Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പീക്കർ എന്നാൽ സർക്കാരിന്റെ പാവയെന്ന തോന്നൽ മാറ്റി കരുണാകരനെ വിരട്ടി; ആറ് മാസം മന്ത്രിയായപ്പോൾ വമ്പന്മാരെ നിലയ്ക്കു നിർത്തി ആരോഗ്യമേഖല ഉടച്ചുവാർത്തു; ആരും തൊടാൻ ഭയന്ന ബിർലയെ പൂട്ടിയത് ഈ ഇച്ഛാശക്തി മൂലം; ഓരോ തെരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ ലക്ഷങ്ങൾ വലിച്ചെറിഞ്ഞു രംഗത്തെത്തിയത് വമ്പന്മാർ; അപ്രതീക്ഷിതമായി സുധീരൻ പദവിയൊഴിയുമ്പോൾ

സ്പീക്കർ എന്നാൽ സർക്കാരിന്റെ പാവയെന്ന തോന്നൽ മാറ്റി കരുണാകരനെ വിരട്ടി; ആറ് മാസം മന്ത്രിയായപ്പോൾ വമ്പന്മാരെ നിലയ്ക്കു നിർത്തി ആരോഗ്യമേഖല ഉടച്ചുവാർത്തു; ആരും തൊടാൻ ഭയന്ന ബിർലയെ പൂട്ടിയത് ഈ ഇച്ഛാശക്തി മൂലം; ഓരോ തെരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ ലക്ഷങ്ങൾ വലിച്ചെറിഞ്ഞു രംഗത്തെത്തിയത് വമ്പന്മാർ; അപ്രതീക്ഷിതമായി സുധീരൻ പദവിയൊഴിയുമ്പോൾ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: പദവി എങ്ങനെ വിനിയോഗിക്കണം എന്നറിയാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കിടയിൽ ഉള്ളത്. മന്ത്രിസ്ഥാനം ലഭിച്ചാൽ പൊതുജന നന്മയ്ക്കായി എങ്ങനെ ഉപയോഗിക്കണമെന്ന് പല രാഷ്ട്രീയക്കാർക്കും അറിയില്ല. പലപ്പോഴും അതിനുള്ള ഇച്ഛാശക്തി ഇല്ലെന്നതാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം. ഇത്തരം നേതാക്കൾക്കിടയിൽ തീർത്തും വ്യത്യസ്തനായിരുന്നു വി എം സുധീരൻ എന്ന നേതാവ്.

ഒരു പദവി ലഭിച്ചാൽ എങ്ങനെ ഫലപ്രദമായി അത് ഉപയോഗിക്കാം എന്ന കൃത്യമായ ബോധ്യം സുധീരനുണ്ടായിരുന്നു. സ്പീക്കറായും എംപിയായും എംഎൽഎയായും ശോഭിച്ച വേളയിൽ എല്ലാം തന്നെ കൃത്യമായി അധികാരം അറിഞ്ഞു പ്രയോഗിച്ച ആദർശധീരനായിരുന്നു സുധീരൻ. കെപിസിസി അധ്യക്ഷ പദവിയിൽ ഇരുന്നു കൊണ്ട് ഭരണത്തിന്റെ കടിഞ്ഞാണായി പ്രവർത്തിച്ച മറ്റൊരു കെപിസിസി അധ്യക്ഷൻ ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്.

കോൺഗ്രസ് രാഷ്ട്രീയത്തിലെ വിപ്ലവകാരിയുടെ റോളായിരുന്നു എന്നും സുധീരന്. കെഎസ് യുവിലെ തീപ്പൊരി നേതാവായി വളർന്ന അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. തൃശ്ശൂരുകാരനെന്ന നിലയിൽ ഈ സമയത്ത് കെ കരുണാകരന്റെ ആശിർവാദങ്ങളും അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ, ആരെയും കൂസാതെ നട്ടെല്ലുയർത്തി നിന്നു കൊണ്ടാണ് അദ്ദേഹം വളർന്നത്. സ്പീക്കർ സ്ഥാനത്തിരുന്ന് കെ കരുണാകാരന് തലവേദനയുണ്ടാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സർക്കാറിന്റെ പാവയാണ് സ്പീക്കർ എന്ന തോന്നൽ മാറ്റിയത് സുധീരൻ ആ പദവിയിൽ ഇരിക്കുമ്പോഴാണ്. ഒരിക്കലും ചെളിയില്ലാത്ത ഖദറും കറയില്ലാത്ത കൈകളും അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ സധൈര്യം തുറന്നു പറയാനും അദ്ദേഹത്തെ ശക്തനാക്കുന്നു. സംശുദ്ധ വ്യക്തിപ്രഭാവത്തിന്റെ ഈ കരുത്താണു മൂന്നു വർഷംമുൻപ് സംസ്ഥാനത്തെ പാർട്ടിയുടെ കടിഞ്ഞാൺ സുധീരനെ ഏൽപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ആ പദവിയിൽ നിന്നാണ് അദ്ദേഹം ഒഴിഞ്ഞത്.

എ കെ ആന്റണി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന വി എം സുധീരൻ ഈ മേഖലയെ ശുദ്ധീകരിക്കാൻ വേണ്ടി സുധീരൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം ഏറെ കൈയടി നേടിയിരുന്നു. ആരോഗ്യ മേഖലയെ പിടിമുറുക്കിയ മാഫിയകളെ അമർച്ച ചെയ്യാൻ മുൻകൈയെടുത്തത് അദ്ദേഹമായിരുന്നു. മാവൂർ ഗ്വാളിയോർ പോലെ ബിർലയുടെ സ്ഥാപനം മലിനീകരണം യഥേഷ്ടം തുടർന്നതോടെ അവരെ അമർച്ച ചെയ്യാൻ വേണ്ടി മുൻകൈയെടുത്തതും സുധീരനായിരുന്നു. അത്രയ്ക്ക് ഇച്ഛാശക്തിയുള്ള നേതാവായിരുന്നു സുധീരൻ.

സുധീരന്റെ ആദർശാത്മക വ്യക്തിത്വം നിഷേധിക്കാനോ നിരാകരിക്കാനോ ആർക്കുമാവില്ല. കോൺഗ്രസ് നേതൃത്വം അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ചു നിൽക്കെ അതിജീവനത്തിനായി ആശ്രയിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. ഒരിക്കലും അഴിമതിയുടെ കറ പുരണ്ടിട്ടില്ലെന്നതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ വ്യക്തിപരമായ ആദർശത്തിളക്കമായിരുന്നു സുധീരനെ കെപിസിസി അധ്യക്ഷ പദവിയൽ എത്തിച്ചതും. എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്ന പ്രകൃതമായിരുന്നു സുധീരന്. ആലപ്പുഴയെ പ്രതിനിധീകരിച്ച് എംപിയായിരുന്ന വേളയിൽ തീരദേശത്തെ കരിമണൽ ഖനനത്തിന് സർക്കാർ തീരുമാനം എടുത്തതോടെ ഇതിനെ നഖശിഖാന്തം എതിർക്കുകയായിരുന്നു സുധീരൻ ചെയ്തത്.

ഇങ്ങനെ മാഫിയകൾക്കെതിരെ പോരാട്ടം ശീലമാക്കിയപ്പോൾ സുധീരനെ തോൽപ്പിക്കാൻ വൻകിടക്കാർ തന്നെ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശനെ പോലൊരു മദ്യമുതലാളി എസ്എൻഡിപിയുടെ തലപ്പത്തേക്ക് വന്നപ്പോൾ അതിനെ എതിർക്കാനും സുധീരനേ ഉണ്ടായിരുന്നുള്ളൂ. കള്ളുകച്ചവടക്കാരനല്ല ഈഴവ സമുദായ നേതാവാകേണ്ടതെന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിനെതിരെ ശബ്ദമുയർത്തിയ കോൺഗ്രസിലെ ഏക ശബ്ദവും സുധീരന്റേതായിരുന്നു.

അഴിമതി കണ്ടാൽ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിത്വമായിരുന്നു സുധീരന്റേത്. ഇങ്ങനെ ആദർശ നിഷ്ഠയുള്ള നേതാവെന്ന നിലയിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് 2014ൽ ഹൈക്കമാൻഡ് നിയോഗിച്ചത്. രമേശ് ചെന്നിത്തല അഭ്യന്തരമന്ത്രിയായതിനെ തുടർന്നാണ് സുധീരൻ ഈ പദവിയിൽ എത്തുന്നത്. രമേശിന് പകരം അന്നത്തെ സ്പീക്കറായ ജി.കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും താത്പര്യപ്പെട്ടതെങ്കിലും ഗ്രൂപ്പുകളുടെ അതിപ്രസരമൊഴിവാക്കാൻ ഗ്രൂപ്പിലാത്ത സുധീരൻ അധ്യക്ഷനാവട്ടെ എന്നായിരുന്നു രാഹുൽഗാന്ധിയുടെ തീരുമാനം.

പാർട്ടിയിൽ ശക്തമായ എ-ഐ ഗ്രൂപ്പ് പോര് ഒതുക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് വി എം സുധീരനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചതെങ്കിലും പിന്നീട് സുധീരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒരു ഗ്രൂപ്പായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നിലവാരമില്ലാത്ത ബാറുകൾ തുറക്കേണ്ടതില്ലെന്ന് ശക്തമായ നിലപാട് സുധീരൻ സ്വീകരിച്ചതോടെയാണ്, സംസ്ഥാനത്ത് ബാറുകൾ അടച്ചു പൂട്ടുന്നത്. കടുത്ത മദ്യവിരുദ്ധ നിലപാടിലൂടെ സുധീരൻ കൈയടി വാങ്ങുകയും മദ്യലോബിയുടെ ആളായി മുഖ്യമന്ത്രി ചിത്രീകരിക്കപ്പെടുകയും ചെയ്തതോടെയാണ് മുഴുവൻ ബാറുകളും അടച്ചു പൂട്ടുക എന്ന കടുത്ത പ്രയോഗം ഉമ്മൻ ചാണ്ടി നടത്തിയത്.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും എ ഗ്രൂപ്പുമായും ഉമ്മൻ ചാണ്ടിയുമായും സുധീരൻ ശക്തമായി ഏറ്റുമുട്ടിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടി യോഗങ്ങളിലും, ഏകോപനസമിതിയോഗങ്ങളിലും നിന്ന് ഉമ്മൻ ചാണ്ടി വിട്ടു നിന്നത് സുധീരനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് നേതാവായ ബെന്നി ബെഹന്നാന് സീറ്റ് നഷ്ടമായത് വി എം സുധീരന്റെ ഇടപെടൽ മൂലമായിരുന്നു. ഇവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ കോൺഗ്രസിനെ മൊത്തത്തിൽ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുധീരന്റെ ഇടപെടൽ.

കെസി ജോസഫ്, അടൂർ പ്രകാശ് എന്നിവർ മത്സരിക്കുന്നതിനെതിരെ സുധീരൻ രംഗത്തു വന്നതും കോൺഗ്രസിൽ വലിയ ആഭ്യന്തര സംഘർഷം സൃഷ്ടിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി പരസ്യപ്രതിഷേധത്തിലേക്ക് കടന്നതോടെയാണ് ഈ നേതാക്കൾക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് വിട്ടു കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉമ്മൻ ചാണ്ടി അങ്ങനെ ചെയ്തതെന്നായിരുന്നു എ ഗ്രൂപ്പ് വിശദീകരിച്ചത്.

തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിക്കും ഒരേ പോലെ ഉത്തരാവാദിത്തമുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ മാതൃകയിൽ സുധീരനും രാജിവയ്ക്കണമെന്നും എ ഗ്രൂപ്പ് വാദിച്ചിരുന്നുവെങ്കിലും സുധീരൻ തുടരട്ടെ എന്ന നിലപാടായിരുന്നു ഹൈക്കമാൻഡിന്. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിൽ സുധീരന്റെ ഏറ്റവും വലിയ സംഭാവനയെന്താണെന്ന് ചോദ്യമുയർന്നാൽ ഉമ്മൻ ചാണ്ടിയെ മെരുക്കി എന്നതു തന്നെയാകും മറുപടിയായി എത്തുക്.

ഇപ്പോൾ ഗ്രൂപ്പുകളുടെ ആക്രമണത്തിനുകൂടി ഇരയായി സുധീരൻ പടിയിറങ്ങുമ്പോൾ ജില്ലാ തലത്തിൽ കോൺഗ്രസിന് പുതിയ മുഖങ്ങളെത്തിയിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൽ ആദ്യമായി ഒരു വനിത ഡിസിസി പ്രസിഡന്റായി, ഡിസിസികളുടെ തലപ്പത്തേക്ക് ചെറുപ്പക്കാർ വന്നു. ചെറുപ്പക്കാരായ എംഎൽഎമാരുണ്ടായി. ഇതിനൊക്കെ ഉപരിയായി മദ്യനയത്തിലെ കർക്കശ നിലപാടു കൊണ്ട് കേരളത്തിലെ വീട്ടമ്മമാർക്ക് കൂടി പ്രിയങ്കരനായി വി എം സുധീരൻ എന്ന ആദർശ ധീരനായ നേതാവ്.

അടുത്തിടെ ഡിസിസികളുടെ പുനഃസംഘടനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി കെപിസിസി നേതൃത്വത്തോട് പൂർണമായി നിസ്സഹരിക്കുന്നതും സുധീരനെ സമ്മർദത്തിലാക്കുന്നതായിരുന്നു. കെപിസിസി പുനഃസംഘടയുടെ ഭാഗമായി രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചെങ്കിലും ഉമ്മൻ ചാണ്ടി അതിനോടും സഹകരിച്ചില്ല. ഡിസിസികളുടെ പുനഃസംഘടനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി ഇനി ഒരു സാധാരണ പ്രവർത്തകൻ മാത്രമായി നിൽക്കുകയാണെന്ന് ഉമ്മൻ ചാണ്ടി സുധീരനെയും ആന്റണിയെയും രമേശ് ചെന്നിത്തലയെയും അറിയിക്കുകയും ചെയ്തു.

എല്ലാ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ സമ്മർദം. രാഷ്ട്രീയ കാര്യസമിതി ഇക്കാരണത്താൽ യോഗം ചേരാൻ പോലും സാധിക്കാത്ത നിലയുണ്ടായി. നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ പ്രതിസന്ധിയുണ്ടായപ്പോൾ കോൺഗ്രസ് ദേശീയ തലത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽന്നും ഉമ്മൻ ചാണ്ടി വിട്ടുനിന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ ഡൽഹിയിൽ വിളിപ്പിച്ച് പ്രത്യേകം ചർച്ച നടത്തിയാണ് താൽക്കാലിക വെടിനിർത്തലുണ്ടായത്.

സുധീരനെ മാറ്റുകയെന്ന അതിശക്തമായ സമ്മർദമായിരുന്നു ഇതെല്ലാം. ഈ ഘട്ടത്തിലെല്ലാം ഹൈക്കമാൻഡും എകെ ആന്റണിയും സുധീരനൊപ്പം ഉറച്ചുനിന്നു. ഉടൻ കെപിസിസി അധ്യക്ഷനെ മാറ്റില്ലെന്ന നിലപാട് ഹൈക്കമാൻഡ് ആവർത്തിച്ചു. ഇതോടെ ഇരുഗ്രൂപ്പുകളുടെയും സമ്മർദം അയഞ്ഞു. എങ്കിലും സുധീരന്റെ നേതൃത്വത്തിൽ പാർട്ടിതലത്തിൽ നടത്തിയ പ്രവർത്തനങ്ങളോട് സഹകരിക്കാൻ കോൺഗ്രസ് മുൻനിര നേതാക്കൾ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP