Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രഹ്മാണ്ഡ ചടങ്ങിൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു; മോദിയും അമിത്ഷായും അദ്വാനിയും ജോഷിയും അഭിനന്ദനങ്ങളുമായി ഒപ്പം; 50 അംഗ മന്ത്രിസഭയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർ; യോഗി മന്ത്രിസഭയുടെ പ്രഥമ പരിഗണന അറവുശാലാ നിരോധനം

ബ്രഹ്മാണ്ഡ ചടങ്ങിൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു; മോദിയും അമിത്ഷായും അദ്വാനിയും ജോഷിയും അഭിനന്ദനങ്ങളുമായി ഒപ്പം; 50 അംഗ മന്ത്രിസഭയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർ; യോഗി മന്ത്രിസഭയുടെ പ്രഥമ പരിഗണന അറവുശാലാ നിരോധനം

ലക്‌നോ: ഉത്തർപ്രദേശിലെ അട്ടിമറി ജയത്തിനു പിന്നാലെ മൃദുഹിന്ദുത്വ അജണ്ടയിൽനിന്നു ചുവടുമാറ്റുന്ന ബിജെപിയുടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്ത പടുകൂറ്റൻ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുലക്ഷം അനുഭാവികൾ പങ്കെടുത്തു. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരടക്കം പങ്കെടുത്ത ബൃഹത്തായ സത്യപ്രതിജ്ഞാ ചടങ്ങ് യുപി സംസ്ഥാനം ഇതിനു മുമ്പ് കാണാത്ത ഒന്നായിരുന്നു. 50 അംഗ മന്ത്രിസഭയാണ് ഉത്തരപ്രദേശിൽ അധികാരമേറ്റിരിക്കുന്നത്.

വർഗീയപരാമർശങ്ങളാലും തീവ്രഹിന്ദു നിലപാടുകളാലും കുപ്രസിദ്ധിയാർജിച്ച യോഗി ആദിത്യനാഥിന്റെ പേര് യുപി മുഖ്യമന്ത്രിസ്ഥാനത്തേക്ക് അപ്രതീക്ഷിതമായാണ് ഇന്നലെ വൈകിട്ട് ഉയർന്നുകേട്ടത്. അഞ്ചുവട്ടം പാർലമെന്റ് അംഗമായിരുന്ന യോഗി ഖൊരക്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻകൂടിയാണ്. യുപിയിൽ ലഭിച്ച അപ്രതീക്ഷിത വൻവിജയത്തിനു പിന്നാലെ, ജാതിമത പരിഗണനകൾ മാറ്റിവച്ച് തീവ്രഹിന്ദുത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് യോഗിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള ബൃഹത്തായ സത്യപ്രതിജ്ഞാ ചടങ്ങിനാണ് ഉത്തർപ്രദേശ് വേദിയായത്. ലക്‌നോവിലെ 96 ഏക്കർ വരുന്ന സ്മൃതിഉപ്‌വൻ മൈതാനിയിൽ നൂറു പേർക്ക് ഇരിക്കാവുന്ന വേദിയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി തയാറാക്കിയത്. മൊത്തം ഒരു ലക്ഷം പേർ ചടങ്ങിൽ സംബന്ധിച്ചു. ബിജെപിയുടെ സംസ്ഥാന മേധാവി കേശവ് പ്രസാദ് മൗര്യ, ലക്‌നോ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. യുപിയിൽ ബിജെപിയുടെ അംഗസംഖ്യ ഉയർത്തുന്നതിൽ നിർണായ പങ്കു വഹിച്ച വ്യക്തിയാണ് ദിനേശ് ശർമ. കേശവ് പ്രസാദ് മൗര്യ ആകട്ടെ യുപി മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നയാളാണ്. എന്നാൽ യോഗിയെ മുഖ്യമന്ത്രിയാക്കിയതിലും തന്നെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആക്കിയതിലും തനിക്കു പരിഭവമില്ലെന്ന് മൗര്യ പ്രതികരിച്ചു. യോഗിയും രണ്ടു ഉപമുഖ്യമന്ത്രിമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരല്ല. യോഗി പാർലമെന്റ് അംഗമാണ്. മൂന്നു പേരും വൈകാതെ തെരഞ്ഞെടുപ്പിനെ നേരിടും.

സതീഷ് മഹാന, രാജേഷ് അഗർവാൾ, റീത്ത ബഹുഗുണ ജോഷി തുടങ്ങിയ പ്രമുഖ നേതാക്കളും മന്ത്രിമാരായിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരം മൊഹ്‌സിൻ റാസ ആണ് മന്ത്രിസഭയിലെ മുസ്ലിം മുഖം. റീത്ത ബഹുഗുണ ജോഷി അടക്കം ആറു വനിതകൾ മന്ത്രിസഭയിൽ അംഗങ്ങളാണ്. മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന സമാജ്‌വാദി പാർട്ടിയിൽനിന്ന് കൂറുമാറി ബിജെപിയിൽ ചേർന്ന സൂര്യ പ്രതാപ് സാഹി, സുരേഷ് ഖന്ന, സ്വാമി പ്രസാദ് മൗര്യ എന്നിവർക്കും യോഗിയുടെ മന്ത്രിസഭയിൽ ഇടംലഭിച്ചു. 22 പേർ കാബിനറ്റ് മന്ത്രിമാരാണ്.

എപ്പോഴും കാവിധരിച്ച് മുണ്ഡിതശിരസ്‌കനായ യോഗി ആദിത്യനാഥ് എന്ന 44 വയസുള്ള രാഷ്ട്രീയ പുരോഹിതൻ ബിജെപിയുടെ തീവ്രനിലപാടുകാരിൽ മുഖ്യനാണ്. 1998 ൽ 26ാം വയസിൽ ഖൊരക്പുർ മണ്ഡലത്തിൽനിന്ന് പാർലമെന്റ് അംഗമാകാൻ തുടങ്ങിയതാണ് ഇദ്ദേഹം. യോഗി മുഖ്യമന്ത്രിയാകുന്നതിനോട് അനുബന്ധിച്ച് ഖൊരക്പൂരിൽ വൻ ആഘോഷ പരിപാടികൾ നടന്നു. തികച്ചും ഉത്സവപ്രതീതിയാണ് ഖൊരക്പൂരിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തന്നെ മുഖ്യമന്ത്രിയാക്കിയതിൽ പ്രധാനമന്ത്രി മോദിയോടാണ് യോഗി ആദിത്യനാഥ് നന്ദി അറിയിച്ചത്. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം യാഥാർത്ഥ്യമാക്കാൻ താൻ പരിശ്രമിക്കുമെന്നാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്ത് അറവുശാലകൾ നിരോധിക്കലാകും യോഗി ആദ്യത്യനാഥിന്റെ മന്ത്രിസഭയുടെ പ്രഥമ തീരുമാനമെന്ന് റിപ്പോർട്ടുണ്ട്.

ബിജെപിയുടെ നിർണായക ചുവടുമാറ്റത്തിനുകൂടി വേദിയായ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കർ, ഉത്തർപ്രദേശിലെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ്, അഖിലേഷിന്റെ പിതാവും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

സാമുദായിക കലാപം സൃഷ്ടിക്കൽ, കൊലപാതക ശ്രമം, വർഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തൽ, ആയുധം കൊണ്ടുനടക്കൽ എന്നിവയടക്കം ഒട്ടേറെ കേസിൽ പ്രതിയായ യോഗി ആദിത്യനാഥിനെ രാജ്യത്തിന്റെ ഹൃദയഭൂമിയിൽ മുഖ്യമന്ത്രിയാക്കുന്നതിലൂടെ തങ്ങളുടെ നയത്തിൽ സുപ്രധാന ചുവടുമാറ്റം ബിജെപി നടത്തുന്നതായി വിലയിരുത്തപ്പെടുന്നു. യുപി നിയമസഭയിലെ വൻഭൂരിപക്ഷം മറയാക്കി അതിതീവ്രമായ വർഗീയ നിലപാടുകൾ പ്രായോഗികതയിൽ കൊണ്ടുവരാൻ ബിജെപി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ സ്ഥാനലബ്ധി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ഉറച്ചു വാദിക്കുന്ന നേതാവ് കൂടിയാണ് യോഗി.

രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എന്നാണ് എന്ന ചോദ്യം സംഘപരിവാറുകാർ ഉയർത്തിക്കഴിഞ്ഞു. രമാജന്മ ഭൂമ പ്രശ്നം ഉയർത്തിയ മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ ജീവിതാഭിലാഷം കൂടിയാണ് ഈ രാമക്ഷേത്രം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം നിർമ്മാണം തുടങ്ങിയാൽ തന്നെ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ഇപ്പോൾ തന്നെ വിഎച്ച്പി മുറവിളി കൂട്ടിക്കഴിഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിയമമുണ്ടാക്കണമെന്നു വിഎച്ച്പി രാജ്യാന്തര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിന് ഇനിയും താമസം വരുത്തുന്നതു ഹിന്ദുക്കൾക്ക് അംഗീകരിക്കാനാവില്ല. രാമക്ഷേത്രം രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ചിഹ്നമാണെന്നും 28 മുതൽ ഏപ്രിൽ പത്തുവരെ ജനജാഗരൻ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. വിഎച്ച്പിയുടെ ഈ ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

യുപിയുടെ മാതൃകയിൽ മോദി കേന്ദ്രത്തിലും തീവ്രഹിന്ദുത്വത്തിലേക്ക് നീങ്ങിയേക്കും. ഏകീകൃത സിവിൽകോഡ് അടക്കമുള്ള വിഷയങ്ങളിൽ കർക്കശ നിലപാട് സ്വീകരിക്കാനാകും മോദി ഇനി തയ്യാറെടുക്കുക. ഇതോടൊപ്പം വികസനത്തിനായുള്ള പരിഷ്‌ക്കരണങ്ങൾ മറുവശത്ത് തുടരുകയും ചെയ്യും. ലോക്സഭയിൽ ഭൂരുപക്ഷം വേണമെങ്കിൽ ഹിന്ദി ഹൃദയഭൂമിയെ കൈയിലെടുക്കുക എന്നതാണ് മോദിയുടെ തന്ത്രം. ലോക്സഭയിൽ മഹാസഖ്യത്തിനുള്ള സാധ്യതയാണ് കോൺഗ്രസും മറ്റ് കക്ഷികളും ആലോചിക്കുന്നത്. ഈ നീക്കത്തെ കൂടി പ്രതിരോധിക്കുന്ന വിധത്തിലാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് തന്ത്രങ്ങൾ മെനയുന്നതും.

ഗൊരഖ്പുരിൽ നിന്നുള്ള ലോക്സഭാംഗവും അതിതീവ്ര നിലപാടുകാരനുമായ യോഗി ആദിത്യനാഥ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൊരഖ്പുർ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപക നേതാവുമായ ആദിത്യനാഥിനെ ബിജെപി നിയമസഭാ കക്ഷി യോഗമാണ് നേതാവായി തിരഞ്ഞെടുത്തത്. ആദിത്യനാഥ് അഞ്ചുതവണ ലോക്സഭയിൽ ഗൊരഖ്പുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP