Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെത്രാപൊലീത്തയുടെ നിലപാടുകളെ ചോദ്യം ചെയ്ത അച്ചൻ ബിഷപ്പാകാതിരിക്കാൻ നീക്കം സജീവം; കുർബാന ചൊല്ലിയപ്പോൾ ളോഹക്ക് മുകളിൽ കാപ്പയിട്ടില്ലെന്ന് വരെ ആരോപണം; വിഷയം കോടതി കയറിയപ്പോൾ നാല് ബിഷപ്പുമാരുടെ നിയമനം തടഞ്ഞുള്ള കീഴ് കോടതി ഉത്തരവ് മേൽകോടതി ശരിവെച്ചു; മാർത്തോമ സഭയിലെ തമ്മിലടികൾക്ക് അവസാനമില്ല

മെത്രാപൊലീത്തയുടെ നിലപാടുകളെ ചോദ്യം ചെയ്ത അച്ചൻ ബിഷപ്പാകാതിരിക്കാൻ നീക്കം സജീവം; കുർബാന ചൊല്ലിയപ്പോൾ ളോഹക്ക് മുകളിൽ കാപ്പയിട്ടില്ലെന്ന് വരെ ആരോപണം; വിഷയം കോടതി കയറിയപ്പോൾ നാല് ബിഷപ്പുമാരുടെ നിയമനം തടഞ്ഞുള്ള കീഴ് കോടതി ഉത്തരവ് മേൽകോടതി ശരിവെച്ചു; മാർത്തോമ സഭയിലെ തമ്മിലടികൾക്ക് അവസാനമില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: അധികാരവും പണവും എവിടെയുണ്ടെങ്കിലും അവിടെയൊക്കെ വടംവലിക്കൾ ഉണ്ടാകുമെന്നത് ഒരു വാസ്തവമാണ്. കാശുകൊണ്ട് സമ്പന്നമായ മാർത്തോമ സഭയിൽ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നീക്കം ചേരിതിരിഞ്ഞുള്ള വടംവലി കാരണം കോടതി കയറുകയാണിപ്പോൾ. ഇത് സംബന്ധിച്ച നിയമ നടപടികൾ നിർണായ ഘട്ടത്തിലെത്തിയിരിക്കയാണ് ഇപ്പോൾ. നാല് ബിഷപ്പുമാരുടെ നിയമനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നിയമനം തടഞ്ഞു കൊണ്ടാണ് മുൻസിഫ് കോടതി വിധി വന്നത്. വിധിക്കെതിരെ സഭ സമർപ്പിച്ച ഹർജി പത്തനംതിട്ട ജില്ലാ കോടതി തള്ളി. ഇതോടെ നിയമനത്തിനായി ഈ മാസം 28ന് ചേരാനിരിക്കുന്ന സഭാ പ്രതിനിധി മണ്ഡലം അപ്രസ്‌കതമായി. ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് സമർപ്പിച്ച പട്ടികയിൽ വൻ ക്രമക്കേടും ബോർഡിന്റെ നടപടികൾ നിയമാനുസൃതമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ബിഷപ്പ് നിയമനം കീഴ് കോടതി സ്‌റ്റേ ചെയ്തത്. ഇതിനെതിരെ സഭ സമർപ്പിച്ച ഹർജിയാണ് ജില്ലാ ജഡ്ജി ജോൺ ഇല്ലിക്കാടൻ തള്ളിയത്.

ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിനായി 16 വൈദികന്മാരെയാണ് മാർത്തോമ സഭ തെരഞ്ഞെടുത്തത്. എന്നാൽ ആരും വിട്ടുവീഴ്‌ച്ചക്ക് തയ്യാറല്ലാതെ അന്തിമ പട്ടികയിൽ ഇടം പിടിക്കാൻ വേണ്ടി ചേരിതിരിഞ്ഞു തന്നെവടംവലി തുടങ്ങി. ഇതോടെ പരസ്പ്പരം ചെളിവാരി എറിയലുകളും ശക്തമായി. ഇതിൽ ഡോ. ജേക്കബ് ചെറിയാൻ എന്ന അച്ചനെ ബിഷപ്പാക്കാതിരിക്കാൻ ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി പലവിധത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ജേക്കബ് ചെറിയാൻ എന്ന അച്ചൻ കുർബാന ചൊല്ലിയത് കുർബാന കുപ്പായമായ കാപ്പയിടാതെയാണെന്ന് ഈ സമയം പള്ളിയിലുണ്ടായിരുന്ന എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് അംഗമായ അഡ്വക്കേറ്റ് തോമസ് റോയ് മുട്ടത്തിൽ എന്ന അഭിഭാഷകൻ ബോർഡിൽ റിപ്പോർട്ട് ചെയ്തു. നെല്ലിക്കാലാ മാർത്തോമ്മാ പള്ളിയിലെ കുടുംബ പ്രതിഷ്ഠാദിനത്തിൽ കുർബാന നടത്തിയപ്പോൾ കാപ്പ (ളോഹയ്ക് മുകളിൽ ഇടുന്ന കറുത്ത വസ്ത്രം) ധരിച്ചില്ലന്നായിരുന്നു ആരോപണം. എന്നാൽ ബോർഡിലെ മറ്റ് രണ്ടംഗങ്ങളും ഈ സമയത്ത് പള്ളിയിലുണ്ടായിരുന്നുവെന്നും അച്ഛൻ കാപ്പയിടാതെ കുർബാന നടത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാമെന്നും റിപ്പോർട്ടുവന്നു.

മാർത്തോമാ സഭാ പരമാധ്യക്ഷനായ ജോസഫ് മെത്രാപൊളിത്തയുടെ ഏകപക്ഷീയ നയങ്ങൾക്ക് വിലങ്ങ് തടിയാണെന്ന തിരിച്ചറിവാണ് ഡോക്ടർ ജേക്കബ് ചെറിയാനെതിരെ ഇത്തരമൊരു ആരോപണമുന്നയിച്ചതിന് പിന്നിലെന്ന് സംഭവത്തിലെ പരാതിക്കാരനായ സാബു അലക്സ് പറയുന്നത്. സാബു അലക്സ് നൽകിയ പരാതിയിലാണ് ബിഷപ്പ് നിയമന നടപടികൾ തിരുവല്ല മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. തോമസ് റോയ് മുട്ടത്തിൽ എന്ന ബോർഡ് അംഗം ആരോപണം ഉന്നയിച്ചതിന് ശേഷം ബിഷപ്പുമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയപ്പോൾ ജേക്കബ് ചെറിയാനെ ഉൾപ്പെടുത്തിയില്ല.

ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസ് ആവശ്യപ്പെട്ടെങ്കിലും അതൊന്നും സ്വീകരിക്കാൻ മാർത്തോമാസഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമാ മെത്രാപൊലീത്ത തയാറായില്ല. ഇതേത്തുടർന്ന് സഫ്രഗൻ മെത്രാപൊലീത്ത ഉൾപ്പെടെ നാലു പേർ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡിൽനിന്ന് രാജി വച്ചിരുന്നു. പിന്നീടാണ് ബിഷപ്പ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട നാല് വൈദികരുടെ നിയമനങ്ങൾക്ക് ബോർഡും സഭാകൗൺസിലും അംഗീകാരം നൽകിയത്.

സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസിനൊപ്പം വൈദികനായ എ.ബി സക്കറിയ, എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് അംഗം സാബു അലക്സ്, മറ്റൊരു ബോർഡ് അംഗമായ ജേക്കബ് ജോൺ, എന്നിവരാണ് രാജിവെച്ചത്, ഇതിന് പിന്നാലെയാണ്സാബു അലക്സ് പരാതി നൽകിയത്. മാർത്തോമ സഭാ മണ്ഡലാംഗമായ ബിനു എന്നൊരാളും കക്ഷി ചേരുകയായിരുന്നു.

റവ: ഡോ. പി.ജി ജോർജ്, റവ: സാജു സി. പാപ്പച്ചൻ, റവ: ജോസഫ് ഡാനിയേൽ, റവ:മോത്തി വർക്കി എന്നീ വൈദികരെയാണ് ബോർഡ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. അതേസമയം കോടതിവിധി ജോസഫ് മാർത്തോമയ്ക്ക് കനത്തതിരിച്ചടിയാകും. ജോസഫ് മാർത്തോമയുമായുള്ള കടുത്ത എതിർപ്പിനെ തുടർന്ന് സഭയിലെ രണ്ടാമനും സഫ്രഗൻ മെത്രാപൊലീത്തയുമായ മാർ അത്തനേഷ്യസ് കഴിഞ്ഞവർഷം നവംബർ 29-ന് നോമിനേഷൻ ബോർഡിൽനിന്ന് രാജി വച്ചിരുന്നു. ജേക്കബ് ചെറിയാൻ എന്ന വൈദികനെ വ്യാജരേഖകളുണ്ടാക്കി ബിഷപ്പ് സ്ഥാനാർത്ഥിയാക്കുന്നതിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു സഫ്രഗൻ മെത്രാപൊലീത്തയുടെ ആവശ്യം.

തിരുവല്ല ആസ്ഥാനമായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ നാല് പുതിയ ബിഷപ്പുമാരെ തെരഞ്ഞെടുക്കാനുള്ള നടപടിക്ക് 2015 നവംബറിലാമ് സഭാകൗൺസിൽ അംഗീകാരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡിനെ തെരഞ്ഞെടുത്തിരുന്നു. ഈ നോമിനേഷൻ ബോർഡ് തയ്യാറാക്കുന്ന വൈദികരുടെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരെ നിയമിക്കുന്നതും സ്ഥാനാരോഹണം നടത്തുന്നതും. നിലവിൽ മാർത്തോമാസഭയ്ക്ക് 13 ബിഷപ്പുമാരാണ് ഉള്ളത്.

പുതിയ ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കടുത്ത വിയോജിപ്പ് വീണ്ടും വ്യക്തമാക്കിക്കൊണ്ട് സഭയിലെ രണ്ടാമനും സഫ്രഗൻ മെത്രാപൊലീത്തയുമായ ഡോ. ഗീവർഗീസ് മാർ അത്തനേഷ്യസ് മെത്രാപൊലീത്ത നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ മെത്രാപൊലീത്തയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതമൂലമാണ് അദ്ദേഹം സഭാകൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നറിയുന്നു.

നവംബർ 29ന് തിരുവല്ലയിൽ ചേർന്ന എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡിൽ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഫ്രഗൻ മെത്രാപൊലീത്ത ആവശ്യപ്പെട്ടെങ്കിലും ജോസഫ് മാർത്തോമ ഈ ആവശ്യം പരിഗണിക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് സഫ്രഗൻ മെത്രാപൊലീത്ത ബോർഡിൽ നിന്ന് ഇറങ്ങി പോവുകയും പിറ്റേന്ന് രാജി സമർപ്പിക്കുകയുമായിരുന്നു. എന്നാൽ ഇവരുടെ രാജി ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത സ്വീകരിച്ചില്ല. അവരുടെ അസാന്നിധ്യം അവധിയായി പരിഗണിച്ചു. എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സഭാപ്രതിനിധി മണ്ഡലമാണെന്നും അതിൽ നിന്നുള്ള രാജി സ്വീകരിക്കാൻ തനിക്ക് അധികാരമില്ലെന്നുമാണ് മെത്രാപൊലീത്തയുടെ നിലപാട്. ബോർഡിന്റെ നാമനിർദ്ദേശം സഭാ കൗൺസിൽ അംഗീകരിച്ചതോടെ 75% വീതം വോട്ട് ഉറപ്പാക്കുകയാണ് മെത്രാപ്പൊലീത്തയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും ദൗത്യം.

പുതിയ ബിഷപ്പ്മാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 28, 29 തീയതികളിൽ ചേരുന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലം യോഗത്തിൽ നടത്താൻ സഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ കോടതി വിധിയോടെ ഈ പ്രതിനിധി മണ്ഡലം ചേർന്ന് പുതിയ നിയമനം നടത്താൻ സാധിക്കില്ല. കോടതി വിധിക്ക് മേൽ നിയമ നടപടി ഇനിയും നീളുമോ എന്നതാണ് ഇനി അറിയേണ്ടത്. സഭാപ്രതിനിധി മണ്ഡലത്തിൽ വൈദികരുടെയും അല്മായരുടെയും വെവ്വേറെ മണ്ഡലങ്ങളുണ്ട്. രണ്ടു വിഭാഗത്തിൽ നിന്നും 75% വോട്ട് ലഭിക്കുന്നവർ മാത്രമാണ് എപ്പിസ്‌കോപ്പയായി തെരഞ്ഞെടുക്കപ്പെടുക. നാല് മെത്രാന്മാരെ പുതുതായി വാഴിക്കാനാണ് മണ്ഡലത്തിന്റെ തീരുമാനം. നാലുപേരുടെ ചുരുക്കപ്പട്ടിക മാത്രമേ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് നിർദ്ദേശിച്ചിട്ടുമുള്ളു.

അതേസമയം കഴിഞ്ഞ കുറേ നാളുകളായി വിവിധ വിഷയങ്ങളുടെ പേരിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തായും വിശ്വാസികളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും ചേരിതിരിവും സഭയിൽ പ്രകടമാണ്. ചേരി തിരിവ് രൂക്ഷമായതിനെത്തുടർന്ന് ഈ കഴിഞ്ഞ സെപ്റ്റംബറിൽ തിരുവല്ലയിൽ നടന്ന സഭാപ്രതിനിധി മണ്ഡലത്തിന്റെ നടപടികൾ വീക്ഷിക്കാൻ കോടതി നിരീക്ഷകരെ വരെ നിയമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP