Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം മടുത്തു.... തന്നെ തോല്പിക്കാനും അപമാനിക്കാനും യുഡിഎഫ് മാത്രമല്ല.... മറ്റു ചിലരുമുണ്ടായിരുന്നു; ഇനി ആരു വേണമെങ്കിലും ജയിക്കുകയോ മന്ത്രിയാകുകയോ ചെയ്യട്ടെ; ഇനി സുധാകരൻ സഖാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ആലുപ്പുഴയിലെ സി.പി.എം രാഷ്ട്രീയം പുകയുന്നത് ഇങ്ങനെ

എല്ലാം മടുത്തു.... തന്നെ തോല്പിക്കാനും അപമാനിക്കാനും യുഡിഎഫ് മാത്രമല്ല.... മറ്റു ചിലരുമുണ്ടായിരുന്നു; ഇനി ആരു വേണമെങ്കിലും ജയിക്കുകയോ മന്ത്രിയാകുകയോ ചെയ്യട്ടെ; ഇനി സുധാകരൻ സഖാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ആലുപ്പുഴയിലെ സി.പി.എം രാഷ്ട്രീയം പുകയുന്നത് ഇങ്ങനെ

ആലപ്പുഴ: നിലവിലെ രാഷ്ട്രീയ - സമൂഹികരംഗങ്ങൾ മന്ത്രി ജി സുധാകരന് മടുത്തു. ഇനി സുധാകരൻ സഖാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇന്നലെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

കടുത്ത നിരാശയോടെയാണ് ഈ വിപ്ലവകാരി തന്റെ മനസിലിരുപ്പ് നാട്ടുകാർക്ക് മുന്നിൽ തുറന്നിട്ടത്. പുന്നപ്രയിലെ നീർക്കുന്നത്ത് നടന്ന ഒരു റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി തന്റെ പ്രസംഗത്തിനിടയിലാണ് ഏവരെയും ഞെട്ടിച്ച് വിടവാങ്ങുന്ന വിവരം പുറത്തുവിട്ടത്. കേട്ടിരുന്നവർ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് സമനില വീണ്ടെടുക്കുകയായിരുന്നു.

കേരള മന്ത്രിസഭയിലെ ചങ്കൂറ്റമുള്ള മന്ത്രിയെന്ന ഖ്യാതി പിടിച്ചുപറ്റിയ സുധാകരൻ പെട്ടെന്ന് തെരഞ്ഞെടുപ്പുരംഗം വിടുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ മന്ത്രിയെ ഇത്തരത്തിൽ ചിന്തിപ്പിച്ച ഘടകമെന്തെന്നായി ജനങ്ങൾ. ഇതോടെ മന്ത്രി ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ വിശദീകരണം നൽകി. വിശദീകരണം ഇങ്ങനെ..

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ യു ഡി എഫ് പരമാവധി ശ്രമിച്ചു. കോൺഗ്രസുകാർ മാത്രമല്ല തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചത്. ഒടുവിൽ പരാജയപ്പെടുത്താൻ കഴിയില്ലെന്നു കണ്ടപ്പോൾ ഭൂരിപക്ഷം കുറയ്ക്കാൻ ശ്രമം നടത്തി. ഇതും പരാജയപ്പെട്ടപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കി അപമാനിക്കാൻ നോക്കി. സ്ഥാപിത താല്പര്യക്കാരുടെ എല്ലാ കുതന്ത്രങ്ങളും മറികടന്ന് ഒടുവിൽ ഞാൻ ജയിച്ചു. കഴിഞ്ഞ പ്രാവശ്യത്തേതിലും ഭൂരിപക്ഷത്തിലാണ് ഇക്കുറി ജനങ്ങൾ എന്നെ വിജയിപ്പിച്ചത്. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ആര് വേണമെങ്കിലും ജയിച്ച് എം എൽ എ യോ മന്ത്രിയോ ആയിക്കൊള്ളട്ടേയെന്നും ജി സുധാകരൻ.

സുധാകരൻ മന്ത്രിയുടെ പ്രസംഗം ഇങ്ങനെ നീണ്ടെങ്കിലും ജനങ്ങളും ഇതരരാഷ്ട്രീയ കേന്ദ്രങ്ങളും ഇതത്ര മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം പാർട്ടിക്കുള്ളിലും ഭരണതലത്തിലും സുധാകരൻ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് അറിയുന്നത്. തന്നെ പരാജയപ്പെടുത്താൻ യു ഡി എഫ് കിണഞ്ഞു ശ്രമിച്ചുവെന്ന് സുധാകരൻ പറയുന്നതിൽ അതിശയോക്തിയില്ലെന്നാണ് ജനാഭിപ്രായം. മുന്നണി രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പുകളെ നേരിടുമ്പോൾ എതിർസ്ഥാനാർത്ഥി ഉണ്ടാവുക സ്വാഭാവികം. അപ്പോൾ യു ഡി എഫ് പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നു പറയുന്നതിൽ കഥയില്ല. മറിച്ച് തന്നെ പരാജയപ്പെടുത്താൻ വേറെ ചിലരും കൊണ്ടുപിടിച്ചു ശ്രമിച്ചുവെന്ന സുധാകരന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്.

ജില്ലയിൽ ഐസക്ക് - സുധാകരൻ പോര് മുറുകുന്നതിനിയിലാണ് തെരഞ്ഞെടുപ്പ് എത്തിയത്. ആലപ്പുഴയിൽ സജി ചെറിയാൻ പാർട്ടി സെക്രട്ടറിയായി നിയമിതനായശേഷം സുധാകരൻ - ഐസക്ക് പോര് ഏറെ പാരമ്യത്തിലെത്തുകയും ചെയ്തു. ഇടതുമുന്നണി അധികാരത്തിലെത്തി ഐസക്ക് ധനമന്ത്രിയായ ശേഷം സുധാകരന് തന്റെ വകുപ്പിൽതന്നെ കടുത്ത വെല്ലുവിളി നേരിടേണ്ടി വരികയാണ്. പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ പണം നൽകാതെയും പദ്ധതി വൈകിപ്പിച്ചും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ അനുവദിക്കാതെയും ഐസക്ക് തന്റെ രാഷ്ട്രീയ വൈരം തീർക്കുന്നതായി മന്ത്രി സുധാകരന്റെ പല പ്രസംഗങ്ങളിലും പരാമർശിച്ചിട്ടുണ്ട്.

സുധാകരൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ കൈയിട്ട് ഐസക്ക് തന്റെ രാഷ്ട്രീയവൈരം തീർക്കുമ്പോൾ നഷ്ടമാകുന്നത് വികസനവും ഖജനാവിലേക്ക് എത്തേണ്ട കോടികളും. അടുത്ത സമയത്ത് ആലപ്പുഴയിൽ നടന്ന ആധാരം എഴുത്തുകാരുടെ സംസ്ഥാന കൺവൻഷനിൽ ഉദ്ഘാടന പ്രസംഗത്തിനിടയിൽ സുധാകരൻ അടികൊള്ളാൻ രജിസ്ട്രേഷൻ വകുപ്പും ക്രെഡിറ്റ് എടുക്കാൻ ധനകാര്യ വകുപ്പും എന്ന് പരസ്യമായി പ്രഖ്യാപിച്ചത് പൊതുമരാമത്ത് - ധനകാര്യവകുപ്പുകൾ തമ്മിലുള്ള പോര് മറനീക്കി പുറത്തുവരികയായിരുന്നു.

ഇപ്പോൾ കഴിഞ്ഞ ദിവസം എ ജിയുടെതായി വന്ന ഒരു റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് കനത്ത തിരിച്ചടി നൽകുന്ന തരത്തിലായിരുന്നു. 606 കോടി രൂപ കെട്ടിക്കിടക്കുന്നതായാണ് എ ജിയുടെ റിപ്പോർട്ട്. തിടുക്കത്തിൽ എ ജി റിപ്പോർട്ട് പുറത്തുവിട്ടതിൽ ഐസക്കിന്റെ പങ്ക് വ്യക്തമാണ്. പണം കെട്ടികിടക്കുന്ന വകുപ്പിന് പിന്നെ എന്തിന് അധിക പണമെന്ന് വരുത്തിത്തീർക്കാനുള്ള ഐസക്കിന്റെ തന്ത്രം ഇതോടെ ഫലം കണ്ടു. ഇനി പൊതുമരാമത്ത് വകുപ്പിൽ എന്തെങ്കിലും നടക്കണമെങ്കിൽ മന്ത്രി സുധാകരനെ പൊതുജനം വഴിയിൽ തടഞ്ഞ് പ്രതിഷേധം അറിയിക്കണം. ഇത് മന്ത്രി സുധാകരനും പ്രതീക്ഷിക്കുന്നുണ്ട്. എന്നിട്ടെങ്കിലും ഐസക്ക് പഠിക്കട്ടെയെന്ന ചിന്തയും ഇല്ലാതില്ല.

കൂടാതെ സംസ്ഥാനത്ത് കയർ മേഖലയ്ക്ക് ഊർജം പകരുന്നതും കയറ്റുമതിക്ക് ഏറെ സഹായം ലഭിക്കുന്നതുമായ സുധാകരൻ വിഭാവനം ചെയ്ത അന്താരാഷ്ട്ര കയർ മേള ധനമന്ത്രി കെട്ടിപ്പൂട്ടി. മേള ഫലപ്രദമാണെന്ന് കണ്ട കഴിഞ്ഞ യുഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷവും മേള പൂർവ്വാധികം ഭംഗിയോടെ നടത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കയറ്റുമതിക്കാർ എത്തി കയർ വാങ്ങുന്ന പരിപാടിയായിരുന്നു ഇത് . കഴിഞ്ഞ വർഷം ഇതിൽനിന്നും കയർമേഖലയ്ക്ക് ലഭിച്ചത് നൂറ് കോടിയായിരുന്നു.

എന്നാൽ കയർമേളയ്ക്ക് എത്തുന്ന വിദേശികളെല്ലാം വ്യാജന്മാരാണെന്നാണ് ഐസക്ക് പറഞ്ഞത്. അതുകൊണ്ടുതന്നെ മേള നടത്തുന്നില്ലെന്ന് മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി പറയുകയും ചെയ്തു. ഇതോടെ സുധാകരൻ വിഭാവനം ചെയ്ത കയർ മേള കാലപുരിയിലെത്തി. ഇപ്പോൾ പ്രതിഭാ ഹരിയുടെ സൂരി നമ്പൂതിരി പ്രയോഗവും കായംകുളം എം എൽ എയ്ക്ക് സുധാകരനോടുള്ള കടുത്ത എതിർപ്പും മുതലാക്കി ഐസക്ക് പ്രതിഭയെ തന്റെ തട്ടകമായ ആലപ്പുഴയിൽ ഇടം നൽകി സുധാകരനെതിരെ കുതന്ത്രങ്ങൾ മെനയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP