത്തരം പറയുക.

യുഡിഎഫിന് കുഞ്ഞാലിക്കുട്ടിയുടെ സേവനം കൂടിയേ തീരൂ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് കോൺഗ്രസ് കേരളത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി പരമാവധി വോട്ടുകൾ നേടണം. ഇതിനുള്ള ചാണക്യതന്ത്രങ്ങൾ കുഞ്ഞാലിക്കുട്ടി തന്നെ ഒരുക്കണമെന്ന് കോൺഗ്രസിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നു. വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താൻ കരുക്കൾ നീക്കുന്ന ഉമ്മൻ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിയുടെ സഹായങ്ങൾ ആവോളം വേണം. അതുകൊണ്ട് കൂടിയാണ് ലോക്‌സഭാ അംഗമായാലും കേരളത്തിന് കുഞ്ഞാലിക്കുട്ടിയെ വേണമെന്ന് പാണക്കാട് തങ്ങളോട് ഇതിനോടകം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതും. തന്റെ പ്രചരണത്തിന് കെ എം മാണിയെ എത്തിച്ചും കൗശലം കാട്ടിയ കുഞ്ഞാലിക്കുട്ടി അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിനെ ശക്തമാക്കാൻ തന്റെ സാന്നിധ്യം അനിവാര്യതയാണെന്ന് തെളിയിച്ചു കഴിഞ്ഞു. മാണിയെ യുഡിഎഫിലേക്ക് വീണ്ടുമെത്തിക്കുകയെന്ന ദൗത്യവുമായി യുഡിഎഫിനെ വീണ്ടും ശക്തമാക്കുക കുഞ്ഞാലിക്കുട്ടിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ലീഗ് രാഷ്ട്രീയത്തിലെ മേധാവിത്വവും കുഞ്ഞാലിക്കുട്ടി കൈവിടില്ല. ഡൽഹിയിലെരുന്ന് സംസ്ഥാനത്തെ ലീഗ് രാഷ്ട്രീയത്തെ റിമോർട്ട് കൺട്രോളിലൂടെ കുഞ്ഞാലിക്കുട്ടി നയിക്കും.

മുസ്ലിംലീഗിന്റെ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ അഹമ്മദ് പക്ഷവും ഇടിയും ഒരുമിച്ചിരുന്നു. അങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ നീക്കം പൊളിയുകയും ചെയ്തു. മജീദിനെ രാജ്യസഭാ അംഗമാക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചത്. എന്നാൽ അഹമ്മദിന്റെ പിടിവാശി മൂലം ഈ എംപി സ്ഥാനം നിലനിർത്തിയത് പിവി അബ്ദുൾ വഹാബും. ഇത് കുഞ്ഞാലിക്കുട്ടിക്ക് വലിയ തരിച്ചടിയായിരുന്നു. അതിന് ശേഷം വളരെ കരുതലോടെയാണ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയത്. അഹമ്മദിന് പകരം ഇടി ഡൽഹിയിൽ ശക്തി കേന്ദ്രമാകുന്നത് കുഞ്ഞാലിക്കുട്ടി അഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് കേരള രാഷ്ട്രീയത്തിലെ ചാണക്യന്റെ റോൾ ഉപേക്ഷിച്ച് ഡൽഹിക്ക് കുഞ്ഞാലിക്കുട്ടി വണ്ടി കയറുന്നത്. അപ്പോഴും സംസ്ഥാന രാഷ്ട്രീയം തന്റെ കൈയിൽ തന്നെ നിലനിർത്താനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുക്കിയാണ് ഡൽഹിയിലേക്കുള്ള കൂടുമാറ്റം.

മുസ്ലിംലീഗ് ദേശീയ ട്രഷറർ സ്ഥാനത്തു നിന്നാണ് അഹമ്മദിന്റെ മരണത്തോടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി എത്തുന്നത്. ഇതിന് പിന്നാലെ ലോക്‌സഭാ അംഗവുമായി. ഇനി കുഞ്ഞാലിക്കുട്ടി പയറ്റുന്നത് വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രമായിരിക്കും. ഒരേ സമയം കേരളത്തിലും ദേശീയ തലത്തിലും പാർട്ടിയുടെ മുഖം ഇനി കുഞ്ഞാലിക്കുട്ടിയാവും. അങ്ങനെ ലീഗെന്ന പാർട്ടി എല്ലാ അർത്ഥത്തിലും കുഞ്ഞാലിക്കുട്ടിയുടെ കൈയിലേക്ക് എത്തുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള നിരവധി പേരുകൾ ഉയർന്നു കേട്ടിരുന്നു. പാണക്കാട് മുനവ്വറലി തങ്ങൾ, സിറാജ് ഇബ്രാഹീം സേട്ട്, അബ്ദുസമദ് സമദാനി, ഇ അഹമ്മദിന്റെ മക്കളിലാരെങ്കിലും ഇങ്ങനെ പോവുന്നു പരിഗണനയിലുണ്ടായിരുന്ന പട്ടിക. ഇതെല്ലാം വെട്ടിയാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിക്കുന്നതും. ഇതിലൂടെ രണ്ട് പദവികൾ ഒഴിവ് വരും. അതിലൊന്ന് വേങ്ങരയിലെ നിയമസഭാ സീറ്റാണ്. മറ്റൊന്ന് ലീഗ് ജനറൽ സെക്രട്ടറി പദവും. ഇവിടേക്ക് ആരെത്തുമെന്നതാണ് ചോദ്യം. രണ്ടിലേക്കും വിശ്വസ്തരെ എത്തിക്കാനാകും കുഞ്ഞാലിക്കുട്ടിയുടെ ശ്രമം.

അഹമ്മദിന്റെ മരണത്തോടെ പ്രസക്തി കുറയുന്നത് ഇടി മുഹമ്മദ് ബഷീറിനാണ്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ എന്നും പട നയിച്ച ഇടിക്കിപ്പോൾ പഴയ പ്രതാപമില്ല. പൊന്നാനിയിൽ നിന്നുള്ള ലോക്‌സഭാ മണ്ഡലത്തിലെ പ്രതിനിധിയായ മുഹമ്മദ് ബഷീറിന് ലോക്‌സഭയിൽ കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ തന്നെയാകും സ്ഥാനം. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തമായ പദവി ഉടനൊന്നും ലഭിക്കാനും ഇടയില്ല. അഹമ്മദിന്റെ മരണത്തോടെ ഖാദർ മൊയ്തീൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു ദേശീയ പ്രസിഡന്റായി. കുഞ്ഞാലിക്കുട്ടിയാവട്ടെ ട്രഷറർ സ്ഥാനത്തു നിന്ന് ജനറൽ സെക്രട്ടറിയുമായി. പക്ഷേ ഇടിക്ക് കാര്യമായ സ്ഥാനം ലഭിക്കുകയും ചെയ്തില്ല. ഇതുവരെയില്ലാത്ത ഓർഗനൈസിങ് സെക്രട്ടറി എന്ന പദവിയുണ്ടാക്കി ആ സ്ഥാനം ഇടിക്ക് നൽകുകയാണ് ചെയ്തത്. അങ്ങനെ എല്ലാ അർത്ഥത്തിലും ഒതുക്കി. നിലവിലെ സാഹചര്യത്തിൽ ദേശീയ തലത്തിൽ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലായി. ഇടിയേക്കാൾ മുകളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ സ്ഥാനം. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ പാർട്ടിയുടെ മുഖം കുഞ്ഞാലിക്കുട്ടിയായി മാറി.

ഇനി കേരളത്തിലും കാര്യങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ പ്രതിപക്ഷ ഉപനേതാവാണ് നിയമസഭയിൽ കുഞ്ഞാലിക്കുട്ടി. താമസിയാതെ എംഎൽഎ സ്ഥാനം കുഞ്ഞാലിക്കുട്ടി രാദിവയ്ക്കും. നിയമസഭയിൽ കുഞ്ഞാലിക്കുട്ടി ഇല്ലെങ്കിൽ സഭയിലെ പാർട്ടി പ്രമുഖനായി തിരഞ്ഞെടുക്കുക എംകെ മുനീറിനെ ആയിരിക്കും. ഇത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പിന്റെ കൈകളിലേക്ക് കാര്യങ്ങൾ എത്താനിടയുണ്ടെന്ന് ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ബദൽ മാർഗം ആലോചിക്കുന്നത്. ഐസ് ക്രീമിൽ കുഞ്ഞാലിക്കുട്ടിയെ തകർത്തത് മുനീറിന്റെ ഇന്ത്യാവിഷൻ ചാനലായിരുന്നു. ഈ പകയുള്ളതു കൊണ്ട് തന്നെ വേങ്ങരയിൽ കരുത്തനെ മത്സരിപ്പിച്ച് നിയമസഭാ കക്ഷി നേതാവാക്കാനാക്കും കുഞ്ഞാലിക്കുട്ടി ശ്രമിക്കുക. അതുകൊണ്ട് തന്നെ വേങ്ങര നിയമസഭാ മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ മൽസരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെ സംഭവിച്ചാൽ കെപിഎ മജീദിന് പ്രതിപക്ഷ ഉപനേതാവ് പദവി നൽകും.

രണ്ടത്താണിയോ കെഎൻഎ ഖാദറോ മൽസരിച്ചാലും പ്രതിപക്ഷ ഉപനേതാവ് പദവി മുനീറിന് ലഭിക്കും. താൻ രംഗമൊഴിയുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ മുനീർ നേതാവാകുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അടുത്തതവണ യുഡിഎഫിന് ഭരണം ലഭിച്ചാലും മുനീർ നേതൃത്വത്തിലേക്കെത്തുന്നത് ഒഴിവാക്കാൻ മൂന്നുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യം യൂത്ത്ലീഗിലൂടെ അവതരിപ്പിച്ച് തീരുമാനമാക്കാൻ അദ്ദേഹം കിണഞ്ഞു ശ്രമിക്കുകയാണ്. ഏഴു തവണ കുഞ്ഞാലിക്കുട്ടി നിയമസഭാ അംഗമായപ്പോഴും യൂത്ത്ലീഗ് ഇത്തരമൊരാവശ്യം ഉന്നയിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ പ്രമേയം അംഗീകരിക്കപ്പെടുന്നതോടെ പാർട്ടിയിലെ എല്ലാ എതിരാളികളെയും ഒതുക്കാമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കണക്കുകൂട്ടുന്നത്.

മജീദ് വേങ്ങരയിൽ മൽസരിച്ച് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ സ്വാഭാവികമായും അദ്ദേഹത്തിനാവും മുനീറിനേക്കാൾ പരിഗണന ലഭിക്കുക. ഇതിനൊപ്പം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തും കുഞ്ഞാലിക്കുട്ടി തന്റെ വിശ്വസ്തനെ എത്തിക്കും. പാണക്കാട്ട കുടുംബത്തിനും കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കത്തെ പിന്തുണയ്ക്കാനേ നിലവിൽ കഴിയൂ. അതുകൊണ്ട് തന്നെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനും വേങ്ങരയിലെ സ്ഥാനാർത്ഥിത്വവും കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാർക്ക് മാത്രമേ ലഭിക്കൂ. അങ്ങനെ കേരളത്തിലെ പാർട്ടിയിൽ റിമോർട് കൺട്രോൾ സ്വാധീനം കുഞ്ഞാലിക്കുട്ടി തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP