Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് കോൺഗ്രസിൽ ഗുണ്ടാത്തലവനെ ചൊല്ലി തർക്കം; നവാസിനെ സംരക്ഷിക്കുന്നത് എ ഗ്രൂപ്പെന്ന് ആക്ഷേപം; പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നവാസിനെ ഒഴിവാക്കണമെന്ന് ഐ വിഭാഗം

കോഴിക്കോട് കോൺഗ്രസിൽ ഗുണ്ടാത്തലവനെ ചൊല്ലി തർക്കം; നവാസിനെ സംരക്ഷിക്കുന്നത് എ ഗ്രൂപ്പെന്ന് ആക്ഷേപം; പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നവാസിനെ ഒഴിവാക്കണമെന്ന് ഐ വിഭാഗം

എം പി റാഫി

കോഴിക്കോട്: പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാതലവൻരായ സഹോദരങ്ങൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ബന്ധംമുണ്ടെന്ന വാദം ശക്തിപ്പെടുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡിസിസി പ്രസിഡന്റ് കെ.സി അബു , കെപിസിസി ജനറൽ സെക്രട്ടറി ടി.സിദ്ദീഖ് തുടങ്ങിയ നേതാക്കളുമായി നിൽക്കുന്ന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഗുണ്ടാതലവന്മാരായ നവാസിനെയും സഹോദരൻ നിസാറിനെയും സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നത്.

എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമുള്ള നവാസിന്റെ സംരക്ഷണത്തിനായി ശക്തമായ ചരടുവലികളാണ് നടക്കുന്നത്. എന്നാൽ കുന്നമംഗലം ഒളവണ്ണ പഞ്ചായത്തിലെ 144-ാം ബൂത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ പി.എം നവാസിനെ ഈ സ്ഥാനത്തു നിന്നും സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നവാസിനെ സസ്‌പെന്റ് ചെയ്യാൻ നടപടിയെടുത്ത യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി നൗഷീറിനു മേൽ എ ഗ്രൂപ്പിന്റെ കൂച്ചു വിലങ്ങ് വീണതോടെ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനമെടുക്കുമെന്നായി നിലപാട്.

കുന്നമംഗലം നിയോജക മണ്ഡലവും എ ഗ്രൂപ്പിന്റെ കയ്യിലായതോടെ ഗുണ്ടാ കേസിലകപ്പെട്ട യൂത്ത് കോൺഗ്രസ് ഭാരവാഹിക്കെതിരെ ഇതുവരെ ഒരു നടപടിയൊന്നും ഉണ്ടായില്ല. നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് സംസ്ഥാന നേതാക്കൾക്ക് പരാതി നൽകുന്നതോടെ ഗുണ്ടാ വിഷയത്തിലെ ഗ്രൂപ്പ് സമവാക്യവും വെളിവാകുകയാണ്. ചില കോൺഗ്രസ് നേതാക്കൾ ഗുണ്ടാ നേതാവിനെ പുറത്തിറക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ്.

പൊലീസിന് കർശന നിർദ്ദേശങ്ങളാണ് ഈ വിഷയത്തിൽ നൽകിയിട്ടുള്ളത്. ഗുണ്ടാ നേതാക്കളായ സഹോദരങ്ങൾ കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടപ്പെട്ടവരാകുന്നതിനു പിന്നിൽ നിരവധി കാര്യങ്ങളുണ്ട്. വധശ്രമം ഉൾപ്പടെ ഒട്ടേറെ ക്വട്ടേഷൻ ആക്രമണ കേസുകളിൽ പതിയായ ഇരിങ്ങല്ലൂർ പാഴേരി കരാട്ടെ നിസാർ എന്ന നിസാർ, സഹോദരൻ നവാസ് എന്നിവരാണ് ഈയിടെയായി കോഴിക്കോട് നഗരത്തിലെ ഗുണ്ടാ നേതൃ പട്ടം അലങ്കരിച്ചിരുന്നത്. നാലുമാസം മുമ്പ് മറ്റൊരു ഗുണ്ടാ തലവനായ കരാട്ടെ ദിലീപ് അറസ്റ്റിലായതോടെയാണ് നിസാർ തന്റെ സാമ്രാജ്യം വിപുലപ്പെടുത്താൻ തുടങ്ങിയത്.

വർഷങ്ങളായി മാവൂർ റോഡിലെ ഓപൽ ബിൽഡിംങിൽ കിക്ക് ബോക്‌സിംങ് നടത്തിവരികയാണ് നിസാർ. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവിടത്തെ പരിശീലകരാണ്. സ്വയം ഗുണ്ടായായി അറിയപ്പെടാനും മാർക്കറ്റ് ചെയ്യപ്പെടാനും താൽപര്യപ്പെട്ട നിസാർ തന്നെ, ഉൾപ്പെട്ട പല കേസുകളിലും സ്വന്തം ഫോട്ടോ പത്ര ഓഫീസുകളിൽ എത്തിക്കാറുണ്ടായിരുന്നു. സഹോദരൻ നവാസ് മുഖാന്തരമാണ് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം പുലർത്തിയിരുന്നതും ക്വട്ടേഷനുകൾ ഏറ്റെടുത്തിരുന്നതും. ടി. സിദ്ദിഖിന്റെ വാഹനത്തിൽ പലപ്പോഴും ഡ്രൈവറായി പോകാറുണ്ടായിരുന്നു നവാസ്.

നവാസിന്റെ നേതൃത്വത്തിലാണ് പ്രമുഖരായ പല നേതാക്കൾക്ക് എസ്‌കോട്ട് നൽകിയിരുന്നതും വലിയ ഹോട്ടലുകളിൽ നടക്കുന്ന പരിപാടികൾക്ക് സുരക്ഷ ഏർപ്പെടുത്തിയിരുന്നതും. ബീച്ചിൽ നടക്കാറുള്ള ക്രിക്കറ്റ് ടൂർണമെന്റുകൾക്കും റിസോർട്ടുകളിൽ നടക്കുന്ന വിവിധ പരിപാടികൾക്കും ബൗൺസേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന സുരക്ഷാ സേനയായി വിലസാറുള്ളതും നാവാസിന്റെ നേതൃത്വത്തിലുള്ള ഈ സംഘമാണ്. കിക്ക് ബോക്‌സിംങ് സെന്ററിന്റെ മറ പിടിച്ചുള്ളതായിരുന്നു ഇവരുടെ ഗുണ്ടാ പ്രവർത്തനങ്ങൾ. കോളേജ് വിദ്യാർത്ഥികളാണ് സംഘത്തിലെ പ്രധാനികൾ. പരിസരത്തെ കോളേജുകളിൽ നടന്ന സംഘട്ടനങ്ങളിലെല്ലാം ഇവരുടെ പങ്ക് കണ്ടെത്തിയിരുന്നു.

നിസാറിന്റെ സംഘത്തിൽ അംഗമാണെന്ന് പറഞ്ഞാൽ കാമ്പസിൽ ഹീറോ പരിവേഷം ലഭിക്കുമെന്നതാണ് വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ വ്യവസായികളും ഭരണ മുന്നണി നേതാക്കളുമായുള്ള ബന്ധമാണ് ഇവർക്ക് അഴിഞ്ഞാടാനുള്ള കരുത്ത്. പലപ്പോഴും പൊലീസിനെയും നോക്കു കുത്തികളാക്കി അക്രമം നടത്തി കടന്നുകളയുകയാണ് പതിവ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കടവ് റസ്റ്റോറന്റിൽ ഒരു പരിപാടിയിൽ സുരക്ഷാ സേനയായി പോയ ഗുണ്ടാ സംഘം മന്ത്രി കുഞ്ഞാലികുട്ടിയുടെ സഹോദരി പുത്രനുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു.

ഇതിൽ കയ്യേറ്റ ശ്രമം നടത്തിയ നിസാറിനെതിരെ മന്ത്രിയുടെ ബന്ധു പരാതി നൽകിയിരുന്നു. ഈ കേസ് പിൻവലിക്കുന്നതിനും തീർപ്പാക്കുന്നതിനും കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളായിരുന്നു നിസാറിന് വേണ്ടി ഇടനിലക്കാരായത്. ഒടുവിൽ കാമുകനോടൊപ്പം പോയ പെൺകുട്ടിയെ വീണ്ടെടുക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത് നഗരത്തിൽ അഴിഞ്ഞാടിയതാണ് സംഘത്തലവനുൾപ്പടെ പത്തിലധികം പേരുടെ അകത്താകാനിടയായത്.

ഇവരെ പുറത്തിറക്കുന്നതിനുള്ള രഹസ്യമായ പല നീക്കങ്ങളും ഇതിനോടകം കോൺഗ്രസ് നേതൃത്വം നടത്തിയെന്നാണ് അറിവ്. ഗുണ്ടാ സംഘത്തിലെ ബാക്കി വരുന്ന അംഗങ്ങൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്. നിലവിൽ ആന്റി ഗുണ്ടാ സ്‌ക്വാഡും പ്രവർത്തിക്കുന്നുണ്ട്. ഗുണ്ടകൾക്കായുള്ള വല വീശൽ ആരംഭിച്ചതോടെ പല പ്രധാന കണ്ണികളും സംസ്ഥാനം വിട്ടതായി സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങലിലേക്ക് ഗുണ്ടകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP