Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലയൻ ആണെന്നു കരുതി മാറി നിന്നിട്ടില്ല, ഇനി മാറി നിൽക്കുകയുമില്ല; പറ്റുമെങ്കിൽ ഫെരാരി കാറിൽ തന്നെ വരാൻ ശ്രമിക്കും; സ്വർണത്തിന്റെ കിരീടവും വെക്കാനും ശ്രമിക്കും; ക്യാമറകൾക്ക് മുമ്പിൽ അഭിനയിക്കാൻ ഞാൻ പേജ് ത്രീ അല്ല; ബഡായി ബംഗ്ലാവിലേക്കുള്ള ക്ഷണവും നിരസിച്ചു: ജിമ്മിയുടെ പോയിന്റ് ബ്ലാങ്കിൽ ഉള്ളുതുറന്ന് വിനായകൻ

പുലയൻ ആണെന്നു കരുതി മാറി നിന്നിട്ടില്ല, ഇനി മാറി നിൽക്കുകയുമില്ല; പറ്റുമെങ്കിൽ ഫെരാരി കാറിൽ തന്നെ വരാൻ ശ്രമിക്കും; സ്വർണത്തിന്റെ കിരീടവും വെക്കാനും ശ്രമിക്കും; ക്യാമറകൾക്ക് മുമ്പിൽ അഭിനയിക്കാൻ ഞാൻ പേജ് ത്രീ അല്ല; ബഡായി ബംഗ്ലാവിലേക്കുള്ള ക്ഷണവും നിരസിച്ചു: ജിമ്മിയുടെ പോയിന്റ് ബ്ലാങ്കിൽ ഉള്ളുതുറന്ന് വിനായകൻ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് കമ്മട്ടിപ്പാടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ നടൻ വിനായകനായിരുന്നു. ചാനൽ അവാർഡുകളിൽ മിക്കവയും തിരസ്‌ക്കരിച്ചപ്പോൾ സോഷ്യൽ മീഡിയയുടെ അവാർഡ് വിനായകന് തന്നെയായിരിന്നു. അതിന് ശേഷമാണ് സംസ്ഥാന അവാർഡും വിനായകനെ തേടിയെത്തിയത്. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ജീവിക്കുകയായിരുന്നു വിനായകൻ. സിനിമയിലെ കഥാപരിസരമായ കൊച്ചിയിലെ കമ്മട്ടിപ്പാടത്തു തന്നെയാണ് വിനായകന്റെ വീട്. അതുകൊണ്ട തന്നെ കമ്മട്ടിപ്പാടത്തിലെ കഥാപാത്രങ്ങളെ തനിക്ക് പരിചയമുള്ളവരാണെന്നാണ് വിനായകൻ വ്യക്തമാക്കിയിരുന്നത്. പുരസ്‌ക്കാരം ലഭിച്ചതിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളവും ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ പരിപാടിയായ പോയന്റ് ബ്ലാങ്കിലെ അഭിമുഖവും സോഷ്യൽ മീഡിയയിൽ വിനായകൻ ഫാൻസുകാരുടെ എണ്ണം കൂട്ടി.

ഉള്ളുതുറന്നുള്ള അഭിമുഖം തന്നെയായിരുന്നു വിനായകനെ സോഷ്യൽ മീഡിയ വളരെയധികം സ്‌നേഹിക്കാൻ ഇടയാക്കിയത്. ജാതീയതയെ കുറിച്ചും കമ്മട്ടിപ്പാടത്തെ കുറിച്ചും സിനിമയെയും സംഗീതത്തെയും കുറിച്ചെല്ലാം വിനായകൻ മറയില്ലാതെ ജിമ്മി ജെയിംസിന് മുന്നിൽ മനസു തുറന്നു. ജാതി ശ്രേണിയിൽ പുലയനാണെങ്കിലും അത് തന്നെ അലട്ടാറില്ലെന്നു പറ്റുമെങ്കിൽ മുൻനിരയിലേക്ക് വരാനാകും താൻ ശ്രമിക്കുകയെന്നും വിനായകൻ തുറന്നു പറഞ്ഞു. താൻ അയ്യങ്കാളി ചിന്താഗതിക്കാരനാണെന്ന് അഭിമുഖത്തിൽ വിനായകൻ പറഞ്ഞു. എന്നു കരുതി ഇത് വരെ മാറിനിന്നിട്ടില്ലെന്നും ഇനി മാറി നിൽക്കുകയില്ല. ഒന്നുമില്ലായ്മയിൽ നിന്ന് ഫൈറ്റ് ചെയ്താണ് മുമ്പോട്ട് വന്നത്. തനിക്ക് റിയൽ ആവാനാണ് ഇഷ്ടമെന്നും തന്നെത്തന്നെ കോമഡിയാക്കി വിൽക്കാൻ എനിക്ക് കഴിയില്ലെന്നും വിനായകൻ പറഞ്ഞു.

എന്തുകൊണ്ട് അവാർഡ് നൽകണമെന്ന് യുവത ഇത്ര ശക്തമായി ആവശ്യപ്പെട്ടെന്ന് ആയിരുന്നു അവതാരകന്റെ ആദ്യ ചോദ്യം. തനിക്ക് അവാർഡ് നൽകണമെന്ന് ആവശ്യപ്പെടുമ്പോഴല്ല യുവത എഴുന്നേൽക്കുന്നത്, അത് ആ പെൺകുട്ടിയെ ക്രൂരമായി കൊന്നു കളഞ്ഞപ്പോൾ മുതൽ ആരംഭിച്ചതാണ്. അതിന്റെ തുടർച്ചയാണ് ഇവിടെ നടന്നത് എന്നായിരുന്നു. ആറു പേർ ഭരിക്കുകയും ബാക്കിയുള്ളവർ ഭരിക്കപ്പെടുകയുമായിരുന്നുവെന്നും വിനായകൻ മറുപടി പറഞ്ഞു. യുവജനതയാണ് തനിക്ക് അവാർഡ് ലഭിക്കാൻ കാരണക്കാരെന്നും വിനായകൻ വ്യക്തമാക്കി.

എതിർക്കപ്പെടേണ്ടിയിടത്ത് എതിർക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാൾ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് ജീവിക്കുക. ഞാനും ഒരു കമ്മട്ടിപ്പാടത്തിന്റെ സൃഷ്ടിയാണ്. ഞാൻ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നും രാവിലെ വീടിന്റെ മുന്നിൽ ആളുകൾ വെളിക്കിരിക്കാൻ വരും. അവരോട് പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാൻ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് പറയരുത്.

കമ്മട്ടിപ്പാടത്തിലെ മാലിന്യത്തിലും അഴുക്കിലുമാണ് ജീവിക്കുന്നത്. രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒരു പാലം സൃഷ്ടിക്കപ്പെടുമ്പോൾ അതിന്റെ താഴെയുണ്ടാവുന്ന ഇരുട്ടിലും അഗാധതയിലുമാണ് താൻ വളർന്നത്. അന്നും ഇന്നും ഞാൻ പുലയനായി തന്നെയാണ് ജീവിച്ചത്. പുലയന്റെ താളം എന്റെ മനസ്സിലും ശരീരത്തിലും എപ്പോഴും ഉണ്ട്. ഡാൻസിലും സംഗീതത്തിലും ആ താളമാണ് എനിക്കുള്ളത്. എല്ലാം മറന്ന് ഡാൻസ് ചെയ്യുക എന്നതിനേക്കാൾ എല്ലാം മറന്ന് തുള്ളണം എന്നാണ് താൻ പറയുന്നത് വിനായകൻ പറയുന്നു. പുരസ്‌കാരം കിട്ടിയതിന്റെ പേരിൽ ഞാൻ വന്ന വഴിയിൽ നിന്നും മാറിനടക്കാൻ തനിക്കാവില്ല. നടന്നാൽ വീട്ടുകാരോടും കൂട്ടുകാരോടും കാണിക്കുന്ന ഏറ്റവും വലിയ ചതിയാവും അത്. അവാർഡ് കിട്ടിയതുകൊണ്ട് കമ്മട്ടിപ്പാടത്ത് നിന്ന് മാറുകയില്ല. എനിക്ക് എന്റെ കൂട്ടുകാരെ വിട്ട് പോകണമെന്ന് ഇത് വരെ തോന്നിയിട്ടില്ലെന്നും വിനായകൻ പറഞ്ഞു.

ജാതി, മതം , കറുപ്പ് തുടങ്ങിയ പ്രശ്നങ്ങളെ മുഴുവൻ ഞാൻ മറികടന്ന് പോയിട്ടുണ്ട്. എന്നെ അത് ഉപയോഗിച്ച് എതിർക്കാൻ നോക്കുമ്പോഴൊക്കെ ഞാൻ അത് തുടച്ച് കളഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ടെന്നും വിനായകൻ പറഞ്ഞു. ഞാനൊരു അയ്യങ്കാളി ചിന്തയുള്ളവനാണ്. പറ്റുമെങ്കിൽ ഒരു ഫെരാരി കാറിൽ തന്നെ വരണം എന്ന് കരുതുന്നു. ഒരു സ്വർണ്ണ കിരീടം വെക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക തന്നെ ചെയ്യുമെന്നും വിനായകൻ പറഞ്ഞു.

അവാർഡ് വാർത്തയറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർ ജിലേബി കഴിപ്പിക്കാൻ ശ്രമിച്ചതിനെ വിനായകൻ വിമർശിച്ചു. മാധ്യമപ്രവർത്തകരിൽ ചിലർ ചില ആംഗ്യങ്ങൾ കാണിക്കാൻ പറഞ്ഞു. അമ്മയെ കെട്ടിപ്പിടിക്കാൻ പറഞ്ഞു. എന്തിനാണ് എന്നോട് അമ്മയെ കെട്ടിപ്പിടിക്കാൻ പറയുന്നത്.? ഹൈപ്പ് ക്രിയേറ്റ് ചെയ്യാനാണ് അവർ ശ്രമിക്കുന്നതെന്നും തനിക്ക് റിയൽ ആവാനാണ് ഇഷ്ടമെന്നും വിനായകൻ പറഞ്ഞു. ഞാൻ പേജ് 3 അല്ല. കോമഡി കാണിച്ച് എന്നെത്തന്നെ വിൽക്കാൻ കഴിയില്ല. താൻ ജീവിച്ചത് കോമഡിയല്ലെന്നും വിനായകൻ കൂട്ടിച്ചേർത്തു.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ പേരിൽ തന്നെ വിൽക്കാനുള്ള ശ്രമങ്ങള പിന്തുണയ്ക്കില്ലെന്ന് തുറന്നുപറഞ്ഞ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനർഹനായ നടൻ വിനായകൻ. ഹിറ്റ് കിട്ടാൻ വേണ്ടി ക്യാമറകൾക്കു മുന്നിൽ അഭിനയിക്കാൻ താൻ പേജ് ത്രീ അല്ല. ചാനലുകളിലെ കോമഡി പരിപാടികളിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ അത് തള്ളിക്കളഞ്ഞു. തനിക്ക് ജീവിതം സീരിയസ്സാണ്. വന്ന വഴികൾ അതാണ്. അത് മാത്രമാണ് ചാനലുകളിലെ ക്യാമറകൾക്കു മുന്നിലും തനിക്ക് കാണിക്കാൻ കഴിയുന്നതെന്നും വിനായകൻ വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനായകൻ.

സംസ്ഥാന പുരസ്‌കാരം നേടിയ അന്ന് തന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകർക്ക് തന്നെക്കൊണ്ട് അഭിനയിപ്പിക്കാനായിരുന്നു തിടുക്കം. അമ്മയ്ക്ക് ജിലേബി എടുത്ത് വായിൽ വച്ചുകൊടുക്കാനും അമ്മയെ കെട്ടിപ്പിടിക്കാനും മാധ്യമപ്രവർത്തകർ തന്നോട് ആവശ്യപ്പെടുകയുണ്ടായി. ഇതിനു മുൻപോ ഇത്തരത്തിൽ ഒരു കെട്ടിപ്പിടുത്തമോ ഉമ്മയോ എന്റെ അമ്മയ്ക്ക് താൻ നൽകിയിട്ടില്ല. പിന്നെന്തിന് അന്ന് മാത്രമായി ക്യാമറകൾക്കു മുന്നിൽ ഞാൻ അഭിനയിക്കണം.കഴിഞ്ഞ 20 വർഷമായി തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ എത്തുന്നത്. ഇപ്പോൾ എന്നെ വിൽക്കാനാണ് ശ്രമിക്കുന്നത്. ഹിറ്റ് കിട്ടാൻ വേണ്ടി മാത്രം നിങ്ങളുടെ ക്യാമറകൾക്ക് ആഘോഷിക്കാൻ ഞാൻ പേജ് ത്രീ അല്ല.

ബഡായി ബംഗ്ലാവിലേക്ക് അടക്കം തന്നെ ക്ഷണിച്ചിരുന്നതാണ്. എന്നാൽ, താൻ അതിൽ പങ്കെടുത്തില്ല. അതിന് കാരണം എന്റെ യഥാർത്ഥ ജീവിതം കോമഡിയാക്കാൻ കഴിയാത്തതു കൊണ്ടാണെന്നും വിനായകൻ പറഞ്ഞു. വിനായകന്റെ അഭിമുഖം സോഷ്യൽ മീഡിയയിലും ഇതിനോടകം തന്നെ വൈറലായട്ടുണ്ട്. ഒരുലക്ഷത്തിലേറെ ആളുകളാണ് വിനായകന്റെ അഭിമുഖം ഒരു ദിവസം കഴിയും മുമ്പ് കണ്ടത്. സാധാരണ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കാതെ ഉത്തരം കിട്ടാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങൾ ഉന്നയിച്ച ജിമ്മി ജോർജ്ജിനും സോഷ്യൽ മീഡിയ കൈയടിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP