Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നീക്കം നടത്തിയിട്ടും വീഴാത്ത സുധീരൻ രാജി വച്ച് ഇറങ്ങുന്നത് എല്ലാ സമ്മർദ്ദങ്ങളും അവസാനിച്ചെന്ന് ഉറപ്പിച്ച ശേഷം; ആർക്കും വഴങ്ങാത്ത ആദർശ ധീരൻ ഇനി കേരളത്തിൽ ഇറങ്ങിയാൽ അത് മുഖ്യമന്ത്രിയാവാൻ മാത്രം; പുറത്തു നിൽക്കുന്ന സുധീരൻ അകത്തുള്ള സുധീരനെക്കാൾ 'ഭീകരനെന്ന്' തിരിച്ചറിഞ്ഞ് എ-ഐ ഗ്രൂപ്പുകൾ

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നീക്കം നടത്തിയിട്ടും വീഴാത്ത സുധീരൻ രാജി വച്ച് ഇറങ്ങുന്നത് എല്ലാ സമ്മർദ്ദങ്ങളും അവസാനിച്ചെന്ന് ഉറപ്പിച്ച ശേഷം; ആർക്കും വഴങ്ങാത്ത ആദർശ ധീരൻ ഇനി കേരളത്തിൽ ഇറങ്ങിയാൽ അത് മുഖ്യമന്ത്രിയാവാൻ മാത്രം; പുറത്തു നിൽക്കുന്ന സുധീരൻ അകത്തുള്ള സുധീരനെക്കാൾ 'ഭീകരനെന്ന്' തിരിച്ചറിഞ്ഞ് എ-ഐ ഗ്രൂപ്പുകൾ

ബി രഘൂരാജ്‌

തിരുവനന്തപുരം: സിപിഎമ്മിനുള്ളിലെ പ്രതിപക്ഷ നേതാവാണ് വി എസ് അച്യുതാനന്ദൻ. ഇതേ റോളായിരുന്നു കെപിസിസി അധ്യക്ഷനാകും വരെ വി എം സുധീരനും. കെപിസിസി അധ്യക്ഷനായി സുധീരനെത്തിയപ്പോഴും ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശന മുനയിൽ നിർത്തി. ബാർ കോഴയെന്ന ആരോപണത്തിന് തുടക്കം പോലും സുധീരന്റെ വേറിട്ട നീക്കമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ നയത്തെ മാധ്യമങ്ങൽക്ക് മുമ്പിലെത്തി പരസ്യമായി വിമർശിച്ച് തന്റെ അജണ്ട സുധീരൻ നടപ്പാക്കി.

ഇതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു. ഇതോടെ ഹൈക്കമാണ്ടിന് സുധീരനെ ചില കാര്യങ്ങളിൽ നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ സർക്കാരിനെതിരെ പരസ്യ പ്രതികരണങ്ങൾ സുധീരൻ അവസാനിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയതിന് അപ്പുറം വിമർശനങ്ങളാണ് സുധീരൻ ചർച്ചയാക്കിയതെന്നതാണ് യാഥാർത്ഥ്യം. ഭരണം പോയതോടെ കോൺഗ്രസ് പ്രതിപക്ഷത്താണിപ്പോൾ. എന്നാൽ ക്രിയാത്മക പ്രതിപക്ഷമായി ചെന്നിത്തലയ്ക്കും കൂട്ടർക്കും കഴിയുന്നോ എന്ന സംശയം സജീവമാകുമ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനം സുധീരൻ ഒഴിയുന്നു. സ്ഥാനമൊഴിയുന്ന നേതാവ് കൂടതൽ കരുത്തനാകുമെന്ന് എ-ഐ ഗ്രൂപ്പുകൾക്ക് നല്ല ബോധ്യമുണ്ട്.

സ്ഥാനമാനങ്ങളില്ലാത്ത സുധീരൻ ഇനി കോൺഗ്രസ് ഹൈക്കമാണ്ടിനും വഴങ്ങില്ല. പ്രതിപക്ഷത്തിന്റെ ചെറിയ വീഴ്ചകൾ പോലും ഉയർത്തിക്കാട്ടും. സർക്കാരുമായി ഒത്തുകളിക്കാനുള്ള ശ്രമമായി പലതും സുധീരൻ വ്യാഖ്യാനിക്കും. അങ്ങനെ പ്രതിപക്ഷത്തിന്റെ നിറം കെടുത്തും.-ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ ആശങ്കകൾ. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരനെ പുകച്ച് പുറത്തു ചാടിക്കാൻ ശ്രമിച്ചതിൽ പ്രധാനി ഉമ്മൻ ചാണ്ടിയാണ്. ഇത് മനസ്സിൽ വച്ച് തന്നെയാണ് സുധീരന്റെ പടിയറിക്കവും. സ്ഥാനമൊഴിയുന്നതിന്റെ സൂചന പോലും ഉമ്മൻ ചാണ്ടിക്ക് നൽകാത്തത് ഇതുകൊണ്ടാണ്.

അതിനാൽ എ ഗ്രൂപ്പിനേയും സുധീരൻ ലക്ഷ്യമിടും. ചെന്നിത്തലയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കത്തിനും സുധീരനെന്ന പേര് ഭീഷണിയാണ്. പൊതു സമൂഹത്തിൽ യഥാർത്ഥ പ്രതിപക്ഷ നേതാവിന്റെ റോളുമായി ആരുടേയും നിയന്ത്രണമില്ലാത്ത സുധീരന് നിറയാനാകും. പൊതു പ്രശ്‌നങ്ങളിൽ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിച്ച് താരമായാൽ സുധീരനേയും മുഖ്യമന്ത്രി പദത്തിലേക്ക് ഭാവിയിൽ ഹൈക്കമാണ്ട് പരിഗണിക്കുമെന്ന് ഉറപ്പാണ്. ഇത് തകർക്കുക ഉമ്മൻ ചാണ്ടിയുടെ മോഹങ്ങളാണ്.

സുധീരൻ കെപിസിസി അധ്യക്ഷനാകുമെന്ന് ആരും പ്രതീക്ഷിച്ചതു പോലുമില്ല. ആഭ്യന്തര മന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് മോഹമുദിച്ചപ്പോൾ ജി കാർത്തികേയനെ സമാവായ സ്ഥാനാർത്ഥിയായി എ-ഐ ഗ്രൂപ്പുകൾ ഉയർത്തിക്കാട്ടി. എന്നാൽ ആന്റണിയുടെ അപ്രതീക്ഷിത നീക്കം എല്ലാം തകിടം മറിച്ചു. സുധീരൻ കെപിസിസി അധ്യക്ഷനായി. പിന്നെ കോൺഗ്രസിൽ ഒറ്റയാന്റെ ഭരണമാ3യിരുന്നു. എ-ഐ ഗ്രൂപ്പുകളെ അംഗീകരിച്ചില്ല. അവഗണിക്കപ്പെട്ടവരെ കൂടെ കൂട്ടി പുതിയൊരു സംവിധാനം സുധീരൻ ഉണ്ടാക്കിയെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് പരിഗണന ഒഴിവാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതൊക്കെ തന്നെ കണ്ടു. ബെന്നി ബഹന്നാന് മത്സരിക്കാൻ സീറ്റ് പോലും കൊടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ എന്തുവില കൊടുത്തും സുധീരനെ പുറത്താക്കുമെന്ന് എ-ഐ ഗ്രൂപ്പുകൾ ശപഥം ചെയ്തു. സമ്മർദ്ദത്തിലൂടെ സുധീരനെ പുകയ്‌പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സുധീരൻ വഴങ്ങിയില്ല. കോൺഗ്രസ് ഹൈക്കമാണ്ടിന്റേയും രാഹുൽ ഗാന്ധിയുടേയും പിന്തുണയോടെ കോൺഗ്രസിനെ നയിച്ചു. ഒരൂ കാരണവശാലും സുധീരനെ മാറ്റില്ലെന്ന് രാഹുൽ ഗാന്ധി തറപ്പിച്ച് പറയുകയും ചെയ്തു.

ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചത് എ ഗ്രൂപ്പിന്റെ കണക്ക് കൂട്ടൽ തെറ്റിച്ചായിരുന്നു. ഇതോടെ ഉമ്മൻ ചാണ്ടി പൂർണ്ണമായും പിണങ്ങി. കെപിസിസിയുമായി പരസ്യ ബഹിഷ്‌കരണത്തിലുമായി. സുധീരനെ മാറ്റിയാൽ മാത്രമേ സഹകരണം ഉള്ളൂവെന്ന കടുത്ത നിലപാടിൽ ഉമ്മൻ ചാണ്ടിയെത്തി. എന്നാൽ എല്ലാം സുധീരൻ സമർത്ഥമായി തന്നെ പൊളിച്ചു. ഒടുവിൽ ഹൈക്കമാണ്ടുമായി സമരസ്സപ്പെട്ട് ഉമ്മൻ ചാണ്ടി കെപിസിസിയുടെ വഴിക്ക് വന്നു. ചെന്നിത്തലയും സുധീരന്റെ ഹൈക്കമാണ്ടിലുള്ള സ്വാധീനം തിരിച്ചറിഞ്ഞ് കെപിസിസി പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിച്ചു.

ഈ ഘട്ടത്തിലാണ് സുധീരന്റെ സ്ഥാനം ഒഴിയൽ. ഇതിലൂടെ ആരുടേയും നേട്ടമായി തന്റെ പുറത്തു പോകൽ ഉയർത്തിക്കാട്ടാതിരിക്കാൻ സുധീരന് കഴിയുകയും ചെയ്യുന്നു. പൂർണ്ണമായും തന്റെ ആഗ്രഹപ്രകാരമുള്ള സ്ഥാനമൊഴിയലായി വ്യഖ്യാനിക്കാനും കഴിഞ്ഞു. അതിന് കൃത്യമായ ആരോഗ-രാഷ്ട്രീയ കാരണങ്ങൾ പറയാനും സുധീരനു കഴിഞ്ഞു. ഇത് അംഗീകരിച്ച് സുധീരന് മാന്യമായ സ്ഥാനമൊഴിയലിന് അവസരമൊരുക്കേണ്ട ബാധ്യത ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വരികയും ചെയ്യുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുവെന്ന വി എം.സുധീരന്റെ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്ന് നേതാക്കൾ തുറന്നു പറയുകയാണ്. സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പ്രതികരണം.

എന്നാൽ, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതായത് സുധീരന്റെ രാജിയിൽ ക്രെഡിറ്റെടുക്കാൻ എ-ഐ ഗ്രൂപ്പുകൾക്ക് കഴിയാതെ പോകുന്നു. ഇതോടെ സ്ഥാനമൊഴിയുമ്പോഴും വ്യക്തിത്വം നിലനിർത്തുകയാണ് സുധീരൻ. പുകച്ച് പുറത്തു ചാടിച്ചെന്ന പേരുദോഷം ഇല്ലാത്തതിനാൽ ഭാവിയിലും സുധീരന്റെ സാധ്യതകൾ ഏറെയാണ്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി സുധീരൻ വരില്ല. ദേശീയ നേതൃത്വത്തിലേക്കാണ് സുധീരന്റെ കണ്ണ്. അതു കഴിഞ്ഞാൽ മുഖ്യമന്ത്രി പദവും. ആന്റണിയുടെ പിന്തുണയുള്ളതിനാൽ ഇതെല്ലാം അനായസമായി നടക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്ന ചെന്നിത്തലയ്ക്കും ഭാവിയിൽ വീണ്ടും ഭരണത്തലപ്പത്ത് എത്താൻ കരുക്കൾ നീക്കുന്ന ഉമ്മൻ ചാണ്ടിക്കും സുധീരന്റെ സാന്നിധ്യം ഭീഷണി തന്നെയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായാണ് സുധീരൻ കെപിസിസി തലപ്പത്തേക്കെത്തിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വി എം.സുധീരന്റെ വരവും പോക്കും അപ്രതീക്ഷിതമായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് സുധീരനെ പ്രഖ്യാപിച്ചത് അവിശ്വസനീയതയോടെയായിരുന്നു രാഷ്ട്രീയ കേരളം കേട്ടത്. 2014 ഫെബ്രുവരി 10-നാണ് അദ്ദേഹം രമേശ് ചെന്നിത്തലയ്ക്കു പിൻഗാമിയായി കെപിസിസി ഭരണം ഏറ്റെടുത്തത്. കോൺഗ്രസ് പാർട്ടിയിലും ഇത് ഞെട്ടലുണ്ടാക്കി. പ്രത്യേകിച്ച് ഐ ഗ്രൂപ്പിൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പോലും സൂചന കിട്ടാതെയായിരുന്നു സുധീരനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും സമ്മർദ്ദവും ഉണ്ടായപ്പോൾ സ്ഥാനമൊഴിയലിന്റെ സൂചന നൽകാതിരുന്ന സുധീരൻ അപ്രതീക്ഷിതമായിത്തന്നെ തന്റെ രാജിയും പ്രഖ്യാപിച്ചു. അങ്ങനെ വീണ്ടും കോൺഗ്രസിനെ ഞെട്ടിക്കുകയാണ് സുധീരൻ.

സുധീരന്റെ ആദർശാത്മക വ്യക്തിത്വം നിഷേധിക്കാനോ നിരാകരിക്കാനോ ആർക്കുമാവില്ല. കോൺഗ്രസ് നേതൃത്വം അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ചു നിൽക്കെ അതിജീവനത്തിനായി കോൺഗ്രസിനു മുന്നോട്ട് വയ്ക്കാനാകുന്ന ചരുക്കം പേരുകളിൽ ഒന്നാണ് സൂധീരന്റേത്. ഈ സത്യം തന്നെയാണ് കെപിസിസി അധ്യക്ഷപദം സുധീരൻ ഒഴിയുമ്പോൾ എ-ഐ ഗ്രൂപ്പുകളെ ആശങ്കപ്പെടുത്തുന്നതും. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ സുധീരന് വീണ് പരിക്കേറ്റിരുന്നു. അത് ദീർഘകാലത്തെ ചികിത്സയിലൂടെ മാത്രമേ സുഖപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് രാജിയെന്നും സുധീരൻ അറിയിച്ചു. ഇതും ഗ്രൂപ്പുകൾക്ക് ഭീഷണിയാണ് അസുഖം മാറിയാൽ രാഷ്ട്രീയത്തിൽ സജീവമാകുന്ന സൂചനയാണ് ഇതിലുള്ളത്. സ്വാഭാവികമായി കെപിസിസി അധ്യക്ഷ പദത്തിനും മുകളിലുള്ള സ്ഥാനം സുധീരനെ തേടിയെത്താൻ ഇടയുണ്ട്.

പാർട്ടി പരിപാടികളിൽ നിന്ന് ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ തന്റെ നിലവിലെ ആരോഗ്യ സ്ഥിതി വച്ച് അതിന് സാധിക്കില്ല. വേണമെങ്കിൽ അവധിയെടുത്ത് മാറി നിൽക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കാര്യം ആരുമായും ചർച്ച ചെയ്തിട്ടില്ല. വ്യക്തിപരമായ തീരുമാനമാണ്. ബദൽ സംവിധാനം ഹൈക്കമാൻഡ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സുധീരൻ അറിയിച്ചു. എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിച്ച സുധീരന്റെ രാജി തീർത്തും അപ്രതീക്ഷിതമായി. അങ്ങനെ രാജിയിലും ആദർശ പരിവേഷം സുധീരൻ കാത്തു സൂക്ഷിക്കുകായണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് ഭാവി സാധ്യതകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP