Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗി ഒരു തട്ടിപ്പും സമ്മതിച്ചുകൊടുക്കാൻ പോകുന്നില്ല; നിയമപാലനം എങ്ങനെ നടക്കുന്നുവെന്ന് നേരിട്ടറിയാൻ ലക്‌നൗവിലെ പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; ശുചിത്വം കർശനമായി വേണമെന്ന ആഹ്വാനത്തിന് പിന്നാലെ ചൂലെടുത്ത് ഓഫീസ് വൃത്തിയാക്കി മന്ത്രി; എല്ലാ അർത്ഥത്തിലും ഉത്തർ പ്രദേശ് ക്‌ളീൻ ആക്കാൻ ഉറച്ച് ബിജെപി നേതൃത്വവും

യോഗി ഒരു തട്ടിപ്പും സമ്മതിച്ചുകൊടുക്കാൻ പോകുന്നില്ല; നിയമപാലനം എങ്ങനെ നടക്കുന്നുവെന്ന് നേരിട്ടറിയാൻ ലക്‌നൗവിലെ പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; ശുചിത്വം കർശനമായി വേണമെന്ന ആഹ്വാനത്തിന് പിന്നാലെ ചൂലെടുത്ത് ഓഫീസ് വൃത്തിയാക്കി മന്ത്രി; എല്ലാ അർത്ഥത്തിലും ഉത്തർ പ്രദേശ് ക്‌ളീൻ ആക്കാൻ ഉറച്ച് ബിജെപി നേതൃത്വവും

ലക്‌നൗ: ആരംഭശൂരത്വമാണെന്നോ പുത്തനച്ചി പുരപ്പുറം തൂക്കുമെന്നോ പറഞ്ഞ് തള്ളാൻവരട്ടെ.. ഇക്കണക്കിനാണെങ്കിൽ യോഗി ആദിത്യനാഥ് യുപിയെ ഒരു മാതൃകാ സംസ്ഥാനമാക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അനധികൃത അറവുശാലകൾ പൂട്ടുമെന്നും അഴിമതിക്കാർക്ക് പൂട്ടിടുമെന്നുമെല്ലാം അധികാരമേറ്റയുടനെ വ്യക്തമാക്കിയ യുപി മുഖ്യമന്ത്രി എല്ലാ തട്ടിപ്പുകൾക്കെതിരെയും ശക്തമായി നിലകൊള്ളുമെന്നും ഇപ്പോഴത്തെ സിസ്റ്റത്തിൽ ഉള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ഓരോ നടപടിയിലും.

ഇന്ന് നിയമപാലനം എങ്ങനെ നടക്കുന്നുവെന്നും മറ്റും ്അറിയാൻ യോഗി തന്നെ നേരിട്ട് ലക്‌നൗവിലെ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ശുചിത്വം എല്ലായിടത്തും നിർബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ഒരു മന്ത്രിതന്നെ ചൂലുമായി ഓഫീസ് വൃത്തിയാക്കാനായി ഇറങ്ങിയതും വാർത്തയായി. അഴിമതി എല്ലാ രംഗങ്ങളിലും നടമാടുന്ന യുപിയിൽ എല്ലാരംഗവും ക്‌ളീൻ ആക്കുമെന്ന നിലയിലേക്കാണ് യോഗിയുടെ പോക്കെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

തികച്ചും സംസ്ഥാനത്തിന്റെ ക്ഷേമത്തിനായുള്ള നടപടികളാകും സർക്കാർ കൈക്കൊള്ളുകയെന്ന് പ്രഖ്യാപിച്ച് യുപിയെ ക്‌ളീൻ ആക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ട യോഗി തുടക്കത്തിലേ കയ്യടി നേടിയിരുന്നു. ഇന്ന് ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.

നഗരഹൃദയത്തിലെ പ്രധാന വ്യവസായ മേഖലയ്ക്ക് സമീപമുള്ള ഹസ്റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. സ്റ്റേഷനിലെ റെക്കോർഡുകളും ലോക്ക് അപ് സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു.

സംസ്ഥാനത്തെ നിയമപാലനം എപ്രകാരം നടക്കുന്നുവെന്ന് നേരിട്ട് അറിയാനാണ് സന്ദർശനമെന്ന് യോഗി ആദിത്യനാഥ് വിശദീകരിച്ചു. ഇനിയും ഇത്തരം സന്ദർശനങ്ങൾ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പു നൽകിയ ആദിത്യനാഥ്, അടുത്ത തവണ വരുമ്പോൾ സ്റ്റേഷനിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാകണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പു നൽകി. പൊലീസ് സ്റ്റേഷനിലെ ക്രൈംബ്രാഞ്ച്, സൈബർ സെൽ വിഭാഗങ്ങളിൽ പുതിയ യുപി മുഖ്യമന്ത്രി പ്രത്യേകം പരിശോധന നടത്തി.

സംസ്ഥാനത്തെ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നിന് മുന്തിയ പരിഗണന നൽകുമെന്ന് യോഗി ആദിത്യനാഥ് ആദ്യമേതന്നെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ ബിജെപി പ്രകടനപത്രികയിൽ നൽകിയ ഉറപ്പുപ്രകാരമാണ് ക്രമസമാധാന പാലനത്തിന് സർക്കാർ പ്രാമുഖ്യം നൽകുന്നത്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിരുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഇടപെട്ട് പൊലീസിന്റെ സേവനം മുഖ്യമന്ത്രി ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്കു നേരിട്ടെത്തിയും സൗകര്യങ്ങൾ പരിശോധിച്ചത്. ഇതോടെ പൊലീസിൽ അടിമുടി ഉടച്ചുവാർക്കൽ ഉടൻ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും പാന്മസാലയും പുകയില ഉൽപന്നങ്ങളും നിരോധിച്ചതുൾപ്പെടെ ഭരണതലത്തിൽ കർശന നടപടികളാണ് യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ നടപ്പിലാക്കിവരുന്നത്. സംസ്ഥാനത്തെ അറവുശാലകളുടെ പ്രവർത്തനം നിർത്തുന്നതിനു രൂപരേഖ തയാറാക്കാനും പശുക്കളുടെ കള്ളക്കടത്തു കർശനമായി തടയാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. സർക്കാർ ഓഫിസുകളിൽ പ്ലാസ്റ്റിക് നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബിജെപി പ്രകടന പത്രികയിൽ പ്രഖ്യാപിച്ച ക്‌ളീൻ യുപി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.

അതേസമയം, മറ്റൊരു സംഭവവും വാർത്തകളിൽ ഇടംനേടി. എല്ലാ് രംഗങ്ങളിലും ശുചിത്വം നിർബന്ധമായും പരിപാലിക്കണമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കർശന നിർദ്ദേശത്തിനു പിന്നാലെ മന്ത്രിസഭാംഗം തന്നെ ചൂലുമെടുത്ത് ഓഫീസ് വൃത്തിയാക്കാനിറങ്ങി. സംസ്ഥാന നിയമസഭയിലെ ഓഫിസും ഇടനാഴിയുമാണ് യുപി മന്ത്രി ഉപേന്ദ്ര തിവാരി തൂത്തുവാരിയത്. ചൂലുമായി നിൽക്കുന്ന മന്ത്രിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. പരിസ്ഥിതി, ജല വിഭവ, വിതരണ, വനം സഹമന്ത്രിയാണ് തിവാരി. തിവാരി ഓഫിസിന്റെ ഇടനാഴി ചൂൽ ഉപയോഗിച്ചു വൃത്തിയാക്കുമ്പോൾ ജീവനക്കാരും മറ്റുള്ളവരുടെ നോക്കിനിൽക്കുന്നതായും ചിത്രങ്ങളിൽ കാണാം.

യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെതന്നെ ശുചിത്വം നിർബന്ധമാക്കി ആദിത്യനാഥ് കർശന നിർദ്ദേശം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയോടു ചേർന്ന് ശുചിത്വ പദ്ധതികൾ നടത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സ്‌കൂളുകളിലും കോളജുകളിലും ആശുപത്രികളിലും സർക്കാർ കെട്ടിടങ്ങളിലും പുകയില, പാൻ മസാല ഉൽപ്പന്നങ്ങൾ നിരോധിച്ചുകൊണ്ട് ബുധനാഴ്ച ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

ഇത്തരത്തിൽ തുടക്കത്തിൽ തന്നെ കർശന നിർദ്ദേശം നടപ്പാക്കി മുൻകാലങ്ങളലെ ജീർണതകളിൽ നിന്ന് യുപിയെ മുക്തമാക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് പുതിയ ബിജെപി സർക്കാർ. സർക്കാരിന്റെ പരിപാടികളോട് സഹകരിക്കാത്തപക്ഷം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP