Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയിൽ വീശിയത് മോദി- ഫഡ്‌നാവിസ്‌ തരംഗം; നോട്ട് പിൻവലിക്കലിന് കിട്ടിയ കയ്യടി; മുംബൈ ഭരണം തിരുവനന്തപുരം കോർപ്പറേഷൻ പോലെയാകുമ്പോൾ സംസ്ഥാനം മുഴുവൻ കൈവെള്ളയിൽ ആക്കിയതിൽ ബിജെപിക്ക് അഭിമാനിക്കാം; ശിവസേനക്ക് ഇനി നിലനിൽപ്പിനായുള്ള പോരട്ടത്തിന്റെ ദിനങ്ങൾ; തല ഉയർത്താനാവാതെ കോൺഗ്രസും എൻസിപിയും

മഹാരാഷ്ട്രയിൽ വീശിയത് മോദി- ഫഡ്‌നാവിസ്‌ തരംഗം; നോട്ട് പിൻവലിക്കലിന് കിട്ടിയ കയ്യടി; മുംബൈ ഭരണം തിരുവനന്തപുരം കോർപ്പറേഷൻ പോലെയാകുമ്പോൾ സംസ്ഥാനം മുഴുവൻ കൈവെള്ളയിൽ ആക്കിയതിൽ ബിജെപിക്ക് അഭിമാനിക്കാം; ശിവസേനക്ക് ഇനി നിലനിൽപ്പിനായുള്ള പോരട്ടത്തിന്റെ ദിനങ്ങൾ; തല ഉയർത്താനാവാതെ കോൺഗ്രസും എൻസിപിയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് കാത്തിരിക്കുന്ന ബിജിപിക്ക് ആശ്വാസം നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിൽ നിന്നും ഇന്നലെ ഉണ്ടായത്. മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്കൊറ്റക്ക് മത്സരിച്ച ബിജെപിയും ശിവസേനയും വൻ നേട്ടം കൊയ്തപ്പോൾ തല ഉയർത്താനാവാത്ത വിധത്തിൽ നാണക്കേടിലാണ് കോൺഗ്രസും എൻസിപിയും. നോട്ട് നിരോധനം മുഖ്യപ്രചരണ വിഷയമായ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വീശിയത് മോദി - ഫഡ്വാവിസ് തരംഗം തന്നെയായിരുന്നു. അച്ചടക്കത്തോടെയുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പത്തിൽ എട്ടു കോർപറേഷനുകളും ബിജെപി സ്വന്തമാക്കിയിപ്പോൾ മറ്റെല്ലാവരും അപ്രസ്‌കതരായി. സഖ്യം ഉപേക്ഷിച്ചു വെവ്വേറെ മൽസരിച്ചിട്ടും ശിവസേനയുടെ ഉരുക്കു കോട്ടയായ മുംബൈയിൽ ഇഞ്ചോടിഞ്ചു പൊരുതി രണ്ടു സീറ്റിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തിയതും പാർട്ടിക്കു നേട്ടമായി. ജില്ലാ പരിഷത് (ജില്ലാ പഞ്ചായത്ത്), പഞ്ചായത്തു സമിതി (ബ്ലോക്ക് പഞ്ചായത്ത്) തിരഞ്ഞെടുപ്പിലും ബിജെപി വൻ മുന്നേറ്റമുണ്ടാക്കി.

അഭിമാനപ്പോരാട്ടം നടന്ന മുംബൈ കോർപറേഷനിൽ (ബിഎംസി) 227ൽ 84 സീറ്റ് നേടി ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ 31 സീറ്റുണ്ടായിരുന്ന ബിജെപി ഇക്കുറി 82 സീറ്റ് നേടി. സമീപ കോർപറേഷനായ താനെ ശിവസേന നിലനിർത്തി. ശിവസേനയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി മാറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും തകർന്നടിഞ്ഞു.

2012ൽ നേടിയതിനേക്കാൾ മൂന്നിരട്ടി സീറ്റുകളാണ് ബിഎംസിയിൽ ബിജെപി നേടിയത്. കോൺഗ്രസ് 31 സീറ്റുകളിലേക്കും എൻസിപി 9, എംഎൻഎസ് 7 സീറ്റുകളിലും ഒതുങ്ങി. 13 സ്വതന്ത്രരും ഇവിടെ വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരിൽ ഭൂരിപക്ഷവും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 114 സീറ്റുകൾ നേടിയാൽ മാത്രമേ മുംബൈയിൽ ശിവസേനയ്ക്ക് അധികാരത്തിലെത്താൻ സാധിക്കൂ. താനെയിൽ മാത്രമാണ് ശിവസേനയ്ക്ക് വ്യക്തമായ വിജയം ഉറപ്പിക്കാനായത്. പൂണെയിൽ 74 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം ബിജെപി നേടിയപ്പോൾ നാഗ്പൂരിൽ 70 സീറ്റുകൾ നേടിയാണ് ഭരണം ഉറപ്പിച്ചത്. ഉല്ലാസ്നഗർ, പിംപ്രി-ചിഞ്ച്വാട്, നാസിക്, സോളാപ്പൂർ, അകോള, അമരാവതി കോർപ്പറേഷനുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി.

ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 341 സീറ്റുകളിൽ ബിജെപി വിജയിച്ചു. ശിവസേന 213 സീറ്റുകളിലും കോൺഗ്രസ് 246 സീറ്റുകളിലും വിജയിച്ചപ്പോൾ എൻസിപിക്ക് 304 ഇടത്ത് വിജയിക്കാനായി. എംഎൻഎസ്സിന് ഒരു സീറ്റു പോലും ലഭിച്ചില്ല. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സോളാപൂരും നാസിക്കും എല്ലാം ഇത്തവണ ബിജെപിക്കൊപ്പമെത്തി. സുതാര്യഭരണത്തിന്റെ വിജയമാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കാൻ കാരണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. രാജ്യവികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജനം പിന്തുണ ആവർത്തിച്ചിരിക്കുകയാണെന്നും ഫട്നവിസ് പറഞ്ഞു.

പാക് അധീന കശ്മീരിലെ സൈന്യത്തിന്റെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് വിവാദ നായകനായ മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം കനത്ത തോൽവിയെ തുടർന്ന് രാജിവച്ചിട്ടുണ്ട്. സംസ്ഥാനത്തെങ്ങും കോൺഗ്രസും എൻസിപിയും തകർന്നടിഞ്ഞു. മഹാരാഷ്ട്ര നവനിർമ്മാണ സേനയുടെ തകർച്ചയും പൂർണ്ണമായി. പ്രതിവർഷം 37,000 കോടിയുടെ ബജറ്റ് അവതരിപ്പിക്കുന്ന മുംബൈ കോർപ്പറേഷൻ ആരു ഭരിക്കും എന്നതാണ് ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ശിവസേന-ബിജെപി സഖ്യമാണ് മുംബൈ ഭരിക്കുന്നത്. ഇത്തവണ ഇരുപാർട്ടികളും സഖ്യമില്ലാതെയാണ് മത്സരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിലെ സഖ്യം അവസാനിപ്പിച്ചു ബിജെപിയും ശിവസേനയും വെവ്വേറെ മൽസരിക്കുകയായിരുന്നു. പഴയ സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും തമ്മിലും ധാരണയുണ്ടായിരുന്നില്ല. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലുള്ള ബലാബലമായാണു മുംബൈയിലെ പോരാട്ടം വിലയിരുത്തപ്പെട്ടത്. ഉദ്ധവ് മുഖംരക്ഷിച്ചെങ്കിലും ബിജെപി ഒപ്പമെത്തിയതു ഫഡ്‌നാവിസിനു നേട്ടമായി. കഴിഞ്ഞ തവണ 75 സീറ്റുണ്ടായിരുന്ന ശിവസേന ഇക്കുറി ഒൻപതു സീറ്റ് അധികം നേടിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തിനാൽ പുതിയ രാഷ്ട്രീയ നാടകങ്ങൾക്കുള്ള സാധ്യത തുറന്നു.

37,000 കോടി രൂപ വാർഷിക ബജറ്റുള്ള കോർപറേഷനിലെ ഭരണം ഇരുകക്ഷികൾക്കും അഭിമാനപ്രശ്‌നമാണ്. കേവല ഭൂരിപക്ഷത്തിനു 114 സീറ്റ് വേണം. നാലു സ്വതന്ത്രരുടെ പിന്തുണ ബിജെപി ഇതിനകം അവകാശപ്പെട്ടുകഴിഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമ്മാൺ സേന മുംബൈയിൽ 28ൽ നിന്ന് ഏഴു സീറ്റിലേക്കു കൂപ്പുകുത്തി. നാസിക്കിൽ ഭരണം നഷ്ടപ്പെട്ട പാർട്ടി അഞ്ചു സീറ്റിലേക്കൊതുങ്ങി. എൻസിപി തട്ടകങ്ങളായിരുന്ന പുണെയും തൊട്ടുചേർന്നുള്ള പിംപ്രിയും ബിജെപി പിടിച്ചെടുത്തു.

മേയർ സ്ഥാനത്ത് ശിവസേന തന്നെയെന്ന് ഉദ്ധവ് താക്കറെ

ഇഞ്ചോടിഞ്ച് മൽസരം നടന്ന മുംബൈ കോർപറേഷനിൽ (ബിഎംസി) ആര് അധികാരത്തിൽ വരുമെന്ന് കൗതുകം ശക്തമാകുമ്പോൾ തന്നെ ശിവസേന ആത്മവിശ്വാസത്തിലാണ്. 84 സീറ്റുമായി ശിവസേന വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 114 സീറ്റ് ആരു നേടുമെന്നതാണ് ചോദ്യം. ബിജെപിക്ക് 82 സീറ്റാണുള്ളത്. അതേസമയം, മേയർ സ്ഥാനത്ത് ശിവസേന തന്നെ വരുമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്നാൽ, പുതിയ സഖ്യസാധ്യതകളൊന്നും അദ്ദേഹം മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടില്ല. സഖ്യസാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ എന്തിനാണ് ഇത്ര തിരക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതിനിടെ, ബിജെപിയും ശിവസേനയും വെറുപ്പ് ഒഴിവാക്കി ഒരുമിക്കേണ്ട സമയമാണിതെന്ന് മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. രണ്ടു പാർട്ടികളും ഒരുമിക്കുക എന്നതല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ? ശിവസേന കോൺഗ്രസിന്റെ പിന്തുണതേടുമോ? ഉദ്ധവ് താക്കറെയും ഫഡ്‌നാവിസും നല്ല സുഹൃത്തുക്കളാണ്, ഇരുവരും അധികാരം പങ്കിടുന്ന ഒരു ഫോർമുല രൂപപ്പെടുത്തണംപാട്ടീൽ പറഞ്ഞു.

ശിവസേനയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി മാറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും തകർന്നടിയുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിലെ സഖ്യം അവസാനിപ്പിച്ചു ബിജെപിയും ശിവസേനയും വെവ്വേറെയാണ് മൽസരിച്ചത്. 37,000 കോടി രൂപ വാർഷിക ബജറ്റുള്ള കോർപറേഷനിലെ ഭരണം ഇരുകക്ഷികൾക്കും അഭിമാനപ്രശ്‌നമാണ്.

മുംബൈയിൽ വിജയികളായി രണ്ട് മലയാളികളും

മുംബൈ നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ രണ്ടു മലയാളികളു വിജയിച്ചു കയറി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ടി.എം.ജഗദീഷ്, തിരുവനന്തപുരം ആറ്റിങ്ങലിൽ കുടുംബവേരുള്ള ശ്രീകല പിള്ള എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്. മുംൈബ മുനിസിപ്പൽ കോർപറേഷനിലെ ധാരാവിയിൽ നിന്നാണു ജഗദീഷ് (ശിവസേന) വിജയിച്ചത്. ഗൊരേഗാവിൽ നിന്നു ശ്രീകല (ബിജെപി) വിജയിച്ചു.

ബിജെപി സ്ഥാനാർത്ഥിയെ 680 വോട്ടിനു പിന്നിലാക്കിയാണു ജഗദീഷിന്റെ വിജയം. കോൺഗ്രസ് മൂന്നാമതായി. ധാരാവിയിൽ പത്തു വർഷമായി ശിവസേനാ ശാഖാപ്രമുഖ് ആയ ജഗദീഷ് മൂന്നു പതിറ്റാണ്ടിലേറെയായി മുംബൈയിലാണു താമസം. ബിസിനസുകാരനാണ്. കുംഭാർവാഡ, ധാരാവി ലോക്കപ്പ്, ഭഗത്സിങ് നഗർ, ഭാരത് നഗർ, ലക്ഷ്മി ബാഗ് എന്നീ മേഖലകൾ ഉൾപ്പെടുന്നതാണു ജഗദീഷ് വിജയിച്ച വാർഡ്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം തൈവളപ്പിൽ കുടുംബാംഗമാണ്. 5155 വോട്ടിന്റെ ഭൂരിപക്ഷവുമായാണു ശ്രീകല പിള്ള നഗരസഭയിലെത്തുന്നത്.

ശ്രീകല ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഇരുപതു വർഷത്തിലധികം മുംബൈ നഗരസഭാംഗമായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് ആർ.ആർ.പിള്ളയുടെ മകളാണ്. പിള്ളയുടെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ശ്രീകല ആദ്യമായി ജനവിധി തേടി. എട്ടുവർഷം മുൻപായിരുന്നു അത്. അന്നു വിജയിക്കാനായില്ല. രണ്ടാം മൽസരത്തിലും പരാജയപ്പെട്ടെങ്കിലും ഇത്തവണ തിളക്കമാർന്ന വിജയമാണു നേടിയിരിക്കുന്നത്. ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിനു സമീപം രോഹിണി മന്ദിരമാണു കുടുംബവീട്.

2017ന്റെ മികച്ച തുടക്കമെന്ന് മോദി; കൂടുതൽ കരുത്തനായി ഫഡ്‌നാവിസ്

മഹാരാഷ്ട്രയിലെ തദ്ദേശ് സ്വയംഭരണ തിരഞ്ഞെടുപ്പോടെ മോദിക്കൊപ്പം കരുത്തനായത് മുഖ്യമന്ത്രി ഫഡ്‌നാവിസ് ആണ്. യുവത്വത്തിന്റെ മുഖമായ ഫഡ്വനാവിസ് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാകുന്നു എന്നതിന്റെ സൂചന തന്നെയാണ് ഈ ഉജ്ജ്വല വിജയം. അതേസമയം പ്രതികൂല സാഹചര്‌യങ്ങളെയും മറികടന്ന് നേടിയ തകർപ്പൻ വിജയം മോദിയെയും സന്തോഷിപ്പിക്കുന്നുണ്ട്. 2017ലെ മികച്ച തുടക്കം എന്നാണ് പ്രധാനമന്ത്രി മോദി വിജയത്തെ വിശേഷിപ്പിച്ചത്. ഒഡിഷയിൽ അപ്രതീക്ഷിത മുന്നേറ്റത്തിനൊപ്പം മഹാരാഷ്ട്രക്കാരുടെ അനുഗ്രഹും ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിത്തുപാകൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നാണ് വ്യക്തമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP