Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും.. ചിലർ ഭയക്കും.. ചിലർ കിടന്നു മോങ്ങും..! നീതി തേടിയെത്തിയ മഹിജയെയും ബന്ധുക്കളെയും പൊലീസ് മർദ്ദിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ്; രക്തസാക്ഷി പോലുമല്ലെന്ന് പറഞ്ഞ് നേതാക്കൾ തള്ളിപ്പറയുന്നത് പിണറായിയുടെ കടുത്ത ആരാധകനെ

പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും.. ചിലർ ഭയക്കും.. ചിലർ കിടന്നു മോങ്ങും..! നീതി തേടിയെത്തിയ മഹിജയെയും ബന്ധുക്കളെയും പൊലീസ് മർദ്ദിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ്; രക്തസാക്ഷി പോലുമല്ലെന്ന് പറഞ്ഞ് നേതാക്കൾ തള്ളിപ്പറയുന്നത് പിണറായിയുടെ കടുത്ത ആരാധകനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ''പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും.. ചിലർ ഭയക്കും.. ചിലർ കിടന്നു മോങ്ങും..! ചിലരു ചൊറിഞ്ഞുകൊണ്ടേയിരിക്കും.. അവഗണിച്ചേക്കുക.. അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെയോർത്ത് ലാൽസലാം..''

ഇന്നലെ സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് മുന്നിലെ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട മഹിജയെന്ന ആ അമ്മയുടെ മകൻ ജിഷ്ണു പ്രണോയ് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിത്. 2016 മെയ്‌ 21 നാണ് ജിഷ്ണു പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഈ പോസ്റ്റ് ജിഷ്ണു കുറിച്ചിട്ടത്. ഏറെ കാലം മുമ്പുള്ള ഈ പോസ്റ്റ് ഇന്നലെ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രതികരിച്ചു. ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട് മൂന്ന് മാസമായിട്ടും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാത്തതിനെത്തുടർന്ന് നിരാഹാര സമരത്തിനെത്തിയ മാതാവ് മഹിജ ഡി.ജി.പി ഓഫീസിന് മുന്നിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായത്.

കുടുംബപരമായി സി.പി.എം അനുഭാവികളാണ് ജിഷണുവും കുടുംബവും. കോളേജിൽ പഠിക്കുമ്പോഴും ജിഷ്ണു തന്റെ രാഷ്ട്രീയം വ്യക്തമാക്കാൻ മടിച്ചില്ല. എസ്.എഫ്.ഐക്കാരനുമായിരുന്ന ജിഷ്ണു ഏറെ ആരാധിച്ചിരുന്ന നേതാവാണ് പിണറായി വിജയൻ. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരത്തിലെത്താൻ ജിഷ്ണുവും ഏറെ ആഗ്രഹിച്ചിരുന്നു. തന്റെ പോസ്റ്റിന് താഴെ പിണറായിയെ എതിർക്കുന്നവർക്ക് ശക്തമായഭാഷയിൽ ജിഷ്ണു മറുപടി നൽകിയിട്ടുമുണ്ട്. അതായത് സിപിഎമ്മിന്റെ സൈബർ പോരാളിയായിരുന്നെന്ന് വ്യക്തം.

എന്നാൽ ജിഷ്ണു ഏറെ ആരാധിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കെയാണ് നീതിതേടി തലസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഇന്നലെ പൊലീസിന്റെ ക്രൂരമർദ്ദനമേൽക്കേണ്ടി വന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വ്യാപകപ്രതിഷേധമാണ് ഉയർന്നുവരുന്നത്. കടുത്ത സി.പി.എം അനുഭാവികൾ പോലും മഹിജയ്ക്കെതിരായ പൊലീസ് നടപടിയെ കടുത്തഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. പിണറായിയെ പിന്തുണച്ചു കൊണ്ട് ഫേസ്‌ബുക്കിൽ രംഗത്തെത്തിയവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ഇന്നലത്തെ പൊലീസ് ലാത്തി പ്രയോഗത്തോടെ എൽഡിഎഫ് സർക്കാർ നേരിടുന്ന ഏറ്റവും കടുത്ത ജനരോഷമായി ഇത്.

ഇതിനിടെ ജിഷ്ണു പ്രണോയ് എസ്.എഫ്.ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ലെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ജെയ്ക്കിന്റെ പ്രസ്താവനയ്ക്കെതിരെയും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ജിഷ്ണു എസ്.എഫ്.ഐക്കാരനാണെങ്കിലും രക്തസാക്ഷികളുടെ പട്ടികയിൽ ജിഷ്ണുവിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ജെയ്ക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെതിരെ എസ്.എഫ്.ഐ നേതാക്കൾതന്നെ രംഗത്തെത്തിയിട്ടുണ്ട്.

പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച് മൂന്നുമാസകുമ്പോഴും പ്രതികൾ ഇടത് സർക്കാരിന്റെയും പൊലീസിന്റെയും സംരക്ഷണയിൽ കഴിയുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ജിഷ്ണുവിന്റെ ബന്ധുക്കൾ ഇന്നലെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിരാഹാരസമരം പ്രഖ്യാപിച്ചതിനെത്തുടർന്ന് കേസിലെ മുഖ്യപ്രതിയും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാനുമായ കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. ഇത് സർക്കാരും പ്രതികളും തമ്മിലുള്ള ഒത്തുകളി വ്യക്തമാക്കുന്നതായി.

ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകനും തന്റെ കടുത്ത ആരാധകനുമായി ജിഷ്ണുവിന്റെ മാതാവിനെ കാണാൻ പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ചത് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജിഷ്ണു മരിച്ചതിനുശേഷം മുഖ്യമന്ത്രി കോഴിക്കോട്ട് നിരവധി തവണയെത്തിയിരുന്നെങ്കിലും ജിഷ്ണുവിന്റെ ബന്ധുക്കളെ സന്ദർശിക്കാൻ തയാറായിരുന്നില്ല. ഇതിനെതിരെ സി.പി.എം പ്രദേശിക ഘടകം പോലും രംഗത്തെത്തിയിരുന്നു.

ജിഷ്ണു ആഗ്രഹിച്ചതുപോലെ എല്ലാം ശരിയാക്കാനെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു ജനകീയ സർക്കാരിന്റെ കാലത്തുതന്നെ ജിഷ്ണുവിന്റെ കുടുംബത്തിന് നീതി നിഷേധിച്ചതും മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളെ തല്ലിച്ചതച്ചതച്ചതും സിപിഎമ്മിന് തീരാക്കളങ്കമാകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP