Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പട്ടാളക്കാരന്റെ അവകാശങ്ങൾ ചോദിച്ച് വിവരാവകാശം നൽകിയ മലയാളി സൈനികന് ബിഎസ്എഫ് ഹെഡ്ക്വാർട്ടേഴ്‌സിൽ പീഡനം; വീട്ടിലേക്ക് വിളിച്ച ഫോൺ തട്ടിപ്പറിച്ച് ആക്രോശം; വെള്ളവും ഭക്ഷണവുംപോലും കൊടുക്കാതെ ആലപ്പുഴ സ്വദേശി ഷിബിൻ അന്യായ തടങ്കലിലെന്ന് വ്യക്തമാക്കി ഭാര്യയും മാതാപിതാക്കളും

പട്ടാളക്കാരന്റെ അവകാശങ്ങൾ ചോദിച്ച് വിവരാവകാശം നൽകിയ മലയാളി സൈനികന് ബിഎസ്എഫ് ഹെഡ്ക്വാർട്ടേഴ്‌സിൽ പീഡനം; വീട്ടിലേക്ക് വിളിച്ച ഫോൺ തട്ടിപ്പറിച്ച് ആക്രോശം; വെള്ളവും ഭക്ഷണവുംപോലും കൊടുക്കാതെ ആലപ്പുഴ സ്വദേശി ഷിബിൻ അന്യായ തടങ്കലിലെന്ന് വ്യക്തമാക്കി ഭാര്യയും മാതാപിതാക്കളും

ആലപ്പുഴ : മേലധികാരികൾക്കെതിരെ പരാതി നൽകിയ അതിർത്തി രക്ഷാ സേനയിൽ ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശിയെ സേനാക്യാമ്പിൽ ബന്ദിയാക്കി വച്ച് പീഡിപ്പിക്കുന്നതായി ആരോപിച്ച് ഭാര്യയും മാതാപിതാക്കളും. സേനാക്യാമ്പുകളിൽ മേലധികാരികൾ പീഡിപ്പിക്കുന്ന നിരവധി വാർത്തകൾ അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് മലയാളിയായ സൈനികനും സേനാതാവളത്തിൽ കൊടിയ പീഡനം നേരിടുന്നതായി വെളിപ്പെടുത്തി ബന്ധുക്കൾ തന്നെ രംഗത്തെത്തിയിട്ടുള്ളത്.

പതിമൂന്നു വർഷം മുമ്പാണ് ആലപ്പുഴ നോർത്ത് ആര്യാട് സ്വദേശി ഷിബിൻ തോമസ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ പട്ടാളക്കാരനായി ചേർന്നത്. വെസ്റ്റ് ബംഗാളിൽ സേവനം ചെയ്യുന്നതിനിടിയിലാണ് ദുരനുഭവങ്ങൾ ആദ്യം ഷിബിനെ തേടിയെത്തിയത്. ക്യാമ്പിൽ അനുഭവിക്കേണ്ടിവന്ന ദുരിതം സഹിക്കാനാവാതെ ഷിബിൻ പട്ടാളക്കാരന്റെ അവകാശങ്ങൾ എന്തൊക്കെ എന്നറിയാൻ മേധാവിക്ക് അക്കാര്യം വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചു.

2015 ഡിസംബറിലായിരുന്നു സംഭവത്തിന് തുടക്കം. പട്ടാളക്കാരന്റെ അവകാശം എന്തെന്നറിയാൻ വിവരാവകാശ പ്രകാരം എഴുതി ചോദിച്ചതിന്റെ പേരിൽ തുടർന്ന പീഡനങ്ങളിൽ ഇപ്പോൾ പട്ടാളവിചാരണയിലേക്ക് എത്തിയെന്നും കുറ്റങ്ങൾ സമ്മതിപ്പിച്ച് അതിൽ ബലമായി ഒപ്പുവയ്‌പ്പിക്കാൻ ശ്രമിച്ചപ്പോൾ സമ്മതിക്കാതിരുന്ന ഷിബിനെ ഫോൺചെയ്യാൻ പോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

നേരത്തേയും കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ ആഴ്ചകളോളം കഴിഞ്ഞ ഷിബിൻ ഒടുവിലാണ് വിവരാവകാശവുമായി അധികാരികളുടെ മുന്നിൽ എത്തിയത്. ഇതോടെയാണ് ഷിബിന്റെ ജീവിതവും ദുരന്തത്തിലേക്ക് നീങ്ങിയത്. വിവരാവകാശം ചോദിച്ച ഷിബിന് വ്യക്തമായ മറുപടി അധികൃതർ നൽകിയില്ലെന്നുമാത്രമല്ല. ഇത് ചോദിച്ചതിന് ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് സേനയിൽനിന്ന് പുറത്താക്കുകയും ചെയ്തു.

എന്നാൽ ഷിബിന്റെ മാതാവ് പ്രധാനമന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകി. ഇതോടൊപ്പം ഷിബിൻ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സേനയിൽ തിരിച്ചെടുക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.. ഉത്തരവ് ലഭിച്ച് ക്യാമ്പിലേക്ക് മടങ്ങിച്ചെന്ന ഷിബിനെ 41-ാം ബറ്റാലിയനിൽ നിന്നും പെട്ടെന്ന് 28ലേക്ക് മാറ്റി. പിന്നീട് ബംഗ്ലാദേശ് അതിർത്തിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ഇതിനിടെ മേലധികാരികൾക്കെതിരെ പരാതി നൽകുകയും വിവരാവകാശം ചോദിക്കുകയും ചെയ്ത ഷിബിന്റെ നടപടിയിൽ സേന വിചാരണ നടത്തുന്നുണ്ടായിരുന്നു. ബംഗ്ലാദേശ് അതിർത്തിയിലേക്ക് അയച്ച ഷിബിനെ വിചാരണയുടെ ഭാഗമായി പെട്ടെന്ന് തിരിച്ചുവിളിച്ച് ഹെഡ് ക്വാർട്ടേഴ്സിൽ താമസിപ്പിച്ചു. ഈ സമയം വിചാരണ അവസാനഘട്ടത്തിലായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എല്ലാം തന്നെ ഷിബിനെതിരും സേനാമേധാവിക്ക് അനുകൂലവുമായിരുന്നു.

ഏറ്റവും ഒടുവിൽ ഡപ്യൂട്ടി കമാന്റന്റും സുരക്ഷാ ഉദ്യോഗസ്ഥനും മാത്രമുള്ള അടച്ചിട്ട മുറിക്കുള്ളിൽ ഷിബിനെ വിളിച്ചു വരുത്തി മുൻവിധിയോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരെ ഒരുക്കിയിട്ടുള്ള റിപ്പോർട്ടിൽ കനത്ത ചതി മനസിലാക്കിയ ഷിബിൻ ഇതിന് തയ്യാറായില്ല. ഇതോടെ ഷിബിനെ കൊന്നു കളയുമെന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് വെടിവച്ച് കൊല്ലുമെന്നുവരെ അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി കമാൻഡന്റ് പറഞ്ഞതായി ഷിബിന്റെ ഭാര്യ സോഫിയ പറയുന്നു.

ഏറ്റവും ഒടുവിൽ രണ്ടുദിവസങ്ങൾക്ക് മുമ്പ് ഷിബിൻ വിളിച്ചപ്പോൾ ഒരുമിനിട്ടിനുള്ളിൽ സംസാരം വിച്ഛേദിക്കപ്പെട്ടു. മൊബൈൽ ഫോൺ ആരോ പിടിച്ചു വാങ്ങുന്നതു പോലെയും ഹിന്ദിയിൽ ആക്രോശിക്കുന്നതായും തോന്നിയതായി ഭാര്യ സോഫിയ പറഞ്ഞു. ദിവസങ്ങളോളം കുടിക്കാൻ വെള്ളമില്ലാതെയും കിടന്നുറങ്ങാൻ കഴിയാതെയും കടുത്ത ദുരിതത്തിലായിരുന്നു എന്നാണ് ഫോൺ വിളിച്ചയുടൻ ഷിബിൻ പറഞ്ഞത്.

ഇത് സഹിക്കാനാവതെയാണ് പരാതിയുമായി ചെന്നത്. മലയാളികൾ ആരും തന്നെയില്ലാത്ത ക്യാമ്പിൽ ഷിബിൻ സേനയ്ക്കുള്ളിലെ ഏകാംഗ പോരാളിയാകേണ്ടിവന്നതാണ് ദുരന്തത്തിന് കാരണമായത്. പട്ടിണകൊണ്ട് ഒട്ടി ഉണങ്ങിയ വയറും കുടിക്കാൻ ഒരിറ്റ് ജലവും നൽകാതെ പണിയെടുക്കുന്ന പട്ടാളക്കാരന്റെ ചിത്രം സോഷ്യൽ മീഡിയ പുറത്തുവിട്ടതോടെ അടങ്ങിയ അധികാരികൾ വീണ്ടും പീഡനം തുടങ്ങിതിന്റെ തെളിവാണ് ഇപ്പോൾ ഷിബിൻ അനുഭവിക്കുന്ന യാതനയെന്ന് വീട്ടുകാർ പറയുന്നു.

ഉറ്റവരെയും ഉടയവരെയും വിട്ട് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്ന പട്ടാളക്കാരനെ മേലധികാരികൾ തന്നെ ദുരന്തത്തിലേക്ക് വലിച്ചെറിയുന്ന നടപടികളാണ് ഉണ്ടാവുന്നതെന്ന് ഷിബിന്റെ ഭാര്യയും മാതാപിതാക്കളും പറയുന്നു. ഇക്കാര്യം ഇതിനെ അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നാടിന്റെ മാനം കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യ സോഫിയ ചങ്കൂറ്റത്തോടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ക്രൂരതയ്ക്കെതിരെ പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവരെ സമീപിക്കുമെന്ന് സോഫിയയും പിതാവ് തോമസും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP