Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാനൊരു സ്ത്രീയായതിനാലാണ് എല്ലാവരുടെയും മുന്നിൽവച്ച് താങ്കളെന്നോട് കയർത്തു സംസാരിച്ചത്; താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു; എന്നെ അപമാനിതയാക്കിയത് അത്ര നല്ല സന്ദേശമല്ല നൽകുക; മന്ത്രിയായപ്പോൾ എം.എം മണിയെ ജൂഡ് കളിയാക്കിയതും ഓർമ്മിപ്പിച്ച് സൗമിനി ജെയ്ൻ

ഞാനൊരു സ്ത്രീയായതിനാലാണ് എല്ലാവരുടെയും മുന്നിൽവച്ച് താങ്കളെന്നോട് കയർത്തു സംസാരിച്ചത്; താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു; എന്നെ അപമാനിതയാക്കിയത് അത്ര നല്ല സന്ദേശമല്ല നൽകുക; മന്ത്രിയായപ്പോൾ എം.എം മണിയെ ജൂഡ് കളിയാക്കിയതും ഓർമ്മിപ്പിച്ച് സൗമിനി ജെയ്ൻ

അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാട്ടി സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ നൽകിയ പരാതിയിൽ കൂടുതൽ വിശദീകരണവുമായി കൊച്ചി മേയർ സൗമിനി ജെയ്ൻ. അറസ്റ്റിൽ ചങ്ക് തകർന്നെന്ന ജൂഡ് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനുള്ള മറുപടിയായാണ് മേയർ വിശദീകരണം നൽകിയിരിക്കുന്നത്.

വിശദീകരണത്തിന്റെ പൂർണ്ണരൂപം:

ജൂഡ് ആന്റണിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിച്ചു. ജൂഡ് നല്ലൊരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ എല്ലാവർക്കും ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയിൽ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകർന്നെഴുതാനുള്ള അദ്ദേഹത്തിന്റെ സംവിധാന മികവ് ആ ഫേസ്‌ബുക്ക് പോസ്റ്റിൽ കാണാം. എന്നാൽ എന്താണ് സത്യം എന്ന് എല്ലാവരും അറിയണം. അസത്യപ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ല.

കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ഫോൺ വിളിച്ച് സുഭാഷ് പാർക്ക് ചിത്രീകരണത്തിനായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ സുഭാഷ് പാർക്ക് ചിത്രീകരണത്തിന് നൽകാറുണ്ടായിരുന്നു. പക്ഷെ, പലപ്പോഴും ഷൂട്ട് കഴിയുമ്പോൾ ചെടികൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുകയും പാർക്കിന്റെ സ്വാഭാവികത നഷ്ടമാകുകയും ചെയ്തിട്ടുള്ള അനുഭവത്തിലും പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്ക് സദാസമയവും ലഭ്യമാകണമെന്ന ഉദ്ദേശത്താലും ചിത്രീകരണങ്ങൾക്കായി സുഭാഷ് പാർക്ക് വിട്ടുനൽകേണ്ടതില്ല എന്ന് നഗരസഭ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിവരം ഞാൻ ജൂഡിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് ജൂഡ് എത്തുന്നത് ഒരു മന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള ശുപാർശക്കത്തുമായാണ്. അപ്പോഴും വളരെ മാന്യമായി ഞാൻ വിവരങ്ങൾ പറയുകയും കൗൺസിൽ തീരുമാനം മറികടന്ന് എനിക്ക് മാത്രമായി തീരുമാനം എടുക്കാൻ സാധ്യമല്ല എന്നറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയം അപ്പോൾത്തന്നെ ഡെപ്യൂട്ടി മേയർ അടക്കമുള്ളവരുമായി ചർച്ച ചെയ്യുകയും അവരും സമാന നിലപാട് സ്വീകരിക്കുകയും ചെയ്തു.

എന്നാൽ പ്രസ്തുത വിഷയത്തിന്റെ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത് ഏറ്റവുമടുത്ത കൗൺസിലിൽ വിഷയം അവതരിപ്പിക്കാമെന്നും ആവശ്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്നും ഞാൻ ഉറപ്പ് നൽകി. അല്ലെങ്കിൽ, സുഭാഷ് പാർക്കൊഴികെ കൊച്ചിയിലെ ഏത് പാർക്കും പ്രസ്തുത ചിത്രീകരണത്തിനായി ഉടനടി ലഭ്യമാക്കാമെന്ന് ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു.

സർക്കാർ ഓർഡർ ഉണ്ടെങ്കിൽ സുഭാഷ് പാർക്ക് അനുവദിക്കാമെന്നും അല്ലെങ്കിൽ കൗൺസിൽ തീരുമാനത്തിന് വിധേയമായേ എനിക്ക് പ്രവർത്തിക്കാനാകൂ എന്നും ഞാൻ അറിയിച്ചു. ജൂഡ് ഒരു തീയതി തീരുമാനിക്കുകയും അഭിനേതാക്കളുടെ ഡേറ്റ് ലഭ്യമാക്കുകയും ചെയ്തു എന്ന കാരണത്താൽ കൗൺസിൽ തീരുമാനത്തെ മറികടക്കാൻ എനിക്കാവില്ലല്ലോ. ഉടൻ യാതൊരു പ്രകോപനവുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയും ശബ്ദമുയർത്തി നിങ്ങളുടെയൊന്നും അനുമതി പോലുമില്ലാതെ ഞാൻ ഷൂട്ട് ചെയ്യുന്നത് കാണിച്ചു തരാം. ഞാൻ ആരാണെന്ന് അറിയില്ല. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ഡോർ ശക്തമായി വലിച്ചടച്ച് പോവുകയായിരുന്നു.

ജൂഡിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വരികൾ കടമെടുക്കുന്നു.'' നിങ്ങൾ എത്ര മോശം കാര്യങ്ങൾക്ക് ചിലപ്പോൾ കണ്ണടക്കുന്നുണ്ടാകും , ഈ നല്ല കാര്യത്തിനു ഹെൽപ്പ് ചെയ്യാത്തത് മോശമായിപോയി , ഞാൻ ഇതിനെതിരെ പ്രതികരിക്കും ' പ്രിയ ജൂഡ്, കൗൺസിൽ വിലക്കിയ ഒരു കാര്യം കൗൺസിൽ തീരുമാനമില്ലാതെ നൽകാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാൻ മോശം കാര്യങ്ങൾക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കൾ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കൾ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവൽക്കരിക്കുത്.

താങ്കളെപ്പറ്റി ഇതിന് മുമ്പും നിരവധി വാർത്തകൾ ഞാൻ കേട്ടിട്ടുണ്ട്. ബഹു. എം.എം മണി മന്ത്രിയായപ്പോൾ 'വെറുതെ സ്‌ക്കൂളിൽ പോയി' എന്നൊരു പോസ്റ്റിട്ട് താങ്കൾ അദ്ദേഹത്തെ കളിയാക്കിയിരുന്നു. മറ്റൊരു വിഷയത്തിൽ താങ്കളുടെ പോസ്റ്റിലെ എതിർകമന്റുകൾക്ക് അവരുടെ അച്ഛനെ വരെ ചീത്ത വിളിച്ച സംഭവവും കേട്ടിട്ടുണ്ട്. അതേ നിലവാരത്തിൽ തന്നെ ജൂഡ് ഇപ്പോഴും സംസാരിക്കുന്നു എന്നത് ദുഃഖകരമാണ്. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്തീയാകട്ടെ, കുട്ടിയാകട്ടെ, ആരുമാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുക എന്നത് പ്രധാനമാണ്.

പ്രിയ ജൂഡ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കാലികസംഭവങ്ങളിൽ ഞാനും ഉത്കണ്ഠാകുലയാണ്. ഷോർട്ട്ഫിലിമിലൂടെ നമുക്ക് നല്ലൊരു സന്ദേശം നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ, ആ വിഷയത്തെപ്പറ്റി സംസാരിക്കാൻ വന്ന ജൂഡ് എല്ലാവരുടേയും മുന്നിൽ വെച്ച് ഒരു സ്ത്രീയെന്ന നിലയിൽ വാക്കുകൾ കൊണ്ട് എന്നെ അപമാനിതയാക്കി എന്നത് അത്ര നല്ല സന്ദേശമല്ല നൽകുക.

തീർച്ചയായും ഞാനൊരു സ്ത്രീയായതിനാലാണ് അന്ന് എല്ലാവരുടേയും മുന്നിൽ വെച്ച് താങ്കളെന്നോട് കയർത്തു സംസാരിച്ചതും മോശമായി പെരുമാറിയതും. താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു.

മേയർ ആയി പ്രവർത്തിക്കുന്ന എനിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ മറ്റു സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP