Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ

24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം. പ്ലാസ്റ്റിക് ഉരുക്കുന്നതിന്റെ ദുർഗന്ധവും വായുവിൽ രാസമാലിന്യങ്ങൾ കലർന്നുണ്ടാകുന്ന രോഗങ്ങളും വേറെ. ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് കമ്പനി ഒരു പഞ്ചായത്തിനാകെ ശല്യമായി മാറിയ കഥയാണ് എറണാകുളം പഞ്ചായത്തിലെ പാമ്പാക്കുട പഞ്ചായത്തുകാർക്ക് പറയാനുള്ളത്.

ഇതോടെ ഓണക്കൂർ വില്ലേജിൽ അഞ്ചൽപ്പെട്ടി ഭാഗത്ത് പ്രവർത്തിക്കുന്ന ബ്രാംസ്‌കോ ഗാർമെന്റ്‌സ് എന്ന സ്ഥാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. കമ്പനി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഓണക്കൂർ പരിസ്ഥിതി സംരക്ഷണ സമിതിയെന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി നാട്ടുകാർ സമരം തുടങ്ങിയതോടെ കമ്പനിക്ക് ഇത്രയും കാലം കുടപിടിച്ചുനിന്ന അധികൃതരും വിരണ്ടിരിക്കുകയാണ്.

തുണിഫാക്ടറി സ്ഥാപിക്കുന്നു എന്ന പേരിൽ 2008ൽ തുടങ്ങിയ സ്ഥാപനം നിരവധി പേർക്ക് ജോലിസാധ്യതയൊരുക്കുമെന്ന പ്രതീക്ഷയിൽ ആദ്യമൊന്നും നാട്ടുകാർ എതിർത്തിരുന്നില്ല. എ്ന്നാൽ തുടങ്ങിക്കഴിഞ്ഞാണ് ഇതൊരു പ്ലാസ്റ്റിക് കമ്പനിയാണെന്നും ചുറ്റുവട്ടത്തുള്ളവർക്കെല്ലാം ജീവിക്കാൻപോലും പ്രയാസമാകുംവിധത്തിലാണ് ദുർഗന്ധവും ശബ്ദവും ഉണ്ടാകുന്നതെന്നും നാട്ടുകാർ മനസ്സിലാക്കുന്നത്. ഇതോടെയാണ് അവർ സമരത്തിന് ഇറങ്ങുന്നതും.

ഇതോടെ കമ്പനിക്കെതിരെ അന്വേഷണം നടത്തിയപ്പോൾ വ്യാജരേഖകൾ ചമച്ചാണ് പ്രവർത്തനമെന്ന് മനസ്സിലായെന്ന് സമിതി വ്യക്തമാക്കുന്നു. ഇതോടെയാണ് ശക്തമായ പ്രക്ഷോഭം കമ്പനിക്കെതിരെ തുടങ്ങിയത്. ഒരു കമ്പനി തുടങ്ങുമ്പോൾ അനുമതി നേടിയെടുക്കേണ്ട ഇടങ്ങളിൽ നിന്നെല്ലാം അനധികൃതമായാണ് പല അനുമതികളും നേടിയതെന്നും പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഇതിന് കുടപിടിക്കുകയായിരുന്നുവെന്നും ആണ് അവരുടെ ആരോപണം.

ഇത്രയും വർഷം തങ്ങളെ വെട്ടിച്ച് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ വർഷാവർഷം കമ്പനിക്ക് പ്രവർത്തനാനുമതി പുതുക്കി നൽകുകയായിരുന്നു എന്നും ഇനി അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി ശക്തമായി നീങ്ങുകയാണ് പരിസ്ഥിതി സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വഴിവിട്ട് കമ്പനിക്ക് അനുമതി നൽകിയതിനെതിരെ വിജിലൻസിനും പരാതി നൽകിക്കഴിഞ്ഞു. വിജിലൻസ് എസ്‌പി തോസംൺ ജോസ് ഐപിഎസിന് നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു റിട്ടയേഡ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് സ്ഥാപനം ആരംഭിച്ചതെന്നും പരാതി നൽകുന്നവരെയെല്ലാം ഭീഷണിപ്പെടുത്തിയും കേസ് നൽകിയും ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിക്കുന്നു. ഇതിനെല്ലാം പഞ്ചായത്ത് സെക്രട്ടറിയും കൂട്ടു നിൽക്കുകയായിരുന്നു ഇത്രയും കാലമെന്നും അവർ പറയുന്നു.

ഇത്തരം കാര്യങ്ങളിലുൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാർക്കും കമ്പനിക്ക് പ്രവർത്തന അനുമതി നൽകുന്ന പരിസ്ഥിതി, ഫയർ ഉൾപ്പെടെയുള്ള വകുപ്പുകൾക്കും പരാതികൾ നൽകിയിട്ടുണ്ട്. നാട്ടുകാർ ശക്തമായി സമരത്തിന് ഇറങ്ങിയതോടെ ഈ മാർച്ചിൽ കമ്പനിക്ക് അനുമതി പുതുക്കി നൽകില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ തൽക്കാലം സമരം നിർത്തിവച്ചിരിക്കുകയാണ്.

ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ അവശ്യമായി ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ഫയർ ആൻഡ് സേഫ്റ്റി അനുമതിയും കമ്പനി നേടിയിട്ടില്ലെന്നാണ് പരിസ്ഥതി സമിതിയുടെ ആരോപണം. കോട്ടയം ജില്ലാ ഡിവിഷൻ ഓഫീസിൽ നിന്ന് വ്യാജമായി നിർമ്മിച്ച ഫയർ എൻഒസി നൽകിയാണ് ഇവർ പഞ്ചായത്തിന്റെ അനുമതി നേടിയെടുത്തതെന്നാണ് സമിതി ആരോപിക്കുന്നത്. ഇതിനായി വിവരാവകാശ രേഖകളും അവർ ഹാജരാക്കുന്നുണ്ട്.

അത്തരമൊരു എൻഒസി നൽകിയില്ലെന്ന് കോട്ടയത്തെയും പിറവത്തെയും ഫയർഫോഴ്‌സ് അധികൃതർ മറുപടി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഡി-627-08 നമ്പരായി കോട്ടയം ഫയർ ആൻഡ് റസ്‌ക്യൂ അസി. ഡിവിഷണൽ ഓഫീസറുടേതായി കമ്പനി പഞ്ചായത്തിൽ ഹാജരാക്കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരിസ്ഥിതി സമിതിയുടെ വാദം. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ഇവർ വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കമ്പനിക്ക് വഴിവിട്ട് ഒത്താശചെയ്ത ഉദ്യോഗസ്ഥരെല്ലാം നെട്ടോട്ടമോടിത്തുടങ്ങി.

മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും അനുവാദം നേടിയെടുത്ത കമ്പനി അവർ അനുവദിച്ചതിലും ആറിരട്ടി മെഷീനുകളും കൂറ്റൻ ജനറേറ്ററുകളും 24 മണിക്കൂറും നിരന്തരം പ്രവർത്തിപ്പിക്കുകയാണ്. അസഹനീയമായ ശബ്ദവും മാരക രോഗസാധ്യതയുള്ള ഫില്ലർ എന്നറിയപ്പെടുന്ന ജീവന് ആപത്തുണ്ടാക്കുന്ന അനുവദിക്കപ്പെടാത്ത അസംസ്‌കൃത വസ്തുക്കളുമാണ് കമ്പനി ഉപയോഗിക്കുന്നതെന്നും ദിവസവും 20 മെട്രിക് ടൺ പ്ലാസ്റ്റിക് ഉരുക്കുന്നുണ്ടെന്നും സമിതി പരാതിപ്പെടുന്നു. ഇതോടെ കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ ഈ പരിസരങ്ങളിൽ ശ്വാസകോശ രോഗികളായിക്കഴിഞ്ഞു. സമീപത്തെ വീടുകൾ വളരെ അകലെയാണെന്ന് കാണിച്ചാണ് അനുമതി നേടിയെടുത്തതെന്നും നാട്ടുകാർ പറയുന്നു.

എല്ലാ വകുപ്പിൽ നിന്നും അനുമതി കിട്ടിയെന്ന് കാണിച്ച് ഈ ഫാക്ടറിയോട് ചേർന്ന് മറ്റൊരു ഫാക്ടറികൂടി തുറക്കാനാണ് കമ്പനിയുടെ ശ്രമം സമിതിയുടെ ഇടപെടലോടെ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇതിന് അനുവാദം കിട്ടിയെന്ന മട്ടിൽ പ്രചരണം നടന്നെങ്കിലും വിവരാവകാശപ്രകാരം പല ഓഫീസുകളിൽ നിന്നും അനുമതി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ സമിതി പ്രവർത്തകർ ലഭ്യമാക്കുകയും ചെയ്തു. നല്ലൊരു കാർഷിക ഗ്രാമമായ ഓണക്കൂർ ദേശത്തെ ശുദ്ധവായുവും ജീവിതവും ഇല്ലാതാക്കുന്ന കമ്പനി അടച്ചുപൂട്ടുംവരെ ശക്തമായി സമരം തുടരുമെന്നും ഇനി പഞ്ചായത്ത് കമ്പനിക്ക് അനുമതി പുതുക്കി നൽകിയാൽ വൻ പ്രക്ഷോഭം തന്നെ തുടങ്ങുമെന്നും പ്രഖ്യാപിക്കുകയാണ് നാട്ടുകാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP