Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓട്ടോ യാത്രികൻ മരിച്ചത് കേസ് അന്വേഷിച്ച എ എസ് ഐ ഓടിച്ച ജീപ്പിടിച്ചു തന്നെ; വാഹനം കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഫയൽ മടക്കിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വില്ലൻ കുടുങ്ങി; വിചാരണയ്ക്കിടെ മരിച്ച പൊലീസുകാരന്റെ സ്വത്തിൽ നിന്നും 27 ലക്ഷം നഷ്ടപരിഹാരം ഈടാക്കി നൽകാൻ കോടതി വിധി

ഓട്ടോ യാത്രികൻ മരിച്ചത് കേസ് അന്വേഷിച്ച എ എസ് ഐ ഓടിച്ച ജീപ്പിടിച്ചു തന്നെ; വാഹനം കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഫയൽ മടക്കിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വില്ലൻ കുടുങ്ങി; വിചാരണയ്ക്കിടെ മരിച്ച പൊലീസുകാരന്റെ സ്വത്തിൽ നിന്നും 27 ലക്ഷം നഷ്ടപരിഹാരം ഈടാക്കി നൽകാൻ കോടതി വിധി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിനിമയെപ്പോലും വെല്ലുന്ന ഒരു കഥ ഇതാ റാന്നിയിൽ നിന്ന്. ലൈസൻസില്ലാത്ത എഎസ്‌ഐ ഓടിച്ച ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് യാത്രക്കാരൻ മരിക്കുന്നു. ഈ കേസിന്റെ അന്വേഷണം ഏൽപിച്ചതാകട്ടെ അപകടത്തിന് കാരണക്കാരനായ എഎസ്‌ഐയെ തന്നെ. ഇടിച്ച വാഹനവും ഡ്രൈവറെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് അയാൾ കേസ് അവസാനിപ്പിച്ചു.

മരിച്ചയാളുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്രൈം ബ്രാഞ്ച് കേസെടുത്തു. എഎസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ചാണ് യാത്രക്കാരൻ മരിച്ചതെന്ന് അവർ കണ്ടെത്തി. എഎസ്‌ഐക്കെതിരേ കോടതിയിൽ കുറ്റപത്രവും നൽകി. വിചാരണയ്ക്കിടെ എഎസ്‌ഐ മരിച്ചു. കോടതി മരിച്ചയാളുടെ ആശ്രിതർക്ക് 27 ലക്ഷം നഷ്ടപരിഹാരം വിധിച്ചു. ലൈസൻസില്ലാത്തയാൾ വാഹനമോടിച്ചെന്ന കാരണം പറഞ്ഞ ഇൻഷ്വറൻസ് കമ്പനി ക്ലെയിം നിഷേധിച്ചു. നഷ്ടപരിഹാരത്തുക പ്രതിയുടെ ബന്ധുക്കളിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവുമിട്ടു. കേസ് അന്വേഷണത്തിൽ ഇത്രയുമധികം വീഴ്ച കാണിച്ച എഎസ്‌ഐയ്‌ക്കെതിരേ ഒരു നടപടിയുമെടുക്കാത്ത പൊലീസ് വകുപ്പ് അയാൾക്ക് എസ്‌ഐയായി സ്ഥാനക്കയറ്റവും നൽകി.

2002 ഓഗസ്റ്റ് അഞ്ചിന് രാത്രി 10.30് റാന്നി ബ്ലോക്ക് പടിയിലുണ്ടായ അപകടത്തിൽ വടശേരിക്കര പുത്തൻപറമ്പിൽ ജോസഫ് ജോണാണ് മരിച്ചത്. ആ സമയം റാന്നി സ്റ്റേഷനിൽ എഎസ്‌ഐ ആയിരുന്ന തിരുവനന്തപുരം പനങ്ങപ്പാറ സ്വദേശിയുമായ സൈനുലബ്ദീനാണ് അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചിരുന്നത്. റാന്നി പഴവങ്ങാടി മേപ്പുറത്തു വീട്ടിൽ എം വിസാമുവേലിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഡ്രൈവറിൽ നിന്നും ബലമായി പിടിച്ചു വാങ്ങി ഓടിച്ചു വരുമ്പോഴായിരുന്നു അപകടം.

ജോസഫ് ജോൺ വടശേരിക്കരയിൽ നിന്നും റാന്നി ഇട്ടിയപ്പാറയിലേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു. ബ്ലോക്കുപടിയിൽ വെച്ച് എതിരേ വന്ന ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ജോസഫ് ജോൺ പിന്നീട് മരിച്ചു. റാന്നി സ്റ്റേഷനിൽ അഡീഷണൽ എസ്.ഐ ആയിരുന്ന സൈനുലബ്ദീൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച ജീപ്പിനെയോ ഓടിച്ച ഡ്രൈവറേയോ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാൾ കേസ് ഫയൽ അടച്ചു. തുടർന്ന് ജോസഫ് ജോണിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസന്വേഷണം സിബിസിഐഡിയെ ഏൽപ്പിച്ചു.

ഇവർ നടത്തിയ അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചിരുന്നത് സൈനുലബ്ദീൻ തന്നെയാണെന്ന് കണ്ടെത്തി. ലൈസൻസില്ലാതിരുന്ന ഇയാൾ ജീപ്പ് അശ്രദ്ധമായിട്ടാണ് ഓടിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. താനാണ് കുറ്റക്കാരനെന്ന കാര്യം എസ്.ഐ മനഃപൂർവം മറച്ചു വയ്ക്കുകയും കേസ് സംബന്ധിച്ച തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.സിഐഡി റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

അപകടമരണ നഷ്ടപരിഹാരം അനുവദിച്ചു കിട്ടുന്നതിനായി ജോസഫ് ജോണിന്റെ ആശ്രിതർ പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ എഎസ്ഐ സൈനുലബ്ദീൻ, ജീപ്പുടമ സാമുവൽ, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി, ഡി.ജി.പി, ജില്ലാ കലക്ടർ എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. സാബു ഐ. കോശി മുഖേനെ കേസ് ഫയൽ ചെയ്തു. വിചാരണ വേളയിൽ എസ്.ഐ. സൈനുലബ്ദീൻ മരണപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങളായ നസീന, ജാസ്മിൻ, ജാസിം, ജുബിന എന്നിവരെക്കൂടി എതിർകക്ഷികളയായി ചേർത്തു.

അപകടം നടന്ന ദിവസം വൈകിട്ട് ആറിന് എഎസ്‌ഐ ഉടമസ്ഥന്റെ അനുവാദം കൂടാതെ ജീപ്പ്, ഡ്രൈവറിൽ നിന്നും ബലമായി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് എഎസ്‌ഐ ജീപ്പ് ഓടിച്ചിരുന്നത്. ഡ്യൂട്ടിയിലായിരുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലമുണ്ടായ മരണത്തിന് സർക്കാർ ബാധ്യസ്ഥനാണെന്ന് വാഹനം ഉടമ എം വി സാമുവൽ അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു. ലൈസൻസില്ലാതെ ജീപ്പോടിച്ച് എഎസ്‌ഐ ഉണ്ടാക്കിയ അപകടമരണത്തിന്റെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണമെന്ന് ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി അഡ്വ. മധു പി. സാം മുഖേന കോടതിയിൽ വാദിച്ചു.

ജോസഫ് ജോണിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നു എന്ന വ്യാജേന കേസ് ഇല്ലാതാക്കാനാണ് എഎസ്‌ഐ ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. വകുപ്പുതലത്തിൽ ശിക്ഷ ലഭിക്കാതെ സൈനുലബ്ദീന് എസ്‌ഐയായി സ്ഥാനക്കയറ്റം നൽകി എന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. അതുവഴി എഎസ്‌ഐയുടെ തെറ്റായ നടപടി വകുപ്പ് അംഗീകരിക്കുകയായിരുന്നു. ജോസഫ് ജോണിന്റെ അവകാശികൾക്ക് 27 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണം. അതിനു ശേഷം സൈനുലബ്ദീന്റെ സ്വത്തിൽ നിന്നും സംസ്ഥാന സർക്കാറിന് തുക ഈടാക്കാവുന്നതാണെന്നും കോടതി വിധിച്ചു. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി എസ്. ജയകുമാറിന്റേതാണ് വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP