Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളം മെഡിക്കൽ കോളജിൽ യുവാവ് ചികിത്സ കിട്ടാതെ മരിച്ചതിൽ ദുരൂഹത; ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും രണ്ടു തട്ടിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

എറണാകുളം മെഡിക്കൽ കോളജിൽ യുവാവ് ചികിത്സ കിട്ടാതെ മരിച്ചതിൽ ദുരൂഹത; ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും രണ്ടു തട്ടിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരണപ്പെട്ട യുവാവിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവെച്ചു. എടത്തല തേവയ്ക്കൽ കൈലാസ് കോളനി മുക്കോമുറിയിൽ ജെറിൻ മൈക്കിൾ (25) ആണ് ചികിൽസ കിട്ടാതെ മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജെറിന് ശരിയായ ചികിത്സ സമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നതിനാലും സ്ട്രെക്ചർ ലഭിക്കാതിരുന്നതിനാലും രോഗി ധരിച്ചിരുന്ന ഉടുമുണ്ടിൽ കിടത്തിയാണ് വാർഡിൽ നിന്ന് രണ്ടാം നിലയിലെ ഐസിയുവിലേക്ക് കൊണ്ടുപോയത്. ആശുപത്രി അധികൃതരുടെ തികച്ചും നിരുത്തരവാദപരമായ പ്രവർത്തനവും ശരിയായ ചികിത്സ യഥാസമയം ലഭിക്കാതിരുന്നതുമാണ് ജെറിന്റെ മരണത്തിനിടയാക്കിയത്.

മുൻപ് എം ബി ബി എസ് വിദ്യാർത്ഥിനി ഷംന തസ്നീമിന്റെ മരണത്തിനും സമാനമായ വീഴ്ചയാണ് ഗവ. മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. സർക്കാരിന്റെ പ്രതിഛായ്ക്കു തന്നെ കോട്ടംതട്ടിയ സാഹചര്യത്തിൽ ഇതിൽനിന്നും രക്ഷപ്പെടാൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഉടൻ അന്വേഷണത്തിന് ഉത്തരവിട്ട് നടപടകളും തുടങ്ങി.

ഇന്നലെ ആശുപത്രിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അന്വേഷണ സംഘം ഒരു ഭാഗത്ത് ചോദ്യം ചെയ്യുമ്പോൾ ഇതൊന്നുമറിയാതെ യൂത്ത് കോൺഗ്രസുക്കാർ സൂപ്രണ്ടിനെ തടഞ്ഞുവെക്കുകയും ചെയ്തു. മന്ത്രിയുടെ നിർദ്ദേശാനുസരണം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നിശ്ചയിച്ച വിദഗ്ദ സമിതി അംഗങ്ങളായ കോട്ടയം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ: എം എൻ ശശികുമാർ, മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ: പ്രശാന്ത് കുമാർ എന്നിവരാണ് തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ അന്വേഷണത്തിനെത്തിയത്.

മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയ സംഘം ഉച്ചക്ക് ഒന്നര വരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .ജെറി മൈക്കിൾ മരിച്ച രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിസിൻ വിഭാഗം ഡോ: ഓമന മേനോൻ, സർജറി വിഭാഗം ഡോ: രാജേഷ് എന്നിവരെ വിളിച്ച് വരുത്തി സംഭവങ്ങൾ അന്വേഷിച്ചു.ഇവരെ കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഹൗസ് സർജന്മാരെയും വിളിച്ച് വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അന്വേഷണ റിപ്പോർട്ട് കഴിയുന്നത്ര വേഗം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് അയച്ച് കൊടുക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. കഴിയുമെങ്കിൽ തിങ്കളാഴ്ച രാത്രി തന്നെ റിപ്പോർട്ട് അയക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. അതേസമയം ജെറിൻ മൈക്കിൾ മരണപ്പെട്ട സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ സൂപ്രണ്ടിനെ ഇന്നലെ ഉപരോധിച്ചു.

ജെറിന്റെ മരണത്തിൽ എടുത്ത നടപടിയെ കുറിച്ചറിയാൻ പ്രവർത്തകർ ആദ്യം പ്രിൻസിപ്പാളിന്റെ ഓഫീസിലേക്കാണ് ഇരച്ചു കയറിയത്. എന്നാൽ ആശുപത്രിയുടെ കാര്യത്തിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് പ്രവർത്തകരോട് പ്രിൻസിപ്പാൾ പറഞ്ഞു തടിയൂരി. മെഡിക്കൽ സൂപ്രണ്ടിനാണ് വിഷയത്തിൽ ഉത്തരവാദിത്വമെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞതോടെ പ്രവർത്തകർ സൂപ്രണ്ട് അനിൽകുമാറിനെ ഉപരോധിച്ചു. ആശുപത്രി ജീവനക്കാരുടെ കൃത്യ വിലോപത്തിന്റെ കാര്യത്തിൽ പ്രിൻസിപ്പാളിനാണ് പൂർണ്ണ ഉത്തരവാദിത്വമെന്ന് സൂപ്രണ്ടും പറഞ്ഞു.

പരസ്പരം പഴിചാരി രണ്ടു വകുപ്പ് മേധാവികളും കൈയൊഴിഞ്ഞതോടെ കുറ്റക്കാരെ രക്ഷിക്കാൻ ഇരുവരും ശ്രമിക്കുന്നുവെന്നാരോപിച്ച് ഓഫീസിൽ പ്രവർത്തകർ നിലയുറച്ചു. യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.ഉപരോധത്തിന് യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം പ്രസിഡന്റ് അഷ്‌കർ പനയപ്പള്ളിയാണ് നേതൃത്വം നൽകിയത്. പിന്നീട് പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP