Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു സിറ്റിംഗിന് 30 ലക്ഷം രൂപ ഫീസ്! അംബാനിമാരുടെ ബിസിനസ് തർക്കത്തിൽ മുകേഷിനെ വിജയിപ്പിച്ചെടുത്ത തന്ത്രജ്ഞൻ; വൊഡാഫോണിനെ 15,000 കോടിയുടെ നികുതി കേസിൽ നിന്നും അനായാസം രക്ഷിച്ചെടുത്തു; ലാവലിൻ കേസിൽ പിണറായി കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലിനെ രംഗത്തിറക്കുന്നത് കേസ് സുപ്രീംകോടതിയിൽ എത്തിക്കാനുള്ള ബിജെപി നീക്കത്തെ ഭയന്ന്; ഹരീഷ് സാൽവക്ക് നൽകാൻ കോടികൾ ആരെറിയുമെന്ന ചോദ്യം ബാക്കി

ഒരു സിറ്റിംഗിന് 30 ലക്ഷം രൂപ ഫീസ്! അംബാനിമാരുടെ ബിസിനസ് തർക്കത്തിൽ മുകേഷിനെ വിജയിപ്പിച്ചെടുത്ത തന്ത്രജ്ഞൻ; വൊഡാഫോണിനെ 15,000 കോടിയുടെ നികുതി കേസിൽ നിന്നും അനായാസം രക്ഷിച്ചെടുത്തു; ലാവലിൻ കേസിൽ പിണറായി കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലിനെ രംഗത്തിറക്കുന്നത് കേസ് സുപ്രീംകോടതിയിൽ എത്തിക്കാനുള്ള ബിജെപി നീക്കത്തെ ഭയന്ന്; ഹരീഷ് സാൽവക്ക് നൽകാൻ കോടികൾ ആരെറിയുമെന്ന ചോദ്യം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഡ്വ. ഹരീഷ് സാൽവ..! ഈ പേര് ഇന്ത്യൻ നിയമലോകത്തിന് മാത്രമല്ല, ലോകമെമ്പാടുമുള്ള നിയമജ്ഞർക്കിടയിൽ സുപരിചിതമായ നാമമാണ്. സുപ്രീംകോടതിയിലെ ഗർജ്ജിക്കുന്ന സിംഹമായ ഹരീഷ് സാൽവ തോൽവികൾ അറിയാത്ത കളിക്കാരനാണ്. കോർപ്പറേറ്റുകളുടെ ശീതയുദ്ധങ്ങൾക്കിടിയൽ നിന്നും പക്ഷം പിടിച്ച് കേസ് വാദിച്ച് കോടികൾ കൊയ്യുന്ന മിടുക്കൻ.. ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള വ്യക്തിയാണ് ഹരീഷ് സാൽവേ. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലെന്ന് അറിയപ്പെടുന്ന അദ്ദേഹം ഇന്ത്യയിൽ ഏറ്റവും വിലകൂടിയ വക്കീലു കൂടിയാണ്. ലാവലിൻ കേസിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കോടതിയിൽ ഹാജരാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഹരീഷ് സാൽവയുടെ പേര് വീണ്ടും കേരളത്തിൽ ഉയർന്നുവരാൻ ഇടയാക്കുന്നത്.

മുമ്പ് കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്നു ഹരീഷ് സാൽവേ. എട്ടു വർഷത്തിന് മുമ്പായിരുന്നു ഈ സംഭവം. 2009 ൽ ലാവലിൻ കേസിൽ ഗവർണർ ആർ എസ്സ് ഗവായി നൽകിയ പ്രോസിക്യുഷൻ അനുമതിക്ക് എതിരെ സുപ്രീം കോടതി പരിഗണിച്ച പിണറായി വിജയന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടിയായിരുന്നു അന്ന് ഹരീഷ് സാൽവേ ഹാജരായത്. സംസ്ഥാന സർക്കാറിന് വേണ്ടി ഏറ്റവും ഉയർന്ന ഫീസു വാങ്ങുന്ന അഭിഭാഷകൻ എന്തിന് ഹാജരായി എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ അദ്ദേഹം ഹൈക്കോടതിയിൽ കേസ് വാദിക്കാൻ എത്തുന്നത് സുപ്രധാനമായ ഒരു ഘട്ടത്തിലാണ്.

നിലവിൽ കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടാണ് ലാവലിൻ കേസ്. കേസിൽ വിജയിച്ചാൽ മാത്രം മുഖ്യമന്ത്രി കകസേരയിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. പാർട്ടിയിലെ കരുത്തനാണെങ്കിലും കേസിൽ തിരിച്ചടി നേരിട്ടാൽ അത് പിണറായിയെ സംബന്ധിച്ചത്തോളം പാർട്ടിയിലെ പിടി അയയാനും കാരണമാകും. അതുകൊണ്ട് തന്നെ പിണറായിക്ക് വിടുതൽ നൽകിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവെക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിന് കേസിനെ വിശദമായി പഠിച്ച അഡ്വ. എം കെ ദാമോദരന് സാധിക്കുമെന്ന വിശ്വാസത്തിലാണ് പിണറായി. എങ്കിലും കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. പിണറായി ആകട്ടെ ആർഎസ്എസിന്റെ ഒന്നാം നമ്പർ വിമർശകനും ശത്രുവും. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ അനുകൂലമായി വിധി വന്നാലും സുപ്രീംകോടതിയിലേക്ക് കേസ് എത്തുമെന്നും ഉറപ്പാണ്. ബിജെപി കേരള ഘടകം ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. അങ്ങനെ വരുമ്പോൾ എം കെ ദാമോദരന്റെ മിടുക്കു കൊണ്ട് മാത്രം സുപ്രീംകോടതിയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് കേരള ഹൈക്കോടതിയിലും കേസ് വാദിക്കാൻ രാജ്യത്തെ തലമുതിർന്ന അഭിഭാഷകനെ പിണറായി എത്തിക്കുന്നത്.

ഫീസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത വ്യക്തിയാണ് അഡ്വ. ഹരീഷ് സാൽവെ. എന്നാൽ, ചില കേസുകളിൽ ഈ ശീലം തെറ്റിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. ഒരു കേസിനായി ഹാജരാകാൻ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോർപ്പറേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതിൽ സുപ്രധാന കേസ് അംബാനി സഹോദന്മാർ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.

ഈ കേസിൽ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ. അംബാനിക്ക് നിരവധി സിറ്റിംഗുകൾ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയിൽ ഹാജരായി. ഒടുവിൽ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വർഷത്തോളം നീണ്ടു നിന്നും ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാൽവെ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കേസിൽ അനിൽ അംബാനിക്കായി ഹാജരായ രാംജത് മലാനിയെന്ന അതികായൻ തന്നെയായിരുന്നു. ഈ വമ്പനെയും മുട്ടുകുത്തിക്കാൻ സാൽവക്ക് സാധിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകൻ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സർക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാൽവയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസിൽ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാൽവെയും മികവായിരുന്നു. നീരാ റാഡിയ കേസിൽ രത്തൻ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റായുടെ നിയമ യുദ്ധങ്ങൾക്ക് കടിഞ്ഞാൺ ടാറ്റ ഏൽപ്പിച്ചിരിക്കുന്നതും ഈ സിംഹത്തെയാണ്.

ഭോപ്പാൽ വാതക ദുരന്ത കേസിൽ കേശവ് മഹീന്ദ്രക്ക് വേണ്ടിയും ഇദ്ദേഹം ഹാജരായി. മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ട ഈ കേസിൽ കേശവ് മഹീന്ദ്രയെ അനായാസം രക്ഷിച്ചതും സാൽവെയുടെ മിടുക്കായിരുന്നു. മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദൽ, ലളിത് മോദി തുടങ്ങിയ പ്രമുഖർക്കായും ഹരീഷ് സാൽവേ ഹാജരായിട്ടുണ്ട്. ഇങ്ങനെ കോടീശ്വരന്മാരുടെ കേസുകൾ വാദിക്കുമ്പോൾ തന്നെയും ഹരീഷ് സാൽവെക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത് ദേശീയ താൽപ്പര്യത്തിന്റെയും മാനവികതയുടെയുമാണ്.

രാജ്യത്തെ നടുക്കിയ ഗുജറാത്ത് കൂട്ടക്കൊലയിൽ ഇരകളുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ എന്ന അഭിഭാഷകൻ നിലകൊണ്ടത്. ഒരു രൂപ പോലും പണം കൈപ്പറ്റാതെ ബിൽക്കിസ് ബാനു കേസിൽ ഇരകൾക്കു വേണ്ടി അദ്ദേഹം വാദിച്ചു. ആ വാദം വെറുതേയായില്ല. ഇരകൾക്ക് നീതി നേടിക്കൊടുത്താണ് അദ്ദേഹം അടങ്ങിയത്. അന്ന് മനുഷ്യസ്‌നേഹിയായ അഭിഭാഷകൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലും ഹരീഷ് സാൽവെയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. കേസിൽ നാവികരെ രക്ഷിക്കാൻ കോടികളുമായി ഇറ്റാലിയൻ ഉദ്യോഗസ്ഥർ ആദ്യം സമീപിച്ചത് സാർവെയെ ആയിരുന്നു. എന്നാൽ, വമ്പൻ പ്രതിഫലത്തിന് മുമ്പിലും അദ്ദേഹം കുലുങ്ങിയില്ല. കൊല്ലപ്പെട്ടത് സാധുക്കളായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇ്ക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയും ചെയ്തു.

നിയമം അരച്ചുകലക്കി കുടിച്ച കുടുംബമാണ് ഹരീഷ് സാൽവെയുടേത്. നാഗ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാൽവേയുടെ മുത്തച്ഛൻ ബ്രിട്ടീഷ് ഭരണകാലത്തു മുംബയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഈ രക്തമാണ് സാർവെയുടേത്. 1999ൽ ഇന്ത്യൻ സോളിസിറ്റർ ജനറലായും അദ്ദേഹം സ്ഥാനം വഹിച്ചു. ഇപ്പോൾ സിപിഎമ്മിന്റെ ഭാവി കൂടി നിയന്ത്രിക്കുന്ന സുപ്രധാന കേസിൽ ഹരീഷ് സാൽവെയെ കേസ് ഏൽപ്പിക്കുമ്പോൾ പിണറായി വിജയന് ആശ്വാസം കൊള്ളാം.

നേരത്തെ സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കേസിന് ആവശ്യമായ പണം കണ്ടെത്തിയത് പാർട്ടി തന്നെയായിരുന്നു. ഇപ്പോൾ, മുഖ്യമന്ത്രി കൂടിയായ പിണറായിക്ക് വേണ്ടി ആര് പണം മുടക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ, പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായിക്ക് വേണ്ടി പാർട്ടി തന്നെ പണം മുടക്കാനാണ് സാധ്യത. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും നടത്തിയ നിയമ പോരാട്ടങ്ങൾക്ക് പണം മുടക്കിയത് പാർട്ടി തന്നെയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ചത്തോളം നിർണായകമായ ഈ കേസിൽ പാർട്ടിയുടെ പിന്തുണ എന്തുകൊണ്ടും പിണറായിക്ക് ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP