Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി വിധി പ്രസ്താവിച്ചു കഴിഞ്ഞു; ഇനിയെന്തിനു പൊലീസിന്റെ കസ്റ്റഡിയിൽ വാങ്ങലും തെളിവെടുപ്പും? ഇതാരുടെ താല്പര്യം സംരക്ഷിക്കാൻ?

മുഖ്യമന്ത്രി വിധി പ്രസ്താവിച്ചു കഴിഞ്ഞു; ഇനിയെന്തിനു പൊലീസിന്റെ കസ്റ്റഡിയിൽ വാങ്ങലും തെളിവെടുപ്പും? ഇതാരുടെ താല്പര്യം സംരക്ഷിക്കാൻ?

പ്രശസ്ത സിനിമാ നടിയെ തട്ടിക്കൊണ്ടുപോകുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ പ്രസ്താവന എല്ലാവരും ചാനലുകളിൽ കേട്ടതാണല്ലോ. കീഴടങ്ഹിയ മുഖ്യപ്രതി പൾസർ സുനി പൊലീസിനോട് പറഞ്ഞ അതേ മൊഴിതന്നെയാണ് മുഖ്യമന്ത്രി ശരിവച്ചിരിക്കുന്നത്.

കോടതിയിൽ വച്ച് പിടിക്കപ്പെടുമ്പോൾ പോലും പ്രതി വിളിച്ചു പറഞ്ഞത് 'അവരെന്നേക്കൊണ്ടതു ചെയ്യിച്ചതാണ്' എന്നായിരുന്നു. ഇരയായ നടിയോടു സുനി നേരത്തെ പറഞ്ഞതും ഇതു തന്നെയാണ്. ഇതൊരു ക്വട്ടേഷനാണെന്ന്. ഇര മാദ്ധ്യമങ്ങളോടു പറഞ്ഞതും ഇങ്ഹനെ തന്നെയാണ്. പക്ഷേ, പിണറായി വിജയൻ ഇരയുടെ മൊഴിയല്ല, പ്രതിയുടെ മൊഴിയിലാണ് തകർക്കാൻ പറ്റാത്ത വിശ്വാസം.

പിടിച്ചുകൊണ്ടു പോയി ചോദിച്ചപ്പോൾ, ഇതു ക്വട്ടേഷനല്ല, ഗൂഢാലോചനയില്ല, സ്വയം തോന്നി ചെയ്തതാണ് എന്നു പ്രതി പറഞ്ഞു എന്നാണ് പൊലീസ് ഭാഷ്യം. അതാരും കേട്ടിട്ടെയില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും പൊലീസ് നടപടി സ്വീകരിച്ചുവരുന്നതേയുള്ളു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ സാഹസം. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന ഈ ഇടപെടീൽ ആരെയാണ് ഞെട്ടിക്കാത്തത്. ഇനിയിപ്പോൾ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യേണ്ട ആവശ്യമെന്ത്? പ്രയോജനമെന്ത്?

ഗൂഢാലോചനയുടെയും മറ്റും തെളവുകളുടെ അടിസ്ഥാനത്തിൽ, പ്രതി അതു സമ്മതിച്ചാൽ തന്നെ ഇനി അത് സ്വീകരിക്കാൻ പൊലീസിനാകുമോ? കാരണം, അതു മുഖ്യമന്ത്രിയുടെ വാക്കുകളെ ലംഘിക്കുന്നതായിരിക്കും. അതിനുള്ള ധൈര്യം മുഖ്യമനത്രിയുടെ കീഴിലുള്ള പൊലീസിനുണ്ടാകുമോ?

പൊലീസ്, സുനിയെ കസ്റ്റഡിയിലെടുത്തപ്പോൾ മുഖ്യമന്ത്രി, പൊലീസിനെ കസ്റ്റഡിയിലെടുത്തതിന് തുല്യമായ ഒരു പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. എന്നുവച്ചാൽ, ഫലത്തിൽ ഈ കേസിന്റെ അന്തിമ വിധി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവമാണിത്. 

മുഖ്യമന്ത്രിക്കെതിരെ നിയനടപടിയുണ്ടാകുമോ?

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അധാർമ്മികയുണ്ടെന്നു തീർച്ച. അതിനപ്പുറം കോടതിയെയും നിയമ നടപടികളെയും ലംഘിക്കുന്നതാണോ ഈ പ്രസ്താവയിൽ അടങ്ങിയിട്ടുള്ള കാര്യങ്ങൾ എന്നു നിയമം അറിയാവുന്നവർ പരിശോധിക്കുകയും ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ അവർ മുന്നോട്ട് വരികയും ചെയ്യേണ്ടതാണ്. പക്ഷേ, അതിനു തന്റേടുമുള്ളവർ കേരളത്തിലുണ്ടോ എന്നു സംശയമാണ്.

നിയമനടപടിക്ക് ആരെങ്കിലും തയ്യാറായാൽ തന്നെ ജനങ്ങൾക്ക് അതിനോട് താല്പര്യമുണ്ടാകുമോ എന്നും അറിയില്ല. കാരണം, കേരള സമൂഹം അത്രയ്ക്കും 'പ്രബുദ്ധ'മാണല്ലോ? ഒരുപാട് പ്രബുദ്ധതകൾ നാം കണ്ടുകഴിഞ്ഞതാണ്.

കോടതിയുടെ മേൽനോട്ടത്തിൽ കേസന്വേഷം നടത്തുന്നതിനെക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പരസ്യമായി ഇടപെട്ടു കേസന്വേഷണം നടത്തുന്ന ഒരു സംഭവം, ലോകത്തൊരിടത്തും വേറെ ഉണ്ടായിക്കാണില്ല.

മുഖ്യമന്ത്രിയുടെ പ്രസ്താവന ആർക്കൊക്കെയുള്ള സന്ദേശമാണ്? വ്യക്തമല്ലേ, ഒന്നാമത്, പൊലീസിന്. പ്രതി ഇപ്പോൾ പറഞ്ഞതാണ് ശരി, കൂടുതൽ ചോദ്യം ചെയ്യുകയോ, മറ്റു കെളിവുകൾ പൊലീസ് ശേഖരിക്കുകയെ വേണ്ട. ഇതാണ് പ്രസംഗ രൂപേണ പൊലീസിനുള്ള കല്പന.

രണ്ടാമത്, പ്രതിക്കുള്ള സന്ദേശം കൂടിയാണിത്. ഇപ്പോൾ പറഞ്ഞതിൽ ഉറച്ചുനിന്നേച്ചാൽ മതി, പൊലീസിന്റെ ഭാഗത്തുനിന്ന് കൂടിയ തെളവെടുപ്പൊന്നും ഉണ്ടാകില്ല, അതിനു വേണ്ടതു ഞാൻ ചെയ്തിട്ടുണ്ട്.

ഇരയായ നടിക്കും ഒരു സന്ദേശമുണ്ടതിൽ. ക്വട്ടേഷനുണ്ടെന്നു പ്രതി പറഞ്ഞതൊക്കെ അയാളുടെ വെറും ഭാവനയാണ്. അതിനപ്പുറത്തേയ്ക്ക് ഒരന്വേഷണവും പോകാൻ പോകുന്നില്ല. നഷ്ടപരിഹാരമോ ഒത്തുതീർപ്പോ ഒക്കെ വഴിയെ വന്നുകൊള്ളും. പ്രശ്‌ന കൂടുതൽ വഷളാക്കാതിരുന്നാൽ സഹോദരിക്കു നല്ലത് എന്നുതന്നെയാണ് സന്ദേശത്തിന്റെ ആധികാരികമായ അർത്ഥം.

പാർട്ടിയിലെ സഖാക്കൾക്കൊക്കെയും കൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദേശം അഥവാ കല്പന. ഞാൻ പറഞ്ഞതാണ് ഈ കേസിലെ സത്യം. ഇനി മുതൽ അതു വിശ്വസിച്ചേച്ചാൽ മതി. ഇതിനപ്പുറം സമൂഹത്തിൽ വേറെ ആരേയും വിശ്വസിപ്പിക്കേണ്ട കാര്യമില്ല. എന്നു തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്.

സ്വഭാവ സർട്ടിഫിക്കറ്റ്

ർക്കുന്തോറും അത്ഭുതം തോന്നുന്നു! എല്ലാ പഴുതുകളും അടച്ചുള്ള ഒരു കേസുതീർക്കലാണ് മുഖ്യമന്ത്രി നടത്തിയത്. നടൻ ദിലീപിനെപ്പോലുള്ള 'പീഡനം അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യന്മാര്ക്ക്' പിന്നെ പിണറായി മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം എന്തും ചെയ്യാം. പേടിക്കേണ്ടാ. അവരെല്ലാം സംശയത്തിനതീതരായ മാന്യന്മാരാണ്. പ്രതി പൾസർ സുനിയും സംശയത്തിന് അതീതനാണ് എന്നും വരുന്നു - അയാൾ പറയുന്നത് സത്യമത്രെ. ദിലീപിനെതിരെ ഒരു പൊലീസന്വേഷണവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നു മുഖ്യമന്ത്രി പറയുമ്പോൾ, ഭാവിയിൽ ദിലീപ് കുടുങ്ങിയെന്നു തന്നെ നമുക്ക് മനസിലാക്കാം. ദിലീപിനെതിരെ പല കേന്ദ്രങ്ങളിൽ നിന്നും ആരോപണം ഉണ്ടാകുകയും അതിനുള്ള യുക്തിസഹമായ കാരണങ്ങൾ വിവാഹമോചനക്കാര്യത്തിലും മറ്റും ഈ നടി മഞ്ജു വാര്യർക്കൊപ്പം നിന്നു. തുടർന്ന് ഇപ്പോൾ ഇരയായ നടിക്ക് മലയാള സിനിമയിൽ അപ്രഖ്യാപിത വിലക്കും ഉണ്ടായിരുന്നു - നിരത്തപ്പെടുകയും ചെയ്തിട്ടുള്ളതാണ്.

ഈ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കുകയും കഴമ്പില്ലെന്നു കണ്ടെത്തുകയുമായിരുന്നു ദിലീപിനു ഭാവിയിൽ നല്ലത്. അതുണ്ടാകാത്തതു കൊണ്ടു തന്നെ ദിലീപും സിപിഎമ്മും ഉള്ളിടത്തോളം കാലം ദിലീപ് പാർട്ടിക്കു കപ്പം കൊടുത്തു കൊണ്ടിരിക്കണം. ഇങ്ങനെയാണ് കലാകാരന്മാരെ പിടിക്കുന്നത്. എഴുത്തുകാരെല്ലാം കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടിൽ തന്നെ സിപിഎമ്മിൽ ചേർക്കപ്പെട്ടല്ലോ.

ചോദ്യം ചെയ്യലും തെളിവെടുപ്പും തുടങ്ങുക പോലും ചെയ്യും മുൻപേ മുഖ്യ പ്രതി ചില വകുപ്പുകളിൽപെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ല (ഗൂഢാലോചന മുതലായവ) മറ്റു ചിലതു മാത്രമേ ചെയ്തിട്ടുള്ളൂ എന്ന കുറ്റവിമുകതനാക്കൽ പ്രസംഗമാണ് മുഖ്യമന്ത്രി ചെയ്തത്. ആരോപിതരായ മറ്റു ചിലരെക്കുറിച്ചാകട്ടെ അന്വേഷണം പോലും വേണ്ടാ. സംശയത്തിനതീതരായ മാന്യന്മാരാണ് അവർ എന്നു വിളമ്പരവം കൂടി ആ പ്രസംഗത്തിലുണ്ട്.

തീർത്തും അധാർമ്മികമായ മുഖ്യ മന്ത്രിയുടെ ഈ ചെയ്തിക്കെതിരെ നീതിബോധമുള്ള മാദ്ധ്യമങ്ങളും വ്യക്തികളും രംഗത്തു വരിക തന്നെ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP