Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്‌ട്രേലിയയും യുകെയും ഇനി ബൈലാറ്ററൽ മൊബിലിറ്റി സോൺ; ഓസ്‌ട്രേലിയക്കാർക്ക് ബ്രിട്ടണിൽ യഥേഷ്ടം ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും അവസരം

ഓസ്‌ട്രേലിയയും യുകെയും ഇനി ബൈലാറ്ററൽ മൊബിലിറ്റി സോൺ; ഓസ്‌ട്രേലിയക്കാർക്ക് ബ്രിട്ടണിൽ യഥേഷ്ടം ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും അവസരം

മെൽബൺ: ഓസ്‌ട്രേലിയയേയും യുകെയേയും ബൈലാറ്ററൽ മൊബിലിറ്റി സോണുകളായി പ്രഖ്യാപിക്കാൻ ധാരണയായി. നിലവിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള ട്രാൻസ്-ടസ്മാൻ ട്രാവൽ എഗ്രിമെന്റു പോലെയുള്ള സംവിധാനമാണ് ഇപ്പോൾ യുകെയും ഓസ്‌ട്രേലിയയും തമ്മിൽ ധാരണയായിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയക്കാർക്ക് യുകെയിൽ യഥേഷ്ടം യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരമൊരുങ്ങുകയാണ്.

ഓസ്‌ട്രേലിയയും യുകെയും തമ്മിലുള്ള ബൈലാറ്ററൽ ബന്ധത്തിന് ഏറെ പിന്തുണയാണ് ലണ്ടൻ മേയർ ബോറീസ് ജോൺസൺ നൽകുന്നത്. ഓസ്‌ട്രേലിയയ്ക്കു മാത്രമല്ല ന്യൂസിലാൻഡിനും ഇതുവഴി പ്രത്യേക അവസരമൊരുങ്ങുന്നുണ്ട്. കോമൺവെൽത്ത് എക്‌സ്‌ചേഞ്ച് റിപ്പോർട്ട് പ്രകാരമാണ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും യുകെയും ബൈലാറ്ററൽ മൊബിലിറ്റി സോണുകളായി തീർന്നിരിക്കുന്നത്.
ന്യൂസിലാൻഡിനും ഓസ്‌ട്രേലിയയ്ക്കും നിലനിൽക്കുന്ന ട്രാൻസ്-ടസ്മാൻ ട്രാവൽ എഗ്രിമെന്റിന്റെ രൂപത്തിൽ തന്നെയാണ് യുകെ ഉൾപ്പെടുന്ന ഈ മൂന്നു രാജ്യങ്ങളും തമ്മിൽ ബൈലാറ്ററൽ മൊബിലിറ്റി സോൺ എന്ന സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും ഉള്ളവർക്ക് ഇരുരാജ്യങ്ങളിലും യഥേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ടിടിടിഎ നൽകുന്നുണ്ട്. അതേസമയം ടിടിടിഎ പ്രകാരം ഓസ്‌ട്രേലിയയിൽ എത്തുന്ന ന്യൂസിലാൻഡുകാർ ഓസ്‌ട്രേലിയൻ സോഷ്യൽ വെൽഫെയർ ബെനിഫിറ്റുകൾക്കൊന്നും അർഹരല്ല എന്നും പ്രത്യേകം പറയുന്നുണ്ട്. ഓസ്‌ട്രേലിയയിൽ ന്യൂസിലാൻഡ് സ്വദേശി എത്തുമ്പോൾ അവർക്ക് അറൈവൽ ഡേറ്റ് മാത്രം നൽകുന്നതേയുള്ളൂ. എപ്പോൾ രാജ്യം വിടണമെന്ന് നിഷ്‌ക്കർഷിക്കാറില്ല. എത്രകാലം വേണമെങ്കിലും അവർക്ക് ഇവിടെ ജോലി ചെയ്യാനും താമസിക്കാനും നിയമം സ്വാതന്ത്ര്യം നൽകുന്നുണ്ട്.

പുതിയ നിയമം വരുന്നതോടെ ഓസ്‌ട്രേലിയയിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. മുമ്പ് ഓസ്‌ട്രേലിയയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചുകൊണ്ടിരുന്നത്. 1999-ൽ യുകെയിലേക്ക് 40,000 ഓസ്‌ട്രേലിയക്കാർ കുടിയേറിയെങ്കിൽ 2011-ൽ ഇത് 26,000 ആയി ചുരുങ്ങുകയായിരുന്നു.
2013-ൽ ബോറീസ് ജോൺസൺ നടത്തിയ ഓസ്‌ട്രേലിയൻ സന്ദർശനമാണ് ഇരുരാജ്യങ്ങളേയും ബൈലാറ്ററൽ മൊബിലിറ്റി സോണുകളായി പ്രഖ്യാപിക്കാൻ നിമിത്തമായതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഇരു രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി ബന്ധം നിലനിൽക്കുന്നത് എപ്പോഴും നല്ലതാണെന്നും ഓസ്‌ട്രേലിയൻ സമ്പദ്ഘടനയുടെ ശക്തി തന്നെ അമ്പരപ്പിച്ചുവെന്നും ബോറീസ് ജോൺസൺ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും താമസിക്കാനും ഇഷ്ടപ്പെടുന്ന ബ്രിട്ടീഷുകാർക്കും ഇതേ നിയമം തന്നെയാണ് ബാധകമാകുന്നതെന്ന് ബോറീസ് ജോൺസൺ ചൂണ്ടിക്കാട്ടി. നിലവിൽ യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം മൊബിലിറ്റി സോണുകളായി മാറിയിരിക്കുകയാണ്. ഇമിഗ്രേഷൻ നിയമത്തിന്റെ കാര്യത്തിൽ ഓസ്‌ട്രേലിയ പിന്തുടരുന്ന കർക്കശ നിലപാടുകൾക്ക് അയവു വരുത്തുന്നതായിരിക്കും പുതിയവിസാ നിയമം എന്നാണ് പൊതുവേ കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP